UPDATES

ട്രെന്‍ഡിങ്ങ്

കൊല്ലത്ത് ബാലതാരം കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലും പൊലീസിന് ‘വീഴ്ച പറ്റി’

പൊലീസ് പിടികൂടിയ പ്രതി സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകന്‍

കൊല്ലത്ത് ബാലതാരം കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിലും ആദ്യം പരാതി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം. സീരിയലുകളിലും സിനിമകളിലും ബാലതാരമായി അഭിനയിക്കുന്ന പെണ്‍കുട്ടിയെ സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു കൂട്ടിക്കൊണ്ടുവന്നാണു പീഡനത്തിന് ഇരയാക്കിയത്. കൊല്ലത്തെ വ്യവസായ പ്രമുഖരുടെയും സിപിഎം പഞ്ചായത്ത് അംഗത്തിന്റെയും മക്കള്‍ ആണു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തില്‍ പരാതിയുമായി പൊലീസിന്റെ വനിത സെല്ലില്‍ എത്തിയ പെണ്‍കുട്ടിയേയും മാതാവിനെയും വനിത സി ഐ അപമാനിച്ച് ഇറക്കിവിട്ടതായാണു പരാതി. പിന്നീട് ഇവര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണു പൊലീസ് അന്വേഷണം നടത്തുകയും ഒരാളെ പിടികൂടുകയും ചെയ്തത്. എന്നാല്‍ ബാക്കി പ്രതികളെ രക്ഷപ്പെടാന്‍ പൊലീസ് അവസരമൊരുക്കുകയാണെന്നാണ് ആക്ഷേപം. കുളപ്പാടം പുളിവീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഫൈസല്‍(27) ആണു പൊലീസ് പിടിയിലായത്. ഇയാളുടെ മാതാവ് നെടുവന ഗ്രാമപഞ്ചായത്തില്‍ സിപിഎം അംഗമാണ്.

അതേസമയം പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് എട്ടുമാസങ്ങള്‍ക്കു മുമ്പായിരുന്നു എന്നാണ് വിവരം. പക്ഷേ കഴിഞ്ഞാഴ്ച മാത്രമാണു പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. ഇതിനായി ആദ്യം സമീപിച്ച വനിത സെല്ലില്‍ നിന്നാണ് ഇരയ്ക്കും മാതാവിനും മോശം പെരുമാറ്റം ഏല്‍ക്കേണ്ടി വന്നത്. പ്രതികളായവര്‍ ഉന്നതരുടെ മക്കളാണെന്ന് അറിഞ്ഞതോടെയാണു പൊലീസ് തങ്ങള്‍ക്കുനേരെ തിരിഞ്ഞതെന്നു പരാതിക്കാരുടെ ആരോപണം. കേസ് ഒത്തുതീര്‍പ്പാക്കാനും പൊലീസ് ആദ്യം ശ്രമിച്ചതായും പെണ്‍കുട്ടിയുടെ മാതാവ് പറയുന്നു. തങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാന്‍ സി ഐ വിസമ്മതിച്ചെന്നും ഇതേ തുടര്‍ന്നാണു സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി എസ് പി സതീഷ് ബിനോയ്ക്ക് പരാതി നല്‍കുന്നത്. എസ പി ഓഫിസില്‍ നിന്നും പരാതി വനിത സി ഐ ക്കും ഈസ്റ്റ് സി ഐ ക്കും കൈമാറി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു ഫൈസല്‍ പിടിയിലായത്.

മൂന്നുപേര്‍ ചേര്‍ന്നാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണു മാതാവിന്റെ പരാതിയില്‍ പറയുന്നത്. മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടില്‍വച്ചായിരുന്നു പീഡനം. ഒരു സീരിയല്‍ നടിയാണ് പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചതെന്നും പറയുന്നു. സിനിമലൊക്കേഷനിലേക്കാണെന്നു പറഞ്ഞാണു പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. പ്രതികളിലൊരാളുടെ പിറന്നാള്‍ ആഘോഷം ഇവിടെ വച്ചു നടക്കുന്നുണ്ടെന്നും അതുകഴിഞ്ഞു ലൊക്കേഷനിലേക്കു പോകാമെന്നും വിശ്വസിപ്പിച്ചാണു പെണ്‍കുട്ടിയെ ഇവിടെ എത്തിച്ചത്. തുടര്‍ന്നായിരുന്നു പീഡനം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍