UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉറങ്ങുന്നവരും ഉറക്കം കളയുന്നവരും; ബാലവേലയുടെ നേര്‍ക്കാഴ്ചകള്‍

Avatar

ലക്ഷ്മി നായര്‍

പതിവ് പോലെ വൈകുന്നേരം പുറത്തേക്കിറങ്ങുമ്പോഴാണ് ഞാനവനെ കണ്ടത്. ഓഫീസില്‍ നിന്നും മടങ്ങിയെത്തുന്ന മിര്‍സയോടൊപ്പം എന്തെങ്കിലും കാര്യവുമായി പുറത്തേക്ക് പോകുന്ന പതിവ് ഇത് പുതിയതല്ല. അന്നത്തെ കാര്യം ‘ഗോലു’ എന്ന എട്ട് വയസുകാരിയായിരുന്നു. ഓഫീസില്‍ നിന്ന് ഏഴ് മണിയോടെ മിര്‍സ എത്തി ചായ കുടിക്കാന്‍പോലും തയ്യാറായില്ല. 

‘നമുക്ക് ഗോലുവിന്റെ വീട്ടിലേക്കു പോകണം അവര്‍ രണ്ട് മൂന്ന് ദിവസമായി എന്നെ വിളിക്കുന്നുണ്ട്’ ഇടയ്ക്ക് വന്ന ഒരു ഫോണ്‍ പോലും എടുക്കാന്‍ സമ്മതിക്കാതെ മിര്‍സ ധൃതികൂട്ടി. 

പണ്ട് താമസിച്ചിരുന്ന ഒരു വീടിനടത്തുള്ള സര്‍വ്വന്റ് ക്വാര്‍ട്ടേഴ്സിലെ കുട്ടിയാണ് ഗോലു. അന്നവള്‍ക്ക് ഒന്നോ രണ്ടോ വയസ്സാണ് പ്രായം. വീട് മാറിയെങ്കിലും വല്ലപ്പോഴും വരാറുണ്ട്. എല്ലാ കുട്ടികളോടും മിര്‍സ വളരെ സ്‌നേഹമാണെങ്കിലും ഇവളോട് മിര്‍സക്ക് പ്രത്യേക താത്പര്യമാണ് അവള്‍ടെ ഒരു പിറന്നാളും വിശേഷ ദിവസവും മിര്‍സയുടെ സമ്മാനമില്ലാതെയിരുന്നിട്ടില്ല. ജീവിതാഭിലാഷങ്ങള്‍ നിറവേറ്റാനുള്ള തിരക്കിനിടയില്‍ കുടുംബ ബന്ധങ്ങള്‍ക്ക് പോലും സമയമില്ലാത്ത ഈ കാലത്ത് പണ്ട് അപ്പുറത്തെ വീട്ടില്‍ താമസിച്ചിരുന്ന ജോലിക്കാരിയുടെ മകളോടുളള സ്‌നേഹം പെട്ടെന്നുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടായേക്കാം. എനിക്കത് മനസ്സിലാക്കാന്‍ സാധിക്കും. എന്നാലും ഞാന്‍ ഈ കഥ എഴുതുകയാണ്. ഒരുപക്ഷേ ഇത് വായിക്കുന്ന നൂറിലൊരാള്‍ക്കെങ്കിലും ഈ കഥയുടെ പൊരുള്‍ മനസ്സിലാകും.

ഗോലുവിന്റെ കുടുംബം ഇപ്പോഴും സര്‍വ്വന്റ് ക്വാര്‍ട്ടട്ടേഴ്സില്‍ തന്നെയാണ്. വഴികണ്ടു പിടിക്കാന്‍ ഞങ്ങള്‍ കുറെ ബുദ്ധിമുട്ടി. ഇടുങ്ങിയ കോണിപ്പടികള്‍ കയറി എത്തുന്നത് അതിലും ഇടുങ്ങിയ അവളുടെ വീട്ടിലേക്കാണ്. ഒരു കൊച്ചു സുന്ദരിയാണവള്‍. വിടര്‍ന്ന ചിരിയോടെ അവള്‍ ഞങ്ങളെ സ്വീകരിച്ചു. ‘അങ്കിള്‍!’

ആ വീട്ടിനുള്ളില്‍ കയറിയാല്‍ ഇരിക്കാന്‍പോലും സ്ഥലമില്ല പാവപ്പെട്ട അവര്‍ക്ക് ബുദ്ധിമുട്ട് തോന്നിക്കാതെ മിര്‍സ ഗോലുവിനോട് ഉടന്‍ പറഞ്ഞു. ‘വാ നമുക്ക് പുറത്തേക്ക് പോകാം’. ‘അങ്കിള്‍ ഞാന്‍ ക്ലാസ്സില്‍ ഫസ്റ്റ് ആണ്. ഇന്ന് റിസല്‍റ്റ് വന്നു’.

ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വളരെ സന്തോഷം തോന്നി. ഉയര്‍ന്ന ഉദ്യോഗസ്ഥനായ മിര്‍സക്ക് വല്ല്യവരെക്കാളിഷ്ടം ചെറിയവരോടാണ്. ഞങ്ങള്‍ അവളെയും കൂട്ടി മാര്‍ക്കറ്റിലേക്ക് പോകുമ്പോള്‍ മിര്‍സ എന്നോടു പറഞ്ഞു. ‘അവര്‍ക്കിഷ്ടപ്പെട്ട കുപ്പായം വാങ്ങി കൊടുക്കണം. കാശ് നോക്കണ്ട’.

കടയില്‍ ചെന്നപ്പോള്‍ അവള്‍ക്ക് വാങ്ങാന്‍ മടിയായിരുന്നു.

‘ഇഷ്ടമുള്ളതെടുത്തൊ. അല്ലെങ്കില്‍ അങ്കിളിന് വിഷമമാകും’ എന്ന് ഞാനവളോട് പറഞ്ഞു. 

ഒരു സെറ്റ് വാങ്ങിയപ്പോള്‍ മിര്‍സക്ക് തൃപ്തിയായില്ല. പിന്നെയും ഒരെണ്ണവും അവള്‍ക്കിഷ്ടപ്പെട്ട ആപ്പിളും വാങ്ങിയപ്പോഴാണ് മിര്‍സക്ക് തൃപ്തിയായത്.

ഇതിനിടയില്‍ ഞാന്‍ വെറും മൂകസാക്ഷിയല്ല. സഹജീവികളോട് അനുകമ്പയില്ലാത്ത കോണ്‍ക്രീറ്റ് ലോകത്തില്‍ ഇങ്ങനത്തെ കാഴ്ചകള്‍ അപൂര്‍വ്വമല്ലെ? ചെറുതാണെങ്കിലും വലുതായി മാറുന്ന ഇതുപോലത്തെ അവസരങ്ങളില്‍ ഒരു ഭാഗമാകുമ്പോള്‍ ഞാനിങ്ങനെയാണ്. മനുഷ്യന്‍ മറിച്ചൊന്നു പ്രതിക്ഷിക്കാതെ അന്യര്‍ക്കുവേണ്ടി സന്തോഷപൂര്‍വ്വം സമയവും സമ്പത്തും ചിലവാക്കുന്ന കാഴ്ച കാണുമ്പോള്‍ ഞാനെങ്ങനെയാണ് സന്തോഷിക്കാതെ പാഴാക്കുക?

ഇനി ഞാന്‍ പറയാന്‍ തുടങ്ങിയ കഥയിലേക്ക് തിരികെ വരട്ടെ ആ ചെക്കനെ കണ്ട കാര്യം. ഞങ്ങള്‍ കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ മിര്‍സ അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണിച്ച് പറഞ്ഞു. അതാണ് ആര്യന്‍. ചുരുണ്ട മുടിയും ചെറിയ കണ്ണും ചെറിയമൂക്കും ഒരു കുഞ്ഞ് വായും ഉള്ള ഒരു വെളുത്ത കുട്ടി. അപ്പുറത്തെ വീട്ടിലെ കുട്ടിയാണ്, മിര്‍സ തുടര്‍ന്നു, അവന്റെ അച്ഛന്‍ ബ്യൂറോക്രാറ്റ് ആണ്. അമ്മയ്ക്കും ഇവിടെവിടെയോ ജോലിയുണ്ട്. 

അവന് ചുറ്റും കോളനിയിലെ ജോലിക്കാരുടെ മക്കളായിരുന്നു. അതില്‍ ഒരു കുട്ടിയെ കാണിച്ച് മിര്‍സ പറഞ്ഞു ‘അവന്റെ സൈക്കള്‍ ഉന്തുന്ന ആ ചെറിയ കുട്ടിയെ കണ്ടോ?’ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മെലിഞ്ഞുണങ്ങിയ, നീണ്ട മുടിയുള്ള അയഞ്ഞ ഒരു ഷര്‍ട്ടും പാന്റുമിട്ട ഒരു ചെക്കന്‍. ആ വീട്ടിലെ പണി മുഴുവനും അവനാണ് ചെയ്യുന്നത്. അവിടെ വേറെ ജോലിക്കാരില്ല. കുറേപേര്‍ വന്ന് പോയി. പക്ഷെ ആരും നിന്നില്ല. (മിര്‍സ മിതഭാഷിയാണെന്നാണ് നാട്ടുസംസാരം. പക്ഷെ സംസാരിക്കാന്‍ തുടങ്ങിയാല്‍ തോരാതെ സംസാരിക്കും) മിര്‍സ കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടയില്‍ ഞാന്‍ നടന്ന് ആ കുട്ടികൂട്ടത്തിനടുത്തേക്ക് പോയി. അവന്‍ സൈക്കിളില്‍ നിന്ന് കൈമാറ്റി എന്നെ നോക്കി. അവന്റെ വല്ല്യ കണ്ണുകളിലേക്ക് ഞാന്‍ നോക്കി. താടിയില്‍ കൈവച്ച് ഞാന്‍ ചോദിച്ചു ‘എന്താ പേര്?’

‘മോഹന്‍ കുമാര്‍,’ ആത്മവിശ്വാസത്തോടെ അവന്‍ പറഞ്ഞു. മിടുക്കന്‍, പക്ഷെ അവനെ കണ്ടപ്പോള്‍ എന്റെ ഉള്ളില്‍ കുറ്റബോധമാണ് തോന്നിയത്. 

മനസ്സിന്റെ ചലനം ശ്രദ്ധിക്കാന്‍ മിര്‍സക്ക് വാക്കുകള്‍ വേണ്ട. ഞാന്‍ കാറില്‍ കയറിയ ഉടന്‍ മിര്‍സ ചോദിച്ചു ‘ങു…? എന്ത് പറ്റി?’ ‘ഞാനവര്‍ക്കെതിരെ പരാതി കൊടുക്കും’ പൊടുന്നനെ ഞാന്‍ പറഞ്ഞു. ‘എന്തിന്?’ ‘ഇത്ര ചെറിയ കുട്ടിയെ എങ്ങിനെ ജോലിക്ക് നിര്‍ത്താന്‍ പറ്റുന്നു? എത്ര ധൈര്യം!’ 

‘നോ. നോ,’ എന്നായിരുന്നു മിര്‍സയുടെ മറുപടി.

ആദ്യം ഞാന്‍ അസ്വസ്ഥയായി. പക്ഷെ ബഹുദൂരവീക്ഷണമുള്ള മിര്‍സ വെറുതെ അങ്ങിനെ പറ്റില്ല. എന്നെനിക്കറിയാം. ക്ഷമക്കുറവ് എനിക്കാണ്. അതറിയാവുന്നതുകൊണ്ട് ഞാന്‍ മിണ്ടിയില്ല. അസ്വസ്ഥത ശ്രദ്ധിച്ചിട്ടാവണം. മിര്‍സ പറഞ്ഞു. ‘ഒരു പക്ഷെ അവന് ഇവിടെ ഇങ്ങനെ കഴിയുന്നതായിരിക്കും നാട്ടില്‍ പട്ടിണി കിടക്കുന്നതിനെക്കാള്‍ ഭേദം. ഇതൊക്കെ വളരെ സങ്കീര്‍ണ്ണമാണ് നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല’ ഹും എന്ന് മൂളുമ്പോള്‍ അത് സത്യത്തില്‍ സമ്മതത്തിന്റേതായിരുന്നില്ല. നിസ്സാഹയതയുടേതായിരുന്നു.

ഗോലുവെന്ന എട്ട് വയസ്സ് കുട്ടിയുടെ മനസ്സറിയുന്ന മിര്‍സ മോഹന്‍കുമാറിനെ ഒമ്പത് വയസുകാരന് വേണ്ടി അന്യായം പറയില്ല. എന്നെനിക്കറിയാം. എന്നാലും മനസ്സിനെ അതലട്ടിക്കൊണ്ടിരുന്നു. 

രണ്ട് ദിവസം കഴിഞ്ഞ് വെളുപ്പിന് തുണി ഉണക്കാന്‍ ടെറസ്സില്‍ പോയപ്പോള്‍ അപ്പുറത്തെ ടെറസ്സില്‍ അവനുണ്ട്. ഒരു കൂറ്റന്‍ ബക്കറ്റില്‍ നിന്നും തുണികള്‍ എടുത്ത് അവന്‍ ഉണക്കാന്‍ ഇടുകയായിരുന്നു. അവന്റെ മേംസാബിന്റെ അടിവസ്ത്രങ്ങള്‍ മുതല്‍ കിടക്കവിരി വരെ ഭംഗിയായി വിരിച്ചിട്ടിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവന്റെ മെലിഞ്ഞ കയ്യും, ചെറിയ വിര.ലുകളും, സര്‍വ്വോപരി ചിരിച്ച മുഖവും എന്റെ ഉള്ളില്‍ ഉണര്‍ത്തിയത് കുറ്റബോധമാണോ സഹതാപമാണോ എന്നെനിക്കറിയില്ല. 

മിര്‍സയെ ഓഫീസിലേക്കയക്കാന്‍ ഞാന്‍ പുറത്ത് വന്നപ്പോള്‍ അപ്പുറത്തെ വീട്ടിലെ ആ സ്ത്രീയും പുറത്തുണ്ടായിരുന്നു. രാവിലെ കണ്ട തുണികളാണ് എന്റെ മനസ്സില്‍ വന്നത്. ഒരു സ്ലീവ്‌ലെസ് ടോപ്പും ഷോര്‍ട്ട്‌സും ഇട്ട ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ. പടി ഇറങ്ങുമ്പോള്‍ മിര്‍സ പറഞ്ഞു. ‘അവരെ ഒന്ന് പരിചയപ്പെട്ടേക്കൂ.’ എന്റെ പുരികം ഉയര്‍ത്തി ‘അതു വേണോ’ എന്ന എന്റെ നിശബ്ദ ചോദ്യത്തിന് കണ്ണുകൊണ്ടാഗ്യം കാണിച്ച് മിര്‍സ ‘വേണം’ എന്ന് മറുപടിയും പറഞ്ഞു.

തിരിഞ്ഞ് നടന്നപ്പോള്‍ അവര്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. ‘ഹലോ’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വളരെ ഉല്‍സാഹത്തോടെ അവര്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു. ജോലിത്തിരക്കുണ്ടെന്ന് പറഞ്ഞ് ഞാന്‍ പുറത്ത് നിന്ന് തന്നെ സംസാരിച്ചു. പത്ത് മിനിട്ടിനകം അവരുടെ മുഴുവന്‍ ബയോഗ്രഫിയും ഞാന്‍ മനസ്സിലാക്കി. ശിശു ഡോക്ടറാണ്. ജോലി ചെയ്യുന്ന ആശുപത്രി തീരെ നല്ലതല്ല. ജോലി കാരണം മകന്‍ ആര്യന്‍ ഒന്നും കഴിക്കില്ല. ഭര്‍ത്താവ് വളരെ പ്രശസ്തമായ ഒരു കോളേജിലാണ് പഠിച്ചത്. ഇവിടെ വരുന്നതിന് മുമ്പ് ലണ്ടനിലായിരുന്നു.

അപ്പോഴേക്കും ആര്യന്‍ പുറത്തേക്കോടി വന്നു. ഒരു കൊച്ചു മിടുക്കന്‍ ഭംഗിയായി സംസാരിക്കും കുറച്ച് നേരം സംസാരിച്ചപ്പോഴേക്കും അവനെനെന്ന വലിച്ച് അകത്തേക്ക് കൊണ്ടുപോയി. വീടിന്റെ ഉള്ള് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ആകെ വലിച്ചു വാരിയിട്ട വീട്. മോഹന്‍കുമാര്‍ തറതുടയ്ക്കുകയായിരുന്നു. 

സോണിയ എന്ന ആ ശിശു ഡോക്ടര്‍ വാസ്തവത്തില്‍ എന്നെ പരിഭ്രാന്തയാക്കി. സംസാരിക്കുമ്പോള്‍ നല്ല സ്ത്രീ. പക്ഷെ അത്രയ്ക്കേ ഉള്ളൂ. ഇത്രയും പഠിപ്പുണ്ടായിട്ടാണോ ഒരു ശിശു ഉള്ള വീട് ഇങ്ങനെ അലങ്കോലപ്പെടുത്തി ഇട്ടിരിക്കുന്നത്. സ്ലീവ്‌ലെസ്സ് ബ്ലൗസ്സിനോടും കുട്ടി നിക്കറിനോടും എനിക്ക് വിരോധമില്ല. പക്ഷെ ചുമതലക്കുറവിനോടും ബാലവേലയോടും എനിക്കു വിരോധമുണ്ട്.

ശിശുഡോക്ടറും, സ്ത്രീയും അമ്മയുമായ അവര്‍ക്ക് അവരുടെ മകനെക്കാളും നാലോ അഞ്ചോ മാത്രം വയസ്സ് മൂപ്പുള്ള വേറൊരു ശിശുവിനെക്കൊണ്ട് എങ്ങിനെ വീട്ട് ജോലി ചെയ്യിക്കാന്‍ സാധിക്കുന്നു? ബ്യൂറോക്രാറ്റ് എന്ന് പറയുന്ന അവരുടെ ഭര്‍ത്താവ് അയാളുടെ സ്വന്തം വീട്ടില്‍ എങ്ങനെ ഈ അന്യായം അനുവദിക്കുന്നു?

തിരികെ വീട്ടില്‍ കയറിയപ്പോള്‍ എന്തെന്നില്ലാത്ത ഒരു നിസ്സംഗതയാണ് തോന്നിച്ചത്.

വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 27 വര്‍ഷങ്ങളായി കുട്ടികളെ പഠിപ്പിക്കുമ്പോള്‍ ലക്ഷ്യമായി നമ്മള്‍ കാണിച്ചുകൊടുക്കുന്നത് ഉദ്യോഗവും സമ്പാദ്യവുമാണ്. പക്ഷെ ഉദ്യോഗവും സമ്പാദ്യങ്ങളും ആയിക്കഴിയുമ്പോള്‍ മനുഷ്യത്വമില്ലാതെയാകുന്നു. ഉള്ളവന്‍ ഇല്ലാത്തവരോട് കാണിക്കുന്ന ദയയാണ് ചൂഷണം. പട്ടിണിയുടെ നടുവില്‍ കഴിയുന്ന ഒരു കുടുംബത്തിന് അവരുടെ കുട്ടി കഷ്ടപ്പെട്ടാണെങ്കിലും മൂന്ന് നേരം ഭക്ഷണം കഴിക്കുന്നുണ്ടല്ലോ എന്ന സമാധാനമാകാം ഇത്ര ദൂരെ അവനെ എത്തിച്ചത്. ഒന്നുമില്ലാത്തവന് എന്തെങ്കിലും കൊടുക്കുമ്പോള്‍ അവനെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ തെറ്റില്ല. മറിച്ച് കാരുണ്യമാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്തിയാല്‍ പിന്നെ എല്ലാം എളുപ്പമായി.

എനിക്ക് പരാതിപ്പെടാം ശിശുക്ഷേമ വകുപ്പും മനുഷ്യാവകാശ കമ്മിഷനും ഒക്കെ ഉണ്ടല്ലോ. പക്ഷെ മിര്‍സ പറഞ്ഞതുപോലെ തിരികെ പട്ടിണിയിലേക്ക് പോകുന്നതിനേക്കാള്‍ ഈ നഗരത്തില്‍ ജോലിചെയ്ത് വിശപ്പടക്കാന്‍ മോഹന്‍കുമാറിന് സാധിക്കുമെങ്കില്‍ ഞാന്‍ വാസ്തവത്തില്‍ അവന്റെ നന്മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയില്ല. എല്ലാം തികഞ്ഞ സോണിയക്കും അവരുടെ ഭര്‍ത്താവിനും അവരുടെ മകനെ ശ്രദ്ധിക്കാനോ വീട് വൃത്തിയാക്കി സൂക്ഷിക്കാനോ കഴിയുന്നില്ല. പിന്നെ വിദ്യാഭ്യാസവും സമ്പത്തുമില്ലാത്ത മോഹന്‍കുമാറിന്റെ മാതാപിതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. അവന്‍ തെണ്ടിത്തിരിഞ്ഞ് വിശപ്പടക്കാന്‍ വേണ്ടി ഒരു സാമൂഹ്യ വിരുദ്ധനാകില്ല എന്നെനിക്കെന്താ ഉറപ്പ്? ഒരുപക്ഷെ അവനെ തിരികെ പറഞ്ഞു വിട്ടാല്‍ ഒന്നല്ല രണ്ടു കുട്ടികളാകും ഒറ്റപ്പെടുക. മോഹന്‍കുമാറും ആര്യനും. 

അന്ന് രാത്രി ആകെ വിമ്മിഷ്ടമായിരുന്നു. ഒരു ചോദ്യത്തിന് പല ഉത്തരങ്ങള്‍ കിട്ടുമ്പോഴുണ്ടാകുന്ന നിസ്സഹായതയുടെ വീര്‍പ്പുമുട്ടല്‍.

പതിവുപോലെ മിര്‍സ ഗ്ലാസ്സുമായി അടുത്ത ദിവസത്തെ മീറ്റിംഗിനുള്ള തയ്യാറെടുപ്പിനായി കമ്പ്യൂട്ടറിന് മുന്നില്‍ സ്വസ്ഥനായി. എന്റെ കയ്യില്‍ പത്രമുണ്ടായിരുന്നെങ്കിലും ഞാന്‍ മിര്‍സയെ നോക്കിയിരുന്നു. എത്ര തിരക്കുള്ള മനുഷ്യനാണ് എന്നിട്ടും ഗോലുവിന് വേണ്ടി സമയം കണ്ടെത്തുന്നു. ആരെയും ബോദ്ധ്യപ്പെടുത്താനുണ്ടായിട്ടല്ല. ചെയ്യേണ്ടതെന്താണെന്നും അത് അത്രയെ ചെയ്യാന്‍ സാധിക്കുള്ളൂ എന്നും പൂര്‍ണ്ണമായ ബോധ്യമുള്ളതുകൊണ്ട് അത് ചെയ്തിട്ടു ബാക്കി കാര്യങ്ങളില്‍ ശ്രദ്ധിക്കുന്ന ഓഫീസിലെ കാര്യങ്ങളൊക്കെ നോക്കിയിട്ട് സുഖമായി കിടന്നുറങ്ങുന്ന പ്രായോഗികത. അതാണ് കാര്യം.

മോഹന്‍കുമാറുകളും ഗോലുകളും അതിലേറെ സോണിയകളും ഉള്ള ഈ ലോകത്തില്‍ വ്യക്തമായ ബോധമുള്ള മിര്‍സമാരിനിയും ഉണ്ടാകട്ടെ.

ഈ ലേഖനം ഞാനെഴുതുമ്പോഴും അന്ന് ഒരു പരാതി എഴുതിക്കൊടുക്കാത്തത് ശരിയായോ തെറ്റായോ എന്നുറപ്പില്ല.

പക്ഷെ ഇന്ന് ഞാന്‍ എഴുതുമ്പോള്‍ വ്യക്തമായി തെളിയുന്ന ഒന്നേ ഉള്ളൂ. നമുക്ക് ചുറ്റുമുള്ള കാഴ്ചകളെ സംയമനത്തോടുകൂടി ഉള്‍ക്കൊള്ളാന്‍ പഠിക്കണം. അത് പഠിച്ചാല്‍ പിന്നെ വരുത്തേണ്ട മാറ്റങ്ങളില്‍ നമ്മെക്കൊണ്ടെന്താകുമെന്ന തിരിച്ചറിവുണ്ടാകണം. ആ തിരിച്ചറിവുണ്ടായാല്‍ അത് പരമാവധി ഭംഗിയായി നിറവേറ്റണം. ബാക്കി സര്‍വ്വേശ്വരനിലര്‍പ്പിക്കണം.

അങ്ങിനെ ആയാല്‍ മിര്‍സയെപ്പോലെ ഉറങ്ങാം ഇല്ലെങ്കില്‍ എന്നെപ്പോലെ ഉറക്കം കളയാം.

(27 വര്‍ഷമായി അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷ്മി നായര്‍ ഇപ്പോള്‍ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ T.I.M.Eലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി ജോലി ചെയ്യുന്നു. സോഫ്ട് സ്‌കില്‍സ്, ഭാഷ, സാഹിത്യം, വയോജന വിദ്യാഭ്യാസം, സാങ്കേതിക വൈദഗ്ദ്ധ്യം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തന പരിചയം ഉണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുക:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍