UPDATES

വായ്പ തീര്‍ക്കാന്‍ നല്‍കുന്നത് പെണ്‍കുട്ടികളെ; പാക്കിസ്ഥാനിലെ കരാര്‍ വിവാഹങ്ങള്‍

വത്ത സത്ത (കൊടുക്കല്‍ വാങ്ങല്‍) എന്നാണ് ഈ ഗോത്രരീതിയുടെ പേര്

കാത്തി ഗാനന്‍

മൊഹമ്മദ് റംസാന് കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല, ഒരു കുട്ടിയെപ്പോലെയാണ് പെരുമാറ്റം. പക്ഷേ തന്നെ വിവാഹം കഴിക്കുമ്പോള്‍ തന്റെ ഭാര്യ, സൈമ, വളരെ ചെറുപ്പമായിരുന്നു എന്നു അയാള്‍ക്കറിയാം.

തങ്ങള്‍ കല്യാണം കഴിച്ചപ്പോള്‍ അവളുടെ പ്രായം എത്രയായിരുന്നു എന്നു കണക്കാക്കാന്‍, സന്തോഷിപ്പിക്കാനുള്ള അത്യുത്സാഹത്തോടെ 36-കാരനായ റംസാന്‍ ചിരിച്ചുകൊണ്ട് കയ്യില്‍ കണക്കുകൂട്ടിത്തുടങ്ങി. ഒന്ന്, രണ്ട്, മൂന്ന്…അങ്ങനെ 13 വരെ. എന്നിട്ട് നിര്‍ത്തി, അവളെ നോക്കി പല തവണ തലകുലുക്കി.

അവളുടെ അച്ഛന്‍ വസീര്‍ അഹമ്മദ് പറയുന്നതു 13 അല്ല 14 ആയിരുന്നു, പക്ഷേ വയസല്ല കാര്യം എന്നുമാണ്. അവള്‍ ഋതുമതിയായി എന്നു മാത്രമേ അറിയേണ്ടതുണ്ടായിരുന്നുള്ളൂ, അപ്പോള്‍ അയാള്‍ അവളുടെ കല്യാണം ഒരു പകരക്കല്ല്യാണമാക്കി നടത്തി; അയാളുടെ മകളെ റംസാന് വിവാഹം കഴിച്ചു കൊടുത്തപ്പോള്‍ റംസാന്‍റെ സഹോദരിയെ അയാളുടെ രണ്ടാം ഭാര്യയാക്കി.
അയാളുടെ ആദ്യ ഭാര്യ, സൈമയുടെ അമ്മ, പെണ്‍കുട്ടികളെ മാത്രമേ പ്രസവിച്ചുള്ളൂ. രണ്ടാം ഭാര്യ ഒരു ആണ്‍കുട്ടിയെ തരുമെന്ന പ്രതീക്ഷയിലാണയാള്‍. പക്ഷേ തന്റെ സഹോദരനെ നോക്കാന്‍ ഒരു ഭാര്യയെ കിട്ടുന്നതുവരെ അയാളെ വിവാഹം കഴിക്കാന്‍ സബീല്‍ തയ്യാറായില്ല.
ഒരു വധുവിനെ കിട്ടിയാല്‍ പകരം വധുവാകാന്‍ അവള്‍ തയ്യാറായി.

“അവരുടെ വീട്ടിലെ ഒരു പെണ്‍കുട്ടിക്കായി ഞങ്ങളുടെ വീട്ടിലെ ഒരു പെണ്‍കുട്ടിയെ ഞങ്ങള്‍ നല്കി,” അഹമ്മദ് പറഞ്ഞു. “അത് ഞങ്ങളുടെ അവകാശമാണ്.”

തെക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ കടുത്ത യാഥാസ്ഥിതിക മേഖലയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികളെ കുടുംബങ്ങള്‍ തമ്മില്‍ കൈമാറുന്ന ഗോത്രരീതി പരക്കെയുണ്ട്, ഉറുദുവില്‍ അതിനൊരു വാക്കുപോലുമുണ്ട്; വത്ത സത്ത, കൊടുക്കല്‍ വാങ്ങല്‍ എന്നര്‍ത്ഥം.
ഒരു വായ്പ തീര്‍ക്കാനോ, രണ്ട് കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കം തീര്‍ക്കാനോ
പെണ്‍കുട്ടികളെ നല്കും. അവളുടെ സ്ത്രീധനം കുടുംബത്തില്‍ത്തന്നെ സൂക്ഷിക്കാന്‍ ചിലപ്പോള്‍ വകയിലുള്ള ഒരു സഹോദരനോ അല്ലെങ്കില്‍ ഇതുപോലെ ഒരു ആണ്‍കുട്ടിയെ പ്രസവിക്കാനോ ആയിരിക്കും കല്ല്യാണം.

പലരും വിശ്വസിക്കുന്നത്, പെണ്‍മക്കള്‍ ഋതുമതികളായാല്‍ അവരെ ഒട്ടും വൈകാതെ വിവാഹം കഴിപ്പിക്കണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു എന്നാണ്.

“അങ്ങനെ ചെയ്തില്ലെങ്കില്‍ മാതാപിതാക്കള്‍ തങ്ങളുടെ മതപരമായ ചുമതല നിര്‍വ്വഹിച്ചില്ലെന്ന് ഞങ്ങളുടെ സമൂഹം കരുതും,” അടുത്തുള്ള മുള്‍ട്ടാനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷന്‍ മേഖല ചുമതലക്കാരന്‍ ഫൈസല്‍ തങ്വാനി പറഞ്ഞു.

അംഗശേഷിക്കുറവുള്ള ഒരാള്‍ക്ക് തന്റെ മകളെ വിവാഹം കഴിച്ചുകൊടുത്തതില്‍ ദൈവത്തിന്റെ കയ്യുണ്ടെന്നാണ് അഹമ്മദ് പറയുന്നത്.

“ദൈവത്തിന്റെ ആഗ്രഹമാണ് അയാളെ തെരഞ്ഞെടുത്തത്. അതവളുടെ വിധിയാണ്.”
തന്റെ രണ്ടു ഭാര്യമാരോടൊപ്പം കഴിയുന്ന മണ്‍ ചുമരുള്ള വീടിനകത്ത് അഹമ്മദ് ഇരുന്നു. പുറത്തു തെരുവുനായ്ക്കള്‍ മൂന്നും നാലുമുള്ള കൂട്ടങ്ങളായി അലയുന്നു. അവറ്റ കടിക്കും, അഹമ്മദ് മുന്നറിയിപ്പ് തന്നു.

റംസാന് തന്റെ മകളേക്കാള്‍ ഏതാണ്ട് മൂന്നിരട്ടി പ്രായമുണ്ടെന്നത് അപ്രസക്തമാണെന്ന് അയാള്‍ പറഞ്ഞു. പക്ഷേ ഇവിടെ വിവാഹപ്രായം 16-ആണ്. ഒരു അപൂര്‍വ സംഭവത്തില്‍, അവളുടെ അച്ഛനുമായി തര്‍ക്കമുണ്ടായിരുന്ന ഒരു ബന്ധു നല്കിയ പരാതിയിലാകണം പൊലീസ് സൈമയുടെ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചു.

റംസാനും അഹമ്മദും കുറച്ചു ദിവസം തടവില്‍ കിടന്നു.പക്ഷേ തനിക്ക് 16 വയസായെന്ന് സൈമ കോടതിയില്‍ മൊഴി നല്‍കിയതോടെ അവരെ വിട്ടയച്ചു. അച്ഛനെയും ഭര്‍ത്താവിനെയും രക്ഷിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് അവള്‍ പറയുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പ്രദായങ്ങള്‍ മത വിശ്വാസങ്ങളുമായി കൂടിപ്പിണഞ്ഞു, കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്ന സൈമയുടെ ലോകത്തില്‍, ഈ സൂത്രധാരന്മാരെപ്പോലും ജീവിത ഭാരത്തിന്റെ ഒരു ഞെരുക്കുന്ന ചക്രം മുറുക്കുന്നു; കുടുംബത്തിന് താങ്ങാകാന്‍ ഒരു മകനായി ആഗ്രഹിക്കുന്ന ഒരു അച്ഛന്‍; ആ മകനെ കൊടുക്കേണ്ട ഒരു ഭാര്യ; കുട്ടിപ്രായം കഴിയുമ്പോഴേക്കും അമ്മയായി മാറേണ്ടിവരുന്ന ഒരു മകള്‍.

പെണ്‍മക്കളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതിനോട് സൈമയുടെ അമ്മ ജന്നത്തിനും യോജിപ്പാണ് തിരണ്ട് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പിന്നെ തലവേദനയാണെന്നാണ് അവര്‍ പറയുന്നത്. ആവശ്യമില്ലാത്ത ലൈംഗിക ബന്ധത്തിന്റെ പേടി കാരണം ഒറ്റയ്ക്ക് വീട്ടിലാക്കാന്‍ കഴിയില്ല- അതിലുമേറെ ഭയം മകള്‍ ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയാലോ എന്നാണ്.
“അത് ഞങ്ങള്‍ക്ക് വലിയ അപമാനമാകും. ഞങ്ങളുടെ മാനം പോകും. അവര്‍ വേഗം തിരണ്ടാല്‍ അവരെ വിവാഹം ചെയ്തയാക്കണം,” അവര്‍ പറഞ്ഞു. “പെണ്‍മക്കള്‍ ഭാരമാണ്, പക്ഷേ ആണ്‍കുട്ടികള്‍, വീടിന്റെ ഉടമസ്ഥരാണ്.”

ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചതില്‍ അവര്‍ക്ക് പരാതിയില്ല; എന്തൊക്കെയായാലും അയാള്‍ക്ക് പെണ്‍മക്കള്‍ മാത്രമായത് അവളുടെ തെറ്റാണ്.
“എനിക്കൊരു മകനില്ല എന്നതില്‍ എനിക്കു ലജ്ജയുണ്ട്. രണ്ടാമതൊരു ഭാര്യയെ കൊണ്ടുവരാന്‍ ഞാനാണ് എന്റെ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചത്.”

തന്റെ സഹോദരന് വേണ്ടിയാണ് അഹമ്മദിനെ വിവാഹം കഴിക്കാന്‍ തയ്യാറായതെന്ന് ജന്നത്തിന്റെ ഭര്‍ത്താവിന്റെ പുതിയ ഭാര്യ സബീല്‍ പറയുന്നു. അയാള്‍ക്കൊരു ഭാര്യയെ കിട്ടണമെന്ന് അവള്‍ക്കുണ്ടായിരുന്നു.

“പെണ്‍മക്കളെ എന്റെ സഹോദരന് നല്കാന്‍ ആരും തയ്യാറായിരുന്നില്ല,” അവള്‍ പറഞ്ഞു.
തുറന്ന ഓടകളുള്ള ആ ഇടുങ്ങിയ തെരുവിലൂടെ പഴകിക്കീറിയ തിരശീല മാറ്റി വീടിനകത്തെത്തുന്ന അതിഥികളെ സല്‍ക്കരിക്കാന്‍ റംസാന്‍ കൈ നീട്ടുന്നു.
റംസാന്‍റെ പ്രായമായ മാതാപിതാക്കള്‍ അയാള്‍ക്കൊപ്പമാണ് താമസം. അയാളുടെ അച്ഛന്‍ കിടക്ക വിട്ടെഴുന്നേല്‍ക്കുന്നത് വിരളം. അയാളുടെ അമ്മ പകല്‍ മുഴുവന്‍ ഭിക്ഷ യാചിക്കും. ചിലപ്പോള്‍ വീടുകളുടെ വാതിലില്‍ മുട്ടും, ചിലപ്പോള്‍ പൊടി നിറഞ്ഞ വഴിയുടെ നടുവില്‍ നില്ക്കും, അവരുടെ കൈകള്‍ ദാനം വാങ്ങാനായി എപ്പോഴും തുറന്നുപിടിച്ചിരിക്കുന്നു.

റംസാനെപ്പോലെ അവര്‍ക്കും കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. അവരുടെ അരക്കെട്ടും ഒരു മുട്ടും പൊട്ടിയിട്ടുണ്ട്. തന്റെ മുട്ടുവേദന കാണിക്കാന്‍ ഒരു കമ്പ് ഓടിക്കുന്നതുപോലെ അവര്‍ കാണിച്ചു.

റംസാന്‍ സൈമയെ നോക്കി. അവളുടെ മുടി ഒരു വലിയ തട്ടം കൊണ്ട് മൂടിയിരിക്കുന്നു. അവളുടെ വലിയ കണ്ണുകള്‍ നിലത്തു നട്ടിരിക്കുന്നു.

“ഇത്ര ചെറുപ്പത്തിലെ അവളെ കല്യാണം കഴിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നില്ല. ഞാനാ സമയത്ത് പറഞ്ഞു, “അവള്‍ തീരെ ചെറുപ്പമാണെന്ന്,” പക്ഷേ എല്ലാവരും പറഞ്ഞു ഞാന്‍ കഴിക്കണമെന്ന്,” ചുറ്റും നിന്നവര്‍ വ്യാഖ്യാനിച്ച ആംഗ്യങ്ങളിലൂടെ അയാള്‍ പറഞ്ഞു. അയാള്‍ തന്റെ കൈ നെഞ്ചിന് താഴെയായി പിടിച്ചുകാണിച്ചു; വിവാഹം കഴിക്കുമ്പോള്‍ അവള്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ എന്നു കാണിക്കാന്‍.

സൈമ അധികം സംസാരിച്ചില്ല. അവളുടെ ഉത്തരങ്ങള്‍ ചെറുതും, കാര്യമാത്ര പ്രസക്തവുമായിരുന്നു.

“അയാളുടെ സഹോദരിയും എന്റെ അച്ഛനും ഇഷ്ടത്തിലായി, അവരെന്നെ കൈമാറി,” അവള്‍ പറഞ്ഞു.

“ശരിയാണ്, എനിക്കച്ഛനെ പേടിയാണ്, ഞാനാരെ എപ്പോള്‍ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് അച്ഛനാണ്.”

അവള്‍ ഭര്‍ത്താവിരുന്ന കയറുകട്ടിലില്‍ ഇരുന്നു. അയാളെപ്പോഴും അവളുടെ തലയില്‍ തൊടാന്‍ കൈ നീട്ടും. അവള്‍ ഒരു ദിവസം തന്നെയിട്ടു പോകുമെന്ന് അയാള്‍ ഭയക്കുന്നു. അങ്ങനെ ചെയ്താല്‍ ദൈവത്തിനിഷ്ടമാകില്ലെന്നും പറയുന്നു. റംസാനൊപ്പം ജീവിച്ചുതുടങ്ങി പെട്ടന്നുതന്നെ സൈമ ഗര്‍ഭിണിയായി. പക്ഷേ അഞ്ചാം മാസം ഗര്‍ഭം അലസി. വീണ്ടും ഗര്‍ഭിണിയാകാന്‍ സൈമ എന്തെങ്കിലും മരുന്ന് കഴിക്കണമെന്ന് റംസാന്‍ ആഗ്യം കാട്ടി.

സൈമ അയാളെ അപൂര്‍വമായേ നോക്കുന്നത് പോലുമുള്ളൂ. പക്ഷേ തനിക്കയാളോട് വഴക്കൊന്നുമില്ലെന്നും താന്‍ വിട്ടുപോകാന്‍ ഉദ്ദേശമില്ലെന്നും അവള്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ആംഗ്യഭാഷ തനിക്കറിയാമെന്ന് സൈമ പറഞ്ഞു. പക്ഷേ മനസിലാക്കാന്‍ പാടാണ്. മിക്ക പരിഭാഷയും നടത്തുന്നത് 12 വയസുള്ള ഹസീനയാണ്. സബീലിന്റെ ആദ്യ വിവാഹത്തിലെ കുട്ടി.

സൈമ അമ്മാവനെ കല്യാണം കഴിച്ച്, അമ്മ സൈമയുടെ അച്ഛന്റെ ഒപ്പം ജീവിക്കാന്‍ പോകുമ്പോള്‍ ഹസീനയ്ക്ക് 10 വയസാണ്.

ഭക്ഷണം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും സൈമക്കൊരു കൂട്ടായും ഹസീന ഈ വീട്ടില്‍ത്തന്നെ താമസിച്ചു. സൈമയുടെ കല്യാണത്തിന് അത്താഴം ഉണ്ടാക്കിയത് പോലും അവളാണ്.

“സൈമ അമ്മാവനെ കല്ല്യാണം കഴിച്ചപ്പോള്‍ അവരിവിടെ ഒറ്റക്കാവുമെന്നും അതുകൊണ്ട് സ്കൂളില്‍പോക്ക് നിര്‍ത്താനും അമ്മ എന്നോടു പറഞ്ഞു,” ഹസീന പറഞ്ഞു.

സൈമ വളരെ ചെറുപ്പമായിരുന്നു. വീട്ടുകാര്‍ക്ക് അവളോടു കഷ്ടം തോന്നിയെന്ന് ഹസീന ഓര്‍മ്മിക്കുന്നു.

“അവളുടെ പ്രായത്തില്‍ കളിക്കുകയായിരുന്നു വേണ്ടത്.”

സൈമയുടെ വീട്ടില്‍, അവളുടെ 7 വയസുകാരി അനിയത്തി അസ്മ ചുറ്റിത്തിരിഞ്ഞു നടക്കുന്നു, ചെരുപ്പില്ല, മുടിയാകെ ജടയും പൊടിയും. അസ്മ അവളുടെ ബന്ധു സഹോദരനുള്ള ഉറപ്പ് നല്‍കിക്കഴിഞ്ഞു. അവന് പത്തു വയസാണ്. അവള്‍ ഋതുമതിയായാല്‍ അവര്‍ കല്യാണം കഴിപ്പിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍