UPDATES

ബാല്യവിവാഹങ്ങള്‍ പലതും നടക്കുന്നത് രാത്രിയില്‍; ഒരു സമൂഹം അവരുടെ പെണ്‍മക്കളോട് ചെയ്യുന്നത്

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ തടയപ്പെട്ട ഒന്‍പത് പെണ്‍കുട്ടികളുടെ വിവാഹം ഒരു മഞ്ഞുമലയുടെ അറ്റം മാത്രം

‘ഞാന്‍ നുജൂദ്, വയസ് 10, വിവാഹ മോചിത’ 9ാം വയസ്സില്‍ വിവാഹിതയായി 10 വയസ്സില്‍ വിവാഹ മോചനം തേടിയ യെമന്‍കാരിയായ നുജൂദ് അലി തന്റെ ജീവിതാനുഭവങ്ങള്‍ക്കു നല്‍കിയ പേരാണിത്.  നുജുദിന്റെ കഥ ഓരോ മലയാളിയും വായിച്ചിരിക്കേണ്ടതാണ്. പ്രത്യേകിച്ച് മലബാറിന്റെ ഗ്രാമാന്തരങ്ങളിലെങ്കിലും ചര്‍ച്ചയാകപ്പെടേണ്ട ജീവിതാനുഭവമാണത്.

ജീവിതമെന്തെന്നറിയുന്നതിനു മുന്‍പേ വിവാഹത്തിലേക്ക് തള്ളിവിടപ്പെടുന്ന ഒരുപിടി കുരുന്നുകള്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. പ്രത്യേകിച്ച് മലബാറിലുള്‍പ്പെടുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളില്‍. വിടരും മുന്‍പേ കൊഴിഞ്ഞു പോകുന്ന ഇത്തരം ജീവിതങ്ങളുടെ കഥകള്‍ പക്ഷേ ഏറെയൊന്നും പുറം ലോകം അറിയാറില്ല. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഇത്തരത്തില്‍ ബാല്യ വിവാഹങ്ങള്‍  തടസ്സങ്ങള്‍ കൂടാതെ നടക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

എന്നാല്‍ ഇത്തരത്തിലുള്ള വിവാഹങ്ങളില്‍ ചുരുക്കം ചിലവ മാത്രമാണ് പുറം ലോകം അറിയുന്നതും തടയപ്പെടുന്നതും. ഈ അടുത്ത് നാം ഞെട്ടലോടെ കേട്ട വാര്‍ത്തകളില്‍ ഒന്നാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലെ ഒന്‍പത് സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവാഹം. വിവാഹത്തിനു നിര്‍ബന്ധിതയായ ഒരുകുട്ടിയുടെ സമയോചിതമായ ഇടപെടലാണ് ഇവിടെ നടക്കാനിരുന്ന 9 വിവാഹങ്ങളും തടയാന്‍ സഹായിച്ചത്. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 1098ലേക്ക് ഈ കുട്ടി വിളിക്കുകയും വിവരങ്ങള്‍ ധരിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ഡവലപ്പ്‌മെന്റ് പ്രോജക്ട് ഓഫീസറും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയും, വാര്‍ഡ് മെമ്പറും, ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് നടത്തിയ ഇടപെടലിലാണ് ഈ കുട്ടിയുടേതടക്കം കരുവാരക്കുണ്ട് പഞ്ചായത്തിലെ മഞ്ഞള്‍പ്പാറ, കേരള വാര്‍ഡുകളിലെ 9ഓളം ബാല്യ വിവാഹത്തിന്റെ ഇരകളെ കണ്ടെത്തി രക്ഷിക്കാനായത്. ഈ വിവാഹങ്ങള്‍ക്ക് കോടതി ഇഞ്ചക്ഷന്‍ നല്‍കി കഴിഞ്ഞു.

കരുവാരക്കുണ്ടിലെ ഈ ഒന്‍പത് വിവാഹങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ജില്ലയുടെ പലഭാഗങ്ങളിലായി നടക്കുന്നത്.  2016ലെ കണക്കനുസരിച്ച് മൂന്നു ദിവസത്തില്‍ ഒന്നെന്ന നിരക്കിലെങ്കിലും ബാല്യ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി തുടങ്ങിയവയുടെ ഓഫീസുകളിലെത്തുന്നുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ കണക്കു പ്രകാരം 2016ല്‍ ബാല്യവിവാഹം നടക്കാന്‍ പോകുന്നു എന്നറിയിച്ച് 120 ഇന്‍ഫര്‍മേഷനുകളാണ് വിവിധ ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 31 വിവാഹങ്ങള്‍ കോടതി ഉത്തരവ് ഉപയോഗിച്ച് തടയുകയായിരുന്നു. ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ നേരിട്ടും, ചൈല്‍ഡ് ലൈന്‍ മുഖേനയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ഇടപെട്ട് രക്ഷിതാക്കളെ പിന്‍തിരിപ്പിക്കാനായി. എന്നാല്‍ പത്തോളം വിവാഹങ്ങള്‍ ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവ ഇടപെട്ടിട്ടും നടക്കുക തന്നെ ചെയ്തു. നിയമത്തിന്റെ പഴുതുകള്‍ തേടിയിറങ്ങിയാല്‍ ആരെതിര്‍ത്താലും ഇത്തരം വിവാഹങ്ങള്‍ തടയാനാവില്ലെന്നു തെളിയിക്കുന്നതാണ് ഈ വിവരം.

മുസ്ലീം വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നാണ് ഇതെന്നു തെറ്റിദ്ധരിച്ചാല്‍ നിങ്ങള്‍ക്കു തെറ്റി. മുസ്ലീം വിഭാഗത്തോടൊപ്പം തന്നെ ഹിന്ദുകുടുംബങ്ങളിലും ബാല്യ വിവാഹങ്ങള്‍ നടന്നു വരുന്നുണ്ട്. ഇവിടെ ജാതിയോ വിശ്വാസങ്ങളോ മാത്രമല്ല സാമ്പത്തിക സ്ഥിതിയും പ്രാധാനപ്പെട്ട ഒരു ഘടകംതന്നെ.

സാമ്പത്തിക ഞെരുക്കമുള്ള കുടുംബങ്ങളില്‍ മകളുടെ വിവാഹം പലപ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുന്നു. സ്ത്രീധനം നിയമപരമായി വിലക്കപ്പെട്ടതാണെങ്കിലും ഇന്നും പല വിവാഹങ്ങളും നടക്കുന്നതും പലതും മുടങ്ങുന്നതും സ്ത്രീധനം കണക്കു കൂട്ടുന്നിടത്താണ്. ഇവിടേക്കാണ് പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളെതേടി വിവാഹ ദല്ലാളന്‍മാരും മറ്റും കടന്നെത്തുന്നത്. അവര്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ വീണ് പല രക്ഷിതാക്കളും തങ്ങളുടെ മക്കളെ വിവാഹ വേദിയിലേക്ക് തള്ളിവിടുകയാണ്. മലപ്പുറം ജില്ലയുടെ മലയോര പ്രദേശങ്ങളിലെങ്കിലും പെണ്‍കുട്ടികളെ കൂടുതല്‍ പഠിപ്പിച്ചാല്‍ അവര്‍ വഴിപിഴച്ചു പോകും എന്നു വിശ്വസിക്കുന്ന മാതാപിതാക്കളുണ്ട്. പതിനേഴ് കഴിഞ്ഞ പെണ്‍കുട്ടിയെ തേടി യുവാക്കള്‍ എത്താത്തതും പല രക്ഷിതാക്കളെയും മക്കളെ പതിനേഴിനു മുന്‍പേ കെട്ടിച്ചു വിടാന്‍ (വിവാഹം ചെയ്തയക്കാന്‍) പ്രേരിപ്പിക്കുന്നുണ്ട്.

ഒരു ശാസ്ത്ര സാഹിത്യ പരിഷദ് പ്രവര്‍ത്തകന്‍ പറഞ്ഞ ഒരു ജീവിതാനുഭവമുണ്ട്.  പരിഷദ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരിക്കല്‍ ഒരു സംഘം ബാല്യ വിവാഹവുമായി ബന്ധപ്പെട്ട് സര്‍വേക്കിറങ്ങിയപ്പോള്‍ ഉണ്ടായ അനുഭമാണത്. വീടുകള്‍ കയറിയിറങ്ങി വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വിവരശേഖരണവും നടത്തുകയായിരുന്നു അവര്‍. അതിനിടയില്‍ ഒരു വീട്ടിലെ സ്ത്രീ (മുസ്ലീം സമുദായക്കാരിയാണെന്നാണ് ഓര്‍മ) ബാല്യ വിവാഹത്തിനെതിരെ ശക്തമായ ഭാഷയില്‍ തന്റെ ജീവിതാനുഭവം വച്ച് സംസാരിച്ചു. താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയും വിവാഹ മോചിയതുമായവളാണെന്നും സംസാരത്തിനിടയില്‍ അവര്‍ പറഞ്ഞുവത്രേ. ഇതിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ അവരുടെ മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ചു. നാളെ പതിനേഴാം വയസ്സില്‍ നിങ്ങളുടെ മകള്‍ക്ക് ഒരുവിവാഹാലോചന വന്നാല്‍ നിങ്ങള്‍ സമ്മതിക്കുമോ? എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഞാന്‍ സമ്മതിക്കും എന്നാണാ സ്ത്രീ മറുപടി നല്‍കിയത്. അല്‍പ്പം ഞെട്ടലോടെ തന്നെ എന്തുകൊണ്ടെന്ന് തിരക്കിയപ്പോളാണ് അവര്‍ അവരുടെ അനുജത്തിയെ സംഘത്തിന് പരിചയപ്പെടുത്തി നല്‍കിയത്. തനിക്ക് വന്ന ദുരനുഭവം അനുജത്തിക്ക് വരരുതെന്നുറപ്പിച്ച് അവള്‍ അവരെ കോളേജില്‍ വിട്ടു പഠിപ്പിച്ചു. നിരവധി വിവാഹാഭ്യര്‍ഥനകള്‍ അനുജത്തി വന്നെങ്കിലും അതെല്ലാം വേണ്ടെന്നു വച്ചു. തന്റെ ജീവിതാനുഭവം വച്ച് ഒരു സ്ത്രീ നടത്തി നോക്കിയ ഒറ്റയാള്‍ പോരാട്ടം പക്ഷേ വിപരീത ഫലമാണുണ്ടാക്കിയത്. അനുജത്തിയുടെ പഠനം കഴിഞ്ഞപ്പോഴേക്കും വിവാഹ മാര്‍ക്കറ്റില്‍ അവരുടെ ഡിമാന്റ് ഇടിഞ്ഞിരുന്നു. പതിനേഴുകാരി തേടിയിറങ്ങുന്നവരുടെ കണ്ണില്‍ വിദ്യാ സമ്പന്നക്ക് വലിയ വിലയൊന്നുമുണ്ടായില്ല. ഈ അനുഭവം മുന്നിലുള്ളതുകൊണ്ടാവാം അനുജത്തിക്കു സംഭവിച്ചത് മകള്‍ക്കും വരരുതെന്ന കണക്കുകൂട്ടലില്‍ അല്‍പ്പം വേദനയോടെയെങ്കിലും അവര്‍ തന്റെ മകളെ പതിനേഴിലും വിവാഹം കഴിപ്പിക്കാന്‍ തയ്യാറാണെന്നു പറഞ്ഞത്.

ഇവരുടെ കഥ ഒരു ഒറ്റപ്പെട്ട സംഭവമാകാന്‍ ഇടയില്ല. മലബാറിലെ ഫാന്‍സി കടകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലൂടെ ഒരു യാത്ര നടത്തിയാല്‍ തന്നെ ഈ സത്യം ഏറെ കുറെ വ്യക്തമാവും. പലസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യുവതികളിലേറെയും ചെറുപ്രായത്തിലേ അമ്മമാരും വിവാഹ മോചിതകളുമാണ്.

29 ഓളം ബാല്യവിവാഹ നിരോധന ഓഫീസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഓരോരുത്തരോടു ചോദിച്ചാലും കരളലിയിപ്പിക്കുന്ന ഒരു കല്യാണ കണ്ണീര്‍ കഥയെങ്കിലും പറയാനുണ്ടാവുമെന്ന് തീര്‍ച്ചയാണ്. ബാല്യ വിവാഹങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും തടയിടാനായത് അംഗണ്‍വാടി അധ്യാപികമാര്‍ അടക്കമുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍മൂലമാണ്. പലയിടങ്ങളിലും ഇത്തരത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് കല്യാണം മുടക്കികള്‍ എന്നൊരു വിളിപ്പേരുകൂടിയുണ്ടത്രേ.

കരുവാരക്കുണ്ട് പഞ്ചായത്തിലേതിനു സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജില്ലയിലെതന്നെ മൂത്തേടം പഞ്ചായത്തിലായിരുന്നു. 12 ബാല്യവിവാഹങ്ങളാണ് ഇവിടെ കോടതി മുഖേന കഴിഞ്ഞ വര്‍ഷം തടഞ്ഞത്.

പല ബാല്യവിവാഹങ്ങളും പുറത്തറിയാറുണ്ടെങ്കിലും തെളിവുകളില്ലാത്തതിനാല്‍ തടയാനാവാതെ പോവാറുമുണ്ട്. പ്രായപൂര്‍ത്തിയാവാത്തവരുടെ നിക്കാഹ് നടത്തിയിടുന്ന സമ്പ്രദായവും നിലവിലുണ്ട്. രാത്രിയില്‍ രഹസ്യമായി നടക്കുന്ന നിക്കാഹുകളുമുണ്ടത്രേ. വിവാഹ ക്ഷണക്കത്ത്, വിവാഹ ഫോട്ടോ തുടങ്ങിയവയാണ് വിവാഹം നടത്തുന്നതിന് തെളിവുകളായി ഉപയോഗിക്കാറ്. ഇവയൊന്നുമില്ലാതെ ബാല്യവിവാഹങ്ങള്‍ നടന്നാലും പിടിക്കപ്പെടില്ല. ഇതറിഞ്ഞാണ് പല ബാല്യവിവാഹങ്ങളും വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് രാത്രികളില്‍ നടത്തുന്നത്. ഇത്തരം വിവാഹങ്ങളില്‍ ഇടപെടണമെങ്കില്‍ പെണ്‍കുട്ടി ഇക്കാര്യം പുറം ലോകത്തെ അറിയിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. എന്നാല്‍ വീട്ടുകാരെ ഭയന്ന സംഭവം പെണ്‍കുട്ടിയടക്കം മൂടിവക്കുന്നതോടെയണ് ഇത്തരം വിവാഹങ്ങള്‍ തടയപ്പെടാതെ പോവുന്നത്. മലബാറിനെ ലക്ഷ്യമാക്കി മൈസൂര്‍ മണവാളന്‍മാര്‍ ഇപ്പോഴും രംഗത്തുണ്ടെന്നും വിവരമുണ്ട്. മൈസൂരില്‍ നിന്നും മോഹന വാഗ്ദാനങ്ങള്‍ നല്‍കി വിവാഹം കഴിക്കാനെത്തുന്നവരാണ് ഇത്തരക്കാര്‍. മൈസൂര്‍ കല്യാണം എന്നാണിവയുടെ വിളിപ്പേരുതന്നെ. ഇത്തരക്കാര്‍ക്കിടയില്‍ പക്ഷേ ബാല്യവിവാഹങ്ങളുടെ എണ്ണം കുറവാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നവരുമായ പെണ്‍കുട്ടികളാണ് ഇവരുടെ ഇരകള്‍.

ഒരുപാട് നുജൂദുമാരുടെ വായടപ്പിച്ച നാടാണ് നമ്മുടെ കേരളം. നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ എതിര്‍പ്പിന്റെ നിരവധി സ്വരങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ട്. കഴിവുകളും, അഭിരുചിയും, ഇഷ്ടങ്ങളുമെല്ലാം ചെറുപ്രയാത്തിലേ താലിച്ചരടില്‍ കുരുക്കപ്പെട്ടവര്‍. ഇവയില്‍ നിന്നും വ്യത്യസ്ഥമാകുന്ന ചില സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മഞ്ചേരിയില്‍ ഒരു പെണ്‍കുട്ടി നടത്തിയ പ്രവര്‍ത്തനം ഇത്തരത്തില്‍ എല്ലാവര്‍ക്കും പ്രചോദനമേകുന്ന ഒന്നാണ്. വിവാഹമുറപ്പിച്ചതോടെ കുട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തുകയും തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന വിവരം പോലീസില്‍ ബോധിപ്പിക്കുകയുമായിരുന്നു. തന്റെ വീട്ടുകാരുടെ അറിവില്ലായ്മയാണ് ഇതിനു കാരണമെന്നും അവരെ പറഞ്ഞു മനസ്സിലാക്കണമെന്നും തനിക്ക് പഠിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. ഒറ്റയടിക്ക് ബാല്യവിവാഹം എന്ന വിപത്തിനെ തുടച്ചു നീക്കാനുള്ള ത്രാണി ഇന്നും നമ്മുടെ കേരളത്തിനില്ല എന്നു തന്നെവേണം കരുതാന്‍.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍