UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ കുട്ടിക്കടത്ത്; രൂപ ഗാംഗുലി അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് പങ്ക്

ബിജെപിയുടെ സംസ്ഥാന വനിത വിഭാഗം ജനറല്‍ സെക്രട്ടറി ജൂഹി ചൗധരി ഒളിവില്‍

ബംഗാളില്‍ കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് പങ്കെന്ന് റിപ്പോര്‍ട്ട്. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയും വനിത വിഭാഗം പ്രസിഡന്റ് രൂപ ഗാംഗുലിയുമാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. വടക്കേ ബംഗാളില്‍ നടന്ന കുട്ടികളെ കടത്തുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത്.

കേസിലെ ഒന്നാം പ്രതി ചന്ദന ചക്രബര്‍ത്തി നടത്തിയിരുന്ന ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കേന്ദ്രത്തിന്റെ ചില പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ബിജെപിയുടെ പശ്ചിമ ബംഗാള്‍ വിഭാഗം ജനറല്‍ സെക്രട്ടറി ജൂഹി ചൗധരി വിജയവര്‍ഗീയയോടും രൂപ ഗാംഗുലിയോടും ആവശ്യപ്പെട്ടിരുന്നു.

ഒരു ബിജെപി നേതാക്കളോടും താന്‍ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചന്ദന ചക്രബര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. ജൂഹി അങ്ങനെ ആവശ്യപ്പെട്ടോ എന്ന് തനിക്കറിയില്ലെന്നും അവര്‍ വിശദീകരിച്ചു. ചില സഹായങ്ങള്‍ക്കായി താന്‍ ജൂഹി ചൗധരിയെ സമീപിച്ചിരുന്നതായും ശിശു ക്ഷേമ കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് അവര്‍ ഉറപ്പ് തന്നതായും ചന്ദന ചക്രബര്‍ത്തി പറയുന്നു.

സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ ഭാഷ്യം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ പോലീസ് തങ്ങളെ വേട്ടയാടുകയാണെന്ന് വിജയവര്‍ഗീയ ആരോപിച്ചു.

ചന്ദന ചക്രബര്‍ത്തിയെയും അവരുടെ ഒരു അനുയായിയെയും സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൂട്ടികളെ കടത്തുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ബിജെപിയുടെ സംസ്ഥാന വനിത വിഭാഗം ജനറല്‍ സെക്രട്ടറി ജൂഹി ചൗധരിയുടെ പേര് കേസില്‍ പെട്ടതോടെ തന്നെ പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. ജൂഹി ചൗധരി ഒളിവിലാണ്. സംഭവം സംസ്ഥാന ബിജെപിയിലും പൊട്ടിത്തെറികള്‍ക്ക് കാരണമായിട്ടുണ്ട്.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പകപോക്കലാണ് സംഭവത്തിന് പിന്നില്‍ എന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രതികരണത്തോട് യോജിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തയ്യാറാവുന്നില്ല. കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കില്‍ ജൂഹി എന്തിനാണ് ഒളിവില്‍ പോയതെന്ന് കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ ചോദിച്ചു. എന്നാല്‍ തന്റെ നിലപാടാണ് വിഷയത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നയമെന്നാണ് ഘോഷ് പറയുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ ഘോഷിന്റെ ഉപദേശപ്രകാരമാണ് രൂപ ഗാംഗുലിയെ വനിത വിഭാഗം ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് അടുത്തിടെ രൂപ ഗാംഗുലി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍