UPDATES

പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും എവിടെപ്പോകുന്നു? ഞെട്ടിക്കും ഈ കണക്കുകള്‍

ഫാദര്‍ റോബിന്‍റേതടക്കം നിരവധി കേസുകളില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ പ്രതിസ്ഥാനത്താണ്

കൊട്ടിയൂര്‍ പീഡന കേസില്‍ തീര്‍ത്തും നിരുത്തരവാദപരമായ സമീപനമാണ് വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഇരയായ കുട്ടിയെ സംരക്ഷിക്കുകയും നീതി നേടിക്കൊടുക്കയും ചെയ്യേണ്ടിടത്തു പ്രതിയോട് കൂറു കാണിക്കാനാണ് സിഡബ്ല്യുസി തയ്യാറായത്. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണേണ്ടതുമില്ല. സംസ്ഥാനത്തെ പതിനാലു സിഡബ്ല്യുസികളിലും സമാനമായ നിരവധി സംഭവങ്ങള്‍ക്ക് ഉദാഹരണങ്ങളുണ്ട്. ബാലാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട, ജുഡീഷ്യല്‍ അധികാരമുള്ള ഒരു സംവിധാനത്തില്‍ നിന്നുമുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല.

തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ 2015 ല്‍ വന്ന പരാതിയായിരുന്നു പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പതിമൂന്നുകാരി ലൈംഗികമായി ഉപദ്രവിക്കപ്പെടുകയും തുടര്‍ന്നു ഗര്‍ഭിണി ആയതും. സിഡബ്ല്യുസി ഈ കുട്ടിയെ പ്രസവം വരെയുള്ള സംരക്ഷണത്തിനായി സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ ചുമതലയുള്ള മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചു. പ്രസവത്തിനുശേഷം ഇരയായ പെണ്‍കുട്ടിയെ  അവളുടെ അമ്മയുടെ കൂടി വീട്ടിലേക്കു തന്നെ പറഞ്ഞയക്കുകയാണ് സിഡബ്ല്യുസി ചെയ്തത്. ആ കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത് സ്വന്തം വീട്ടില്‍ നിന്നു തന്നെ ആയതിനാല്‍ അമ്മയുടെ കൂടെ പറഞ്ഞയക്കരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും സിഡബ്ല്യുസി ചെവിക്കൊണ്ടില്ല. പിന്നീട് അതേ പെണ്‍കുട്ടി എത്തിച്ചേര്‍ന്നത് തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രത്തിലും.

എണ്ണി പറയാന്‍ ആണെങ്കില്‍ കേരളത്തിലെ പതിനാലു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികളെ കുറിച്ചും കാണും മേല്‍ പറഞ്ഞതുപോലെ നിരവധി ആക്ഷേപങ്ങള്‍. ഇടുക്കിയില്‍ സര്‍ക്കസ് സംഘത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെട്ട് സിഡബ്ല്യുസിയുടെ അടുത്തു വന്നതും പിന്നീട് അതേ കേസ് ചെയര്‍മാന്‍ പണം വാങ്ങി ഒത്തുതീര്‍പ്പാക്കിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതാണ്. മലപ്പുറത്ത് ഒരു ഒപ്പന ടീച്ചറുടെ മകള്‍ സ്വന്തം പിതാവിനാല്‍ തന്നെ പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണായാവുകയും ഇരയെ പിന്നീട് സിഡബ്ല്യുസി ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ വീട്ടില്‍ നിന്നു തന്നെ പീഡനത്തിനിരയായ പെണ്‍കുട്ടിയെ അതേ വീട്ടിലേക്ക് തന്നെ പറഞ്ഞയക്കുകയാണ് സിഡബ്ല്യുസി ചെയര്‍മാന്‍ ചെയ്തത്. കൊല്ലം, എറണാകുളം, പാലക്കാട് വയനാട് തുടങ്ങി ഒട്ടുമിക്ക സിഡബ്ല്യുസികളുടെയും പ്രവര്‍ത്തനം ഈ തരത്തിലാണു നടക്കുന്നതെന്നു വ്യക്തമാകാന്‍ സാമൂഹ്യനീതി വകുപ്പില്‍ കിട്ടുന്ന പരാതികള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.

ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയില്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ വൈദികനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയ വയനാട് സിഡബ്ല്യുസി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകവും കമ്മിറ്റിയിലെ അംഗമായ കന്യാസ്ത്രിയുടെയും വാര്‍ത്ത പുറത്തു വന്നെങ്കില്‍ ഇതേ രീതിയില്‍ വേട്ടക്കാരനെ സംരക്ഷിക്കാന്‍ വേണ്ടി ഇരകളുടെ എല്ലാ അവകാശങ്ങളും മറക്കുന്ന ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും കഥകള്‍ പലതുണ്ടെന്നു വിവരം തരുന്നത് ഇത്തരം കമ്മിറ്റികളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ തന്നെയാണ്.

2008 മുതലാണു കേരളത്തിലെ പതിനാലു ജില്ലകളിലും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. quasi judicial body ആയാണ് സിഡബ്ല്യുസികള്‍ പ്രവര്‍ത്തിക്കുന്നത്. ചെയര്‍മാന്‍ അടക്കമുള്ള അംഗങ്ങള്‍ ബഞ്ച് ഓഫ് മജിസ്‌ട്രേറ്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. സാമൂഹ്യനീതി വകുപ്പാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നെങ്കിലും കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏകപക്ഷീയമായി ഇടപെടാനോ സ്വന്തമായി തീരുമാനം എടുക്കാനോ സര്‍ക്കാരിനു സാധ്യമല്ല. ജില്ല കോടതിക്കാണ് സിഡബ്ല്യുസി യെ റിവ്യു ചെയ്യാനുള്ള അധികാരം. കമ്മിറ്റിക്കെതിരെ പരാതിയുണ്ടെങ്കിലും കോടതിയെ ആണു സമീപിക്കേണ്ടത്. ഇത്തരമൊരു അധികാരസംരക്ഷണം ഉള്ളതുകൊണ്ടു തന്നെയാണു പലപ്പോഴും സിഡബ്ല്യുസികള്‍ തങ്ങളുടെ മാത്രം താത്പര്യങ്ങള്‍ നോക്കി പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നത്. ശമ്പളയിനത്തിലോ അലവന്‍സായോ വലിയ തുകകളൊന്നും ലഭിക്കുന്നില്ലെന്നതിനാല്‍ തന്നെ പലപ്പോഴും കമ്മറ്റി യോഗം കൂടാന്‍ പോലും പലര്‍ക്കും താത്പര്യം ഇല്ല. മലപ്പുറം സിഡബ്ല്യുസിയുടെ ഓഫിസ് തവനൂരാണെങ്കിലും യോഗം കൂടുന്നത് മഞ്ചേരിയിലാണ്. കാരണം മഞ്ചേരി കോടതിയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണു ചെയര്‍മാന്‍. അദ്ദേഹത്തിന്റെ വക്കീല്‍ ഓഫിസിലാണു സിഡബ്ല്യുസി യോഗം ചേരുന്നത്.

അനാഥരായ കുട്ടികളുടെ സംരക്ഷണം, ജീവനു ഭീഷണിയുള്ള കുട്ടികളുടെ സംരക്ഷണം, അസുഖബാധിതരും ചികിത്സ കിട്ടാന്‍ വഴിയില്ലാത്തവരുമായ കുട്ടികളുടെ സംരക്ഷണം, ലൈംഗീക ചൂഷണം, ബാലവേല മുതലായവയ്ക്കു വിധേയകരാകുന്ന കുട്ടികളുടെ സംരക്ഷണം എന്നിവയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ ചുമതലകള്‍. എന്നാല്‍ നിക്ഷിപ്തമായ ചുമതലകളില്‍ നിന്നും വ്യതിചലിക്കുകയാണിവരെന്നു പരാതികള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ എവിടെ പോകുന്നു?
കുട്ടികളുടെ സംരക്ഷണമാണ് സിഡബ്ല്യുസിയുടെ ചുമതലയെങ്കിലും മിക്കവാറും നടക്കാത്തതും അതു തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം ലൈംഗികാതിക്രമത്തിലൂടെ ഗര്‍ഭിണികളായ പെണ്‍കുട്ടികളുടെതായി 14 സിഡബ്ല്യുസികളുടെയും പക്കല്‍ വന്ന കേസുകളില്‍ ഇരകളായ കുട്ടികളും അവര്‍ പ്രവസിച്ച കുഞ്ഞുങ്ങളും എവിടെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അപ്രത്യക്ഷരായ കുട്ടികളുടെ കണക്ക് തീര്‍ത്തും ഞെട്ടിക്കുന്നതാണ്. ആലപ്പുഴ നൂറനാട് പതിമൂന്നുകാരി ലൈംഗിക പീഡനത്തിനിരയായി തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ വന്നിരുന്നു. ഈ കുട്ടി പീഡിപ്പിക്കപ്പെട്ടത് വീട്ടില്‍ നിന്നു തന്നെയാണെന്നു സൂചനയുണ്ടായിട്ടും അതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളൊന്നും ഉണ്ടായില്ല. ഈ പെണ്‍കുട്ടിയെ സ്വന്തം വീട്ടുകാര്‍ തന്നെ വ്യാജരേഖകള്‍ കാണിച്ചു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. പക്ഷേ ആ കുട്ടി ഇപ്പോള്‍ എവിടെയാണെന്നത് അജ്ഞാതം.

കൊല്ലത്ത് അച്ഛനും അമ്മയുമില്ലാത്ത രണ്ടു പെണ്‍കുട്ടികളെ അമ്മൂമ്മ ദോഷം മാറാനെന്ന പേരില്‍ മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോവുകയും മന്ത്രവാദി ഈ രണ്ടു കുട്ടികളെയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഈ കുട്ടികള്‍ സിഡബ്ല്യുസിയുടെ മുന്നില്‍ എത്തിയെങ്കിലും പിന്നീടവരെ അമ്മുമ്മയുടെ കൂടെ തന്നെ പറഞ്ഞയക്കുകയാണ് ചെയ്തത്. അഞ്ചുതെങ്ങിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടില്‍ നിന്നു തന്നെ പീഡനത്തിരയായി പ്രസവിച്ച കേസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുന്നാകെ വന്നിട്ടും ആ കുട്ടിയേയും അമ്മയുടെ കൂടെ പറഞ്ഞു വിടുകയാണു ചെയ്തത്.

കിളിമാനൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഗര്‍ഭിണിയായത് ചേച്ചിയുടെ ഭര്‍ത്താവിനാലായിരുന്നു. ഈ കുട്ടിയേയും പ്രസവശേഷം സ്വന്തം വീട്ടിലേക്കു തന്നെ പറഞ്ഞയച്ചു. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ സ്വന്തം പിതാവ് പീഡിപ്പിച്ച കേസ് സിഡബ്ല്യുസി യുടെ മുന്നില്‍ വന്നപ്പോഴും കുട്ടിയെ വീണ്ടും വീട്ടിലേക്കയക്കുകയാണ് ചെയ്തത്. എന്നാല്‍ ഈ കുട്ടി വീണ്ടും അച്ഛനാല്‍ തന്നെ പീഡിപ്പിക്കപ്പെട്ട് സിഡബ്ല്യുസിയുടെ മുന്നില്‍ തന്നെ എത്തി. മറ്റൊരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട് ഗര്‍ഭിണിയാവുകയും കേസ് സിഡബ്ല്യുസിയുടെ മുന്നില്‍ എത്തുകയുമുണ്ടായി. എന്നാല്‍ പീഢകന്‍ തന്നെ കുട്ടിയെ കല്യണം കഴിക്കാമെന്നു പറഞ്ഞതോടെ പെണ്‍കുട്ടിയെ അയാളുടെ സഹോദരിക്കൊപ്പം പറഞ്ഞയക്കുകയാണു ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയ്തത്. പ്രസവം കഴിഞ്ഞ്, കുട്ടിക്കു പ്രായപൂര്‍ത്തിയായതിനുശേഷം കല്യാണത്തെ കുറിച്ച് ആലോചിക്കാമെന്ന നിലപാടിനോടാണു സിഡബ്ല്യുസി യോജിച്ചതെന്നും ഓര്‍ക്കണം.

ഇരയായ കുട്ടികളെ വീട്ടിലേക്കു തിരിച്ചു വിടുന്നതില്‍ എന്താണു തെറ്റ് എന്നു ചോദിക്കാം. മേല്‍പ്പറഞ്ഞ കേസുകളില്‍ എല്ലാം തന്നെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്ന സ്വന്തം വീട്ടില്‍വച്ചോ ബന്ധുക്കളില്‍ നിന്നോ ആണെന്നു കാണാം. ഒരിക്കല്‍ പീഡനമേറ്റിടത്തേക്ക് തന്നെ ആ കുട്ടികളെ പറഞ്ഞയക്കുന്നത് തെറ്റ് തന്നെയാണ്. സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടിയെ വീണ്ടും ആ വിട്ടിലേക്ക് തന്നെ അയച്ചാല്‍ തുടര്‍ന്നും പീഡിപ്പിക്കപ്പെടില്ലെന്നതിന് ഒരു ഉറപ്പുമില്ല. അങ്ങനെയുണ്ടായ കേസുകളും പലതുണ്ട്. മറ്റൊന്ന്, കേസിനെ ഇതു ദുര്‍ബലപ്പെടുത്തുകയോ ഇല്ലാതാക്കാന്‍ സഹായിക്കുകയോ ചെയ്യുന്നു എന്നതാണ്. പ്രതിയായവര്‍ രക്ഷപെടാനും ഇതു സഹായിക്കും.

ലൈംഗിക പീഡനത്തെ തുടര്‍ന്നു പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും പ്രസവിക്കുകയും ചെയ്യുന്ന കേസുകളില്‍ പ്രതിയായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏറ്റവും ശക്തമായ തെളിവുകളില്‍ ഒന്നു ഡിഎന്‍എ പരിശോധനയാണ്. സിഡബ്ല്യുസിയുടെ മുന്നില്‍ എത്തുന്ന കേസുകളില്‍ ഡിഎന്‍എ സാമ്പിള്‍ എടുത്തുവയ്ക്കുന്നില്ല എന്നാണ് ആക്ഷേപം. വീടുകളിലേക്ക് പറഞ്ഞു വിടുന്ന കുട്ടികളെ പിന്നീട് കാണുന്നില്ല എന്നതും കേസിനെ ദുര്‍ബലപ്പെടുത്തും. കൊട്ടിയൂര്‍ കേസില്‍ തന്നെ പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ കിട്ടിയതുകൊണ്ടു മാത്രം ഡിഎന്‍എ പരിശോധന സാധ്യമാവുകയും ഫാദര്‍ റോബിനെ ശിക്ഷിക്കാന്‍ തക്ക തെളിവ് ഇതില്‍ നിന്നു കിട്ടുകയും ചെയ്യും. പക്ഷേ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഫാദര്‍ റോബിനു രക്ഷപെടാന്‍ അതുവഴിയൊരുക്കുകയും ചെയ്യുമായിരുന്നു. ഇതിനുള്ള കളികളാണല്ലോ ഫാദര്‍ തോമസ് തേരകം നടത്തിയതും.

കാണാതാകുന്ന കുട്ടികളുടെ എണ്ണം ഞെട്ടിക്കും
കഴിഞ്ഞ ഒരു വര്‍ഷം തന്നെ കാണാതായ ഇരകളുടെ എണ്ണം ഞെട്ടിക്കുന്നതാണെന്ന് സത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. ഇവര്‍ എങ്ങോട്ടാണു പോകുന്നതെന്നും എങ്ങനെ ജീവിക്കുന്നുവെന്നും അന്വേഷിക്കാനുള്ള ഉത്തരവാദിത്വം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കുണ്ട്. എന്നാല്‍ അങ്ങനെയൊരു ഉത്തരവാദിത്വം അവര്‍ നിറവേറ്റുന്നില്ല. ഇരകളായവര്‍ വീണ്ടും ഇരകളാകുമെന്നറിഞ്ഞിട്ടും അല്ലെങ്കില്‍ അവരുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന സൂചന ഉണ്ടായിട്ടും വീണ്ടും അപകടത്തിലേക്കു തന്നെ പറഞ്ഞയക്കാന്‍ തോന്നുവരുടെ താത്പര്യം എന്തായിരിക്കുമെന്നാണ് ഈ ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തു കഴിഞ്ഞാല്‍ അവരെ എവിടെയാണു പാര്‍പ്പിക്കുന്നതെന്ന വിവരം മാതാപിതാക്കളെ അറിയിക്കണം എന്നൊരു നിയമം ഉണ്ടെങ്കിലും വീണ്ടും അപകടത്തില്‍ പെടാം എന്നു സംശയമുള്ള കേസുകളില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടാലും കുട്ടികളെ കൂടെ അയക്കണമെന്നില്ല. ഇടുക്കിയില്‍ ഇതുപോലെ സിഡബ്ല്യുസി മാതാവിനോടൊപ്പം പറഞ്ഞയച്ച രണ്ടു കുട്ടികളെ അവരുടെ തന്നെ ആവശ്യപ്രകാരം മറ്റൊരു സംഘടനയിലെ പ്രവര്‍ത്തകര്‍ രാത്രി രണ്ടു മണിക്കു ചെന്നു കൂട്ടിക്കൊണ്ടുപോന്ന സംഭവം ഉണ്ടായിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ ഉണ്ടാകുന്നത് വീടുകളില്‍ നിന്നു തന്നെയാണ്, അല്ലെങ്കില്‍ അടുത്ത ബന്ധുക്കളില്‍ നിന്നും. അതുകൊണ്ട് തന്നെ അതേ സാഹചര്യത്തിലേക്ക് കുട്ടികളെ തിരികെ അയക്കുന്നത് അപകടമാണ്. മറ്റൊരു വഴി അനാഥാലയങ്ങളില്‍ നിര്‍ത്തുക എന്നതാണ്. പക്ഷേ അത്തരം സ്ഥാപനങ്ങളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ല, അവിടെവചച്ചുപോലും അവര്‍ വീണ്ടും ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകു. പാലക്കാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തില്‍ നിന്നും അത്തരമൊരു വാര്‍ത്ത പുറത്തുവന്നിട്ട് അധികമായിട്ടില്ല. ചില ഇരകള്‍ക്ക് തങ്ങള്‍ക്കു സംഭവിക്കുന്ന ദുരന്തത്തോടെ മാനസികനില തെറ്റാറുണ്ട്. ഇത്തരം കുട്ടികളുടെ ഭാവി പിന്നീട് എങ്ങനെയായി തീരുമെന്ന കാര്യത്തില്‍ ഉത്തരമില്ല. സിഡബ്ല്യുസിയില്‍ എത്തുന്ന കുട്ടികളെ പൂര്‍ണമായി സംരക്ഷിക്കുകയും അവര്‍ക്ക സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസത്തിന് അവകാശം ഒരുക്കുകയും വേണം. എന്നാല്‍ എത്ര കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ കിട്ടുന്നുണ്ട്?

അവകാശത്തെക്കാള്‍ വലുത് വിശ്വാസം
പല ജില്ലകളിലേയും സിഡബ്ല്യുസിയുടെ ചെയര്‍മാന്‍ പുരോഹിതരായിരിക്കും. എന്ത് മാനദണ്ഡമാണ് ഇവരെ തെരഞ്ഞെടുക്കാന്‍ ഉപയോഗിക്കുന്നതെന്നു വ്യക്തമല്ല. പുരോഹിതര്‍ക്ക് അനാഥാലയങ്ങള്‍ നടത്തിയുള്ള അനുഭവവും അതുവഴി കുട്ടികളെ പരിപാലിക്കാന്‍ കിട്ടുന്ന കഴിവും മാനദണ്ഡമാക്കുകയാണോ എന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. പക്ഷേ പലപ്പോഴും വൈദികര്‍ തങ്ങളുടെ ദൈവവിശ്വാസത്തിനും താഴെയായി മാത്രമെ കുട്ടികളുടെ അവകാശങ്ങളെ കാണുന്നുള്ളു. അവിഹിതമായി കുട്ടികള്‍ ഉണ്ടായിക്കോട്ടെ എന്നാണ് അവര്‍ വാദിക്കുന്നത്. അബോര്‍ഷന്‍ സഭ വിശ്വാസത്തിന് എതിരാണെന്നതാണു കാരണം. ഇത്തരം വിശ്വാസങ്ങള്‍ കൃത്യമായി പാലിക്കപ്പെടുമ്പോള്‍ ഇരയുടെ ജീവിതവും അവകാശവുമാണ് തകര്‍ക്കപ്പെടുന്നതെന്നു മാത്രം.

അവര്‍ പ്രവസിക്കുന്ന കുഞ്ഞുങ്ങള്‍ എവിടെ പോകുന്നു?
ഗര്‍ഭിണികളായ കുട്ടികളെ പ്രസവത്തിനായി പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഹോമുകളും ആശുപത്രികളും ഉണ്ടെങ്കില്‍ തന്നെ സിഡബ്ല്യുസിക്കാര്‍ മിക്കവാറും ഇരകളെ അയക്കുന്നത് സ്വകാര്യ ആശുപത്രികളിലേക്കും ഹോമുകളിലേക്കുമായിരിക്കും. വയനാട്ടിലെ സംഭവം തന്നെ ഉദ്ദാഹരണം. തിരുവനന്തപുരം സിഡബ്ല്യുസിയില്‍ നിന്നും ഒരു കുട്ടിയെ കൊച്ചിയിലുള്ള സ്വകാര്യ ഹോമിലേക്ക് അയച്ചതിന്റെ വിവരമുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥരില്‍ ഒരു വിദേശികൂടിയുണ്ട്. ഇവിടെ നിന്നും നവജാത ശിശുക്കള്‍ പുറത്തേക്ക് വില്‍പ്പന നടത്തുന്നതായി തന്നെ ആരോപണമുണ്ട്. മിക്കവാറും കുഞ്ഞുങ്ങള്‍ പ്രസവത്തോടെ മരിച്ചു പോയി എന്നായിരിക്കും മാതാവിനെ അറിയിക്കുക. മറ്റു ചിലരാകട്ടെ ശിശുക്കളെ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് അങ്ങോട്ടു പറയും. ഇരകളാകുന്നവരില്‍ ഭൂരിഭാഗവും പാവപ്പെട്ട വീട്ടില്‍ നിന്നുള്ള പെണ്‍കുട്ടികളായതുകൊണ്ട് വിലപേശലിനും സ്വാധീനം ചെലുത്തുന്നതിനും വേഗം സാധിക്കും. അങ്ങനെ സംഭവിക്കുമെന്നതിനു കൂടി ഉദ്ദാഹരണമാണല്ലോ കൊട്ടിയൂര്‍ പീഡനം. ഈ കേസ് തന്നെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ കൂടി ഇടപെട്ട് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇടപെടലാണു വിഷയം വെളിയില്‍ കൊണ്ടുവന്നതും അതുവഴി ഫാദര്‍ റോബിന്റെ ക്രൂരത പുറത്തറിഞ്ഞതും. കോണ്‍ഗ്രസുകാരനായ സ്ഥലം എംഎല്‍എ നിശബ്ദത പാലിച്ചപ്പോഴും പിന്മാറാതിരുന്ന കോണ്‍ഗ്രസുകാരോട് നന്ദി പറയണം. ഇല്ലായിരുന്നെങ്കില്‍ ആ കുഞ്ഞും അപ്രത്യക്ഷമാകുമായിരുന്നു. അഡോപ്ഷന്‍ സെന്ററുകള്‍ ഇപ്പോള്‍ ഏറ്റവും ലാഭമേറിയ വ്യാപാരകേന്ദ്രങ്ങളാണ്. ലക്ഷങ്ങളാണ് കുഞ്ഞുങ്ങളെ ദത്തുകൊടുക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതു വഴി കിട്ടുന്നത്. വിദേശികളുമായാണ് കൂടുതലും കച്ചവടം നടത്തുന്നത്. സര്‍ക്കാര്‍ അഡോപ്ഷന്‍ സെന്ററിലെ ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണം അയാള്‍ കുട്ടികളെ വിറ്റ് അനധികൃതമായി പണം സമ്പാദിച്ചതുകൊണ്ടായിരുന്നു.

അനങ്ങാതെ നില്‍ക്കുന്ന പൊലീസ്
ഒരു ഇര ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു മുമ്പാകെ വന്നാല്‍ ആദ്യം ഇരയ്ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുകയും പിന്നീട് ആരാണോ പ്രതിസ്ഥാനത്ത് ഉള്ളത് അയാളെ കണ്ടെത്തി മൊഴിയെടുക്കുകയുമാണ് ചെയ്യേണ്ടത്. ഈ മൊഴി സഹിതം അടുത്തുള്ള പൊലീസില്‍ പരാതി നല്‍കണം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമ്പോള്‍ ഇരയെ സംരക്ഷിച്ചുകൊണ്ടു തന്നെ കേസിന്റെ പുരോഗതിക്കായി സിഡബ്ല്യുസി ഒപ്പം നില്‍ക്കുകയും വേണം. ഇതൊന്നും ഒരിടത്തും നടക്കുന്നില്ല എന്നതാണ് വാസ്തവം. സിഡബ്ല്യുസിയില്‍ നിന്നും പരാതിയൊന്നും കിട്ടിയില്ല എന്നു പറഞ്ഞാണു പല കേസുകളിലും പൊലീസ് മാറിനില്‍ക്കുന്നത്. ഇനി കേസ് ആയ സംഭവങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ സിഡബ്ല്യുസിയും പൊലീസും ഇരയുടെ വീട്ടുകാരും കൂടി ചേര്‍ന്നാല്‍ അതോടെ ആ കേസ് അവസാനിക്കും. പ്രതിസ്ഥാനത്ത് സാമ്പത്തികമോ സ്വാധീനമോ ഇല്ലാത്തവര്‍ ആണെങ്കില്‍ മാത്രമെ പല കേസുകളും മുന്നോട്ടു പോകുന്നുള്ളൂ, ശിക്ഷ നടപ്പാക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ളവര്‍ രക്ഷപ്പെടുന്നു. അങ്ങനെയല്ലായിരുന്നെങ്കില്‍ കേരളത്തെ ഞെട്ടിക്കുന്ന തരത്തില്‍ ഇവിടെ അറസ്റ്റുകള്‍ നടക്കുമായിരുന്നു.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം
ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. നാളിതുവരെ സിഡബ്ല്യുസി ഇടപെട്ട കേസുകള്‍, അതില്‍ എടുത്ത നടപടി, ഏറ്റെടുത്ത ഇരകളുടെ ഇപ്പോഴത്തെ അവസ്ഥ ഇവയെല്ലാം അന്വഷിക്കണം. അതിനായി കോടതിയില്‍ സര്‍ക്കാരിന് പരാതി നല്‍കാം. അതല്ലാതെ മന്ത്രി കെകെ ശൈലജ ടീച്ചര്‍ പറയുന്നതുപോലെ സിഡബ്ല്യുസി ചെയര്‍മാനെ സര്‍ക്കാരിനു പുറത്താക്കാനൊന്നും കഴിയില്ല. ഫാദര്‍ തോമസ് തേരകത്തിനെ പുറത്താക്കി എന്നു മന്ത്രി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. തേരകത്തിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സ്ഥാനം ഒഴിയുന്നു. അല്ലാതെ സര്‍ക്കാര്‍ അദ്ദേഹത്തെ നീക്കിയതല്ല. അഴിമുഖം ബന്ധപ്പെട്ടപ്പോള്‍ മന്ത്രി നല്‍കിയ മറുപടിയും ഇതു ശരിവയ്ക്കുന്നതായിരുന്നു. സിഡബ്ല്യുസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറുമ്പോള്‍ മാത്രമെ പൊലീസിന് തേരകത്തിനെതിരേ കേസ് എടുക്കാന്‍ പോലും സാധിക്കൂ. തേരകം ഇപ്പോള്‍ ഒളിവില്‍ പോയി എന്നു കേള്‍ക്കുന്നതും അതുകൊണ്ടാണ്.

സര്‍ക്കാരിന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും സര്‍ക്കാരിന് ഇടപെടാം. അതിനായി കോടതിയെ സമീപിക്കാം. ബാലാവകശങ്ങള്‍ സംരക്ഷിക്കാന്‍ ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഒരു സംവിധാനം കൃത്യവിലോപം കാണിക്കുകയാണെങ്കില്‍ അതു തടയുക തന്നെ വേണം. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന പോസ്‌കോ നിയമം സംസ്ഥാനത്ത് ഉണ്ടായിട്ടും വെറും എഴുശതമാനം മാത്രമാണ് ഇതു പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നു കാണുമ്പോള്‍ തന്നെ ഉത്തരവാദിത്വം വ്യക്തമാകും. ബാലലൈംഗിക പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഒരു സംസ്ഥാനമാണു കേരളം എന്നുകൂടിയോര്‍ക്കണം. ഇതെല്ലാം കൊണ്ട് തന്നെ ഇനിയും ഒരു കുറ്റവാളിയും രക്ഷപെടാന്‍ അനുവദിക്കാത്തവണ്ണം ഇടപെടാനും ഇരകള്‍ക്ക് കൃത്യമായ സംരക്ഷണം നല്‍കാനും അവരുടെ അവകാശങ്ങള്‍ പാലിക്കപ്പെടാനും ബാധ്യസ്ഥരായ വിധത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ മാറ്റിയെടുക്കണം. സോഷ്യല്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ നാലംഗ സമിതി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ശൈലജ ടീച്ചര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നു വിട്ടുവീഴ്ചയുണ്ടാകില്ല എന്നാണ് ബാലവാകാശ പ്രവര്‍ത്തകരും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍