UPDATES

unni krishnan

കാഴ്ചപ്പാട്

unni krishnan

ന്യൂസ് അപ്ഡേറ്റ്സ്

ചില ജീവിതങ്ങള്‍; ചരമ കോളത്തില്‍ ഒരു കുഞ്ഞു വാര്‍ത്തപോലുമാകാതെ….

unni krishnan

വീട്ടില്‍ ഒറ്റക്കായി പോയ ഒരു പകല്‍ നേരത്തെ വിരസതയിലേക്കാണ് അനിയത്തിയുടെ ഫോണ്‍ വന്നത്. ഹലോ എന്ന ഔപചാരികതയ്ക്കൊന്നും നില്‍ക്കാതെ കോമളം മരിച്ചു, കൊന്നതാണെന്നും കേള്‍ക്കുന്നു എന്നവള്‍ പറഞ്ഞപ്പോള്‍, ഏത് കോമളം എന്ന് ചോദിച്ചത് അവള്‍ക്കിഷ്ടമായില്ല.

ഓര്‍മയില്ലേ ആപ്പീസും തൊടിയില് താമസിച്ചിരുന്ന ചെമ്പരത്തിയുടെ മകള്‍ എന്ന് പറയുമ്പോള്‍ അവളുടെ ശബ്ദത്തില്‍ ഈര്‍ഷ്യമുണ്ടായിരുന്നു. ഇപ്പോ അവള്‍ക്ക് പഴയ ഭംഗിയൊന്നൂം ല്ല്യ, കൊല്ലം തോറുമുള്ളള പ്രസവവും മദ്യപാനവും കാരണമാവാം എന്നൊക്കെ അനിയത്തി പറഞ്ഞു തുടങ്ങിയപ്പോളാണ് എനിക്കവളെ ഓര്‍മ വന്നത്.

ഓടിപ്പോയി പത്രം മുഴുവന്‍ അരിച്ചു പൊറുക്കി നോക്കി. അങ്ങനെയൊരു വാര്‍ത്ത പക്ഷേ കണ്ടില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്. വേനലവധിയുടെ കാലം. വീടിനടുത്തുള്ള ഫോറസ്റ്റ് ഓഫീസിന്‍റെ വിശാലമായ വളപ്പില്‍ നിറയെ ഞാവല്‍ മരങ്ങളായിരുന്നു. അതിനടിയില്‍ ചാക്കു കഷ്ണങ്ങള്‍ കൊണ്ട് മറച്ച കൂടാരങ്ങളില്‍ കുറേ നാടോടികള്‍ താമസിച്ചിരുന്നു. അവരോടൊപ്പം കുട്ടികളുമുണ്ടായിരുന്നു. വെളുത്ത കുട്ടികളും കരുമാടികുട്ടന്‍മാരുമൊക്കെ ഉണ്ടായിരുന്നു. അവരില്‍ ഒരു കുട്ടിയായിരുന്നു കോമളം.

എന്നുംകണ്ട് കണ്ട് ഞങ്ങള്‍ക്ക് അവരെ നല്ല പരിചയമായിരുന്നു.

വീടിനു തൊട്ടടുത്ത് പഞ്ചായത്ത് കിണറിനപ്പുറത്തുള്ള വിശാലമായ തൊടിയില്‍ അയല്‍ വീട്ടിലെ കുട്ടികളെല്ലാം ഒത്തുകൂടി സാറ്റ് കളിക്കുമ്പോള്‍ ആ കുട്ടികള്‍ കൊതിയോടെ നോക്കിനില്‍ക്കാറുണ്ട്.

ഇടക്ക് ഒളിച്ചിരിക്കുന്നവരെ കണ്ടുപിടിക്കേണ്ടത് ഞാനാവുമ്പോള്‍, നൂറെന്നെണ്ണി തിരിയുമ്പോള്‍ കണ്ണു കാണിച്ച് ഒളിച്ചിരിക്കുന്നവരെ കാണിച്ചു തരാറുമുണ്ടായിരുന്നു അവര്‍. ആ കുട്ടികളോട് കൂട്ട് കൂടാന്‍ പാടില്ലാ എന്ന് വീട്ടില്‍ നിന്ന് കര്‍ശന വിലക്കുണ്ടായിരുന്നു.

വേനലവധിക്കാലത്താണ് ഞങ്ങള്‍ കുട്ടികളും നാട്ടുകാരുമെല്ലാം ആപ്പീസും തൊടി എന്നു വിളിച്ചിരുന്ന ഫോറസ്റ്റ് ഓഫീസിന്റെ തൊടിയിലെ ഞാവല്‍ പഴം പഴുത്ത് ചാടുന്നത്. അവിടെ നാടോടി കൂട്ടം താമസിക്കുന്നത് കൊണ്ട് അങ്ങോട്ട് പോവരുതെന്ന് ഉമ്മ ഇടക്കിടെ ഓര്‍മിപ്പിക്കാറുണ്ട്. എങ്കിലും വീട്ടിലെ മുതിര്‍ന്നവര്‍ ഉച്ചയുറക്കത്തിനു പോവുന്ന തക്കം നോക്കി ഞങ്ങളവിടെ പോവാറുണ്ടായിരുന്നു. കലപില സംസാരിച്ച് മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ ഓടി വരുന്നത് കാണുമ്പോള്‍ ആ കുട്ടികള്‍ക്ക് വലിയ സന്തോഷമായിരുന്നു. പതുക്കെ പതുക്കെ അവര്‍ അടുത്ത് കൂടും.

പഴുത്ത ഞാവല്‍ പഴം പെറുക്കിയെടുത്ത് തിന്നു കഴിയുമ്പോള്‍ ആരുടെ നാവിനാണ് കൂടുതല്‍ വയലറ്റ് നിറം എന്നറിയാന്‍ കൂട്ടത്തിലെ നേതാവ് സുഹറയുടെ മുന്‍പില്‍ നാവ് നീട്ടി ചുറ്റും നില്‍ക്കുമ്പോള്‍ അവരും വരും.

ഒരു ദിവസം ഉച്ച നേരത്ത് കൂട്ടുകാരോടൊപ്പം ഞാവല്‍ പഴം തിരഞ്ഞ് പോയതായിരുന്നു ഞങ്ങള്‍. അപ്പോഴാണ് അവിടെ പോലീസും ആള്‍ക്കൂട്ടവും കണ്ടത്. എന്താണെന്നറിയാന്‍ ഞങ്ങളും ഓടിച്ചെന്നു. നാടോടിക്കൂട്ടത്തിലെ ഒരു കുട്ടി ഇവരെന്‍റെ അമ്മയല്ല തട്ടിക്കൊണ്ടു വന്നതാണെന്ന് നിലവിളിച്ചു കരയുന്നത് കേട്ട് ആരോ പോലീസിനെ വിളിച്ചിരിക്കുകയാണ്. മറ്റു സംഘാംഗങ്ങള്‍ പേടിച്ചു വിറച്ച് കുറച്ചകലെ മാറി നില്‍ക്കുന്നു. എന്‍റെ സ്വന്തം മകളാണെന്ന് ആ അമ്മ കരഞ്ഞു പറയുന്നുണ്ട്. രണ്ടു കവിളിലും ആഞ്ഞു വീശിയടിക്കുന്ന പോലീസുകാരനും ചുറ്റും കൂടി നില്‍ക്കുന്ന ന ട്ടുകാരും അത് വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു.

വീണു കിടക്കുന്ന അമ്മയെ വീണ്ടും തല്ലിച്ചതക്കുന്ന പോലീസുകാരനെ ഞെട്ടിച്ചു കൊണ്ട് ആ കുട്ടി ഓടി വന്ന് അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചത് പെട്ടെന്നായിരുന്നു. എന്‍റെ അമ്മ തന്നെയാണ് എന്നെ അടിച്ച ദേഷ്യത്തിന് ഞാന്‍ നുണ പറയുകയായിരുന്നു എന്ന് തമിഴും മലയാളവും കലര്‍ത്തി ആ കുട്ടി പറയുന്നുമുണ്ട്. ഞങ്ങളുടെ കുട്ടി സംഘം ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ പോലീസുകാര്‍ വേഗം സ്ഥലം വിട്ടു. കാഴ്ചക്കാരായി നോക്കി നിന്നിരുന്ന നാട്ടുകാരും പതുക്കെ പിരിഞ്ഞു.

ചെളിയിലും കരിയിലും മുങ്ങിയ മുഖമാണെങ്കിലും ആ പെണ്‍കുട്ടിയുടെ മുഖത്തെ നിഷ്കളങ്കത കണ്ടാല്‍ ആരും അവളെ വിശ്വസിച്ചു പോവും എന്ന് ആരോ പറഞ്ഞപ്പോള്‍ വേച്ചു വേച്ചു നടന്നിരുന്ന ആ സ്ത്രീ ഇരുട്ടില്‍ പതുങ്ങി വരുന്ന നായ്‌ക്കള്‍ എന്ന് കാര്‍ക്കിച്ചു തുപ്പിയത് എന്തിനാണെന്ന് അന്നത്തെ എന്‍റെ കുഞ്ഞു മനസിന്  മനസിലായില്ല.

വീട്ടിലെത്തിയതും വലിയ ഉത്സഹത്തില്‍ ഉമ്മയോടത് പറഞ്ഞപ്പോള്‍ വായും നോക്കി നടക്കലാണ് ഈ പെണ്ണിനു പണിയെന്നു പറഞ്ഞ് അടിച്ചതും ഒട്ടും മനസിലായില്ല.

ആകെ മനസിലായത് തലേ ദിവസം കൂട്ടുകാരോടൊപ്പം പു ഴയില്‍ പോയപ്പോള്‍ മീന്‍ മാര്‍ക്കറ്റില്‍ കാണാറുള്ള പരിചയമുള്ള ആളുകള്‍ ചേര്‍ന്ന് ആയിടെ നാടോടി സംഘത്തില്‍ കണ്ടു തുടങ്ങിയ മാനസിക രോഗിയായ സ്ത്രീയെ ബലമായി പിടിച്ച് വെള്ളത്തില്‍ മുക്കി കുളിക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ടെന്ന് പറഞ്ഞപ്പോള്‍ വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് കിട്ടിയ അടിയുടെ അത്രേം വേദനിച്ചില്ല എന്ന് മാത്രമായിരുന്നു.

ഇന്ദിരാഗാന്ധി എന്ന് ആളുകള്‍ കളിയാക്കി വിളിച്ചിരുന്ന ആ സ്ത്രീ അതിസുന്ദരിയായിരുന്നു. അവരെങ്ങനെ നാടോടി കൂട്ടത്തില്‍ വന്നു എന്ന് കുട്ടികളെ ല്ലാം തല പുകഞ്ഞാലോചിച്ച ദിവസം കൂട്ടത്തിലെ കഥ എഴുത്തുകാരി സുഹറ പറഞ്ഞത് ഒളിച്ചോടി വന്ന അവരെ കാമുകന്‍ ഉപേക്ഷിച്ചതാണെന്നായിരുന്നു. എല്ലാവരും അന്നത് വിശ്വസിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് കോളേജിലേക്കുള്ള യാത്രയില്‍ ചെമ്പരത്തി, കോമളം എന്നൊക്കെ പേരുള്ള അവരെ കാണാറുണ്ടായിരുന്നു. സുന്ദരി അപ്രത്യക്ഷയായിരുന്നു. കൈത്തണ്ടയിലും ഒക്കത്തും പിറകിലുമൊക്കെയായി നിറയെ കുട്ടികളുമായി വഴിയരികില്‍ ഞങ്ങളെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ചു.

ഭംഗിയുള്ളതും കറുത്തവരും വെളുത്തവരും ഒക്കെചേര്‍ന്ന ആ കുട്ടി സംഘം കലപില ശബ്ദത്തില്‍ അടി കൂടുമ്പോള്‍ അവള്‍ അസ്വസ്ഥയായി.

നാടോടി സ്ത്രീയുടെ കയ്യില്‍ വെളുത്ത കുട്ടിയെ കണ്ട വാര്‍ത്ത വായിച്ച ദിവസം മുഴുവന്‍ ഞാനോര്‍ത്തത് കോമളത്തെ കുറിച്ചായിരുന്നു.

മരത്തണലിലും പീടിക വരാന്തയിലൂം കിടന്നുറങ്ങുന്ന പാവപ്പെട്ട ആ സ്ത്രീകളുടെ ജീവിതത്തിന് ഒരു സുരക്ഷിതത്വവുമില്ലാത്തിടത്തോളം അവരുടെ കുഞ്ഞുങ്ങള്‍ അവരെ പോലെയാവുമെന്ന് എങ്ങനെ ശഠിക്കാനാവും.

ചരമ കോളത്തില്‍ ഒരു കുഞ്ഞുവാര്‍ത്ത പോലുമുണ്ടാക്കാത്ത നിറമില്ലാത്ത ജീവിതങ്ങള്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍