UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

ന്യൂസ് അപ്ഡേറ്റ്സ്

ചുവന്ന പേരയ്ക്ക- ഒരു കുഞ്ഞു കഥ

മായ ലീല

“തുമ്പീ”…സുകു ഉച്ചത്തില്‍ വിളിച്ചു.

തുമ്പി ഓടുകയാണ്, കഴിയുന്നത്ര വേഗത്തില്‍, രണ്ടു കൈയ്യും ചുരുട്ടിപ്പിടിച്ച്.

കാത്തിരുന്നു സുകുവിന്‍റെ  ക്ഷമ കെട്ടു. വേഗം പോണം അല്ലെങ്കില്‍ ഇന്നിനി നടക്കില്ല… അവന് കോപം ഇരച്ചു കയറി. ഇരുന്ന പേരയുടെ കൊമ്പില്‍ അവന്‍ എണീറ്റ്‌ നിന്നു.

“സുകൂ”

 

അവളുടെ ശബ്ദമാണല്ലോ… സുകു ചുറ്റും നോക്കി, എതിര്‍ദിശയില്‍ നിന്നാണ് വിളി കേള്‍ക്കുന്നത്. അവന്‍ പേരയുടെ അപ്പുറത്തെ കൊമ്പിലേക്ക് ചാടി. അവള്‍ ഓടി കിതച്ചു വരുന്നു. 

 

പക്ഷെ… അവള്‍ വരുന്നതിനു അപ്പുറത്ത് കുളമുണ്ട്,

പത്തലുകള്‍  നില്‍ക്കുന്നത് കാരണം അവള്‍ കാണില്ല​….സുകു ഭയന്നു, ആഴമുള്ള കുളമല്ല എന്നാലും തുമ്പിക്ക് നീന്താന്‍ അറിയില്ല, അവള്‍ക്ക് വെള്ളം പേടിയാണ്. 

 

സുകു ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “തുമ്പീ പത്തലിന്‍റെ  അപ്പുറത്ത് കുളമുണ്ട്, നോക്കി തിരിയണേ”. ഇല്ല അവള്‍ കേള്‍ക്കുന്നില്ല.. “എടീ വളയുന്നയിടത്ത് കുളമുണ്ടെന്ന്, മാറി ഓടാന്‍ “. അവള്‍ ശ്രദ്ധിക്കുന്നില്ല.​

​​

സുകുവിന് നെഞ്ചിടിപ്പ് കൂടി… അവന്‍ ഒറ്റച്ചാട്ടത്തിന്  നിലത്തെത്തി, മണലാണ്‌, വെള്ളിനിറത്തിലെ പഞ്ചസാര തരികള്‍ പോലെ, പോറലുക​ള്‍ മാത്രമേ ഉണ്ടാവൂ, എങ്കിലും… 

 

അവന്‍ സകല ഊര്‍ജ്ജവും എടുത്തോടി..

 

കുളത്തിന്‍റെ വളവില്‍ എത്താറായതും അവന്‍ കണ്ടു, അവള് വീഴുന്നു. അരിക്  ചരിഞ്ഞതായതുകൊണ്ട് മണലില്‍ തട്ടി തടഞ്ഞാണ് വെള്ളത്തിലേക്ക് പോകുന്നത്. അവളുടെ അര വരെ വെള്ളത്തില്‍ പോയി, സുകു വേഗത്തില്‍ ഇറങ്ങി തുമ്പിയെ വലിച്ചു കരക്ക്‌ കയറ്റി.

തുമ്പി കരഞ്ഞു….

“എന്താടീ” സുകു ശുണ്ഠിയെടുത്തു. “നീയെന്താ വീണപ്പോള്‍ കൈ കുത്തി നിക്കാത്തത്, എങ്കില്‍ വെള്ളത്തില്‍ എത്തുകേലല്ലോ”!

 

അപ്പോഴും കൂട്ടിയിറുക്കി പിടിച്ചിരുന്ന കൈ തുമ്പി തുറന്നു കാണിച്ചു… ഒരു കൈയ്യില്‍ ചെറുതായി  നുറുക്കിയ മാങ്ങയും മറ്റേ കൈയ്യില്‍  അലിഞ്ഞ്  ഇല്ലാതായ ഉപ്പും. സുകു ഒരു  കഷ്ണം എടുത്ത്  തുമ്പിയുടെ മറ്റേ കൈയ്യില്‍ ഉരച്ചിട്ടു കടിച്ചു നോക്കി.

കരച്ചില്‍ നിര്‍ത്തി ആകാംഷയോടെ തിളങ്ങുന്ന കണ്ണുകളാല്‍  തുമ്പി സുകുവിനെ നോക്കി.

 

“കൊള്ളാമോ സുകൂ? ഇന്നലെ അമ്മ അരിഞ്ഞു  വെച്ചതാണ് രാത്രി.. ഇന്ന് ഇതും തപ്പി ​നടന്നാ​ സമയം വൈകിയത്”” തുമ്പിയുടെ മുഖം വീണ്ടും വാടി.

 

“ഹ്മ്മം, കൊള്ളാം””

 

തുമ്പി ചിരിച്ചു, അവളുടെ കൂടെ സുകുവും ചിരിച്ചു..

 

മാങ്ങയൊക്കെ തുമ്പിയുടെ ഉപ്പിരുന്ന കയ്യിലിട്ടു പിരട്ടിയിട്ട് അവന്‍ പോക്കറ്റില്‍ ഇട്ടു. അവളുടെ കൈ കഴുകിച്ചെടുത്തു. കൈവെള്ളയില്‍ ഇക്കിളി എടുത്തപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു, അവനും.

“നീയെന്താ അറിയാത്ത വഴിയിലൂടെ വന്നേ?

 

“ഇങ്ങനെ വന്നാലാ എളുപ്പം എന്ന് നീയല്ലേ ഇന്നലെ പറഞ്ഞേ !

 

“ഞാന്‍ കാണിച്ചു തരാം എന്നിട്ട് വന്നാല്‍ മതി എന്നല്ലേ പറഞ്ഞെ, പൊട്ടി തന്നെ”

 

“ഇന്ന് നേരം പോയപ്പോള്‍ …..”

 

“ഹ്മ്മം, മതി വാ പോകാം ഇപ്പോള്‍ തന്നെ നേരം വൈകി.. ഇന്ന് അമ്മ കണിശം പറഞ്ഞു നേരത്തേ  വന്നില്ലെങ്കില്‍ കഞ്ഞിയില്ല എന്ന്!!

 

“എന്നാ പോണ്ടാ സുകൂ നാളെ ഞാന്‍ നേരത്തേ  വരാം..

 

“വേണ്ടാ ഇന്ന് തന്നെ, നീ വാ””

തന്‍റെ  താവളമായ പേരമരത്തിന്‍റെ  ചുവട്ടിലൂടെ തുമ്പിയുടെ കൈ പിടിച്ച്  ഓടി സുകു, ഒരു കൈയ്യില്‍  അവളുടെ ചെരുപ്പും എടുത്തു പിടിച്ചിട്ടുണ്ട്.

 

ഇടതൂര്‍ന്ന്  നിന്ന കൈതക്കാട്ടിലെ പുതുതായി എത്തിയ കൈതപൂക്കളെ  നോക്കി തുമ്പി ചിരിച്ചു. അവള്‍ പറക്കുകയാണ്.. ഇളം റോസ് നിറത്തിലെ  പത്തല്‍ പൂക്കള്‍  അവളെ നോക്കി, എങ്ങോട്ടാണ് സുകുവിന് പിന്നാലെ പായുന്നതെന്ന് പയ്യാരം പറഞ്ഞു. അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് സുകുവിനെ വിളിച്ചു.. “സുകൂ”…

 

“ആ, ഞാന്‍ കണ്ടു, തിരിച്ചു വരണ വഴിക്ക് പറിക്കാം..

 

തുമ്പി വീണ്ടും ചിരിച്ചു മുന്നോട്ടു നോക്കി ഓട്ടം തുടര്‍ന്നു. കൈതക്കാടും പത്തല്‍ വേലിയും കടന്ന്, നിറയെ പായലുള്ള ഒരു കുളവും കടന്നു മൈതാനത്തിന്‍റെ തുറന്ന പ്രദേശത്ത് എത്തി. പൂക്കളെ കാണാന്‍ ഒരിക്കല്‍ കൂടെ തുമ്പി തിരിഞ്ഞു നോക്കി.

 

“അയ്യോ” നിലവിളിച്ചവള്‍ ഓട്ടം നിര്‍ത്തി.കൈയ്യുടെ പിടിവിട്ട്  സുകു മുന്നിലേക്ക്‌ വീണു.

 

“എന്താടീ”!!! സുകു കിടന്നകിടപ്പില്‍ അലറി  .

 

തുമ്പി അതിലും ഉച്ചത്തില്‍ അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു “സുകൂ, ഒതളങ്ങ മരം!!”

 

“എങ്ഹ്! സുകുവും ഒന്ന് പേടിച്ചു തിരിഞ്ഞു നോക്കി..

 

​അത് അവര്‍ക്ക് രണ്ടുപേര്‍ക്കും പേടിയാണ്, മെയിന്‍ റോഡിലെ വലിയ പച്ചവീട്ടിലെ ചേച്ചി മരിച്ചത് ഒതളങ്ങ കഴിച്ചിട്ടാണ്.

 

അവന്‍ വേഗം എണീറ്റു, “നീ വാ തുമ്പീ, നമ്മുക്ക് വേഗം പോവാം.”

 

“തിരിച്ചു ഈ വഴി വരുമോ?

 

സുകുവും ആലോചിച്ചു, അത് നടക്കില്ല, ഇനി ധൈര്യം ഇല്ല.. ഇങ്ങോട്ട് കണ്ണും അടച്ചു ഓടിയത് കാരണം കണ്ടില്ല, അങ്ങോട്ട്‌ അതുപോലെ പറ്റില്ല.

 

 

“വേറെ വഴി പോവാം”

 

“അതേതാ വഴി””

 

“തോട്ടത്തിന്‍റെ  അരികേക്കൂടെ  പോവാം”

 

“സുകൂന് വഴിയറിയാമോ”

 

“അറിയാം തുമ്പീ, നീ ഇപ്പോള്‍ വേഗം വാ”

അവര് വീണ്ടും ഓടി, മൈതാനത്തിന്‍റെ  അരികിലൂടെ. ദൂരെ ഒരു പശു നിക്കുന്നുണ്ട്.. തുമ്പി തിരിഞ്ഞു നോക്കി വേറെയാരുമില്ല അടുത്തെങ്ങും.. മൈതാനത്തിന്‍റെ  അങ്ങേ അറ്റത്ത്‌  കാണാം ഒരു കൊച്ചു കട.

 

ഒരു ചെറിയ തിട്ടയും ഓലമേഞ്ഞ ഒരു കൂരയും.

​ ​

നിറം മങ്ങിയ ചില്ല് കുപ്പികളില്‍ അങ്ങിങ്ങ് കിടന്നിരുന്ന വിവിധ വര്‍ണ്ണത്തിലെ മിഠായികള്‍, ഒരു റാന്തല്‍ കത്തിച്ചു വെച്ചിട്ടുണ്ട്, അടുത്ത് കുറേ കടലാസ് കഷ്ണങ്ങള്‍ കീറിയതും.

​ ​

കടയിലൊരു സ്ത്രീയാണുള്ളത്. സുകുവും തുമ്പിയും ഓടി കടയുടെ മുന്നിലെത്തി. തുമ്പി പെട്ടെന്ന് പത്തലും ഒതളങ്ങയും പശുവും ഒക്കെ മറന്നു പോയി.. “ഹായ്, എത്ര മിഠായി ആണ്”

 

സുകുവിന് ധിറുതിയുണ്ടായിരുന്നു. അവന്‍ വേഗം രണ്ടു നാരങ്ങാ മിഠായിയും രണ്ടു ഒറഞ്ചു മിഠായിയും ഒരു സിഗരറ്റ് മിഠായിയും വാങ്ങി. ചില്ലറപൈസ പെറുക്കി കൊടുത്തിട്ട് തുമ്പിയേയും  വലിച്ച്‌  അവന്‍ ഓടി.

തുമ്പി അവനെ പിന്നാക്കം വലിക്കുന്നുണ്ടായിരുന്നു, വീണ്ടും കടയിലേക്ക്.

 

കുടമുല്ലത്തോട്ടത്തിന്‍റെ  മുന്നില്‍ എത്തിയിട്ട് അവന്‍ നിന്നു.. “തുമ്പീ, ശാരദചിറ്റയുടെ  വീട് ഈ വഴിക്കാണ്, നമ്മുക്ക് തോട്ടത്തില്‍ കടന്നു വായനശാലയുടെ വഴി പോകാം”

“സുകൂ”, തുമ്പി ചിറി  കോട്ടി  വിളിച്ചു.

 

ആ വിളിയുടെ കാരണം സുകുവിനറിയാം. പക്ഷെ ഇത് തീക്കളിയാണ്.
​ ​

തുമ്പിക്ക് മുല്ലപ്പൂക്കളും ഇഷ്ടമാണ്. ഒരെണ്ണം കിട്ടിയില്ലെങ്കില്‍ അവള്‍ക്ക് വിഷമം ആവും.

​ ​

അവന്‍ മിഠായികള്‍ ഭദ്രമാക്കി പോക്കറ്റില്‍ ഇട്ടു.

 

“നീ നേരെ ഈ വഴിക്ക് പോ, ഞാന്‍ അകത്തു കയറി ഒരു പൂവ് എടുത്തോണ്ട് വരാം, വായനശാലയുടെ അടുത്ത്  എത്തുന്ന വരെ ആരോടും മിണ്ടരുത്, ആരുടെ കണ്ണിലും പെടരുത്. കേട്ടോ. അവിടെ എത്തി പടിയില്‍ ഇരുന്നാല്‍ മതി, ഞാന്‍ വേഗം വരാം… ഓടിക്കോ”

 

“സുകൂ, ഈ വഴി എവിടെയാ പോണേ??

 

“എടീ, വായനശാലയുടെ മുന്നിലേക്ക് നീ പോ വേഗം””

 

തുമ്പി ഓടി, തോട്ടത്തിന്‍റെ  അരികിലൂടെ. അവന്‍ വേലി നുഴഞ്ഞ്  അകത്തേക്ക് കയറി. അരികിലെ ചെടികളില്‍ പൂക്കള്‍ ഇല്ല, കുറച്ച്  നടുവില്‍ ഉള്ളതില്‍ ഉണ്ട്. ചെടികളുടെ അടിയിലൂടെ അവന്‍ ഇഴഞ്ഞ്  പോയി.

സുകു ഒരു ചിരിയോടെ വായനശാലയുടെ മുന്നിലെത്തി.

തുമ്പിയില്ല!!!

അവന്‍ അരികിലെ മതിലിന്‍റെ അടുത്ത് നോക്കി, ഇല്ല!!!​

 

പിറകില്‍ പോയി നോക്കി, ഇല്ല!!

 

അവന്‍റെ  ചങ്കൊന്നു കാളി, അവിടെ അവള്‍ എത്തേണ്ടുന്ന സമയം കഴിഞ്ഞതാണല്ലോ.

 

സുകു അപ്പോഴാണ്‌​ ഓര്‍ത്തത്. തോട്ടത്തിന്‍റെ  അരികിലെ വഴി പകുതിക്ക് വെച്ച് രണ്ടായി പിരിയിന്നുണ്ട്, ചോറുണ്ണുന്ന കൈയ്യുടെ വശത്തേക്കുള്ള വഴിയാണ് ഇങ്ങോട്ടുള്ളത്.

 

സുകു വീണ്ടും ശരം വിട്ടത് പോലെ പാഞ്ഞു.

 

രണ്ടായി വഴി പിരിയുന്ന ഇടത്ത്  അവളില്ല!! സുകുവിന്‍റെ  കണ്ണ് നിറഞ്ഞു, ഉള്ളില്‍ പേടിയും. അവന്‍ അപ്പുറത്തെ വഴിലേക്ക് നടന്നു. കാലുകള്‍ അനങ്ങുന്നില്ല, ഈ വഴി എവിടെ വരെയുണ്ട് എന്ന് അവനറിയില്ല, ഇടക്കുള്ള ഊടുവഴികളും അവനറിയില്ല. തുമ്പിക്ക് ഒരിക്കലും സരിക്കുള്ള വഴി കണ്ടുപിടിക്കാന്‍ കഴിയില്ല. അവന്‍ ഉച്ചത്തില്‍ വിളിച്ചു, 

“തുമ്പീ”, 

ഇല്ല വിളി കേള്‍ക്കുന്നില്ല.. 

 

അവന്‍റെ  കണ്ണില്‍ ഇരുട്ട് കയറി. അവന്‍ മുന്നോട്ട്  ഓടി, രണ്ടു മൂന്നു വീടുകള്‍ കഴിഞ്ഞു. അവളില്ല. അവന്‍ വീണ്ടും ഓടി.

​ ​

കുറച്ചകലെ ഒരു പൂഴിയിട്ട​ റോഡു വരുന്നുണ്ട്.. അതിന്‍റെ  അടുത്ത് ഹോമിയോ ആശുപത്രിയാണ്. അവനു കാണാം. അവിടെ ആശുപത്രിയുടെ മുന്നില്‍ ഒരു വെള്ള പെറ്റിക്കോട്ട് ഇട്ട പെങ്കൊച്ച്  നിക്കുന്നു​.

 

 

സുകു ശരം വിട്ടത് പോലെ ഓടി അടുത്തെത്തി ആ മുഖത്തേക്ക് നോക്കി. അവളല്ല!! അവന്‍റെ ധൈര്യം മുഴുവന്‍ ചോര്‍ന്നു പോയി. തിരിച്ചു പോണോ, മുന്നോട്ടു പോണോ? അവന്‍ മുന്നോട്ട് ഓടി.

“തുമ്പീ””

 

“തുമ്പീ””

 

“തുമ്പീ””

 

അവന്‍ വിളിച്ചു കൊണ്ടേയിരുന്നു.

“സുകൂ””!! 

 

അവന്‍ നിന്നു. തോന്നിയതാണോ? 

 

അവന്‍ തിരികെ വിളിച്ചു. “തുമ്പീ”?

 

അവള്‍ വിളി കേട്ടു.

 

“സുകൂ”.

അവന്  സന്തോഷം കൊണ്ട് ചങ്ക്പൊട്ടുന്നത് പോലെ തോന്നി..

 

“നീ എവിടെയാ”

 

“ഇവിടെ”

അവന്‍ കുറച്ചൂടെ മുന്നോട്ട്  ഓടിപ്പോയി നോക്കി. ഒരു പേരമരം, അതിന്‍റെ  ചുവട്ടില്‍ ഇരിക്കുകയാണ് വെള്ളപ്പെറ്റിക്കോട്ട് ഇട്ട് അവള്‍, സുന്ദരിമണി. അവന്‍ ഓടിപ്പോയി അവളുടെ അടുത്തിരുന്നു. അവന്‍ ആഞ്ഞാഞ്ഞ്  ശ്വാസം വലിച്ചു.

“എന്തിനാ ഇവിടെ ഇരുന്നേ ? ശ്വാസം വലിച്ചു കൊണ്ട് അവന്‍ ചോദിച്ചു?

 

“കണ്ടോ? തുമ്പി മുകളിലേക്ക് ചൂണ്ടി.

 

അവന്‍ കണ്ടു, കുറച്ചധികം വലിപ്പത്തില്‍ ഉള്ള പേരക്കായ്കള്‍ !! വവ്വാല് കൊത്തിയ ഒരെണ്ണം ഉണ്ട്,

 

അതിനകം കാണാം. ചുമന്ന പേരക്കാ!

മാങ്ങയും ഉപ്പും, മിഠായികളും, ചുമന്ന പേരക്കയും ഒരുപാട് സമയം കൊന്നു. തിരിച്ചു പോണ വഴിക്ക് സുകുവിന് ഉറപ്പായിരുന്നു ഇന്നിനി കഞ്ഞിയില്ല എന്ന്. തുമ്പിയെ വീട്ടില്‍ ആക്കിയിട്ട്  അവന്‍ പറഞ്ഞു, “നാളെ ഉച്ചക്ക് നേരത്തേ വരണേ  തുമ്പീ”.

 

“അടി കിട്ടുമോ സുകൂ??

 

“ചിലപ്പോള്‍””

 

“കഞ്ഞി തരുമോ സുകൂ?

 

“ഇല്ല”

 

തുമ്പിയുടെ മുഖം വാടി. അവള്‍ പോകാതെ നിന്നു. അവന്‍ തിരിഞ്ഞു ഓടിപ്പോയി, നാളെ വരണേ എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്.

രാത്രി തുമ്പി കഞ്ഞിയുടെ മുന്നിലിരുന്ന്  വിഷമിച്ചു. ഒരു വായ കോരിയെടുത്തു വെച്ചിട്ടും വിഴുങ്ങാന്‍ കഴിയുന്നില്ല.ഇടത്തേ  കൈയ്യില്‍  അടികൊള്ളുന്ന  പോലെ ഒരു നോവുണ്ട്, വയറ്റില്‍ കലശലായ വിശപ്പും, പക്ഷെ വറ്റൊന്നും ഇറങ്ങുന്നില്ല. തൊണ്ട കൂടിയിറുകി അടഞ്ഞ പോലെ. തുമ്പി മെല്ലെ പിറുപിറുത്ത് എണീറ്റ്‌ പോയി കിടന്നു.

“അമ്പോറ്റിയേ സുകൂന് അടികിട്ടിക്കാണരുതേ.

 

“അമ്പോറ്റിയേ  സുകൂന് കഞ്ഞികൊടുത്തു കാണണേ”.

വേഗം അടുത്ത ദിവസത്തെ ഉച്ചയാവാന്‍ മോഹിച്ച്, തുമ്പിയുറങ്ങി, ഇടതു കൈവെള്ളയില്‍ നിറയെ അടിയും കൊണ്ട്, വിശന്നുപൊരിഞ്ഞ്. 

 പോക്കറ്റിലെ കുടമുല്ല പൂക്കളെ അമര്‍ത്തിപിടിച്ച്  സുകുവും ഉറങ്ങി.

 

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍