UPDATES

ഐസിബി

കാഴ്ചപ്പാട്

പറഞ്ഞുവരുമ്പോള്‍

ഐസിബി

കാഴ്ചപ്പാട്

അല്ലാഹുവാകാന്‍ കൊതിച്ച ഒരു പെണ്‍കുട്ടിയുടെ കഥ

ലാ ഹൗലാ!!! അല്ലാഹു മരിക്കേ??? അല്ലാഹുവിനു മരണമില്ല. അവനു രൂപവും പങ്കുകാരുമില്ല

ഐസിബി

ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴ്‌! മുട്ടറ്റം ഉള്ള ഫ്രോക്കും മിനുക്കിയ ഷൂസും ഇട്ട് ആദ്യമായി എന്നെക്കാളും നീളമുള്ള പേരുള്ള സെന്‍റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈ സ്‌കൂളിന്റെ പടി കേറാന്‍ നിക്ക്ന്ന ഫ്യൂച്ചര്‍ മഹതിയായ ഞാന്‍. ചട്ടക്കാരികളുടെ സ്‌കൂളായതുകൊണ്ട്, “വാട്ടീസ്യോനേം” എന്ന് പറഞ്ഞാല്‍ “മൈനെമീസായിഷ” എന്ന് ശ്വാസം വിടാതെ ഇസ്തരി വടിവിലു നിന്ന് പറയാന്‍ ഒക്കെ പഠിപ്പിച്ചിട്ടുണ്ട്. അതു കൂടാണ്ട്, “വാട്ടീസ്യോഫാതര്‍സ്‌നേമും” പഠിച്ചിട്ടുണ്ട്. എന്നെ സ്‌കൂളിൽ കൊണ്ടുപോകാന്‍ വരേണ്ട സൈക്കിള്‍ റിക്ഷക്കാരന്‍ ആലിക്കാക്ക ആദ്യ ദിവസം തന്നെ ഡ്യൂട്ടിക്ക് വന്നില്ല. അന്നേ മനസ്സിലാക്കണമായിരുന്നു, ഞാനൊന്നും പഠിച്ചിട്ട് ഒരു കൊണവുമില്ല എന്ന് പടച്ചവന്റെ സൈന്‍ ആയിരുന്നു അതെന്ന്. ആദ്യത്തെ ദിവസമായത് കൊണ്ട്, എന്റെ മനസ്സു മാറുന്നതിനു മുന്പേ എളാപ്പന്റെ കൂടെ മൂപ്പരുടെ ലംബട്ട സ്കൂട്ടറിൽ എന്നെ വേഗം കേറ്റി വിട്ടു.

പുതിയ ബാഗും, റെയിങ്കോട്ടും, വാട്ടര്‍ വോട്ടലും, സൂസും ഇട്ട് അണിഞ്ഞൊര്ങ്ങിയ ഞാന്‍ വളരെ ഗ്രാണ്ടായി എന്റ്രി ചെയ്‌ത് ചുറ്റും നോക്കിയപ്പം എന്നെക്കാളും മുന്തിയ എനങ്ങളുണ്ട് ഔടിരുന്ന് വെടി കൊണ്ട പന്നിയേള പോലെ മുയിച്ച് നോക്കുന്നു. ഒരുത്തി നെലത്തൊക്കെ വീണ് നെലോളിച്ച് അട്ടം വെറപ്പിക്കുന്നുണ്ട്. എനിക്ക് ചെറിയ ഒരു കരച്ചിലും വെപ്രാളവും ഇത്തിരെ ബേജാറും തോന്നി തുടങ്ങി, “ഇനിപ്പം, എന്നെ ഇസ്ക്കോള് എന്നും പറഞ്ഞ് സൈട്‌ലൂടെ ഉപ്പേം ഉമ്മേം ഒയിവാക്കിയതാണൊ? നി ഞാന് പീടും കുടീം ഒന്നും കാണൂലെ? അബിനേം കൊണ്ടോയീന് ഇസ്ക്കോളിലേക്ക്‌ന്നും പറഞ്ഞ്”. ഇനി ഒന്നും നോക്കാനില്ല, എന്നെ നൈസായി ഒഴിവാക്കിയതാ!!! മാക്സിമം സൈസില്‍ തൊള്ള പൊളിച്ച് ഞാനും മുഴക്കി നീട്ടത്തിലൊര് സൈറന്‍. ഇടക്കിടെ ഏറ്റക്കണ്ണിട്ട് അടുത്തുള്ളോള് എന്റത്രേം പോരുന്നുണ്ടോ എന്നും നോക്കുന്നുണ്ട്, പിന്നെ ഒലിച്ച് വരുന്ന കണ്ണീര് നക്കാനും മറക്കുന്നില്ല. കൊറേ കാറിയപ്പം എനിക്ക് മടുത്തു തൊടങ്ങി. അടുത്തിരിക്കുന്ന വമ്പത്തി  കരച്ചിലൊക്കെ നിര്‍ത്തി മൂപ്പത്തിന്റെ ഞെക്കിയാ തൊറക്ക്‌ന്ന പെന്‍സിലു പെട്ടി വെച്ച് പൊരിഞ്ഞ ഷോ ഓഫ്.  ഒരു പെണ്ണ്‌ങ്ങള് മുന്പില് നിന്ന്‌ എന്തൊക്കെയോ കോപ്രായം കാട്ട്‌ന്ന്‌ണ്ട്, എടയില് ഒരു മുട്ടായിയും കിട്ടി. കിട്ടിയ മുട്ടായി തൊള്ളെയിലാക്ക്‌ന്ന മുന്പെ അട്‌ത്തിരിക്ക്‌ന്ന വില്ലത്തി അത് വാങ്ങി തിന്നു. ക്ലാസ്‌ കയിഞ്ഞ് പൊറത്ത് കാത്ത് നിക്കുമ്പം വീണ്ടും വമ്പത്തി, “ഗിവ് മീ സം വാട്ടര്‍”. ഞാന്‍ മുയിച്ചു നിന്നു. അത് വീട്ടിന്നും പറഞ്ഞു തന്നിട്ടില്ലാലോ.. എന്നാലും ഞാൻ വിട്ട് കൊടുത്തില്ല “മൈഫാദേഴ്സ്നെയ്‌മീസ്മഹമൂദ്”.  എന്റെ വാട്ടര്‍ വോട്ടിലു തട്ടി പറിച്ച് വെള്ളം കുടിക്കാന്‍ തൊടങ്ങിയ ഓക്ക്, രണ്ടും കല്പിച്ച് ഞാന്‍ മുട്ടിനിട്ട് ഊക്കിലൊരു ചവിട്ട് കൊടുത്തു. അടുത്ത സീനില്‍ എന്റെ വാട്ടര്‍ വോട്ടില് പറന്നു പോയി അടുത്ത തൊടീല്!

എങ്ങനെയൊക്കെയോ ഉച്ചയായി, ഉപ്പ വന്ന് വീട്ടിലേക്ക് കൂട്ടി. മാതാപിതാക്കളിലുള്ള വിശ്വാസം എനിക്ക് വര്‍ധിച്ചു, എന്നെ ഏതായാലും ഒഴിവാക്കൂല എന്ന് ഒറപ്പായി. കച്ചറ തൊട്ടീന്നും കിട്ട്യതാണെങ്കിലും എനിക്ക് ചെറിയ ഒരു വെലയൊക്കെ ഉണ്ട് വീട്ടില്.

ഒരു ദിവസത്തെ കഠിനാധ്വാനം കഴിഞ്ഞു വന്ന വകയില്  സമ്മൂസ പണ്ടം നൊറച്ച ബന്നും പാലൊയിച്ച് വലിച്ച് നീട്ടിയെ ചായേം കിട്ടി. ക്ഷീണമൊക്കെ മാറി ഒരുഷാറൊക്കെ വന്നപ്പം ഞാന്‍ ഇസ്ക്കൂളിലെ എന്റെ മഹത് വ്യക്തിത്വത്തെ കുറിച്ച് ഒരു പ്രസംഗം ആരംഭിച്ചു. അബി വരുന്ന മുന്‍പെ ഞാനാണു വമ്പത്തി എന്ന് സംശയമേന്യ തെളിയിക്കണം. എന്‍റെ ഏക ഉദ്ദേശം അതാണ്. ഉപ്പാപ്പ മുതല്‍ സാവിത്രേച്ചി വരെ എന്‍റെ തൊള്ളേന്നും വീഴുന്ന അറിവിന്റെ മുത്തുകള്‍ പെറുക്കാന്‍ ചുറ്റും കൂടി നിൽക്കുന്നുണ്ട് – കോമാളി ഞാനാണെന്ന് ആ ചെള്ള് പ്രായത്തില്‍ എനിക്ക് മനസ്സിലാവണ്ടെ?

അബി വന്ന് ബന്നും തിന്ന്‌ ഓന്റെ ബഡായികളും വിളമ്പിയ ശേഷം, എന്‍റെ ജീവിതത്തിന്‍റെ വഴിത്തിരിവായ ചോദ്യം എന്നോട് ഉണര്‍ത്തപ്പെട്ടു. ആരാണത് ചോദിച്ചത് എന്ന് എനിക്ക് വലിയ ഓര്‍മ്മയില്ല. ജമീല്‍ത്താന്റെ എളേ മോള് രെഹനത്താത്തയാണെന്നാണ് എന്‍റെ ചെറിയൊരു ഓര്‍മ്മ. ചോദ്യം ഇതാണ്, “വലുതായിട്ട് അനക്ക് എന്താ ആവണ്ടീത്?”

“എനക്ക് പ്ലെയിന്‍ പറപ്പിക്ക്‌ന്ന ആളായ മതി. പിന്നെ പോലീസുകാരനും.” യാതൊരു അഹങ്കാരമോ അത്യാര്‍ത്തിയോ സങ്കൂചമോ കാണിക്കാണ്ട് അബി പ്രഖ്യാപിച്ചു.

വിരലു വായിന്നും പുറത്തെടുത്ത അനി, വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു, “അനിക്ക് ഫൈറ്റര്‍മാനായാ മതി.” സ്‌പൈഡർമാൻ  എന്ന വലിയ ഉദ്യോഗത്തില്‍ മയങ്ങിയ കണ്ണുകള്‍.

അടുത്തത് എന്റെ ഊഴമാണ്, ഞാന്‍ വളരെ ഗൌരവത്തില്‍ പറഞ്ഞു, “നിക്ക് ബെല്‌തായാ, അട്‌ത്ത അല്ലാ‍ഹുവായാ മതി.”

അതാകുമ്പോൾ  വെലിയ എടങ്ങേറ്‌ള്ള പണിയല്ലാലോ? കുറ്റം ചെയുന്നോരെ നരകത്തില്‍ കൊണ്ട്‌പോയി എണ്ണ ചൂടാക്കി പൊരിക്കൽ, വെള്ളം ചോദിക്കുമ്പോൾ  ഇഞ്ഞാമ പറഞ്ഞാ പോലെ  തീവെള്ളം തൊള്ളേയ്‌ലേക്ക് കമ്ത്തി കൊടുക്കുക. പിന്നെ നല്ല കുട്ട്യോക്ക് സ്വര്‍ഗത്തിന്നും കൊറേ കാഡ്‌ബറീസും പുല്ല്‌മുട്ടായീം ഐസ്ക്രീമും കൊടുക്കുക. പിന്നെ എല്ലാരും നിസ്ക്കരിക്ക്‌ന്ന കണക്കെടുക്കുക… കാര്യമായ പണിയൊന്നുമില്ല. ഇപ്പത്തെ പടച്ചോന്റെ കാലശേഷം ആ കസാലമ്മല് കേറി ഇരിക്കല്, അത്രേയുള്ളൂ.

എല്ലാരും ബയങ്കരം ചിരീം ഉമ്മ വെക്കലും ഓടിപ്പോയി മറ്റ്‌ള്ളോരോട് പറയലും. ഒറ്റ ദൌസം കൊണ്ട് എന്റെ ഫ്യൂച്ചര്‍ പ്രജകളൊക്കെ എന്റെ സപ്പോര്‍ട്ടേര്‍സായി! പരമാനന്തം. ആരെയൊക്കെ നരകത്തില്‍ ഇടും എന്നതിന്റെ ഒരു റഫ്ഫ് എസ്റ്റിമേറ്റൊക്കെ എന്റെ അടക്ക തലയില്‍ ഞാന്‍ കണക്ക് കൂട്ടി വെച്ചിരുന്നു. ഉപ്പാപ്പക്ക് സുബര്‍ക്കത്തിലെ പൊന്നോണ്ട് ഇണ്ടാക്കിയെ പൊര കൊട്ക്കാം.

അങ്ങനെ എടക്കെടക്ക് അബിനേം അനിനേം ബാക്കിള്ളോലേം എന്റെ മനസ്സും സൌകര്യോം അനുസരിച്ച് സ്വര്‍ഗ്ഗത്തിലും നരകത്തിലും മാറ്റി പാര്‍പ്പിച്ചും, ഭീഷണിപ്പെടുത്തിയും കാലം കഴിഞ്ഞുപോയി. എന്റെ പടച്ചോൻ ഉദ്ദ്യോഗം ഉമ്മയും പരമാവധി ഉപയോഗപ്പെടുത്തി- അല്ലാഹു ആവാനുള്ളത് കൊണ്ട് ദിവസവും സ്‌കൂളിൽ പോണം, നിസ്ക്കാരം ഒന്നും ഒയിവാക്കാന്‍ പറ്റൂല, വാശി പിടിക്കാനോ തലപ്പിരാന്തെടുപ്പിക്കാനോ പാടില്ല, ബസീലിള്ളത് മുഴുവനും ബിസ്‌മീം കൂട്ടി തിന്നണം, പാല് മുഴുവനും കുടിക്കണം, എന്റെ ടോയ്‌സ് ബാക്കിള്ളോർക്കും കളിക്കാൻ കൊട്‌ക്കണം, അബിനേം നെസിനേം നേനനേം ആരേം തല്ലാനോ, പിച്ചാനോ, കടിക്കാനോ അറിയാതെ തള്ളി ഇടാനോ ഒന്നും പാടില്ല… ആകെ മൊത്തം ബീര്‍പ്പയക്കാന്‍ പറ്റാത്ത അവസ്ഥ! എന്നാലും ഉമ്മക്ക് നരകത്തിലെ രണ്ട് ചീഞ്ചട്ടി എണ്ണയൊയിച്ച് തെളപ്പിച്ച് ഞാന്‍ മനസ്സില് കരുതി വെച്ചു.. ഓവറായാല്‍ വറുത്ത് കോരി വാലാന്‍ വെക്കാലോ?

അങ്ങനെ ദുനിയാവിന്റെ ഒരോ കാര്യത്തില് തീര്മാനെട്ത്ത് വെരുന്നേയ്ന്റെ എടയില്, കിനാവില് പോലും നിരീക്കാത്ത ഒരു ബല വന്ന് ന്റെയും അബിന്റെയും ബസീറിന്റെയും നിസാത്താന്റെയും നെസിക്കാന്റേം ഇത്തിരി പോന്ന ചെവികള്‍ പൊന്നാക്കി. ഓത്ത് പഠിപ്പിക്കാന്‍ ഒര് മൊല്ലാക്ക!!! “എങ്ങനക്കോ കയ്യും കാലും പുടിച്ചിട്ടാ” അസ്സനിക്കാക്ക അയാളെ ഒപ്പിച്ചത്. അയിന്റെ നന്ദി സൂചകമായി അസ്സനിക്കാന്റെ പേര് ഞാന്‍ നരകത്തിലേക്ക് അയക്കുന്നോരെ റെജിസ്റ്ററില്‍ എഴുതി ചേര്‍ത്തു.

ആദ്യത്തെ ദൌസം അലിഫ് ബാ താ സാ. ഉസ്താദ് സാ പറയുമ്പോളൊക്കെ തുപ്പലു തെറിച്ചു. ഞാന്‍ പതുക്കെ മൂത്രം പാത്തണം എന്നും പറഞ്ഞു കഴിയുന്നത്ര നേരം മൂത്രം പാത്തി തിരിച്ച് വന്ന് അബിന്റെ ഇപ്പറത്തിരുന്നു. ഇപ്പും തുപ്പലു മുയുമനും അബിന്റെ മേത്താ. ഞാന്‍ ഓനെ നോക്കി ഒരോ പ്രാവശ്യം ഉസ്താദ് ‘സാ’ പറയുമ്പോളും കിളിച്ചു, അങ്ങനെ ഉസ്താദ് തന്ന ആദ്യത്തെ പൊന്നിന്റെ ചെവി ഞാന്‍ സ്വന്തമാക്കി. സ്ലേറ്റില് എഴുതി തന്ന അറബി അക്ഷരം മാക്സിമം ടൈം കളഞ്ഞ് എഴുതി ഉസ്താദ് പോകുന്ന വരെ നീട്ടി കൊണ്ട് പോകാന്‍ ഞാന്‍ പഠിച്ചു.

“തൊണ്ടെയിലെ ഖുഫ്‌റ് എതൊക്കെയാ?”

“ഖ”- ഞാന്‍

“ഖ്ര”- അബി

“കഫം”- ബസീറ്‌.

അന്നത്തോടെ ബസീറിനെ ഉസ്ത്തായിന് കണ്ണെട്‌ത്താ കണ്ടൂടാണ്ടായി.

ഉസ്താദ് വായിക്കുമ്പം എല്ലാരെയും ചെവി അടുക്കളയിലാ, ഉമ്മാമ്മ ചായ എടുക്കുന്നതിന്റെ സൗണ്ട് കേട്ടാല്‍ എല്ലാര്‍ക്കും പിന്നെ എല്ലാർക്കും ഭയങ്കര ഉഷാറാ, കെടാന്‍ പോവുമ്പോഴുള്ള ആളിക്കത്തല്‍. ചായ വന്നാല് അതും കുടിച്ച് നിസ്ക്കാരോം കയിഞ്ഞ് ഉസ്താദ് സ്ഥലം വിടും. ആ ഒരു നിമിഷത്തിന്റെ സൌന്ദര്യം വേറെ ആരു പോവുമ്പോഴും ഇന്നേ ദിവസം വരെ ഞാന്‍ കണ്ടിട്ടില്ല.

അങ്ങനെ ഒരു ദിവസം ഉസ്താദ് “അറബി മലയാളം” പാഠാവലി സിലബസില് അവതരിപ്പിച്ചു. ഞാനാണ്, ആദ്യം വായിക്കണ്ട ആള്. ഓരൊ പ്രാവശ്യം തെറ്റിക്കുമ്പോഴും ചെവിയിട്ട് തിരിച്ച് തിരിച്ച് ശരിയാവുന്നത്  വരെ എന്നെ ട്യൂണ്‍ ചെയ്തു കൊണ്ടിരുന്നു.

“ഇസ്ലാം കാര്യങ്ങള്‍ അഞ്ച്… ഒന്ന്- അല്ലാഹുവല്ലാതെ മറ്റൊരു…. ദൈവം……” എന്റെ ചെവിന്റെ ട്യൂണിങ്ങ് മുറുകി വരുന്നുണ്ട്, പക്ഷെ ഞാന്‍ അതിലും വലിയ തരിപ്പിലാ. എന്റെ ഭാവിയും വര്‍ത്തമാനവും എല്ലാം മുട്ടിപ്പോയില്ലെ!!!

“ഉസ്താദേ ഉസ്താദേ, മറ്റോരു ധൈവമില്ലാന്ന് പറഞ്ഞാലെന്താ?” ഞാന്‍ ദയനീയമായി ചോയിച്ചു.

“എന്നു പറഞ്ഞാല്‍… അല്ലാഹുവല്ലാതെ വേറൊരു റബ്ബും ഇല്ലാന്ന്”

“അപ്പം ഈ അല്ലാഹു മരിച്ചാലോ?” ഞാന്‍ അവസാനത്തെ അപ്പീലു മാതിരി ചോയിച്ചു.

“ലാ ഹൗലാ!!! അല്ലാഹു മരിക്കേ??? അല്ലാഹുവിനു മരണമില്ല. അവനു രൂപവും പങ്കുകാരുമില്ല.”

ഞാന്‍ തകര്‍ന്നു പോയി. ആ ഒരു ഉദ്യോഗത്തിനു വേണ്ടി ഞാന്‍ നടത്താത്ത ത്യാഗങ്ങളുണ്ടോ ആര്‍ക്കെങ്കിലും അറിവ്‌? ചില്ലറ ലിറ്റര് പാലാ എന്നെക്കൊണ്ട് ഉമ്മ കുടിപ്പിച്ചത്? ചില്ലറ ചോറാ ഞാന്‍ വെയ്ച്ചത്? എത്തറ മുട്ടായിയാണ് ഞാന്‍ പങ്കു വെച്ചത്!!! ഇഞ്ഞി ഞാന്‍ എന്താക്കും? നരകത്തിലിടണ്ടോരെയൊക്കെ ഞാന്‍ എവടെ കൊണ്ടോയി ഇടും? ഇമ്മായിരി ഒരു ചതി പടച്ചോൻ കാണിക്കാന്‍ പാടില്ലെയ്‌നി! ബാക്കിള്ളോർക്കും ഇല്ലെ ആഗ്രഹങ്ങള്‍. അബിയാണെങ്കില് ഭയങ്കരം കൊസീലാ… എന്റെ പണി കിട്ടുന്നതിന്റെമുന്‍പെ തെറിച്ചല്ലോ?

എനിക്ക് ഭയങ്കരമായി വയറു വേദനിച്ചു. ഞാന്‍ കരയാന്‍ തൊടങ്ങി. അന്നു മുയുമനും ഞാന്‍ വയറു വേദന കാരണം തിന്നാണ്ടും കളിക്കാണ്ടും കിടന്നുറങ്ങി. പിറ്റേന്ന് ഇസ്ക്കൂളിലും പോയില്ല. എല്ലാം പോയില്ലെ…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഐസിബി

ഐസിബി

മലബാറിലെ ഒരു നിറഞ്ഞ കുടുംബത്തില്‍ ജനിച്ചു. വിദ്യാഭ്യാസവും വളര്‍ച്ചയും മലബാറ് തന്നെ നല്കി. ഫംഗ്ഷണല്‍ ഇംഗ്ളീഷില്‍ ബിരുദവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്ത ബിരുദവും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റായി മംഗലാപുരത്തും, ക്രിമിനല്‍ സൈക്കോളജിസ്റ്റായി കോഴിക്കോടും വിയ്യൂരും ജയിലുകളില്‍ പ്രവര്‍ത്തന ചരിത്രം. ഒരു പാട് കൊലയും, കളവും, ബലാത്സംഗവും കേട്ട് മനസ്സ് മരവിച്ചപ്പോള്‍ അഹിംസയാവാം ഇനി എന്ന തീരുമാനത്തില്‍ ഗ്രീന്‍പീസ് എന്ന ലോകസംഘടനയില്‍ സമരങ്ങളും അറസ്റ്റും പ്രതിഷേധങ്ങളും ആയി കുറച്ചു കാലം. ഇനി കുറച്ചു കാലം വെറുതെ ഇരിക്കണം, യാത്രിക്കണം, തിന്നണം, എഴുതണം, ശൂന്യതയിലേക്ക് നോക്കി ചിരിക്കണം എന്ന് തീരുമാനിച്ചു ഇപ്പോള്‍ ജോലിയും കൂലിയും ഇല്ലാതെ തോന്നിയത് പോലെ തോന്നിയ സമയത്ത് ചെയ്യുന്നു. വിവാഹിത. ഭര്‍ത്താവ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍. മകന്‍ ആദം. ഒരുപാട് ആളുകളും പാചകവും 'വര്‍ത്താനവും' തിങ്ങി പാര്‍ത്ത ഒരു മലബാര്‍ കുടുംബത്തില്‍ ജനിച്ചു. അത് കൊണ്ട് തന്നെ ജനങ്ങളും, ഭക്ഷണവും, കേട്ടുകേള്‍വികളും, അടക്കം പറച്ചിലുകളും പ്രിയപെട്ടതായി മാറി. വളര്‍ന്നപ്പോള്‍ ഈ പ്രിയങ്ങള്‍ക്ക് ശാഖകള്‍ നല്കി പ്രിയങ്ങള്‍ സംസ്‌കാരത്തോടും, ഭാഷാശൈലികളോടും, ചടങ്ങുകളോടും, പുതുമകളോടും ആയി മാറി. വീണ്ടും വളര്‍ന്നപ്പോള്‍ മേല്‍പ്പറഞ്ഞ പ്രിയങ്ങളെ കൂട്ടിയിണക്കുന്ന യാത്രകളായി പ്രിയം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍