UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലലൈംഗിക പീഡനം; നിയമങ്ങള്‍ കര്‍ശനമായാല്‍ മാത്രം പോര; നടപ്പാക്കുകയും വേണം

Avatar

രമ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അയല്‍പക്കത്തുള്ള നഴ്സറിയില്‍ തന്റെ നാലു വയസുകാരി മകള്‍ സുരക്ഷിതയായിരിക്കും എന്നാണ് സഞ്ജീവ് ഓഝ കരുതിയത്.

പക്ഷേ പോലീസ് പറയുന്നത് ഒരു കളിപ്പാട്ട കച്ചവടക്കാരന്‍ സ്കൂളിലേക്ക് കുറഞ്ഞത് നാലുതവണ വരികയും കുട്ടിയെ അടുത്തുള്ള മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ഉണ്ടായി എന്നാണ്. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരി ഓഝയോട് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ഇയാള്‍ പിടിയിലായി.

2014-ല്‍ ഇന്ത്യയില്‍ 36,900 ബലാത്സംഗങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഇതില്‍ ഏതാണ്ട് 14,000 എണ്ണത്തിലും ഇരകള്‍ കുട്ടികളാണ്. 2009-നെ അപേക്ഷിച്ച് 151% വര്‍ദ്ധനവ്. നീണ്ടകാലങ്ങളായി ഇത്തരം പീഡനങ്ങള്‍ നിശബ്ദമായി മറയ്ക്കപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ കൂടുതല്‍ കുടുംബങ്ങള്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ പുറത്തു പറയുന്നുണ്ട്. ന്യൂഡല്‍ഹിയില്‍ 2012-ല്‍ ഒരു യുവതി ബലാത്ക്കാരം ചെയ്യപ്പെട്ടതിനെ തുടര്‍ന്നുള്ള മറ്റൊരു വലിയ സാമൂഹ്യമാറ്റം.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാക്രമണങ്ങള്‍ ചെറുക്കാന്‍ കൂടുതല്‍ കര്‍ശനമായ നിയമം ഇന്ത്യ അംഗീകരിച്ച് മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അതൊട്ടും കാര്യക്ഷമമായല്ല നടപ്പാക്കുന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു. ലൈംഗിക പീഡനങ്ങള്‍ റിപ്പോര്‍ട് ചെയ്തതിനുശേഷം കുടുംബങ്ങള്‍ക്കാവശ്യമായ പിന്തുണ ഒട്ടും ലഭിക്കുന്നില്ല.

“ഞങ്ങളാണ് കുറ്റവാളികള്‍ എന്ന മട്ടില്‍ വളരെ പരുക്കനായാണ് പോലീസുകാര്‍ ഞങ്ങളോട് പെരുമാറിയത്,” ഓഝ, 35, പറഞ്ഞു. “എന്താണ് സംഭവിച്ചതെന്ന്  ഞങ്ങളെക്കൊണ്ടവര്‍ ആവര്‍ത്തിച്ച് പറയിച്ചു. “എന്തിനാണ് നിങ്ങളുടെ കുട്ടി അലഞ്ഞുനടന്നത്” എന്നാണ് അവര്‍ ചോദിച്ചത്.”

പരവശപ്പെടുത്തുന്ന ചോദ്യംചെയ്യലിനും വൈദ്യപരിശോധനക്കും ശേഷം ഡിസംബറിലെ തണുത്തുവിറക്കുന്ന രാത്രിയില്‍ 2 മണി നേരത്ത് ആ കുടുബം വീട്ടിലേക്ക് നാല് കിലോമീറ്ററോളം നടന്നു.

“ഞങ്ങളാകെ ഭയന്നിരുന്നു. ആകെ ആശയക്കുഴപ്പവും അപമാനവും.”

ആ രാത്രിക്ക് രണ്ടു വര്‍ഷത്തിന് ശേഷം സ്കൂളുകളിലും പൊതുവിടങ്ങളിലും തങ്ങളുടെ കുട്ടികള്‍ക്ക് കൂടുതല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷുബ്ധരായ മറ്റ് രക്ഷിതാക്കള്‍ ഓണ്‍ലൈനിലും തെരുവിലും പ്രതിഷേധിച്ചു.

കുട്ടികളുടെ സുരക്ഷ ഒരു മുന്‍ഗണന വിഷയമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു ഓണ്‍ലൈന്‍ പരാതി മുഖേന ആവശ്യപ്പെടാന്‍ രാജ്യസഭ എം പി രാജീവ് ചന്ദ്രശേഖര്‍ ഒക്ടോബറില്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം ഉണ്ടായിട്ടും നിയമ വ്യവസ്ഥ ഇപ്പൊഴും തകര്‍ന്നുകിടക്കുകയാണെന്ന് പലരും പറയുന്നു.

നിയമം അംഗീകരിച്ചതിന് ശേഷവും പൊലീസ്, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ എന്നിവരുടെ ഈ വിഷയത്തിലുള്ള പെരുമാറ്റത്തില്‍ മാറ്റം വന്നിട്ടില്ലെന്നാണ് കുട്ടികളെ ബലാത്സംഗത്തിനിരയായ കേസുകളെക്കുറിച്ച് പഠിച്ച NILU (National Law School of India University) പറയുന്നത്. ബാല-പീഡന കേസുകള്‍ക്കായി പ്രത്യേകം കോടതിമുറികളില്ല. സാക്ഷിമൊഴി എടുക്കുന്നതിന് അപൂര്‍വം കോടതികളിലെ പ്രത്യേകം മുറികളുള്ളൂ. നിയമം അനുശാസിച്ചിട്ടും കാത്തിരിപ്പ് മുറികളോ അതിനടുത്തായി ശൌചാലയങ്ങളോ ഇല്ല.

പഠനം കാണിക്കുന്നത്, കഴിഞ്ഞ വര്‍ഷം ഏപ്രിലിനും സെപ്റ്റംബറിനും ഇടയില്‍ ശരാശരി ആറ് കേസുകളില്‍ ഒന്നില്‍ മാത്രമാണു പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് എന്നാണ്. ഒക്ടോബര്‍ 2014-വരെ ബാലലൈംഗിക പീഡനം തടയാനുള്ള നിയമത്തിന്നു കീഴില്‍ ദേശീയ ശിക്ഷാനിരക്ക് കേവലം 2.4% ആയിരുന്നു.

67% കേസുകളിലും പ്രതികളുടെ കുടുംബക്കാരില്‍ നിന്നുള്ള ഭീഷണിയുടെ ഫലമായി സാക്ഷികളായ കുട്ടികള്‍ വിചാരണയില്‍ ആരോപണമുപേക്ഷിക്കുകയും മൊഴികള്‍ മാറ്റുകയും പരാതി നിഷേധിക്കുകയും ചെയ്യുന്നു. 28% കേസുകള്‍ ഒരു വര്‍ഷത്തിലേറെ നീളുന്നു. കോടതിയില്‍ അഭിഭാഷകര്‍ പലപ്പോഴും കുട്ടികളോട് ‘അനൌചിത്യം’ നിറഞ്ഞ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നും സര്‍വെ കാണിക്കുന്നുണ്ട്.

“കര്‍ശനമായ നിയമങ്ങളും കടുത്ത ശിക്ഷയും ആവശ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്യാനാണ് നമ്മുടെ എല്ലാ ശ്രദ്ധയും ഊര്‍ജ്ജവും കേന്ദ്രീകരിച്ചിരിക്കുന്നത്,” ദേശീയ നിയമ സ്കൂളിലെ മുതിര്‍ന്ന ഗവേഷകന്‍ സ്വാഗത റോയ് പറയുന്നു. “പക്ഷേ, അന്വേഷണത്തിന്റെയും നിയമത്തിന്റെയും പ്രക്രിയ മെച്ചപ്പെടുത്താന്‍ നാം അധികമൊന്നും ചെയ്യുന്നില്ല. പോലീസ്, ന്യായാധിപര്‍, ഡോക്ടര്‍മാര്‍, കൌണ്‍സെലര്‍ എന്നിവര്‍ക്ക് ഇത്തരം സംഘര്‍ഷം നിറഞ്ഞ സാഹചര്യങ്ങളില്‍ക്കൂടി കടന്നുപോകുന്ന കുട്ടികളോടും കുടുംബങ്ങളോടും എങ്ങനെ പെരുമാറണമെന്ന പരിശീലനത്തിലും ഒന്നും ചെയ്യുന്നില്ല.”

ഇരകളുടെ കുടുംബങ്ങള്‍ പറയുന്നത് പൊലീസ്  തികഞ്ഞ അനാസ്ഥയാണ് മിക്കപ്പോഴും കാണിക്കുന്നത് എന്നാണ്. പ്രതിയുടെ കയ്യില്‍ ഒരു കത്തി ഉണ്ടായിരുന്നു എന്ന്‍ ഓഝയുടെ  മകള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് അയാളുടെ മുറിയില്‍ നിന്നും പച്ചക്കറി നുറുക്കുന്ന ഒരു കത്തി പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

“പോലീസുകാരി ഞങ്ങളോടു കളിയാക്കി ചോദിച്ചു,“ഈ കത്തി കാണിച്ചാണോ അയാള്‍ അവളെ പേടിപ്പിച്ചത്?”– ഓഝ ഓര്‍ക്കുന്നു. “എന്റെ ഭാര്യയാണ് ഉത്തരം പറഞ്ഞത്,”പച്ചക്കറി മുറിക്കുന്നതായാലും, ആടിനെ മുറിക്കുന്നതായാലും ഒരു നാലു വയസുകാരിയെ പേടിപ്പിക്കാന്‍ അത് ധാരാളമാണ്.”

കുട്ടികള്‍ക്കെതിരായ ബലാത്സംഗത്തിന്റെ ഔദ്യോഗിക കണക്കുകള്‍ വസ്തുതകള്‍ മുഴുവനായും കാണിക്കുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം 2013 ല്‍ ഓരോ മണിക്കൂറിലും 14 കുട്ടികളെ-അതില്‍ എട്ടും പെണ്‍കുട്ടികളാണ്- കാണാതാകുന്നുണ്ട്.

“അവരെ കാണാതാകുന്നത് ആരെങ്കിലും അവരെ മാളിലോ പാര്‍ക്കിലോ കൊണ്ടുപോകുന്നതുകൊണ്ടല്ല. അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും പീഡിപ്പിക്കുകയുമാണ്,”ബച്ചപ്പന്‍ ബചാവോ ആന്ദോളന്‍ ദേശീയ സെക്രട്ടറി ഭുവന്‍ റിഭു പറഞ്ഞു.

ന്യൂ ഡല്‍ഹിയില്‍ കഴിഞ്ഞമാസം, പുലര്‍ച്ചെ പാലുവാങ്ങാന്‍ പോയ ഒരു 13-കാരിയെ ചിലര്‍ ഒരു കാറില്‍ തട്ടിക്കൊണ്ടുപോയി. ഒരു മുറിയില്‍ പൂട്ടിയിട്ട് അവളെ മൂന്നു പേര്‍ രണ്ടാഴ്ച്ച പലതവണ ബലാത്സംഗം ചെയ്തു എന്നു പോലീസ് പറഞ്ഞു. വെടിവച്ച ശേഷം മരിച്ചെന്നു കരുതി ഒരു കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ അവള്‍ രക്ഷപ്പെട്ടു.

“അതിനുശേഷം ദിവസങ്ങളോളം ഞാന്‍ രാത്രിയില്‍ ഭീകരമായ സ്വപ്നങ്ങള്‍ കാണുമായിരുന്നു,” അവള്‍ പറഞ്ഞു. “എനിക്ക് ദേഷ്യമുണ്ട്. എനിക്കു നിശബ്ദയായിരിക്കേണ്ട. അവരെ തൂക്കിക്കൊല്ലണമെന്നാണ് എന്റെ ആവശ്യം.”

ദിവസങ്ങള്‍ക്കുളില്‍ മൂന്നില്‍ രണ്ടുപേരെയും പൊലീസ് പിടികൂടിയെങ്കിലും പുതിയ നിയമത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. മൂന്നാഴ്ച്ച വരെ കുട്ടിയുടെ വീട്ടുകാര്‍ക്ക് പൊലീസ് പരാതിയുടെ ഒരു പകര്‍പ്പ് പോലും നല്‍കിയില്ല. പെണ്‍കുട്ടിയുടെ അച്ഛന്‍ വിളിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണ്‍ എടുക്കാറില്ല. ഒരു കൌണ്‍സെലറും വീട്ടില്‍ വന്നുമില്ല എന്നും അവളുടെ വീട്ടുകാര്‍ പറഞ്ഞു.

“ഭൂരിപക്ഷം കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ച്ചയായ പിന്തുണ ലഭിക്കുന്നില്ല,” കൌമാരക്കാരെ സഹായിക്കുന്ന ഒരു ബലാത്സംഗ-വിരുദ്ധ സന്നദ്ധ സേവിക, യോഗീത ചക്രബോര്‍ത്തി പറഞ്ഞു. “അവരോടു പുതിയ നിയമപ്രകാരമുള്ള അവകാശങ്ങളെക്കുറിച്ച് പറയാനൊന്നും പൊലീസ് മെനക്കെടുന്നില്ല. കുടുംബങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ അലഞ്ഞുതിരിയുകയാണ്.”

ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കലും വലിയ ബുദ്ധിമുട്ടാണ്.

“പല സംഭവങ്ങളിലും ഇരയായ കുട്ടിയുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് വീഴുകയും നാടുവിട്ടു പോകാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു,” ഹക് എന്ന സംഘടനയിലെ കൌണ്‍സലര്‍ ഉസ്മാ പര്‍വീണ്‍ പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തകനും അഭിഭാഷകനുമായ ഗൌരവ് ബന്‍സാല്‍ പറയുന്നത് ഒരു ന്യായാധിപന്‍ ഒരേ ദിവസം തന്നെ ഭീകരവാദവും അധോലോക കുറ്റകൃത്യങ്ങളും മയക്കുമരുന്നും അതോടൊപ്പം കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളും സംബന്ധിച്ച കേസുകള്‍ കേള്‍ക്കുന്നു എന്നാണ്. കോടതിയില്‍ വരുന്ന കുട്ടികള്‍ കയ്യാമം വെച്ച കുറ്റവാളികളെയാണ് കാണുന്നത്.

ഓഝ പറയുന്നത് താനേതാണ്ട് കൈവിട്ടുകഴിഞ്ഞിരുന്നു എന്നാണ്. ജോലി മുടക്കി കോടതിയിലെത്തുമ്പോള്‍ ചിലപ്പോള്‍ ന്യായാധിപനില്ല, അഭിഭാഷകരില്ല, വിചാരണ പിന്നേയും നീട്ടിവെക്കും. ഒരിക്കല്‍ പ്രതിയുടെ വീട്ടുകാര്‍ ഓഝയുടെ ഭാര്യയെ കോടതിക്ക് പുറത്തുവെച്ച് ഭീഷണിപ്പെടുത്തി.

അര്‍ദ്ധരാത്രി നേരത്ത് അപരിചിതര്‍ വീടിന്റെ വാതിലില്‍ കൊട്ടുകയും തകര മേല്‍ക്കൂരക്കുമേല്‍ കല്ല് വലിച്ചെറിയുകയും ചെയ്യുമ്പോള്‍ അയാളുടെ കുടുംബം പേടികൊണ്ട് ചൂളും.

നാലാഴ്ച്ചക്കുമുമ്പ് വിധി വന്നു. കളിപ്പാട്ട കച്ചവടക്കാരന് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിച്ചു. ഓഝയുടെ മകള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും.

പക്ഷേ ഓഝയിപ്പോള്‍ നഗരം വിട്ട്, തന്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാന്‍ ഒരുങ്ങുകയാണ്. അവിടെയാര്‍ക്കും ഈ ദുരന്തകഥ അറിയില്ല.

“ഗ്രാമത്തിലെ വിദ്യാലയം ഒട്ടും മെച്ചമല്ല. പക്ഷേ അയാള്‍ ചെയ്ത തെറ്റിന് എന്റെ പെണ്‍മക്കള്‍ നല്‍കുന്ന വില അതാണ്,” 2000-ത്തില്‍  ന്യൂഡല്‍ഹിയില്‍ എത്തിയ  ഓഝ പറഞ്ഞു. “ഞാന്‍ ജീവിതം നന്നാക്കാന്‍ ആഗ്രഹിച്ചു. പക്ഷേ ഇപ്പോള്‍ സുരക്ഷിതത്വമാണ് പ്രധാനം.”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍