UPDATES

ട്രെന്‍ഡിങ്ങ്

കരടിക്ക് പ്രസിഡന്റുമായി സാമ്യം; വിന്നി ദി പൂഫ് കാര്‍ട്ടൂണിന് ചൈനയില്‍ വിലക്ക്

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെയും ഈ കാര്‍ട്ടൂണിലെ കരടിക്കുട്ടന്റെയും നടത്തം താരതമ്യം ചെയ്താണ് തമാശ പ്രചരിച്ചത്

കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രമായ വിന്നി ദി പൂഫിന് ചൈനയില്‍ നിരോധനം. ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു തമാശയാണ് ചൈനീസ് സര്‍ക്കാര്‍ ഈ കാര്‍ട്ടൂണ്‍ നിരോധിക്കാന്‍ കാരണം.

ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗിന്റെയും ഈ കാര്‍ട്ടൂണിലെ കരടിക്കുട്ടന്റെയും നടത്തം താരതമ്യം ചെയ്താണ് തമാശ പ്രചരിച്ചത്. എന്നാല്‍ ഇത് ചൈനീസ് സര്‍ക്കാരിനെ പ്രകോപിതരാക്കി. വിലക്കേര്‍പ്പെടുത്തിയതോടെ ചൈനയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ഈ കാര്‍ട്ടൂണ്‍ അപ്രത്യക്ഷമാകുകയും ചെയ്തു. ഈ തമാശകള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അഭിമാനത്തെ ചോദ്യം ചെയ്തതിനാലാണ് നിരോധനമെന്ന് സിഡ്‌നിയിലെ ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പൂര്‍വ്വേഷ്യന്‍ പ്രോഗ്രാമുകളുടെ ഡയറക്ടര്‍ മരിദെന്‍ വാറല്‍ അറിയിച്ചു.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയ്‌ക്കൊപ്പം സി ജിന്‍പിംഗ് നടക്കുന്ന ചിത്രവും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ വിന്നി ദി പൂഫും കടുവയും നടക്കുന്ന ചിത്രവും സംയോജിപ്പിച്ചാണ് തമാശ പ്രചരിച്ചത്. ജിന്‍പിംഗിന് ഹസ്തദാനം നല്‍കുന്ന ജാപ്പനീസ് പ്രധനമന്ത്രി ഷിന്‍സോ അബേയുടെ ചിത്രവും ഇത്തരത്തില്‍ തമാശയായി പ്രചരിച്ചിരുന്നു. ഇതില്‍ വിന്നി ദി പൂഫിലെ ദുഃഖിതനായ കഴുത എയോര്‍ വിന്നിയ്ക്ക് ഹസ്തദാനം നല്‍കുന്ന ചിത്രമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

 

വരുന്ന ഒക്ടോബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം ദേശീയ സമ്മേളനം നടക്കാനിരിക്കെയാണ് കുട്ടികളുടെ പുസ്തകങ്ങളില്‍ നിന്നും കാര്‍ട്ടൂണുകളില്‍ നിന്നും ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ നീക്കം ചെയ്യുന്നത്. ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പില്‍ വളരെ സങ്കീര്‍ണമായ നിലപാടുകളാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, എന്നിവയ്ക്ക് പുറമേ ഗൂഗിളിനും അതിന്റെ മെയില്‍ സേവനദാതാക്കളായ ജിമെയിലിനും ചൈനയില്‍ വിലക്കുണ്ടായിരുന്നു.

അതേസമയം ഈ വിലക്കുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ തികച്ചും വ്യത്യസ്തവും ക്രിയാത്മകവുമായ ഇന്റര്‍നെറ്റ് സംസ്‌കാരമാണ് ചൈനയിലുള്ളതെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വിന്നി ദി പൂഫിന്റെ നിരോധനത്തിന് പിന്നില്‍ വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനം തന്നെയാണെന്നാണ് വാറലിന്റെ നിരീക്ഷണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍