UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തങ്ങള്‍ സിവില്‍ സര്‍വീസിലേക്കില്ലെന്നു ചൈനീസ് യുവത്വം

Avatar

 ഗ്ലോബല്‍ ടൈംസ് 

‘കോളേജില്‍ ചേര്‍ന്നകാലം മുതല്‍ ഒരു സിവില്‍ സെര്‍വന്റ് ആകണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ സെപ്തംബര്‍ മുതല്‍ ജോലി അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കു മനസ്സിലായി അതു മാത്രമല്ല ഒരു സാധ്യതയെന്ന്! ‘ ക്‌സിന്‍ഹുയ വാര്‍ത്താ ഏജന്‍സിയോട് ചൈനയിലെ റെന്മിനന്‍ യൂണിവേഴ്‌സിറ്റി രണ്ടാം വര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥി ചെന്‍ ജുന്‍ പറഞ്ഞു.

പരമ്പരാഗതമായി ‘ഇരുമ്പു പാത്രം’ എന്നറിയപ്പെടുന്ന സിവില്‍ സര്‍വീസ് സ്ഥാനമാനങ്ങള്‍ക്കും, ഉയര്‍ന്ന ശമ്പളവും സുരക്ഷിതത്വവും ഉറപ്പ് നല്‍കുന്ന സ്വകാര്യ കമ്പനികള്‍ക്കും പകരം ചെന്‍ തിരഞ്ഞെടുത്തത് ബെയ്ജിംങ് കേന്ദ്രമായ ഒരു ഇന്റര്‍നെറ്റ് കമ്പനിയിലെ ജോലിയാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇത്തവണയാണ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഏറ്റവുംകുറഞ്ഞ അപേക്ഷകള്‍ ലഭിച്ചത്. ഈ സാഹചര്യത്തില്‍, എന്തുകൊണ്ട് യുവാക്കളെ സിവില്‍ സര്‍വീസ് ആകര്‍ഷിക്കുന്നില്ല എന്നതിനെ കുറിച്ച് പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുകയാണ്.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രൗഢി
ചൈനയില്‍ ഒരു സ്ഥിരം ജോലി ആഗ്രഹിക്കുന്ന ഏതൊരു ബിരുദ വിദ്യാര്‍ത്ഥിയുടേയും സ്വപ്നമായിരുന്നു സിവില്‍ സര്‍വീസ്. 2012ലെ കണക്കുകള്‍ പ്രകാരം ചൈനയിലെ 76.4 ശതമാനം കോളേജ് വിദ്യാര്‍ത്ഥികളും സിവില്‍ സര്‍വീസ് ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നു. ക്‌സിന്‍ഹുയ റിപ്പോര്‍ട്ട് അനുസരിച്ചു സിംഗപൂരില്‍ വെറും 2 ശതമാനം യുവാക്കള്‍ ഗവണ്‍മെന്റ്ജോലി ആഗ്രഹിക്കുമ്പോള്‍, അമേരിക്കയിലത് മൂന്നു ശതമാനവും, ഫ്രാന്‍സില്‍ 5 ശതമാനത്തിനും മേലെയുമാണ്. എന്നാല്‍ യു കെ യില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഏറ്റവും കുറവ് പരിഗണ നല്‍കുന്ന ഇരുപതു ജോലികളില്‍ ഒന്നു മാത്രമാണു സിവില്‍ സര്‍വീസ്. ഈ കണക്കനുസരിച്ച് ചൈനയിലെ പ്രവണത മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എത്രയോ കൂടുതലാണ്.

1984ലെ തുടക്കം മുതല്‍ ചൈനയില്‍ മത്സര പരീക്ഷകളില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് സിവില്‍ സര്‍വീസ് പരീക്ഷ തന്നെയാണ്. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ഓഫ് സിവില്‍ സര്‍വീസിന്റെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ 1.2 മില്യണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഇത്തവണ നവംബര്‍ 30നു നടന്ന പരീക്ഷയില്‍ 9,00,000 പേര്‍ മാത്രമാണു പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ 19,000 ഒഴിവുകളില്‍ നിന്നു 22,000 കൂടുതല്‍ അവസരങ്ങള്‍ ഇത്തവണ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു എന്നത് പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഒരു തസ്തികയ്ക്ക് 64 എന്ന അനുപാതത്തില്‍ മത്സരം ഉണ്ടായിരുന്നു. പക്ഷെ ഇതു കഴിഞ്ഞ വര്‍ഷങ്ങളിലെ 72ഉം, 2001 ലെ 134 ഉം എന്ന അനുപാതത്തെക്കാള്‍ എത്രയോ കുറവാണ്.

ചൈനയില്‍ നടന്നു കൊണ്ടിരിക്കുന്ന അഴിമതി വിരുദ്ധ സമരങ്ങളുടെ പ്രത്യാഘാതം ആകാം ഈ മാറ്റത്തിന്റെ കരണങ്ങളിലൊന്ന് എന്നാണ് പൊതുവായ നിഗമനം. ചൈന യൂത്ത് ഡെയിലി നടത്തിയ ഓണ്‍ലൈന്‍ പോളിങ് പ്രകാരം 51.6% ആളുകള്‍ പറഞ്ഞ കാരണം ഇതു തന്നെയാണ്.

‘അപേക്ഷകളിലെ ഈ കുറവ്, ഗവണ്‍മെന്റ് എട്ടു പോയിന്റ് നിയമങ്ങളും, ഇതു മൂലം അഴിമതിയില്‍ പെട്ടെന്നുണ്ടായ ഇടിവുമാണ് കാരണമായത്. ജോലിയിലും ശമ്പളത്തിലും ഗവണ്‍മെന്റ് ഉണ്ടാക്കിയ സുതാര്യത പൊതു സമൂഹത്തിനു സിവില്‍ സര്‍വീസിനെ കുറിച്ചു കൃത്യമായ ധാരണയുണ്ടാക്കാന്‍ സഹായിച്ചു’ പീക്കിംഗ് യൂണിവേഴ്‌സിറ്റിയിലെ അഴിമതിവിരുദ്ധ വിദഗ്ധന്‍ ലിയെ ചിങ്ഗ്യന്‍ പറഞ്ഞു.

2012 ല്‍ ജീംഗ്പിങ് ചൈനീസ് പ്രസിഡന്റായി അധികാരമേറ്റയുടനെ ഔദ്യോഗിക ഗ്രാന്റുകളും അമിത ചിലവുകളും കുറയ്ക്കുന്നതിന്റെ ഭാഗമായി എട്ടു പോയിന്റ് നിയമങ്ങള്‍ കൊണ്ടുവന്നു. ഇതു നിലവില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ അനുഭവിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍, ആര്‍ഭാട ജീവിത സൗകര്യങ്ങള്‍ എന്നിവ വെട്ടിച്ചുരുക്കാന്‍ സഹായിച്ചു. മാത്രമല്ല, അഴിമതിക്കാരായ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്കും വഴിവെച്ചു. ഇതോടു കൂടി പൊതു ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ന്നു വന്നു.

ഉയര്‍ന്ന മാനദണ്ഡം
മറ്റു ചിലരുടെ അഭിപ്രായത്തില്‍ പരീക്ഷയുടെ മാനദണ്ഡത്തില്‍ ഉണ്ടായ മാറ്റങ്ങളാണ് അപേക്ഷാര്‍ത്ഥികളെ അയോഗ്യമാക്കിയതിന്റെ പ്രധാന കാരണം. ‘എനിക്ക് സിവില്‍ സര്‍വീസ് പരീക്ഷ എഴുതണം എന്നുണ്ടായിരുന്നു, എന്നാല്‍ ഉയര്‍ന്നു വന്ന മാനദണ്ഡങ്ങള്‍ കാരണം എന്റെ മുന്നില്‍ ഇപ്പോള്‍ ഒരു മാര്‍ഗവും ഇല്ലാതായി’ ഒരു വിദ്യാര്‍ത്ഥി ഓണ്‍ലൈനില്‍ പ്രതികരിച്ചു.

ഗവണ്‍മെന്റ് പുറത്തിറക്കിയ സിവില്‍ സര്‍വീസിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതുപരീക്ഷയ്ക്ക് കണ്ണടച്ച് അപേക്ഷിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സിവില്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പീപ്പിള്‍ ഡെയിലി റിപ്പോര്‍ട്ട് ചെയ്തു.

ഇനി മുതല്‍ പ്രൊവിഷനല്‍ തലത്തിലുള്ള പല ഗവണ്‍മെന്റ് തസ്തികകള്‍ക്കും കുറഞ്ഞത് രണ്ടു വര്‍ഷം ജോലി പരിചയവും, മറ്റു ചിലതില്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍കിടെക്ചര്‍ തുടങ്ങിയ അക്കാദമിക യോഗ്യതകളും ആവശ്യപ്പെടുന്നുണ്ടെന്ന് ക്‌സിന്ഹുയ സൂചിപ്പിക്കുന്നു.

കൂടാതെ പുതിയ നിയമ പ്രകാരം പ്രസക്തമല്ലാത്ത കാരണത്താല്‍ പരീക്ഷ എഴുതാത്ത അപേക്ഷകരുടെ പേരുവിവരങ്ങള്‍ ഗവണ്‍മെന്റ് സൂക്ഷിക്കുന്നതാണ്. ഇത് ഗൗരവമില്ലാതെ അപേക്ഷിക്കുന്ന പ്രവണത കുറച്ചു കൊണ്ടു വരുന്നു.

തൊഴില്‍ ഇടങ്ങളിലെ നിലവാരമില്ലായ്മ മറ്റൊരു വലിയ കാരണമായി സൂചിപ്പിച്ചിരിക്കുന്നു. കാരണം,  news.qq.com എന്ന വാര്‍ത്ത പോര്‍ട്ടല്‍  പ്രകാരം ഇത്തവണ സിവില്‍ സര്‍വീസ് വകുപ്പിലെ 75 ശതമാനം തസ്തികകളും ഗ്രാമ പ്രദേശങ്ങളിലേക്കുള്ളതാണ്. രാത്രി കാലങ്ങളിലെ ജോലിയും,ജോലി സ്ഥലങ്ങളിലെ ശോചനീയാവസ്ഥയും അപേക്ഷകരെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.

ഷാങ്ഹായ് പോലുള്ള വികസിത നഗരങ്ങളിലേക്ക് ആയിരക്കണക്കിനു അപേക്ഷകള്‍ ഉണ്ടായിരിക്കെ, രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കുള്ള അപേക്ഷകള്‍ താരതമ്യേന കുറവായിരുന്നു.

‘ചൈനയില്‍ ഇന്നും ജീവിത നിലവാര സൂചകങ്ങളില്‍ വികസിത നഗര പ്രദേശങ്ങളും പിന്നാക്കാവസ്ഥയിലുള്ള ഗ്രാമ പ്രദേശങ്ങളും തമ്മില്‍ വിടവുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ മൂലം ഗ്രാമ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ജോലികള്‍ ആകര്‍ഷണീയമാകുന്നില്ല,’ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ സയന്‍സിലെ വാങ് യാങ് പറഞ്ഞതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍