UPDATES

വിദേശം

മുന്‍ പി ബി അംഗത്തിനെതിരെ അഴിമതി അന്വേഷണം (ചൈനയിലാണ്)

Avatar

ടീം അഴിമുഖം

ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പോളിറ്റ് ബ്യൂറോയുടെ നടപ്പ് സമിതിയിലേക്ക് (standing committee)അഴിമതി അന്വേഷണത്തിന്റെ കൈകള്‍ നീണ്ടിരിക്കുന്നു. ഇതാദ്യമാണ് ഇത്തരത്തിലൊന്ന്. 

മുന്‍ ആഭ്യന്തര സുരക്ഷാ തലവന്‍ ഷൌ യോങ്കാങ്ങിനെതിരെ ചൊവാഴ്ച്ച അന്വേഷണം  പ്രഖ്യാപിച്ചതോടെ തന്റെ അധികാരം ഉറപ്പിക്കുന്നതില്‍ ചൈനീസ് പ്രസിഡണ്ട് ക്സി ജീന്‍പിങ്ങിന്റെ ഏറ്റവും സാഹസികമായ ഉറച്ച നീക്കം കൂടിയായി അത്. ഷൌവിന്റെ കുടുംബം വലിയ തോതില്‍ സ്വത്ത് സമ്പാദിച്ചിരുന്നു.

2012 അവസാനത്തോടെ പോളിറ്റ്ബ്യൂറോ നടപ്പ് സമിതിയില്‍ നിന്നും വിരമിച്ച  ഷൌ, ഔദ്യോഗികമായി അഴിമതി അന്വേഷണം നേരിടുന്ന ഏറ്റവും മുതിര്‍ന്ന പാര്‍ടി നേതാവാണ്. ഇതുവരെയും, ഏതെങ്കിലും നടപ്പ് സമിതി അംഗത്തിനോ, സമിതിയില്‍ നിന്നും വിരമിച്ച ഒരാള്‍ക്കോ എതിരെ പാര്‍ടിയുടെ അഴിമതിവിരുദ്ധ ഏജന്‍സി അന്വേഷണം നടത്തിയിട്ടില്ല.

പാര്‍ടിയുടെ അഴിമതി വിരുദ്ധ ഏജന്‍സിയുടെ ഒരു തീരുമാനം ഉദ്ധരിച്ചുകൊണ്ടു,‘ഗുരുതരമായ അച്ചടക്ക ലംഘനത്തിന്’ ഷൌ യോങ്കാങ്ങിനെതിരെ അന്വേഷണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച വിവരം’ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്സിന്‍ഹ്വ റിപ്പോര്‍ട് ചെയ്തു. ഹ്രസ്വമായ അറിയിപ്പില്‍ ഷൌവിനെതിരായ ആരോപണങ്ങളുടെ വിശദാംശങ്ങളൊന്നും ഉണ്ടായിരുന്നില്ല.

കുടുംബസ്വത്ത് അന്വേഷിക്കുന്നതിലൂടെ ചൈനീസ് നേതാവ് വലിയൊരു മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. ഇതോടെ കൌതുകം പൂണ്ട ചൈനക്കാര്‍ പലരും ഇപ്പോള്‍ത്തന്നെ ഷൌവിന്റെ ജന്മനാടായ ക്സികിയാന്‍റോ സന്ദര്‍ശിക്കാനും, അയാളുടെ സഹോദരന്മാരുടെ വീട്ടിലേക്ക് എത്തിനോക്കാനും, ഷൌ കുടുംബത്തിന്റെ കുടുംബശ്മശാനത്തിന്‍റെ ചിത്രമെടുക്കാനും തുടങ്ങിയിട്ടുണ്ട്.

ഇതുവരെയും, ഷൌവിന്റെ തടങ്കലും, അന്വേഷണവും സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നില്ല. പാര്‍ട്ടിക്കുള്ളിലും, വിദേശ വാര്‍ത്തകളിലൂടെയും അറിയാമായിരുന്നെങ്കിലും.

തന്റെ കീഴിലുണ്ടായിരുന്ന മേഖലകളില്‍ കുടുംബക്കാര്‍ സ്വത്ത് വാരിക്കൂട്ടിയതിനെക്കുറിച്ചാകും ഷൌവിനെതിരായ കുറ്റാരോപണങ്ങളുടെ കേന്ദ്രം. അയാള്‍ സമ്പാദിച്ച സ്വത്തിന്റെ വിശദവിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. ഷൌവിന്റെ മകനും, ഭാര്യസഹോദരിയും,  മകന്റെ അമ്മായിയമ്മയും ഏതാണ്ട് 1 ബില്ല്യണ്‍ റെന്‍മിന്‍ബി (ചൈനയിലെ നാണയം) അഥവാ 160 ദശലക്ഷം ഡോളര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക് ടൈംസ് നടത്തിയ ഒരു അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ മിക്കവയും ഷൌവിന്റെ രാഷ്ട്രീയ മേല്‍നോട്ടത്തിലായിരുന്ന,അയാള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാനും  ഉദ്യോഗക്കയറ്റം നല്കാനും കഴിഞ്ഞിരുന്ന   എണ്ണ,പ്രകൃതിവാതക മേഖലയിലാണ്. ഈ കണക്ക് പരസ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ്. കമ്പനികളുടെ മൂല്യം ഏറ്റവും കുറച്ചാണ് കണക്കാക്കിയിട്ടുള്ളതും. കണ്ടെത്താനും കണക്കാക്കാനും ബുദ്ധിമുട്ടുള്ള ഭൂമിയോ, വിദേശത്തുള്ള സ്വത്തുക്കളോ കണക്കാക്കിയിട്ടുമില്ല.

ബെസ്റ്റ് ഓഫ് അഴിമുഖം

ഉദാരീകരണം വേണ്ടെന്ന്‍ ചൈന പറയുമ്പോള്‍
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒരു ഹിമാലയന്‍ രഹസ്യം
ബോ ക്‌സിലായി: പോളിറ്റ് ബ്യൂറോ അംഗത്തെ വിചാരണ ചെയ്യുമ്പോള്‍
ചൈനയുടെ കളിജ്വരം
ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?

71-കാരനായ ഷൌ 2012 നവംബറില്‍ നടന്ന കോണ്‍ഗ്രസിലാണ് വിരമിച്ചത്. അതേ കോണ്‍ഗ്രസിലാണ് ക്സി തലപ്പത്തെത്തിയതും. വിരമിച്ചാലും, മുതിര്‍ന്ന മുന്‍ നേതാക്കളുമായുള്ള അടുത്ത ബന്ധമുള്ള ഷൌ ശക്തനായ പ്രതിയോഗിയായിരുന്നു. അഴിമതി അന്വേഷണത്തോടെ അയാളുടെ കോട്ടകള്‍ പലതും ഇളകിത്തുടങ്ങി;തെക്കുപടിഞ്ഞാറുള്ള സിച്വാന്‍ പ്രവിശ്യയിലെ സ്വാധീന മേഖലകള്‍, രാജ്യത്തെ ഏറ്റവും വലിയ എണ്ണ,പ്രകൃതിവാതക സ്ഥാപനം ചൈന നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന്‍, രാജ്യത്തെ പോലീസ്, സിവിലിയന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍, അങ്ങനെ പലതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍