UPDATES

വിദേശം

ഈ കടഭാരം താങ്ങുമോ ചൈന?

Avatar

മാറ്റ് ഒബ്രിയാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ചൈന അതിന്റെ വളര്‍ച്ചാനിരക്ക് പ്രതിവര്‍ഷം 7 ശതമാനമായി നിലനിര്‍ത്തവെ ആ രാജ്യത്തെക്കുറിച്ച് ആശങ്കപ്പെടുത്തുന്നത് യുക്തിസഹമല്ലായിരിക്കും. പക്ഷേ അതിന്റെ വായ്പാ കുമിളയുടെ വലിപ്പം കണക്കാക്കിയാല്‍ അതങ്ങനെയല്ല. 

വമ്പന്‍ കണക്കുകളാണ്. ചൈനയുടെ മൊത്തം കടം 2008ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 153 ശതമാനമായിരുന്നത് നിലവില്‍ 282 ശതമാനമാണ്. ഇത് ചൈനയെ കടമെടുക്കലില്‍ മറ്റ് 96 ശതമാനത്തിനും മുകളിലാക്കുന്നു. വളര്‍ച്ച കൂടുകയും ലാഭം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോള്‍; ഇത് മൂലം കമ്പനികള്‍ക്ക് കടഭാരം തിരിച്ചടക്കാന്‍ കഴിയാതെ വരുന്നു. പണപ്പെരുപ്പം വെറും 0.8% ആയി എന്നും വാസ്തവമാണ്. കുറഞ്ഞ വളര്‍ച്ചയും, കുറഞ്ഞ പണപ്പെരുപ്പവുമെന്ന മറ്റ് ലോകരാഷ്ട്രങ്ങള്‍ വീണ അതേ കെണിയില്‍ വീഴാതിരിക്കാന്‍ ചൈനയുടെ കേന്ദ്ര ബാങ്ക് കുറച്ചു മാസങ്ങള്‍ക്കുളില്‍ അടിസ്ഥാന നിരക്കുകള്‍ മൂന്നാംതവണയും വെട്ടിക്കുറക്കുകയുണ്ടായി.

സമയം വൈകിയോ?
എങ്ങനെയാണ് ചൈന ഈ നിലയിലെത്തിയത്? ശരിയാണ്, ഒരിക്കല്‍ കുറഞ്ഞ വിലയ്ക്കുള്ള സാധനങ്ങള്‍ നിര്‍മ്മിച്ച് ധനിക രാഷ്ട്രങ്ങളില്‍ വിറ്റ് ചൈന പണമുണ്ടാക്കിയിരുന്നു. എന്നാല്‍ അവരുടെ തൊഴില്‍ശക്തി വളരുന്നത് നില്‍ക്കുകയും, കൂലി ഉയരുകയും, മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ തുച്ഛമായ കൂലിക്കുള്ള തൊഴില്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുമ്പോള്‍ ഈ കുതിപ്പ് അവസാനിക്കുകയാണ്. ഇപ്പോള്‍ ഒരു ധനിക രാജ്യമാകാന്‍ ആവശ്യമുള്ള വസ്തുക്കളാണ് ചൈന ഇപ്പോള്‍ ഉണ്ടാക്കുന്നത്. പുതിയ വീടുകള്‍,പുതിയ പാതകള്‍, ഭൂഗര്‍ഭ പാതകള്‍, അങ്ങനെ കടമെടുത്ത പണംകൊണ്ടൊരു ആധുനീകരണം. ഇതിനുള്ള പണത്തില്‍ ഏറെയും വരുന്നത് അനിയന്ത്രിത വായ്പക്കാരില്‍ നിന്നുമാണ്, അഥവ നിഴല്‍ ബാങ്കുകള്‍. പ്രാദേശിക സര്‍ക്കാരുകളും, പൊതുമേഖല കമ്പനികളും വഴിയാണ് വസ്തുവ്യാപരത്തിലേക്കായി ഈ പണമൊഴുകുന്നത്. 

പാര്‍പ്പിടവില കുത്തനെ ഉയര്‍ന്നു. പിടിച്ചാല്‍ കിട്ടാത്തിടത്തോളം. വായ്പാദാതാക്കള്‍ക്കു മൂക്കുകയറിടാന്‍ 2011ല്‍ സര്‍ക്കാര്‍ ഒരു ശ്രമം നടത്തിയതോളമെത്തി കാര്യങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ ഈ നിലപാടില്‍ പിന്നീട് മാറ്റം വരുത്തി. പൊതുമേഖല ബാങ്കുകളും കമ്പനികളും ഉള്ളതിനാല്‍ ചൈനയ്ക്ക് ഇത്തരം നേരിട്ടുള്ള സര്‍ക്കാര്‍ ഇടപെടല്‍ നടപ്പിലാക്കാം. നിഴല്‍ ബാങ്കുകളാണ് ഇതിനൊരപവാദം. സര്‍ക്കാര്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും വാസ്തു വിപണിയിലേക്ക് അവര്‍ പണം ഒഴുക്കുകയാണ്. പണം തട്ടിപ്പുകാരെപ്പോലുള്ളവരെ തടയാന്‍ കേന്ദ്രബാങ്ക് വായ്പ ചുരുക്കം വരുത്തിനോക്കുന്നു. 

ഇപ്പോള്‍ ഭവന വിലകള്‍ കുറയുകയാണ്. ജനുവരിയില്‍ 5.1%. എന്നാല്‍ സര്‍ക്കാരിപ്പോള്‍ അത് ആഗ്രഹിക്കുന്നില്ല. വില കൂട്ടാന്‍ അവര്‍ വായ്പാ മാനദണ്ഡങ്ങള്‍ ലളിതമാക്കുന്നു, പോരെങ്കില്‍ ഇനിയും ചെയ്യും. അതൊരുപക്ഷേ വേണ്ടിവന്നേക്കില്ല. ആവശ്യത്തിന്റെയും ലഭ്യതയുടെയും നിയമങ്ങളുടെ ഒരു കളിയാണതെന്ന് ഒരു ഭൂമി കച്ചവടക്കാരന്‍ പറയുന്നു. ചൈന അതിന്റെ നഗരങ്ങളിലെങ്കിലും ആവശ്യത്തിലേറെ നിര്‍മ്മിച്ചുകഴിഞ്ഞു. ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പതുക്കെ കടക്കാരാവുകയാണ്. ഇത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രശ്‌നം കൂടിയാണ്. വരുമാനത്തിന് ഭൂമി വില്‍പനയെ ആശ്രയിച്ചിരുന്ന അവരുടെ സ്രോതസ്സുകള്‍ ഇപ്പോള്‍ വരണ്ടുതുടങ്ങുകയാണ്. ചിലര്‍ ഭൂമി സ്വന്തമായി വാങ്ങിത്തുടങ്ങി, മറ്റുള്ളവരും ഇത് ചെയ്താല്‍ വിപണി ഉണരുമെന്ന പ്രതീക്ഷയില്‍. എന്നാല്‍ വലത്തേ കയ്യില്‍ നിന്നും ഇടത്തെ കയ്യിലേക്ക് പണം മാറ്റുന്ന പോലൊരു പണി മാത്രമാണത്. 

സാമ്പത്തിക രക്ഷാപദ്ധതി ആവശ്യപ്പെടുന്ന നിരവധി സ്ഥാപനങ്ങള്‍ ചൈനയിലുണ്ട്; പ്രാദേശിക സര്‍ക്കാരുകള്‍, പൊതുമേഖല കമ്പനികള്‍, പിന്നെ ഭൂമി കച്ചവടക്കാരും. വാര്‍ഷിക വളര്‍ച്ച 5% എന്ന വലിയ വീഴ്ച്ചയിലേക്ക് ചൈന പതിക്കാതിരിക്കാന്‍ ഇവരെയെല്ലാം രക്ഷിച്ചെടുത്തെ മതിയാകൂ. കടം വന്നു കേറിയ കമ്പനികളെ ഇനിയും കടമെടുക്കുന്നതില്‍ നിന്നും പിടിച്ചുനിര്‍ത്താന്‍ കുറഞ്ഞ വായ്പ നിരക്കിനും കഴിഞ്ഞില്ലെങ്കില്‍ വളര്‍ച്ച നിരക്ക് താഴോട്ട് പതിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനു കഴിഞ്ഞാല്‍ കൂടി കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ല. ചൈനയുടെ കടഭാരം അത്രയും വലുതാണ്. അതായത് വാങ്ങിയ കടം തിരിച്ചടക്കാന്‍ വീണ്ടും കടം വാങ്ങുന്ന അവസ്ഥ. അതെത്രത്തോളം പ്രശ്‌നമാണ്? ചൈനയുടെ സ്വകാര്യ മേഖല വായ്പാ പലിശക്കായി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 13% ചെലവാക്കുന്നു. അപ്പോള്‍ ഇനി പുതിയൊരു കടമെടുപ്പുകാരനെ വേണ്ടിവരും സര്‍ക്കാരിന്. ഇതില്‍ നല്ല ഒരു വാര്‍ത്ത ഉള്ളത് ചൈനക്കിപ്പോഴും അടിസ്ഥാന സൗകര്യ വികസനം ഏറെ വേണ്ടതുണ്ട് എന്നാണ്. പാലം പണിക്കുള്ള പണം വെറുതെ ഒഴുക്കിക്കളയേണ്ടിവരില്ല. 

പക്ഷേ അവിടെ തീരുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്നറിയാത്തത്ര പണം ചൈനയുടെ കൈവശമുണ്ട് എന്നതില്‍ നിന്നും വന്ന കുമിളകളാണിത്. കയറ്റുമതിക്കാര്‍ക്ക് കുറഞ്ഞ പലിശക്കു കടമെടുക്കാന്‍ വേണ്ടി നിസ്സാര പലിശ നിരക്കാണ് ജനങ്ങള്‍ക്ക് കേന്ദ്രബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പണപ്പെരുപ്പം മൂലം നിക്ഷേപത്തിന്റെ മൂല്യം കുറയുന്നത് മാത്രമാണ് സംഭവിക്കുന്നത് എന്നതിനാല്‍ ബാങ്കില്‍ പണം സൂക്ഷിക്കാന്‍ ജനങ്ങള്‍ക്ക് ഒട്ടും താത്പര്യമില്ല. പകരം അവരാ പണം വാസ്തു വാങ്ങാന്‍ ഇറക്കുന്നു. കാലിയായ വീടുകള്‍ വാങ്ങുന്നു, വില കൂടുമെന്ന് കരുതി അതങ്ങിനെതന്നെ ഇടുന്നു. അല്ലെങ്കില്‍ 7.2% വരെ പലിശ വാഗ്ദാനം ചെയ്യുന്ന നിഴല്‍ ബാങ്ക് പരിപാടികളില്‍ പണമിറക്കുന്നു. അതില്‍ പലതും ഉപേക്ഷിക്കപ്പെട്ട ഭാവന പദ്ധതികളുടെ പേരിലും. ചുരുക്കത്തില്‍ കുറച്ചു കാശ് കൂടുതല്‍ കിട്ടുമെന്ന് തോന്നിയാല്‍ ആളുകള്‍ അങ്ങോട്ടോടുകയാണ്; അതും പൊള്ളയാണെന്ന് തെളിയും വരെ. 

ഓഹരികളുടെ കാര്യത്തില്‍ അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. 2007ലെ ഉയരത്തിലൊന്നും അതെത്തുന്നില്ല. എന്നാല്‍ ഷാങ്ഹായ് സൂചിക കഴിഞ്ഞ 6 മാസത്തില്‍ 50 പോയന്റ് ഉയര്‍ന്നു. എന്തുകൊണ്ട്? അത് നേട്ടമല്ല. അത് കടമാണ്. ആകെ നട്ടംതിരിയുന്ന നിക്ഷേപകര്‍ കടമെടുത്ത കാശും ഓഹരിയില്‍ ഇറക്കുകയാണ്. ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ക്ക് കടം കൊടുക്കുന്ന ദല്ലാള്‍ പണനിധികള്‍ 2014ല്‍ ഇരട്ടിയിലേറെയായി. ദല്ലാള്‍ പണം ഓഹരി വാങ്ങാന്‍ കടമെടുക്കുന്നതിന് അടുത്ത 3 മാസത്തേക്ക് അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഒറ്റ ദിവസം 7.7 ശതമാനമാണ് സൂചിക ഇടിഞ്ഞത്. ചൈനയില്‍ പാര്‍പ്പിട കുമിള മാറി ഓഹരിക്കുമിള വരുന്നു എന്നാണ് സൂചന. 

നിരക്കുകളും പണപ്പെരുപ്പവും താണിരിക്കുന്ന സമയത്ത് ഇരു കുമിളകളും ഒരേ സമയം പൊട്ടും എന്നാണ് ആശങ്ക. ആളുകള്‍ പണത്തിന് മുകളില്‍ അടയിരിക്കാം എന്നാണ് കരുതുന്നത്. ആകര്‍ഷകമായ മറ്റൊരു കുമിള കാണാത്തതായിരിക്കാം കാരണം. ആളുകളില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നത് ചൈനയെപ്പോലെ ഏകകക്ഷി സര്‍ക്കാരിനും എളുപ്പമല്ല. പ്രത്യേകിച്ചും ഇതാദ്യമായി പണം രാജ്യത്തിന് പുറത്തുപോകാന്‍ തുടങ്ങുമ്പോള്‍. ചൈനക്ക് പണത്തിന്റെ മൂല്യം കുറക്കണമെന്നുണ്ട്; അതേസമയം ഡോളറുമായുള്ള വിലപേശലില്‍ പിന്നാക്കമാകാനും മടി. ചൈനക്കാര്‍ക്ക് പണം ചെലവഴിക്കാന്‍ ആശങ്ക തോന്നതിരിക്കുന്ന കാലത്തും ചൈനക്ക് നിരവധി പ്രശ്‌നങ്ങളുണ്ട്; അതുകൂടെ വന്നാല്‍ കാത്തിരുന്നു തന്നെ കാണണം. 

അത് 1929ലെ ലോക സാമ്പത്തികമാന്ദ്യത്തിന്റെ ചൈനീസ് പതിപ്പായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍