UPDATES

വിദേശം

ഓഹരി സ്വപ്നം കൈ പൊള്ളിച്ച ചൈനയിലെ കര്‍ഷകര്‍

Avatar

എമിലി റൌഹാല
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഗ്രാമ മുഖ്യനെ ആരും കണ്ടില്ല. കുറച്ചു മാസങ്ങള്‍ മുമ്പുവരെ, ഷാങ്ഹായ് ഓഹരി വിപണി സൂചികയുടെ കയറ്റിറക്കങ്ങള്‍ നോക്കാനും അതിന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കാനും കൃഷിക്കാര്‍ ഒത്തുകൂടിയിരുന്ന ഒരു താത്ക്കാലിക ഓഹരി വിപണനകേന്ദ്രമായിരുന്നു അയാളുടെ മുറ്റം. ഇപ്പോള്‍ പടി അടച്ചിട്ടിരിക്കുകയാണ്. സുരക്ഷാ ക്യാമറയുമുണ്ട്. ഓഹരി കച്ചവടക്കാരനായിരുന്ന പാര്‍ടി ലോക്കല്‍ സെക്രട്ടറിയെക്കുറിച്ച് സംസാരിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല.

“ദിവസം മുഴുവന്‍ പുറത്താണോ?” ഒരു അയല്‍ക്കാരന്‍ പിറുപിറുത്തു.

“ആര്,?” മറ്റൊരാള്‍

“ചിലപ്പോള്‍ വിമാനത്തില്‍ പറന്നുപോയിട്ടുണ്ടാകും,” മൂന്നാമതൊരുത്തന്‍ തമാശ കലര്‍ത്തി.

ഇത് ചൈനയില്‍ എമ്പാടും കാണാനാവുന്ന ഒരു രംഗമാണ്. ഈ വസന്തകാലത്ത് രാജ്യം ഓഹരിഭ്രാന്ത് പിടിച്ചവരെക്കൊണ്ട് നിറഞ്ഞു. ചൈനയിലെ ഓഹരി വിപണികള്‍ കുത്തനെ പൊങ്ങി. കടം വാങ്ങിക്കൂട്ടിയാണെങ്കിലും ദശലക്ഷക്കണക്കിന് ആദ്യനിക്ഷേപകര്‍ വിപണിയിലേക്കൊഴുകി. വടക്കന്‍ ചൈനയിലെ ഈ ഗ്രാമത്തില്‍ നിന്നുമുണ്ടായതുപോലെ.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പത്രങ്ങളിലെ ആവേശ വര്‍ത്തമാനങ്ങള്‍ ഇതിന് ഊര്‍ജം കൂട്ടി. ഓഹരി വിപണിയുടെ കുതിപ്പ് ചൈനയുടെ സ്വപ്നത്തിന്റെ മുന്നേറ്റമാണെന്ന് പ്രസിഡണ്ട് ക്സി ജീന്‍പിങ്ങിന്റെ വികസന കാഴ്ച്ചപ്പാടിനെ ഓര്‍മ്മിപ്പിച്ച് പീപ്പിള്‍സ് ഡെയ്ലി വിശേഷിപ്പിച്ചു. അടിസ്ഥാന സൂചിക 4000-ത്തിലെത്തിയപ്പോള്‍ പാര്‍ടി പത്രം വീണ്ടും മുഖപ്രസംഗമെഴുതി – കാളയോട്ടത്തിന്റെ തുടക്കം മാത്രമാണിതെന്ന്.

പക്ഷേ മയങ്ങാന്‍ പോയ കരടികള്‍ തിരിച്ചുവന്നു. കാളകള്‍ തിരിഞ്ഞോടാന്‍ തുടങ്ങി. ഒപ്പം ഔദ്യോഗികമായ ആത്മവിശ്വാസവും. വിപണിയെ പൊക്കാന്‍ ഒട്ടൊക്കെ നോക്കിയെങ്കിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. കറുത്ത തിങ്കളിലെ 8.5% വീഴ്ച കഴിഞ്ഞ വാരത്തില്‍ ആഗോളവിപണിയുടെ നട്ടെല്ലില്‍ വിറ പായിച്ചപ്പോള്‍ പീപ്പിള്‍സ് ഡെയ്ലി ടിബറ്റിനെക്കുറിച്ച് വര്‍ണവാര്‍ത്തകള്‍ കൊടുത്തു.

ഉറച്ചതെന്ന് കരുതിയ കുതിപ്പ് തങ്ങളുടെ ജീവിത സമ്പാദ്യം ശൂന്യതയില്‍ ലയിപ്പിച്ച് ഇത്ര വേഗം താഴെപ്പോന്നത് അത്ഭുതത്തോടെ മാത്രം കാണുകയാണ് നിക്ഷേപകര്‍; പാര്‍ടി നേതാക്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നും.

നന്‍ല്യു എന്ന ഗ്രാമം അതായിരുന്നു. ക്സിയാന്‍ പ്രവിശ്യയില്‍ രണ്ടു മണിക്കൂര്‍ യാത്രയുള്ള കാര്‍ഷിക ഗ്രാമം. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടി തങ്ങളുടെ ഭാഗ്യത്തിന്റെ അപൂര്‍വനിമിഷങ്ങളില്‍ ഈ കര്‍ഷക സമൂഹം.

ഗ്രാമത്തിലെ വൃദ്ധരുടെ ഓര്‍മ്മകളില്‍ യുദ്ധം, ക്ഷാമം, വിപ്ലവം. കാര്യങ്ങള്‍ മെച്ചപ്പെട്ടുവരുന്നതിന്റെ ആശ്വാസം. ചെറുപ്പക്കാര്‍ക്ക് നഗരങ്ങളില്‍ ജോലി. പണം, പുത്തന്‍ കുപ്പായങ്ങള്‍, സ്മാര്‍ട് ഫോണുകള്‍, രണ്ടു നില വീടുകള്‍.  

കൃഷി കഠിനമാണ്. സ്ഥിരം പണിയില്ല. പലരും കഷ്ടപ്പെടുന്നു. ഈ വര്‍ഷത്തെ ഓഹരിക്കുതിപ്പ് തുടങ്ങിയപ്പോള്‍ കൃഷിയിലെ പണം ഓഹരിയിലിറക്കുന്ന കുറച്ചുപേരാണ് ഉണ്ടായിരുന്നത്. ഓഹരിയില്‍ പണം പെരുകുന്ന പൊലിപ്പുള്ള വാര്‍ത്തകള്‍ വന്നുതുടങ്ങിയതോടെ നിക്ഷേപകരുടെ എണ്ണം കൂടി. പ്രാദേശിക നേതാവ് കളത്തില്‍ ഇറങ്ങിയതോടെ അത് കുതിക്കാനും തുടങ്ങി.

വിരമിച്ച അദ്ധ്യാപകനായ 64-കാരന്‍ നാന്‍ ക്സിങ്ഗ്ലാവോവിനും ഭാര്യ വാങ് കൈവക്കും ജോലി ചെയ്തും 1.6 ഏക്കര്‍ കൃഷിയിടത്തില്‍ നിന്നുമായി കഷ്ടപ്പെട്ടുണ്ടാക്കിയ ജീവിത സമ്പാദ്യം നഷ്ടമാകുമോ എന്ന ഭയമുണ്ടായിരുന്നു. എങ്കിലും അയാള്‍ പ്രലോഭിതനായി. കൃഷി കഠിനാധ്വാനമാണ്. ശരീരത്തിനും വയ്യ. ബുദ്ധികൊണ്ടൊരു കളി കളിക്കാം. അകന്ന ബന്ധു കൂടിയായ പാര്‍ടി സെക്രട്ടറിയും പറഞ്ഞു; ഇതാണ് ശരിയായ സമയം, വിട്ടുകളയരുത്. നേതാവ് ഓഹരിക്കളിയില്‍ കേമനാണെന്ന് ശ്രുതിയുണ്ടായിരുന്നു-ബാക്കി സ്വയം പഠിച്ചെടുക്കാമെന്നും നാന്‍ കരുതി.

ഭാര്യയുടെ എതിര്‍പ്പ് അവഗണിച്ച് നാന്‍ ഏതാണ്ട് 12,500 ഡോളര്‍ വരുന്ന തുക ഓഹരിയിലിറക്കി. അവരുടെ ജീവിതസമ്പാദ്യത്തിന്റെ പകുതി വരുമത്. മിക്ക നവ നിക്ഷേപകരെയും പോലെ ഫലം ഉടനടി കണ്ടു; നിക്ഷേപം പലതും ഇരട്ടിയായി. പിന്നെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമൊക്കെ കടം വാങ്ങി ഭാഗ്യത്തിന് പിന്നാലേ പായുകയായിരുന്നു.

ഓഹരി വിപണിയുടെ താളത്തിലായിരുന്നു പിന്നെ ഗ്രാമത്തിന്റെ ദിനചര്യകള്‍. കൃഷിക്കാര്‍ വെയില്‍ മൂക്കും മുമ്പേ കൃഷിക്കളം വിടും. പിന്നെ ഓഹരി വിപണിയുടെ കച്ചവട രാശികള്‍ നോക്കിയിരിക്കും. വിപണി അടച്ചാല്‍ പുറത്തിറങ്ങും. സന്ധ്യയായാല്‍ വീണ്ടും പുത്തന്‍ അഭ്യൂഹങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒത്തുചേരുകയായി; സര്‍ക്കാര്‍ പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകുമോ? ബ്ലൂ-ചിപ് ഓഹരികള്‍ക്ക് അപ്പോള്‍ എന്തു സംഭവിക്കും?

വൈ-ഫി ശേഷി മെച്ചമായ ല്യൂ ലിയങ്ഗ്വോയുടെ വളക്കടയില്‍ ലാപ്ടോപ്പിന് ചുറ്റും ആളുകള്‍ കൂടും. പരിചിതനായ നിക്ഷേപകന്‍ വാങ് ലീയുടെ പലചരക്ക് കടയില്‍ വൈകുന്നേരം ഓഹരി ചര്‍ച്ച കൊഴുക്കും.

എന്നും വൈകീട്ട് നാന്‍ വീട്ടില്‍ മടങ്ങിയെത്തി ഭാര്യയോട് വിശേഷങ്ങള്‍ പങ്കുവെക്കും- എല്ലാം നിറങ്ങള്‍ പൂശിയ നല്ല വാര്‍ത്തകള്‍.

അങ്ങനെയിരിക്കെ വിപണി ഇടിഞ്ഞു. വിശ്വസിക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടി.

ചാഞ്ചാട്ടങ്ങള്‍ ഗ്രാമത്തിലെ കര്‍ഷകര്‍ക്ക് പരിചിതമായിരുന്നു-അവരുടെ ജീവിതങ്ങള്‍ കാലാവസ്ഥയുടെയും, വിളകളുടെ വില നിശ്ചയിക്കുന്ന ദൂരത്തുള്ള അധികാരികളുടെയും ഇഷ്ടാനിഷ്ടങ്ങളുടെയും ചാഞ്ചാട്ടങ്ങളുടെ കൃഷി കൂടിയായിരുന്നു. പക്ഷേ ഒരു കൊല്ലത്തെ അധ്വാനവും സമ്പാദ്യവും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാകുന്നത് അവര്‍ക്ക് താങ്ങാനായില്ല.

വിപണി ഇടിയാന്‍ തുടങ്ങിയപ്പോള്‍ പലചരക്കുകടക്കാരി വാങ് ലീയെപ്പോലെ പലരും കാശ് പിന്‍വലിക്കാന്‍ തുടങ്ങി. പക്ഷേ നാന്‍ കുലുങ്ങിയില്ല. വിശ്വാസം, അതായിരുന്നു എല്ലാം. ഓണ്‍ലൈനിലെ വാര്‍ത്തകള്‍ വായിച്ചു അയാള്‍ ഉറപ്പിച്ചു; ഇതാണ് ശരിയായ സമയം. അധികൃതര്‍ വിദേശ ശത്രുക്കളെ കുറ്റപ്പെടുത്തി. നിക്ഷേപകരോട് രാജ്യസ്നേഹികളാകാന്‍ ആഹ്വാനങ്ങള്‍ വന്നു.

“ഇതിപ്പോള്‍ ഓഹരി വിപണിയുടെ മാത്രം പ്രശ്നമല്ല. ചൈനയുടെ സമ്പദ് രംഗത്തെ ദുര്‍ബ്ബലമാക്കാന്‍ ശ്രമിക്കുന്ന ശക്തികളുമായി ഞാന്‍ ഏറ്റുമുട്ടും,” സിനാ വെയ്ബോ ഡെപ്യൂട്ടി മാനേജര്‍ ഓണ്‍ലൈനില്‍ എഴുതി. സാമാന്യ ആഹ്വാനമാണ് വെയ്ബോ ടി വി ഏകീക്യൂട്ടീവ് ഫാന്‍ ഷാവോക്സുവാനും നല്കിയത്,“ഓഹരി വിറ്റഴിക്കരുത്. അവസാനത്തുട്ടും കൈവിട്ടുപോയാലും രാജ്യത്തിന്റെ അഭിമാനം നേടുക.”

നാനിന്റെ ഭാര്യക്ക് ചിരിക്കണോ കരയണോ എന്നു നിശ്ചയമില്ലാതായിരുന്നു. “ഈ പൊരിവെയിലത്ത് പാടത്ത് പോയി ഞാന്‍ പൊട്ടും പൊടിയുമായി ഉണ്ടാക്കുമ്പോള്‍, ഒറ്റ ദിവസം കൊണ്ട് അങ്ങേര് ഇത്രയും പണം കളഞ്ഞു കുളിക്കുന്നോ?,” ഒരു വരണ്ട ചിരിയോടെ അവര്‍ അമ്പരന്നു. 

ജൂലായ് മാസത്തില്‍ വിപണി ഇടിഞ്ഞു തുടങ്ങുകയും പുതിയ വാര്‍ത്തകള്‍ക്കായി വാര്‍ത്താലേഖകര്‍ ഗ്രാമത്തിലെത്തുകയും ചെയ്തു തുടങ്ങിയതോടെ ഗ്രാമമുഖ്യന്റെ മുറ്റത്തെ ഓഹരിചര്‍ച്ചകള്‍ക്ക് ആളു കുറഞ്ഞു തുടങ്ങി. അയാളെവിടെയാണെന്നതിനെ കുറിച്ചു ആരും ഒന്നും മിണ്ടുന്നില്ല. വിഷയം രാഷ്ട്രീയമായി അപകടകരമാണ്.

വെള്ളിയാഴ്ച്ചയോടെ, വിപണിയില്‍ വീണ്ടുമൊരു പണമിടിച്ചിലിന്റെ ദുരന്തം കഴിഞ്ഞപ്പോള്‍ ല്യൂവിന്റെ വളക്കടയില്‍ ആളുകള്‍ വീണ്ടും വീഡിയോ ഗെയിം കളിക്കാന്‍ തുടങ്ങി. ല്യൂവിനും കാശ് പോയി. എന്നാലും അയാള്‍ നിക്ഷേപം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല. “മണ്ണില്‍ പണിയെടുത്ത് നിങ്ങള്‍ക്ക് ജീവിക്കാനുള്ള വരുമാനം ഉണ്ടാകില്ല.”

വാങ് ലിലി തന്റെ കടയില്‍ ഇപ്പൊഴും ഓഹരി നിക്ഷേപകരായ കര്‍ഷകരെ ഇരുത്താറുണ്ട്. വിപണി തിരിച്ചുവരും എന്നവര്‍ വിശ്വസിക്കുന്നു. “സമ്പദ് രംഗം മുന്നോട്ടേ പോകൂ, പിന്നോട്ടല്ല.”

നാനിന് പൊടുന്നനെയുണ്ടാകുന്ന ആ പണത്തിന്റെ രുചി മറക്കാനാകുന്നില്ല.അയാള്‍ പാടത്തേക്ക് പണിക്ക് തിരിച്ചുചെല്ലണമെന്ന് ഭാര്യ വാങ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പോയ പണം, അല്ലെങ്കില്‍ അതിലുമേറെ തിരികെപ്പിടിക്കാനാകും എന്ന വിശ്വാസത്തിലാണയാള്‍. ഫോണില്‍ വിപണി നിലവാരം ഇടക്കിടെ നോക്കുന്നതിനിടെ ദേഷ്യമുണ്ടെങ്കിലും മറച്ചുവെച്ചാകാം, പ്രാദേശിക നേതാവിനെയും കമ്മ്യൂണിസ്റ്റ് പാര്‍ടിയെയും അയാള്‍ വാനോളം പുകഴ്ത്തി.

അയാളുടെ മേശപ്പുറത്ത് രണ്ടു പുതിയ പുസ്തകങ്ങള്‍: “The Simplest Things in Investment”, പിന്നെ വൈരുദ്ധ്യം നിറഞ്ഞ തലക്കെട്ടുമായി  “A Farmer’s Hundreds  of Millions of Wealth Legend”- പ്രതിബന്ധങ്ങളെ അതിജീവിച്ച് ധനികനായ ഒരു കര്‍ഷകന്റെ –നടക്കാത്ത- കഥ. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍