UPDATES

സിനിമാ വാര്‍ത്തകള്‍

“നാഷണലിസ്റ്റ് പാര്‍ട്ടിയെ അങ്ങനെ പുകഴ്ത്തണ്ട”: രണ്ടാം ലോകയുദ്ധ കഥ പറഞ്ഞ സിനിമയുടെ റിലീസ് ചൈന റദ്ദാക്കി

ഈ മാസം ആദ്യം നടന്ന ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയിരുന്നു.

രണ്ടാം ലോക യുദ്ധകാലത്തെ കഥ പറയുന്ന സിനിമയുടെ റിലീസ് ചൈന റദ്ദാക്കി. ജൂലൈ 5ന് റിലീസ് ചെയ്യാനുദ്ദേശിച്ച ‘800’ (The Eight Hundred) റദ്ദാക്കിയെന്നും പുതിയ റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഈ മാസം ആദ്യം നടന്ന ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. അതേസമയം കാരണമെന്താണെന്ന് അണിയറപ്രവര്‍ത്തകരോ സര്‍ക്കാരോ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയില്‍ സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കടുത്ത നിയന്ത്രണങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.

കമ്മ്യൂണിസ്റ്റുകളുടെ എതിരാളിയായ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം ലോക യുദ്ധകാലത്തെ വീരോചിത ചെറുത്തുനില്‍പ്പുകളെ പ്രമേയമാക്കിയ സിനിമയായതിനാലാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് ‘ഡണ്‍കിര്‍ക്ക്’ എന്നും, ‘ബാറ്റില്‍ ഓഫ് ഷാങ്ഹായ്’ എന്നും എന്നറിയപ്പെടുന്ന 1937ലെ രണ്ടാം ചൈന-ജപ്പാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ധീരമായ പങ്കുവഹിച്ചതെന്നും ദേശീയ പാര്‍ട്ടി നാമമാത്രമായ സേവനമാണ് അനുഷ്ടി’ച്ചതെന്നുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാലങ്ങളായി പ്രചരിപ്പിച്ചുപോരുന്നത്.

മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള യാഥാസ്ഥിതിക വിഭാഗങ്ങള്‍ സിനിമയെ വിമര്‍ശിച്ചുകൊണ്ട് നേരത്തെ രംഗത്തെത്തിയിരുന്നു. വിരമിച്ചുവെങ്കിലും അവരിപ്പോഴും പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ചൈന സ്ഥാപിതമായതിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ‘800’ തീര്‍ത്തും അനുചിതമായൊരു ശ്രദ്ധാഞ്ജലിയാണെന്നാണ് ചൈന റെഡ് കള്‍ച്ചര്‍ റിസര്‍ച്ച് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത 17 പേരും ഏകകണ്ഠമായി പറഞ്ഞത്.

1937-ലെ ഷാങ്ഹായ് യുദ്ധത്തില്‍ ചൈനീസ് സൈന്യത്തിന്റെ അഭാവത്തില്‍ ഒരു വെയര്‍ഹൗസ് സംരക്ഷിക്കുന്നതിന് നൂറുകണക്കിന് ചൈനീസ് നാഷണലിസ്റ്റ് സൈനികര്‍ ദിവസങ്ങളോളം പോരാടിയ ഐതിഹാസിക സംഭവ കഥയാണ് ചിത്രം പറയുന്നത്. പോരാളികള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടേണ്ടവരാണെന്നും, എന്നാല്‍ നാഷണലിസ്റ്റ് പാര്‍ട്ടിക്ക് വിരോചിത പരിവേഷം നല്‍കിയത് ശരിയായില്ലെന്നുമാണ് പ്രധാന വിമര്‍ശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍