UPDATES

വിദേശം

യു.എസ് യുദ്ധക്കപ്പലുകള്‍ വീണ്ടും ഫിലിപ്പൈന്‍സിലേക്ക്; സുബിക് ബെയിലെ രാവുകള്‍ക്ക് ചൂടേറുന്നു

Avatar

എമിലി റൌഹാല
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫിലിപ്പൈന്‍സിലെ സുബിക് ഉള്‍ക്കടല്‍- ഈ പഴയ യു.എസ് സൈനിക താവളത്തില്‍ വീണ്ടും ചായം പൂശിയിരിക്കുന്നു. അമേരിക്കന്‍ കൊടികള്‍ പറക്കുന്നുണ്ട്. സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ നിഴല്‍ പരക്കുന്നു.

ഏതാണ്ട് 25 വര്‍ഷം മുമ്പ് തങ്ങളുടെ പഴയ കൊളോണിയല്‍ യജമാനന്മാരില്‍ നിന്നും രാജ്യത്തെ വിമുക്തമാക്കുമെന്ന് പറഞ്ഞ്, പെണ്‍കുട്ടികള്‍ മദ്യം വിളമ്പുന്ന നിശാമദ്യശാലകളില്‍ നിന്നും വിദേശാധിപത്യത്തില്‍ നിന്നും മുക്തമായ ഭാവി വാഗ്ദാനംചെയ്ത് ഈ താവളത്തിലെ യു.എസ് സൈനികരെ പുറത്താക്കാനാണ് ഫിലിപ്പിനോ രാഷ്ട്രീയക്കാര്‍ സമരം ചെയ്തത്.  ഇപ്പോള്‍ ചൈനയുടെ കപ്പലുകള്‍ തീരത്തിനടുത്ത്  ഒഴുകിനടക്കുമ്പോള്‍ അമേരിക്കക്കാര്‍ തിരികേ വന്നിരിക്കുന്നു. കോഴിക്കാലുകള്‍ കടിച്ചുവലിച്ച്, ബീര്‍ നുണഞ്ഞു, ലിബര്‍ട്ടി സ്പോര്‍ട്ട്സ് ബാറില്‍ അവരുണ്ട്. വിളമ്പുകാരായ പെണ്‍കുട്ടികള്‍ ചുവപ്പും നീലയും വെള്ളയും കുപ്പായങ്ങളില്‍ തിരക്കിട്ട് നടക്കുന്നു.

യു.എസും ഫിലിപ്പൈന്‍സും തമ്മില്‍ വീണ്ടും സൈനികബന്ധം സജീവമാകും എന്ന കണക്കുകൂട്ടലില്‍ അഞ്ചുമാസം മുമ്പാണ് മാര്‍ക് ലിന്‍ഡ്സേ,48, ഇവിടെ ഈ മദ്യശാല തുറന്നത്. അന്നുമുതല്‍ യു.എസ് യുദ്ധക്കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, ഏറ്റവുമൊടുവില്‍ നാലുദിവസത്തെ സൌഹൃദ സന്ദര്‍ശനത്തിന് ഒരു ജപ്പാന്‍ വിമാനവാഹിനിക്കപ്പലും എത്തി. 

“കൂടുതല്‍ സൈന്യമുണ്ടെങ്കില്‍ അത്രയും നന്ന്, കൂടുതല്‍ കപ്പലുകളും,” അയാള്‍ പറഞ്ഞു.

ഏഷ്യയില്‍ സംഭവിക്കുന്ന തന്ത്രപരമായ വലിയ മാറ്റങ്ങളെയാണ് സബിക്കിലേക്കുള്ള യു.എസിന്റെ മടങ്ങിവരവ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിലിപ്പൈന്‍സിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇത് ചൂടുപിടിച്ച വിഷയമാവുകയും ചെയ്തു.

കരുത്താര്‍ജിച്ച ചൈനയുടെ അവകാശവാദം തെക്കന്‍ ചൈന കടല്‍ ഏതാണ്ട് മുഴുവനായും തങ്ങളുടെ അധീനതയിലാകണം എന്നാണ്. അത് ഫിലിപ്പൈന്‍സ്, വിയറ്റ്നാം, മലേഷ്യ എന്നീ രാജ്യങ്ങളുടെ സ്വതന്ത്ര വ്യാപാര മേഖലകളിലൂടെയാണ് ഈ കടല്‍ അതിര്‍ത്തികള്‍ ചൈന വരയ്ക്കുന്നത്. പ്രദേശത്ത് പലയിടത്തായി ദ്വീപുകള്‍ സൃഷ്ടിച്ച ബീജിംഗ്, സൈനിക അടിസ്ഥാന സൌകര്യങ്ങളടക്കം അവിടെ നിര്‍മ്മിച്ചിട്ടുമുണ്ട്.

ചൈനയുടെ നിലപാട് ഫിലിപ്പൈന്‍സിനെയും യു.എസിനെയും വീണ്ടും ഒന്നിപ്പിക്കുകയാണ്. ഈ വര്‍ഷം അമേരിക്കയുമായി ഉണ്ടാക്കിയ Enhanced Defense Cooperation Agreement (EDCA) അഞ്ചു ഫിലിപ്പൈന്‍സ് താവളങ്ങളില്‍ സൌകര്യങ്ങള്‍ ഉണ്ടാക്കാന്‍ യു.എസിന് അനുമതി നല്കുന്നു. ഇപ്പോള്‍ സൈനിക തുറമുഖമല്ലാത്ത, വാണിജ്യ തുറമുഖമായ സുബിക് ഉല്‍ക്കടലില്‍ കൂടുതല്‍ ആയുധ സാമഗ്രികളെത്തും.

അമേരിക്കയുടെയും ചൈനയുടെയും യുദ്ധക്കപ്പലുകള്‍ സംഘര്‍ഷം വളര്‍ത്തും വിധം അരികിലൂടെ പോകുന്നു എന്നാണ് പുതിയ അവസ്ഥ. ഫിലിപ്പൈന്‍സിന്റെ പരമാധികാരവും ദുര്‍ബലമായ സാമ്പത്തിക നേട്ടങ്ങളും സംരക്ഷിക്കുന്ന വിധത്തില്‍ എങ്ങനെയാണ് ഈ വന്‍ശക്തികളെ കൈകാര്യം ചെയ്യുക എന്നതാണു പുതിയ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളി.

“കീഴടങ്ങാത്തവിധത്തില്‍ ചൈനയുമായുള്ള ബന്ധം സാധാരണഗതിയിലാക്കുക എന്നതാണ് അവരുടെ വെളുവിളി,”ഫിലിപ്പീന്‍ സര്‍വകലാശാലയിലെ സമുദ്രഗതാഗത നിയമ വിദഗ്ധന്‍  ജെയ് എല്‍ ബാറ്റോങ്ബാകള്‍ പറഞ്ഞു.

സുബിക് ഉള്‍ക്കടല്‍ എക്കാലത്തും വിദേശ നാവിക ശക്തികളുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു. 1880-കളില്‍ സ്പാനിഷ് നാവിക സേന ആയിരുന്നുവെങ്കില്‍ 1898-ല്‍ സ്പെയിനുമായുള്ള യുദ്ധത്തിന്നു ശേഷം അമേരിക്കക്കാരുടെ ഊഴമായി. വിയറ്റ്നാം യുദ്ധകാലത്ത് ലക്ഷക്കണക്കിനു യു.എസ് സൈനികരുടെ കുപ്രസിദ്ധമായ വിശ്രമത്താവളമായിരുന്നു അത്.

1992-ല്‍ യു.എസ് വിട്ടൊഴിഞ്ഞപ്പോള്‍ ചൈന അത്ര ഗൌരവത്തിലെടുക്കേണ്ട ഒരു വിദേശ ശക്തിയായി പരിഗണിക്കപ്പെട്ടില്ല. തന്ത്രപരമായ നേട്ടങ്ങളെക്കാള്‍ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലായിരുന്നു അവരുടെ മുന്‍ഗണന. പക്ഷേ  മൂന്നുവര്‍ഷത്തിന് ശേഷം തര്‍ക്കത്തിലിരുന്ന സ്പാര്‍ട്ട്ലി ദ്വീപുകളില്‍ ചൈന മീന്‍പിടുത്ത കൂടാരങ്ങള്‍ പണിതു.

“അവരത് വീണ്ടെടുത്തപ്പോള്‍ അതുകൊണ്ടെന്ത് ചെയ്യാനാണ് എന്നു ഞങ്ങള്‍ കരുതി,” ഫിലിപ്പൈന്‍സ് സുപ്രീം കോടതിയിലെ ജസ്റ്റിസ് അന്റോണിയോ കാപ്രിയോ പറഞ്ഞു. “ഇന്നിപ്പോള്‍ അത് നാവിക, വ്യോമസേനകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ ഫിലിപ്പൈന്‍സിലെ ചില നഗരങ്ങളെക്കാളും വലുതാണ്.

2012-ല്‍ ക്സി ജിന്‍പിങ് അധികാരത്തിലെത്തിയതോടെ സുബിക് ഉള്‍ക്കടലിന് പടിഞ്ഞാറുള്ള പാറകളും പവിഴപ്പുറ്റും നിറഞ്ഞ സ്കാര്‍ബറോ ഷോലിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ക്രമേണ ചൈന ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇത് ചൈനയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ഫിലിപ്പൈന്‍സിന്റെ ചിന്താഗതിയെ മാറ്റിയെന്നും മനിലയിലെ ഡേ ല സെല്ല സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ റിച്ചാട് ജാവദ് ഹൈദരിയന്‍ പറഞ്ഞു.

“ഫിലിപ്പൈന്‍സ് കരുതിയത് ഇത് അയല്‍ക്കാരനായ അമ്മാവന്‍ ക്സി ആണെന്നാണ്. എന്നാല്‍ അമ്മാവന്‍ ക്സി, അങ്കിള്‍ സാമിനേക്കാള്‍ ഉഷാറാകാന്‍ പറ്റുന്നയാളാണെന്ന് ഞങ്ങള്‍ മനസിലാക്കി.”

യു.എസ് സേനയുടെ മടങ്ങിവരവ് ചൈനയെ ആകെ അസ്വസ്ഥരാക്കുന്നുണ്ട്. “തെക്കന്‍ ചൈന കടലിനെ സൈനികവത്കരിക്കുന്നതിനെക്കുറിച്ചാണ് യു.എസ് സേന എപ്പോഴും സംസാരിക്കുന്നത്,” ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ്ങ് പറഞ്ഞു. “തെക്കന്‍ ചൈന കടലിലും പരിസരത്തും അവര്‍ നടത്തുന്ന സേന വിന്യാസം സൈനികവത്ക്കരണമാണോ അല്ലയോ എന്നു അവര്‍ തന്നെ വിശദീകരിക്കുമായിരിക്കും.”

തെക്കന്‍ ചൈന കടല്‍ തര്‍ക്കത്തില്‍ ഒരു അന്താരാഷ്ട്ര ട്രിബ്യൂണലിന്റെ വിധിക്ക് കാക്കുകയും പുതിയ ധാരണയുടെയും പശ്ചാത്തലത്തില്‍ ചൈന ഈ പ്രദേശത്തെ ഒരു സൈനിക താവളമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു എന്ന് അവര്‍ ഭയക്കുന്നു.

പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ചൈനയെ നാസി ജര്‍മ്മനിയോട് താരതമ്യം ചെയ്ത നിലവിലെ പ്രസിഡണ്ട് ബെനിഗ്നോ അക്വീനോയുടെ നയം പുതിയ പ്രസിഡണ്ടും തുടരുമോ അതോ ചൈനയുമായി നല്ല ബന്ധത്തിനുള്ള വാതില്‍  അമേരിക്കക്കാരെ പിണക്കാതെ തുറക്കുമോ എന്നും കണ്ടറിയണം.

ചൈനയുമായി ചര്‍ച്ചകള്‍ നടത്തുമെന്നാണ് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി റോഡ്രീഗോ ദുടെര്‍ടെ പറയുന്നതു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിയമപരമായ നീക്കങ്ങള്‍ തുടരുമെന്ന് എതിരാളികളായ ഗ്രേയ്സ് പോയും അക്വീനോയുടെ പിന്‍ഗാമിയെന്ന് കരുതുന്ന മാനുവല്‍ റൊക്സാസും പറഞ്ഞു.

നല്ലതിനോ ചീത്തക്കോ,സുബികില്‍ എന്തായാലും കൂടുതല്‍ കപ്പലുകളും സൈനികരും ഉറപ്പാണ്.

ലൈംഗിക വ്യാപാരത്തിനെ എതിര്‍ക്കുന്നവര്‍ യു.എസ് മടങ്ങിവരവില്‍ ആശങ്കാകുലരാണ്. 2014-ല്‍ മൂന്നാംലിംഗത്തില്‍ പെട്ട ജെന്നിഫര്‍ ലൌദിനെ ഒരു യു.എസ് സൈനികന്‍ കൊന്ന സംഭവം അവരോര്‍ക്കുന്നു.

ഇവിടെയുള്ള മറ്റ് പലര്‍ക്കും സന്ദര്‍ശകര്‍ കൂടുമെന്നുള്ളതാണ് നല്ലകാര്യമായി തോന്നുന്നത്. അത് ഈ പ്രദേശത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. ലിബര്‍ട്ടിയുടെ ഉടമ ലിന്‍ഡ്സെ പറയുന്നു, “ചൈന ഇങ്ങനെ നിന്നാല്‍ കച്ചവടത്തിന് നല്ലതാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍