UPDATES

വിദേശം

വീണ്ടും ടിയാനെന്‍മെന്‍: ഹോങ്കോങ്ങിന്റ്റെ അന്തിമ തിരക്കഥ ചൈനയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നു?

Avatar

ടീം അഴിമുഖം

ഹോങ്കോങ്ങ് നഗരത്തിലെ സെന്‍ട്രല്‍ ഡിസ്ട്രിക്ടില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ജനാധിപത്യ പ്രക്ഷോഭകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് പതിറ്റാണ്ടുകള്‍ക്കിടയില്‍ നടക്കുന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭം. ലോകത്തെങ്ങുമുള്ള മാധ്യമങ്ങള്‍ ഇതിനെ 1989-ല്‍ ബീജിംഗിലെ ടിയാനന്മെന്‍ ചത്വരത്തില്‍ നടന്ന വിദ്യാര്‍ത്ഥി  സമരവുമായാണ് താരതമ്യപ്പെടുത്തുന്നത്. ടിയാനന്മെന്‍ പ്രക്ഷോഭകര്‍ക്ക് നേരെ ചൈനയുടെ പട്ടാളം അഴിച്ചുവിട്ട അടിച്ചമര്‍ത്തല്‍ ഭീകരത അധികൃതര്‍ ഹോങ്കോങ്ങ് സമരക്കാര്‍ക്ക് നേരെ ഇതുവരെ പ്രയോഗിച്ചിട്ടില്ല. പക്ഷേ, അത്തരമൊരു സാധ്യത  തള്ളിക്കളയാനാവില്ല.

 

ബീജിംഗില്‍ നിന്നും വന്ന പുതിയ താക്കീത് 1989-ലെ നിലപാടിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ പത്രമായ പീപ്പിള്‍സ് ഡെയ്ലി പറയുന്നതു സമരക്കാര്‍ ‘ആകെ തകിടം മറിക്കുന്നു’ എന്നാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ അതൊരു പ്രധാന പദമാണ്. അധികാരത്തിലുള്ള പാര്‍ടിയുടെ നിയന്ത്രണത്തെ ഈ സാഹചര്യം ചോദ്യംചെയ്യുന്നു എന്നാണതിന്റെ സൂചന. അതുകൊണ്ടു നിര്‍ണായക നടപടി ആവശ്യം വരുമെന്നും. ടിയാനന്മെന്‍ ചത്വരത്തിലെ സാഹചര്യത്തെ വിശേഷിപ്പിക്കാനും ഇതേ വാക്കുതന്നെ ഉപയോഗിച്ചു എന്നും ഇപ്പോള്‍ ഓര്‍ക്കണം.

 

 

ടിയാനന്മെന്‍ ഓര്‍മ്മകളും അതിന്റെ ചരിത്ര ശേഷിപ്പുകളും ഇന്നത്തെ‘കുട വിപ്ലവത്തിന്റെ’– പോലീസിന്റെ കണ്ണീര്‍വാതകത്തില്‍ നിന്നും, കുരുമുളകുവെള്ള പ്രയോഗത്തില്‍ നിന്നും പ്രതിരോധിക്കാന്‍ പ്രക്ഷോഭകര്‍ നീട്ടിപ്പിടിച്ച കുടകളില്‍ നിന്നുമാണ് ആ പേര് കിട്ടിയത്- സമയത്ത്  നിര്‍ണായകമാണ്. അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ചൈനയുടെ നിയന്ത്രണത്തിലുള്ള ഏകസ്ഥലമായ ഹോങ്കോങ്ങില്‍ ടിയാനന്മെന്‍ കൂട്ടക്കൊലയുടെ ഓര്‍മ്മദിനം ജാഗ്രതയോടെ ആചരിക്കുന്നു. ചൈനയുടെ മറ്റ് ഭാഗങ്ങളില്‍ പുതിയ തലമുറയിലെ പലര്‍ക്കും അതിനെക്കുറിച്ച് ഒരിക്കലും കേള്‍ക്കുക പോലും ചെയ്യാത്തവിധത്തില്‍ ചരിത്രം അടര്‍ത്തിയും മുറിച്ചും തമസ്കരിച്ചും പാകപ്പെടുത്തിയിരിക്കുന്നു. അടിച്ചമര്‍ത്തലിന്റെ സാധ്യത ഉണ്ടെങ്കിലും ആ ഓര്‍മ്മകളെ ജൈവമായി നിലനിര്‍ത്താനുള്ള ഉത്തരവാദിത്തമാണ് പ്രക്ഷോഭകര്‍ സ്വയം ഏറ്റെടുത്തിരിക്കുന്നതെന്ന് പല നിരീക്ഷകരും കരുതുന്നു.

 

ആദ്യമൊരു വിദ്യാര്‍ത്ഥി പ്രതിഷേധമായി തുടങ്ങി, പിന്നീട് എല്ലാ ജനവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വളര്‍ന്ന ഈ പ്രക്ഷോഭത്തിലെ മുതിര്‍ന്ന അംഗങ്ങളെ സംബന്ധിച്ചു ഇത് പ്രത്യേകിച്ചും ശരിയാണ്. 1989-ലെ ടിയാനന്മെന്‍ സമരത്തിന് പിന്തുണ നല്കി തെരുവിലിറങ്ങിയതോര്‍ക്കുന്ന പലരും, അന്ന് പലപ്പോഴും വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നെന്നും, അധികൃതര്‍ പിന്‍വാങ്ങുന്നെന്നും തോന്നിയിരുന്നതായും കൂടി ഓര്‍ക്കുന്നു.

 

പക്ഷേ, അതിന്റെ അനന്തരഫലം വലിയൊരു ദുരന്തമായിരുന്നു. ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ഒരു ലേഖനത്തില്‍ 1989-ലെയും 2014-ലെയും സമരങ്ങളിലെ സമാനതകളെ ഏറെ ‘അസാധാരണം’ എന്നു വിശേഷിപ്പിച്ച ഗിഡ്യോന്‍ റാക്മാന്‍ ഈ സമാനതകള്‍ ബീജിംഗിനെ അസ്വസ്ഥമാക്കുമെന്നും പറയുന്നു. “ഒരിക്കല്‍ക്കൂടി ജനാധിപത്യ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ പ്രകടനങ്ങള്‍ നയിക്കുന്നു. ഒരിക്കല്‍ക്കൂടി കേന്ദ്രത്തിലെ അധികാരികള്‍ക്ക് നിയന്ത്രണം നഷ്ടമായിരിക്കുന്നു- അടിച്ചമര്‍ത്തലിന്റെയോ, നാണകെട്ട തലകുനിക്കലിന്റെയോ സാധ്യതകളുടെ അപായവും.”“ഒരിക്കല്‍ക്കൂടി, അന്തിമചോദ്യം ബീജിംഗിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധികാരത്തെയും ശക്തിയെയും കുറിച്ചാണ്,” എന്നുകൂടി റാക്മാന്‍ എഴുതുന്നു.

 

 

‘ശത്രുക്കളായ വിദേശ ശക്തികള്‍’ അസംതൃപ്തിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പതിവ് ആരോപണം കഴിഞ്ഞയാഴ്ച്ചയും സര്‍ക്കാര്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു. ടിയാനന്മെന്‍ കാലത്തെ ഭാഷയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍, സമരനേതാവ്, 17-കാരന്‍ ജോഷ്വ വോങ്ങിന് അമേരിക്കന്‍ സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഇത് ടിയാനന്മെന്‍ 2.0 ആണോ? ഒരര്‍ത്ഥത്തില്‍, ഈ പ്രതിഷേധം ടിയാനന്മെന്‍ പോലെ ഭീഷണമല്ല. പാര്‍ട്ടിക്ക് പല വഴികളുമുണ്ടുതാനും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം 

പ്രവാചകനോ യൂദാസോ? ചൈനയിലെ പള്ളിസ്ഥാപകന്റെ ശേഷിപ്പുകള്‍
ഉയ്ഗുര്‍ വേട്ട: ന്യൂനപക്ഷാവകാശങ്ങള്‍ ചൈനയുടെ കണ്ണില്‍
ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?
ചൈനയുടെ കളിജ്വരം
ബോ ക്‌സിലായി : പോളിറ്റ് ബ്യൂറോ അംഗത്തെ വിചാരണ ചെയ്യുമ്പോള്‍

തലസ്ഥാന നഗരിയിലെ രാഷ്ട്രീയത്തില്‍നിന്നും അകന്നുമാറിയ ചൈനയുടെ തെക്കേ അതിരിലുള്ള ഹോങ്കോങ്ങില്‍ പാര്‍ട്ടി പരസ്യമായി കാര്യങ്ങള്‍ നടത്തിക്കുന്നതു പോലുമില്ല. പ്രാദേശിക ജനാധിപത്യത്തിനായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍, ചൈനയിലെമ്പാടും രാഷ്ട്രീയമാറ്റം ആവശ്യപ്പെടുന്നുമില്ല.

 

‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന സമവാക്യത്തിനു കീഴിലുള്ള ഹോങ്കോങ്ങിന്റെ പ്രത്യേക പദവി മൂലം, അധികൃതര്‍ക്ക് 1989-നേക്കാള്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. കാല്‍നൂറ്റാണ്ട് മുമ്പുള്ളതിനേക്കാള്‍ ചൈനയും ഇന്നെത്രയോ സമ്പന്നവും ശക്തവുമാണ്.

 

പ്രതിഷേധങ്ങളുടെ സാമ്പത്തികപശ്ചാത്തലവും നിര്‍ണായകമാണ്. ചൈനയുടെ അധികാരകേന്ദ്രമായിരുന്ന ടിയാനന്‍മെന്നിലെ രാഷ്ട്രീയ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധയും അനുഭാവവും പിടിച്ചുപറ്റിയെങ്കില്‍, ‘ഹോങ്കോങ്ങിന്റെ വ്യാപാര ഹൃദയമായ സെന്‍ട്രല്‍’ സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതുകൊണ്ട് തന്നെ ബലപ്രയോഗം കൊണ്ട് അടിച്ചമര്‍ത്തുന്നത് ചൈനയുടെ ചില വ്യാപാര താത്പര്യങ്ങളെ ഹനിക്കാനിടയുണ്ട്. പ്രത്യേകിച്ചും ഹോങ്കോങ്ങിലെ നിക്ഷേപ വിശ്വാസത്തെ.

 

 

എന്തായാലും, ടിയാനന്‍മെന്നിലെ അടിച്ചമര്‍ത്തല്‍ അന്താരാഷ്ട്ര വാണിജ്യത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ സുപ്രധാനമായൊരു പാഠമാണ് ഓര്‍മ്മിപ്പിക്കുന്നത്. 1989-ലെ പ്രക്ഷോഭത്തിന് ശേഷം, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ബീജിങ്ങിന് മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, വിദേശ വ്യാപാരം ചൈനയില്‍നിന്നും പിന്‍വാങ്ങി. പക്ഷേ അവര്‍ വളരെപ്പെട്ടന്ന് മടങ്ങിവന്നു. ടിയാനന്‍മെന്നിലെ കൂട്ടക്കൊലകള്‍ ലോകത്തെങ്ങും ഞെട്ടലുണ്ടാക്കിയപ്പോള്‍, ചൈനയുടെ സമ്പദ് രംഗം പ്രതിസന്ധിയിലേക്കല്ല മറിച്ച് അത്  ചരിത്രത്തിലെതന്നെ ഏറ്റവും വമ്പിച്ചൊരു കുതിച്ചുചാട്ടത്തിന്റെ വക്കിലാണെന്നത് അധികമാരും കരുതിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം, സമാധാനപരമായി പ്രതിഷേധിച്ച സമരക്കാര്‍ക്ക് നേരെ സായുധാക്രമണം നടത്തിയതിന്റെ പ്രധാന ഉത്തരവാദികളിലൊരാളായ ഡെങ് സിയാവോ പിങ് വിപണി പരിഷ്കാരങ്ങളുടെ പുതിയ ഘട്ടം പ്രഖ്യാപിച്ചപ്പോളാണ് പുത്തന്‍ യുഗം വന്നത്.

 

ഒടുവിലത് ഭരണകൂടത്തിന്റെ അതിജീവനത്തിന്റെ കഥകൂടിയായി. ഏതൊരു സാമ്പത്തിക പ്രത്യാഘാതവും താത്ക്കാലികവും, കൈകാര്യം ചെയ്യാവുന്നതുമാണെന്ന് ബീജിംഗ് കണക്കാക്കും- 1989-ല്‍ തെളിയിക്കപ്പെട്ടപ്പോലെ.

 

ബീജിംഗില്‍ ധാരാളം പടിഞ്ഞാറന്‍ മാധ്യമപ്രവര്‍ത്തകരുണ്ടെന്നും, അതിക്രൂരമായൊരു അടിച്ചമര്‍ത്തലിന് വലിയ വില നല്‍കേണ്ടിവരുമെന്നും 1989-ല്‍ ചൈനക്കറിയാമായിരുന്നു എന്നുകൂടിയാണ് വാസ്തവം. എന്നിട്ടും അടിച്ചമര്‍ത്തല്‍ സംഭവിച്ചു. അതുകൊണ്ടു ഹോങ്കോങ്ങ് പ്രതിഷേധത്തിന്റെ അന്തിമ തിരക്കഥ ഇപ്പൊഴും പണിപ്പുരയിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍