UPDATES

വിദേശം

ചൈനയും വത്തികാനും തമ്മില്‍ മഞ്ഞുരുക്കം – ബിഷപ്പ് നിയമനത്തില്‍ ധാരണ; നയതന്ത്രബന്ധം പുനസ്ഥാപിക്കും

പുതിയ ധാരണ പ്രകാരം വതികാന്റെ അധികാരം ചൈന അംഗീകരിക്കും. എന്നാല്‍ ബിഷപ്പ് നിയമനത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടലുണ്ടാകും.

70 വര്‍ഷക്കാലത്തെ അകല്‍ച്ചയ്ക്ക് ശേഷം ചൈനയും വതികാനും നയതന്ത്രബന്ധം പുനസ്ഥാപിച്ചേക്കുമെന്ന് സൂചന. ബിഷപ്പ് നിയമനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ചൈനയിലെ കത്തോലിക്ക സഭ സെക്രട്ടറി ജനറലായ ഗുവോ ജിന്‍സായ് മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ കത്തോലിക്ക സഭയുടെ പരമോന്നത നേതാവായി പോപ്പിനെ കാണുന്നതിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതുവരെ അംഗീകാരം നല്‍കിയിരുന്നില്ല. പുതിയ ധാരണ പ്രകാരം വത്തികാന്റെ അധികാരം ചൈന അംഗീകരിക്കും. എന്നാല്‍ ബിഷപ്പ് നിയമനത്തില്‍ ഗവണ്‍മെന്റിന്റെ ഇടപെടലുണ്ടാകും.

1951ല്‍ വത്തികാനുമായുള്ള നയതന്ത്ര ബന്ധം ചൈന ഉപേക്ഷിച്ചിരുന്നു. അതേസമയം ചൈനയില്‍ ഗവണ്‍മെന്റ് അംഗീകൃത കത്തോലിക്ക പള്ളികളുണ്ട്. എന്നാല്‍ അവയെ നിയന്ത്രിക്കുന്നത് ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനാണ്. ചൈനയില്‍ ഒരു കോടിക്കും 1.2 കോടിക്കും ഇടയില്‍ കത്തോലിക്ക വിശ്വാസികളുണ്ട്. ഇതില്‍ പകുതിയോളം പേര്‍ പോപ്പിന് കീഴില്‍ വരുന്ന, നിയമവിധേയമല്ലാത്ത രഹസ്യ പള്ളികളുടെ ഭാഗമാണ്. ഇത്തരത്തില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന അണ്ടര്‍ഗ്രൗണ്ട് ബിഷപ്പുമാര്‍ ചൈനീസ് ഭരണകൂടം അംഗീകരിക്കുന്ന ബിഷപ്പുമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കും. ചൈനീസ് ഭരണകൂടം നിയമിച്ച ഏഴ് ബിഷപ്പുമാരെ പോപ്പ് അംഗീകരിച്ചിട്ടുണ്ടെന്നും ചൈനീസ് ചര്‍ച്ച് പറയുന്നു. അതേസമയം ഹോളി സീയും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മില്‍ അങ്ങനെ ധാരണയിലെത്താറായിട്ടൊന്നും ഇല്ലെന്നാണ് വത്തികാന്‍ ഔദ്യോഗിക വക്താവിന്‍റെ വിശദീകരണം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പോപ്പ് ഉപദേശകരുമായി ഇക്കാര്യം സംസാരിച്ച് വരുകയാണെന്നും വക്താവ് പറഞ്ഞു.

അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് പ്രവര്‍ത്തകരെ ചൈനീസ് ഗവണ്‍മെന്റ് അടിച്ചമര്‍ത്തുകയാണ് എന്ന പരാതി വതികാനുണ്ട്. ചൈനീസ് ഔദ്യോഗിക ചര്‍ച്ച് ബിഷപ്പിനോടാപ്പം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് ബിഷപ്പ് ഗുവോ സിജിനെ ചൈനീസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. തായ്‌വാനുമായുള്ള വതികാന്റെ ബന്ധവും ചൈനയ്ക്ക് അതൃപ്തിയുണ്ടാക്കുന്നതാണ്. അതേസമയം ചൈനയുമായി വത്തികാന്‍ ധാരണയുണ്ടാക്കുന്നത് കത്തോലിക്ക വിശ്വാസികളുടെ നില കൂടുതല്‍ മോശമാക്കും എന്ന് കരുതുന്നവരുണ്ട്. പോപ്പ് തങ്ങളെ വഞ്ചിച്ചു എന്നാണ് പല അണ്ടര്‍ഗ്രൗണ്ട് ചര്‍ച്ച് പ്രവര്‍ത്തകരും ആരോപിക്കുന്നത്.

വായനയ്ക്ക്: https://goo.gl/MyZTJX

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍