UPDATES

സയന്‍സ്/ടെക്നോളജി

ചൈനയില്‍ കടല്‍പാര്‍ക്കുകള്‍ വ്യാപിക്കുന്നു; കടല്‍ ജീവികളുടെ ദുരിതവും

Avatar

സിമോണ്‍ ഡെന്യെര്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ധ്രുവക്കരടികള്‍ അവയുടെ കൂടുകളില്‍ അസ്വസ്ഥരാണ്. തലതാഴ്ത്തി അവ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു. ഫോണുകളില്‍ അവയുടെ ചിത്രമെടുക്കാനായി ചൈനീസ് വിനോദസഞ്ചാരികള്‍ തിക്കിത്തിരക്കുന്നു.

വെള്ള തിമിംഗലങ്ങള്‍ ഉച്ചത്തിലുള്ള സംഗീതത്തിനൊപ്പം തലയാട്ടുന്നു. കുട്ടികളെ ചുംബിക്കുന്നു, ശ്വാസമടക്കിയിരിക്കുന്ന ജനക്കൂട്ടത്തിനുനേരെ വെള്ളം തുപ്പുന്നു.

ഒരു നീര്‍ക്കുതിര കാഹളം മുഴക്കുന്നു. നീര്‍നായ്ക്കള്‍ ഫ്രിസ്ബീ കളിക്കുന്നു. ഡോള്‍ഫിനുകള്‍ അവരുടെ പരിശീലകരെ ചുണ്ടിലേറ്റി വെള്ളത്തിലൂടെ നീങ്ങുന്നു.

ചൈനയിലെ 39 കടല്‍പാര്‍ക്കുകളില്‍ ഏറ്റവും വലുതാണ് ഷിംലോങ് കിങ്ഡം. അതിവേഗം വളരുന്ന ഈ കടല്‍പാര്‍ക്ക് വ്യവസായം ലോകത്തെ ഏറ്റവും പ്രതാപവും ബുദ്ധിയുമുള്ള കടല്‍ജീവികളെ അവയുടെ വാസസ്ഥലത്തുനിന്ന് പിടികൂടി അപര്യാപ്തവും ഇടുങ്ങിയതുമായ തടവറകളിലാക്കുകയാണ്.

തടവിലുള്ള കടല്‍ജീവികളുടെ അവസ്ഥയെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നതിനെത്തുടര്‍ന്ന് യുഎസിലെ 30 കടല്‍പാര്‍ക്കുകളില്‍ കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാല്‍ ചൈനയില്‍ നേരെ വിപരീതമാണ് കാര്യങ്ങള്‍. ഈ ജീവികളുടെ പ്രകടനം കാണാനെത്തുന്നവരെ തൃപ്തിപ്പെടുത്താനായി 16 പാര്‍ക്കുകള്‍ അവിടെ നിര്‍മാണത്തിലാണ്. ഷിംലോങ് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഒരു ദിവസം എത്തിയത് 80,000 സന്ദര്‍ശകരാണ്.

രാജ്യാന്തര മൃഗസംരക്ഷണ സംഘടനകളുടെ സംയോജിതരൂപമായ ചൈന സെറ്റാഷ്യന്‍ അലയന്‍സ് (സിസിഎ) പറയുന്നതനുസരിച്ച് ഈ പാര്‍ക്കുകളില്‍ 491 കടല്‍ജീവികളുണ്ട്. ഇവയില്‍ 279 ഡോള്‍ഫിനുകളും 114 വെള്ള തിമിംഗലങ്ങളും ഏഴ് കൊലയാളി തിമിംഗലങ്ങളും ഉള്‍പ്പെടുന്നു.

കിരാതരീതികള്‍ ഉപയോഗിച്ച് റഷ്യ, ജപ്പാന്‍, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവയില്‍ മിക്കവയെയും പിടികൂടുന്നത്. ഇത്തരം ജീവികളുടെ സാമൂഹിക ജീവിതത്തെ ചിതറിച്ച് പിടികൂടുന്നത് പലയിടത്തും അവയുടെ പ്രജനനത്തെ ബാധിക്കുകയും അതുവഴി എണ്ണം കുറയുകയും ചെയ്യുന്നതിന്  കാരണമാകുന്നു.

കടല്‍ ജീവികളുടെ ജീവിതരീതികളും ശാരീരിക അവസ്ഥകളും സങ്കീര്‍ണമാണ്. തടവില്‍ക്കഴിയുന്ന മിക്ക ജീവികള്‍ക്കും അവയുടെ സ്വാഭാവിക വാസസ്ഥലത്തെ ജീവിതാവസ്ഥകള്‍ ലഭ്യമല്ല.

ചൂഷണത്തില്‍നിന്ന് വന്യജീവികളെ രക്ഷിക്കാന്‍ 1973ല്‍ രൂപം കൊണ്ട സൈറ്റ്‌സ് കരാര്‍ അനുസരിച്ച് വെള്ള തിമിംഗലങ്ങള്‍ വംശനാശം നേരിടുന്നവയാണ്. ചൈനയിലുള്ള വെള്ള തിമിംഗലങ്ങളെല്ലാം റഷ്യയില്‍ നിന്നുള്ളവയാണ്. അവിടെ ഇവയുടെ എണ്ണം കുത്തനെ കുറയുകയാണെന്ന് സിസിഎ പറയുന്നു. ഇവ ഒരോന്നിനും 125,000 മുതല്‍ 240,000 വരെ യുഎസ് ഡോളറാണ് വില.

സ്വാഭാവിക വാസസ്ഥലങ്ങളില്‍ കൂട്ടമായി കാണപ്പെടുന്ന വെള്ള തിമിംഗലങ്ങള്‍ ദിവസം 100 മൈല്‍ വരെ നീന്താറുണ്ട്. 30 മുതല്‍ 1000 വരെ അടി ആഴത്തില്‍ മുങ്ങാനും ഇവയ്ക്കാകും. തടവിലാകുമ്പോള്‍ ആഴം കുറഞ്ഞ ടാങ്കുകളില്‍ ചുറ്റിക്കറങ്ങേണ്ടി വരുന്ന ഇവ അവയുടെ സ്വഭാവവുമായി ബന്ധമില്ലാത്ത പ്രകടനങ്ങള്‍ നടത്താനും നിര്‍ബന്ധിതരാകുന്നു.

2014ല്‍ ഇവിടെ തടവിലുണ്ടായിരുന്ന വെള്ള തിമിംഗലത്തിന് കുഞ്ഞു ജനിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടി ഒരുമാസത്തിനകം മരിച്ചു. കുഞ്ഞിനെ മുലയൂട്ടാന്‍ വേണ്ടത്ര വലിപ്പം അമ്മയും കുഞ്ഞും കഴിഞ്ഞിരുന്ന ടാങ്കിന് ഇല്ലാതിരുന്നതാണ് മരണകാരണമെന്ന് പാര്‍ക്കിലെ ജീവനക്കാര്‍ പറയുന്നു.

ഷിംലോങ്ങില്‍ 18 വെള്ള തിമിംഗലങ്ങളും 41 ഡോള്‍ഫിനുകളുമുണ്ട്. മൂന്നു ധ്രുവക്കരടികളും പൊതുപ്രദര്‍ശനത്തിനുണ്ട്. പാര്‍ക്കിലെ റസ്റ്ററന്റിനടുത്തുള്ള കൂറ്റന്‍ ടാങ്കില്‍ വമ്പന്‍ സ്രാവുകള്‍ നീന്തുന്നു. പുറത്ത് റോളര്‍ കോസ്റ്റര്‍ റൈഡുകളും കടല്‍ പ്രമേയമായ ഫ്‌ളോട്ടുകളും എന്നിങ്ങനെ ഫ്‌ളോറിഡയിലെ സീവേള്‍ഡ് ജനപ്രിയമാക്കിയ പാറ്റേണുകള്‍. അവയില്‍ ഒരല്‍പം ഡിസ്‌നിയും ചൈനീസ് രീതികളും കലര്‍ന്നിരിക്കുന്നു എന്നുമാത്രം.

ഇങ്ങനെയാണെങ്കിലും കടല്‍ജീവികള്‍ക്ക് അവയുടെ സ്വാഭാവികവാസസ്ഥലത്ത് ജീവിക്കുന്നതിനുള്ള സൗകര്യത്തിനായി ധനസഹായം നല്‍കുന്നതായി പരസ്യമായി അറിയിക്കുന്ന ചൈനയിലെ ഏക പാര്‍ക്കാണ് ഷിംലോങ്.

ഗ്വാന്‍ഗ്ഷൗവിലെ ഒരു ഷോപ്പിങ് മാളില്‍ ഗ്രാന്‍ഡ് വ്യൂ മാള്‍ ഓഷ്യന്‍ വേള്‍ഡ് കുറഞ്ഞ ചെലവില്‍ ഇത്തരമൊരു കടല്‍ജീവി പ്രദര്‍ശനം നടത്തുന്നുണ്ട്. അവിടെയും ജനം തിക്കിത്തിരക്കുന്നു.

ഇവിടെ വളരെ ചെറിയ കൂട്ടില്‍ ഒരു വെള്ളക്കരടി. ധ്രുവക്കരടിയെന്നാണ് അവകാശവാദമെങ്കിലും അത് തവിട്ടുകരടിയുടെയും ധ്രുവക്കരടിയുടെയും സങ്കരയിനമാണെന്ന് വിദഗ്ധര്‍ സംശയിക്കുന്നു. അഞ്ച് നീര്‍ക്കുതിരക്കുഞ്ഞുങ്ങള്‍ ആഴമില്ലാത്ത, വൃത്തികെട്ട വെള്ളത്തില്‍ നീന്തുന്നു. ആറു വെള്ള തിമിംഗങ്ങള്‍ ചില്ലുകൂട്ടില്‍നിന്ന് സന്ദര്‍ശകരെ കാണുന്നു. ഒരു മുറിയില്‍ ഉത്തരധ്രുവ ചെന്നായ്ക്കള്‍ ബോധമില്ലാതെ കിടക്കുന്നു.

ഷിംലോങ്ങും ഗ്രാന്‍ഡ് വ്യൂ മാള്‍ ഓഷ്യന്‍ വേള്‍ഡും ചോദ്യങ്ങളെപ്പറ്റി പ്രതികരിക്കാന്‍ തയാറായില്ല.

ഡോള്‍ഫിനുകളുടെ ബുദ്ധിശക്തി മനുഷ്യക്കുട്ടികളുടെ ബുദ്ധിക്കു തുല്യമാണെന്ന് ഹ്യുമന്‍ സൊസൈറ്റി ഓഫ് ദ് യുണൈറ്റഡ് സ്റ്റേറ്റ്‌സും വേള്‍ഡ് സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് അനിമല്‍സും വാദിക്കുന്നുണ്ട്. കണ്ണാടികളില്‍ അവയ്ക്ക് സ്വയം തിരിച്ചറിയാനാകും. ഭാഷാപരമായ സങ്കീര്‍ണതയും അമൂര്‍ത്തമായ ചിന്തയും അവയ്ക്കുണ്ട്. അവയുടെ ബുദ്ധിയും സ്വയം അവബോധവുമാണ് പരിശീലനം നേടാനും ജനക്കൂട്ടത്തെ അതിശയിപ്പിക്കാനും അവയെ പ്രാപ്തരാക്കുന്നത്. അതുകൊണ്ടുതന്നെ അവയെ തടങ്കലിലാക്കുന്നത് അധാര്‍മികമാണെന്ന് ഹ്യുമന്‍ സൊസൈറ്റി ഓഫ് ദ് യുണൈറ്റഡ് സ്റ്റേറ്റ്‌സും വേള്‍ഡ് സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് അനിമല്‍സും തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

ഇതേ വിമര്‍ശനം അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളിലെയും കടല്‍പാര്‍ക്കുകള്‍ക്കു ബാധകമാണ്. ചൈനയില്‍ ഈ വ്യവസായം അതിവേഗം വളരുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. സര്‍ക്കാരിന്റെ ഫലപ്രദമായ നിയന്ത്രണമോ നടത്തിപ്പില്‍ സുതാര്യതയോ ഇല്ലെന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

അമേരിക്കയിലേക്കാള്‍ ചൈനയില്‍ തടവിലാക്കപ്പെടുന്ന കടല്‍ജീവികളുടെ സുരക്ഷ അപകടത്തിലാണെന്ന് വാഷിങ്ടണ്‍ അനിമല്‍ വെല്‍ഫെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കടല്‍ സസ്തനി ശാസ്ത്രജ്ഞ നവോമി റോസ് ചൂണ്ടിക്കാണിക്കുന്നു. ‘ഇക്കാര്യത്തില്‍ അമേരിക്ക 50 വര്‍ഷം മുന്‍പ് എവിടെയായിരുന്നോ അവിടെയാണ് ഇന്ന് ചൈന.’

മൃഗക്ഷേമം സംബന്ധിച്ച കാര്യങ്ങളില്‍ അവബോധം കുറഞ്ഞ രാജ്യമാണ് ചൈന എന്നു പറയാറുണ്ട്. എങ്കിലും ചെറുപ്പക്കാര്‍ ഇതില്‍ താല്‍പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്. ഗ്രാന്‍ഡ് വ്യൂ മാള്‍ ഓഷ്യന്‍ വേള്‍ഡില്‍ പ്രദര്‍ശനത്തിലുള്ള ജീവികളുടെ ചിത്രങ്ങള്‍ ഈയിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. സന്ദര്‍ശകരില്‍ പലരും ജീവികളുടെ ക്ഷീണിതമായ, സഹതാപം അര്‍ഹിക്കുന്ന അവസ്ഥ നിരീക്ഷിച്ചുതുടങ്ങിയിട്ടുമുണ്ട്.

ഷിംലോങ്ങില്‍ ഒരു ചെറിയ പെണ്‍കുട്ടി അമ്മയോടു പറഞ്ഞു: ‘ ധ്രുവക്കരടികള്‍ ദേഷ്യത്തിലാണെന്നു തോന്നുന്നു.’ അവ അല്‍പം അസ്വസ്ഥരാണെന്നേയുള്ളൂ എന്നു പറഞ്ഞ് അമ്മ കുട്ടിയെ ആശ്വസിപ്പിച്ചു.

എന്നാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആശ്വസിക്കാവുന്നവയല്ല.

ധ്രുവപ്രദേശത്ത് കരടികളുടെ വാസസ്ഥലത്തിന്റെ വിസ്തൃതി 50,000 ചതുരശ്ര മൈല്‍ വരെയാണ്. മഞ്ഞിനപ്പുറത്ത് 35 മൈലിനുള്ളില്‍ എവിടെയെങ്കിലും ഒരു നീര്‍നായ ഉണ്ടെങ്കില്‍ ധ്രുവക്കരടിക്ക് അതിന്റെ മണം കിട്ടും. ഇരപിടിക്കാന്‍ മണിക്കൂറില്‍ 30 മൈല്‍ വേഗത്തില്‍ ഓടാനും മഞ്ഞുകട്ടകള്‍ക്കിടയിലൂടെ നൂറുകണക്കിനു മൈല്‍ നീന്താനും ഇവയ്ക്കാകും. കോണ്‍ക്രീറ്റും ഗ്ലാസും കൊണ്ടു നിര്‍മിച്ച ഇടുങ്ങിയ കൂടുകളില്‍, സ്വന്തം മൂത്രത്തിലൂടെ നടക്കുന്ന ഷിംലോങ്ങിലെയും മാളിലെയും കരടികള്‍ ‘വൈവിധ്യമില്ലാത്ത ആവര്‍ത്തന സ്വഭാവം’ കാണിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

‘തടങ്കലില്‍ കഴിയുമ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദങ്ങളും സൗകര്യങ്ങളില്ലായ്കയും കൊണ്ട് ഉടലെടുക്കുന്നതാണ് ആവര്‍ത്തന സ്വഭാവരീതികള്‍’, അനിമല്‍സ് ഏഷ്യയുടെ അനിമല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ഡേവ് നീല്‍ പറയുന്നു. ‘ദീര്‍ഘകാലം സമ്മര്‍ദം അനുഭവിക്കുന്നത് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

‘ഡോള്‍ഫിനുകള്‍, തിമിംഗലങ്ങള്‍, ധുവക്കരടികള്‍ എന്നിവ നേരിടുന്ന ഭീഷണികളെപ്പറ്റി പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ തക്കവിധമാണ് ചൈനയിലെ കടല്‍പാര്‍ക്കുകളുടെ പ്രവര്‍ത്തനം. ഇവയെ സ്വാഭാവികതയില്‍ സംരക്ഷിക്കാന്‍ പൊതുജനസമ്മര്‍ദം സൃഷ്ടിക്കാന്‍ ഈ പാര്‍ക്കുകള്‍ക്കു കഴിയും.

എന്നാല്‍, സിസിഎ പറയുന്നതുപോലെ, പാര്‍ക്കുകള്‍ കടല്‍ജീവികളെ വിനോദജീവികളായാണു ചിത്രീകരിക്കുന്നത്. പ്രദര്‍ശനങ്ങള്‍ക്കിടെ ഇവയെപ്പറ്റിയുള്ള ഒരു വിവരവും ജനങ്ങള്‍ക്കു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ ജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സന്ദര്‍ശകര്‍ മനസിലാക്കുന്നില്ല. ‘പടിഞ്ഞാറന്‍ നാടുകള്‍ കടല്‍ജീവി സംരക്ഷണത്തില്‍ പുരോഗതി നേടുമ്പോള്‍ ചൈനയില്‍ കടല്‍പാര്‍ക്കുകള്‍ വ്യാപിക്കുന്നത് നിരാശയുണ്ടാക്കുന്നു,’ നവോമി റോസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍