UPDATES

ബംഗ്ലാദേശിന് ചൈനയുടെ 24 ബില്യണ്‍ ഡോളര്‍ വായ്പ

അഴിമുഖം പ്രതിനിധി

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ധാക്കയുടെ വികസന കാര്യങ്ങള്‍ക്ക് വായ്പ അടക്കം സാമ്പത്തിക സഹായത്തിനും നിക്ഷേപത്തിനും ചൈന തയ്യാറാകുന്ന തീരുമാനം പ്രഖ്യാപിച്ചത്. ബംഗ്ലാദേശിന് 24 ബില്യണ്‍ ഡോളറിനടുത്ത് വായ്പ നല്‍കാനാണ് ചൈന തയ്യാറാകുന്നത്. ഊര്‍ജ്ജ പ്ലാന്റുകളും തുറമുഖം, റെയില്‍വെ എന്നിവയുടെ നിര്‍മ്മാണത്തിനുമായാണ് ഇത്രയും തുക ബംഗ്ലാദേശിന് ചൈന നല്‍കുക. 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ചൈനീസ് പ്രസിഡന്റ ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. 24 ബില്യണ്‍ ഡോളറിന്റെ 25 ഓളം പദ്ധതികളാണ് ചൈന ബംഗ്ലാദേശില്‍ ഉദ്ദേശിക്കുന്നത്. 1320 മെഗാവാട്ട് ഊര്‍ജ്ജ പ്ലാന്റും തുറമുഖ നിര്‍മ്മാണവുമാണ് ഇതില്‍ പ്രധാനം.

അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാന്‍ ശ്രമിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും നേപ്പാളിനും പ്രത്യേക പരിഗണന നല്‍കിയിരുന്നു. ബംഗ്ലാദേശില്‍ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ പരിഗണന നല്‍കുന്നതിനിടയിലാണ് ചൈന ഈ നീക്കം നടത്തിയത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ താല്‍പര്യ പ്രകാരം ജപ്പാനും ബംഗ്ലാദേശിന് സഹായം നല്‍കിയിരുന്നു. താഴ്ന്ന പലിശ നിരക്കില്‍ വായ്പ അനുവദിക്കാന്‍ ജപ്പാന്‍ മുന്നോട്ട് വന്നിരുന്നു.

ഷീ ജിന്‍പിങിന്റെ സന്ദര്‍ശനത്തില്‍ റെക്കോര്‍ഡ് വായ്പ കരാറുകളില്‍ ഒപ്പ് വെയ്ക്കുമെന്ന് ബംഗ്ലാദേശ് ജൂനിയര്‍ ധനകാര്യ മന്ത്രി എം എ മന്നന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ധാക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ബില്യണ്‍ ഡോളറിന്റെ വായ്പ പദ്ധതികള്‍ ബംഗ്ലാദേശിനായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടക്കുന്ന പ്രഖ്യാപനമാണ് ചൈനീസ് പ്രസിഡന്റ് തന്റെ ആദ്യ സന്ദര്‍ശനത്തില്‍ നടത്തിയത്. ധാക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ വായ്പയാകും ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍