UPDATES

വിദേശം

ചൈനയിലെ ഈ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് 2625 അടിയുള്ള ഗോവണി കയറി

Avatar

ലിന്‍ഡ്സെ ബീവര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

2625 അടിയുള്ള മലഞ്ചെരിവിലൂടെ ഗോവണി കയറി സ്കൂളില്‍ പോകുന്ന കുട്ടികള്‍. വൈകാതെ അവര്‍ക്ക് പടിക്കെട്ടുകള്‍ ലഭിക്കും.

ചൈനയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു ഡസനിലേറെ കുട്ടികള്‍ക്ക് സ്കൂളില്‍ പോകാനുള്ള വഴി മലകളിലൂടെയാണ്. അതാണെങ്കില്‍ ചെങ്കുത്തായുള്ള ഒരു വഴിയാണ്.

ഓരോ രണ്ടാഴ്ച തോറും ആറിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികള്‍ അവരുടെ ബോര്‍ഡിംഗ് സ്കൂളില്‍ നിന്ന് തിരിച്ചുപോകും. പതിനേഴ്‌ മുളഗോവണികളുടെ ഒരു മാലയിലൂടെ കടന്നാണ് 2625അടിയുള്ള മലഞ്ചെരിവ് അവര്‍ കയറുന്നത്.  

ഗ്രാമം ഉണ്ടായ കാലം മുതല്‍ ഈ ഗോവണികളും ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടകരമായ ലിയന്ഗ്ഷാന്‍ യി പ്രദേശത്തുകൂടിയാണ് ഈ ഗോവണികള്‍ കടന്നുപോകുന്നത്.

“ഏതെങ്കിലും ഗോവണി കേടുവന്നു എന്ന് തോന്നുമ്പോള്‍ അത് മാറ്റി പുതിയത് ഇടും”, അടുലര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ചെന്‍ ജിഗു പറയുന്നു.

എന്നാല്‍ ഗ്രാമീണര്‍ക്ക് കയറാനും ഇറങ്ങാനും അധികം വൈകാതെ പടിക്കെട്ടുകള്‍ ലഭിക്കുമെന്നാണ് സര്‍ക്കാര്‍ അധികാരികള്‍ പറയുന്നത്. അടുത്തുള്ള ചന്തയിലേയ്ക്ക് ഉരുളക്കിഴങ്ങും വാള്‍നട്ടുകളും മുളകും വില്‍ക്കാന്‍ സ്ഥിരമായി ഈ അപകടം പിടിച്ച വഴിയിലൂടെ യാത്ര ചെയ്യുന്ന എഴുപതിരണ്ടോളം കുടുംബങ്ങള്‍ക്ക് ഇതൊരു അനുഗ്രഹമായിരിക്കും എന്നുറപ്പ്.

“ഏറ്റവും പ്രധാനകാര്യം ഗതാഗതസൗകര്യം ഒരുക്കുക എന്നതാണ്”, കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ജികെജിംഗ്സോംഗ് പറയുന്നു. “സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും ടൂറിസം സാദ്ധ്യതകള്‍ ഉണ്ടാക്കാനും കഴിയണമെങ്കില്‍ ആദ്യം ഗതാഗതം ഉണ്ടാകണം”.

ദീര്‍ഘകാല പരിഹാരം ഉണ്ടാകും വരെയുള്ള ഒരു താല്‍ക്കാലികപരിഹാരമാണ് ഈ സ്റ്റീല്‍ പടികള്‍.

അസോസിയേറ്റഡ പ്രസ് റിപ്പോര്‍ട്ട് ഇങ്ങനെ:

“സുരക്ഷിതമായ ഒരു ഗതാഗതസൌകര്യത്തെപ്പറ്റി പഠിക്കാന്‍ അന്‍പത് ഉദ്യോഗസ്ഥരുടെ ഒരു സംഘം ഇവിടെയെത്തി, ഇതില്‍ ഗതാഗതം, വിദ്യാഭ്യാസം, പരിസ്ഥിതിസംരക്ഷണം എന്നീ വകുപ്പുകളിലെ ആളുകളുണ്ട്. ഗ്രാമത്തിലേയ്ക്ക് ഒരു റോഡ്‌ പരിഗണനയിലുണ്ടെങ്കിലും ഇത്ര ദരിദ്രമായ ഒരു ഗ്രാമത്തിലേയ്ക്ക് പാതയുടെ ചെലവ് വളരെ കൂടുതലായിരിക്കും എന്നാണു വിലയിരുത്തപ്പെടുന്നത്.”

അടുലര്‍ ഗ്രാമത്തിലെ കുടുംബങ്ങള്‍ ന്യൂനപക്ഷവിഭാഗമായ യി സമുദായത്തില്‍ പെട്ടവരാണ്.

പലരും ചെളിയും പുല്ലും തടിയും കൊണ്ട് നിര്‍മ്മിച്ച ചെറിയ കുടിലുകളിലാണ് താമസം.

ചൈനയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങള്‍ പലരും ഇങ്ങനെയൊക്കെയാണ് ജീവിക്കുന്നത്. കയറ്റുപാളങ്ങള്‍, ചങ്ങാടങ്ങള്‍, ഗോവണികള്‍ എന്നിവയൊന്നുമില്ലാതെ പലര്‍ക്കും യാത്രയില്ല.

ഈ കുട്ടികളും മുതിര്‍ന്നവരും മലയിറങ്ങുന്നതിന്റെ ഒരു ചിത്രം ചൈനീസ് പത്രങ്ങളില്‍ വന്നതോടെയാണ് അടുലര്‍ ഗ്രാമത്തിലെ കുട്ടികള്‍ ശ്രദ്ധയാകര്‍ഷിചത്. മലയിലൂടെ പിടിയിറങ്ങിവരുന്ന കുട്ടികളും അവരുടെ തെളിഞ്ഞ നിറമുള്ള പുസ്തകസഞ്ചികളും കൌതുകചിത്രമായി.

കയറാന്‍ രണ്ടുമണിക്കൂറും ഇറങ്ങാന്‍ തൊണ്ണൂറുമിനുട്ടും വേണമെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

“ആര്‍ക്കെങ്കിലും മലയിറങ്ങാന്‍ വയ്യാത്തത്ര രോഗം വന്നാല്‍ ആരെങ്കിലും രോഗിയെ പുറത്തുകെട്ടി മറ്റു രണ്ടുപേരുടെ കൂടെ സഹായത്തോടെ ഇറങ്ങുകയാണ് പതിവ്.”

അപി ജിതി എന്ന ഗ്രാമത്തലവന്‍ പറയുന്നത് ഇതുവരെ ഏഴോ എട്ടോ പേര്‍ വര്‍ഷങ്ങള്‍ക്കിടെ മരിച്ചിട്ടുണ്ടെന്നും ചിലര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നുമാണ്.

ചെന്‍ ജീ എന്ന ഫോട്ടോഗ്രാഫര്‍ ഗ്രാമവാസികളുടെ ഈ ദുരിതപൂര്‍ണ്ണയാത്ര ചിത്രീകരിക്കാന്‍ മൂന്നുദിവസം ചെലവിട്ടു.

“ഇത് വളരെ അപകടകരമാണ്, നിങ്ങള്‍ക്ക് നൂറു ശതമാനം ശ്രദ്ധ ഉണ്ടായേ തീരൂ.” അദ്ദേഹം പറയുന്നു. “ഒന്ന് തെന്നിയാല്‍ നിങ്ങള്‍ വീഴുക അനന്തതയിലേയ്ക്കാകും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍