UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സഞ്ചാരിയുടെ മനസിലേക്കൊരു സഞ്ചാരം

Avatar

മാങ്ങാട് രത്‌നാകരന്‍

‘യാത്ര’ കടപ്പെട്ടിരിക്കുന്നത് പ്രിയപ്പെട്ട ആ സഞ്ചാരിയോടാണ്. രവീന്ദ്രന്‍ എന്ന ചിന്ത രവിയോട്. രവീന്ദ്രന്‍ രണ്ടു പതിറ്റാണ്ട് മുമ്പ് ഏഷ്യാനെറ്റില്‍ സാക്ഷാത്ക്കരിച്ച ‘എന്റെ കേരളം’ എന്ന ദൃശ്യ സഞ്ചാരം പൂര്‍വ്വ മാതൃകകളില്ലാത്തതും ഹൃദ്യവുമായ ഒരു ടെലിവിഷന്‍ പരിപാടിയായിരുന്നു.

‘എന്റെ കേരളം’ പുസ്തകരൂപത്തില്‍ വന്നപ്പോള്‍ രവീന്ദ്രന്‍ മലയാളികളുടെ മാതൃഭൂമിയെക്കുറിച്ച് അനുപമമായ ഭാഷയില്‍ ഇങ്ങനെ എഴുതി: “ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എന്നല്ല ലോകത്തിന്റെ മറ്റേതെങ്കിലും തീരങ്ങളില്‍ ജനിതകവൈവിധ്യത്താലും സസ്യവൃക്ഷപ്രകൃതിയുടെ സാന്ദ്രതയാലും ആകാശ വര്‍ണ്ണങ്ങളുടെ ആഡംബരത്താലും ഇത്രയും സമ്പന്നമായ ഒരു നാടുണ്ടെന്ന് തോന്നുന്നില്ല. ഇത് എന്റെയും നിങ്ങളുടെയും കേരളം. മലയാളികളുടെ മാതൃഭൂമി. പ്രകൃതിയുടെ മോഹനവും വന്യവും ഉദാരവുമായ ഒരു വിലാസവേദി.” 

മഞ്ചേശ്വരം തൊട്ട് പാറശ്ശാലവരെ 100 എപ്പിസോഡുകളിലായി പരന്നുകിടന്ന ആ യാത്ര കേരളത്തെ സൂക്ഷ്മമായി അടയാളപ്പെടുത്തി. ഗൃഹനിര്‍മ്മാണം, ഭക്ഷണരീതി, കലാരൂപങ്ങള്‍, ആരാധനാലയങ്ങള്‍, വ്യക്തിത്വങ്ങള്‍, രാഷ്ട്രീയ കാലാവസ്ഥ, രാത്രി ജീവിതം, പ്രകൃതി സൗകുമാര്യം, സംഗീത പാരമ്പര്യം, ചിത്രകല, വൈദ്യം അങ്ങനെ നാനാവിധങ്ങളായ വിഷയങ്ങളുടെ സമൃദ്ധിയില്‍ എന്റെ കേരളം ദൃശ്യാനുഭവമായി പടര്‍ന്നു.

രവീന്ദ്രന്‍ സഞ്ചരിച്ച ഇടങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ കേരളം എത്രമാറിപ്പോയിയെന്ന് ഞാന്‍ ആകുലപ്പെടാറുണ്ട്. സക്കറിയയുടെ വാക്കുകളില്‍: ”രവി കടന്നുപോയ പലസ്ഥലങ്ങളും… സ്ഥലങ്ങള്‍തന്നെ ബാക്കിയുണ്ടോയെന്ന് സംശയമുണ്ട്. ഇന്ത്യയില് ഒരു ചരിത്രരേഖയും ഒരു സാംസ്‌കാരിക രേഖയുമായിട്ടുള്ള അമൂല്യമായൊരു വര്‍ക്കാണത്. അത് അന്ന് ചെയ്യുമ്പോള്‍ നമ്മളിതൊന്നും ചിന്തിച്ചില്ല. ഒരു പ്രോഗ്രാം നിര്‍മ്മിക്കുകയെന്നേയുള്ളു. പക്ഷേ രവി അതിലേക്ക് ഇത്തരത്തിലുള്ള ഒത്തിരി മൂല്യങ്ങള്‍ കൊണ്ടുവന്നു ചേര്‍ത്തു. ഒരു കാഷ്വല്‍ ടെലിവിഷന്‍ പ്രോഗ്രാമാക്കി മാറ്റാതെ. കുറച്ച് ഗൗരവപരമായിട്ടാണ് അത് ചെയ്തത്. തമാശയും ഒന്നുമില്ലാതെ, മനപ്പൂര്‍വ്വം ആള്‍ക്കാരെ ആകര്‍ഷിക്കാനായുള്ള ഒരു എലമെന്റും കൊണ്ടുവന്നതുമില്ല. നന്നായിട്ട് ബാക്ക്ഗ്രൗണ്ട്… ഓരോ സ്ഥലത്തിന്റെയും വ്യക്തിയുടെയും ചരിത്രം നന്നായിട്ട് പഠിച്ച് അതിനെ ബാക്കപ്പ് ചെയ്തിരുന്നു. ആ രീതിയില്‍ ഇനി ഓരോ വര്‍ഷം കഴിയുന്തോറും അതിന്റെ വില വര്‍ദ്ധിക്കുകയല്ലാതെ അത് കുറയാന്‍ പോകുന്നില്ല”. 

എന്റെ കേരളം എന്ന ദൃശ്യയാത്ര എങ്ങനെയൊരു യാഥാര്‍ത്ഥ്യമായി. ഏഷ്യാനെറ്റിന്റെ സ്ഥാപക പ്രസിഡന്റും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ശശികുമാര്‍ അതിന്റെ തുടക്കത്തെക്കുറിച്ചും രവീന്ദ്രനുമായുള്ള ഗാഢ സൗഹൃദത്തെക്കുറിച്ചും സംസാരിച്ചു. ”പുള്ളിയൊരു ട്രാവലര്‍ ആണ്. ഈ ഫ്രഞ്ചിലൊക്കെ ഫ്‌ളാനുവര്‍ എന്നു പറയില്ലേ… ഫ്‌ളാനുവര്‍ എന്ന രീതിയിലുള്ള ഒരു ട്രാവലര്‍ ആണ്. ഒരു ഫുട്‌ലൂസായിട്ട് പല കാര്യങ്ങളും കണ്ടുപിടിക്കുക. അപ്പപ്പോള്‍ കാണുന്ന കാര്യങ്ങളെപ്പറ്റി അപ്പപ്പോഴുള്ള ഒരു വിലയിരുത്തല്‍ നടത്തുക. അതിനെ ഉള്‍ക്കൊള്ളാനുള്ളൊരു കപ്പാസിറ്റി.ഒരു മെന്റല്‍ കപ്പാസിറ്റി. അപ്പോള്‍ നമ്മള്‍ ഏഷ്യാനെറ്റിന്റെ സാഹചര്യത്തില്‍ കേരളത്തെക്കുറിച്ച് കാസര്‍ഗോഡ് തൊട്ട് തിരുവനന്തപുരം വരെ കേരളത്തിന്റെ ഒരിഞ്ച് വിടാതെ ഒരു കേരള യാത്ര, കേരളത്തിന്റെ രാഷ്ട്രീയ പരമ്പര, സാംസ്‌കാരിക പരമ്പര എല്ലാം ഉള്‍ക്കൊള്ളുന്ന… എന്നാല്‍ ഒരു സാധാരണക്കാരന്റെ ജീവിതത്തില്‍ ഇതെങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളൊരു യാത്ര… അതാണ് ഉദ്ദേശിച്ചത്… ഒരു കോമണ്‍ മാന്‍സ് ജേര്‍ണി എന്ന നിലയില്‍ രവി അത് ഭംഗിയായിട്ട് ചെയ്യുകയും ചെയ്തു. അതിന് വലിയ ഒരുക്കമോ റിസര്‍ച്ചൊക്കെ പലതുമുണ്ടെങ്കിലും, അതിന് പ്രത്യേകിച്ച് രവിയുടെ പ്രസന്റ്‌സാണ് ആ പ്രോഗ്രാമിന്റെ പ്രത്യേകത. യാത്ര ആര്‍ക്കും ചെയ്തുകൂടേ… ഒരു ക്യമാറയുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാം… അങ്ങനെയല്ല.. രവിയുടെ ഒരു പ്രത്യേകത വരുന്നത് വാട്ട് ഹി ഇംപാക്ട്റ്റ് ടു ഇറ്റ്. അദ്ദേഹത്തിന്റെ പേഴ്‌സണാലിറ്റി. രവിയുടെ പേഴ്‌സണലാറ്റി കൂടി വരുമ്പോള്‍ അതിന് വലിയ വ്യത്യാസം വരുന്നുണ്ട്. പിന്നെ യാത്രചെയ്യുന്ന, പുള്ളിയുടെ ഒരു ഉന്മേഷമുണ്ടല്ലോ, രത്‌നാകരന്‍ കണ്ടിട്ടുവുമത്. എപ്പോഴും മുന്നിലാണിരിക്കുക. പിന്നിലിരിക്കില്ല. പുള്ളിയിരിക്കുന്നത് സാധാരണ റിലാക്‌സ് ചെയ്തിരിക്കുന്നതുപോലെയല്ല. റോഡിനോട് ഒരു വെല്ലുവിളിയുടെ രീതിയിലാണിരിക്കുന്നത്. എന്നാല്‍ നീ വാ… എത്ര നിനക്ക് വരാന്‍ പറ്റും അത്രയും ഞാന്‍ വരാം… ആ രീതിയിലാണിരിപ്പ്. രവിയെപ്പോലുള്ളൊരാള് വളരെ അപൂര്‍വ്വമാണ് ഇങ്ങനെയൊരു സ്‌ട്രോംഗ് ആക്ഷന്‍ പ്രകടിപ്പിക്കുന്നത്.”

പ്രശസ്ത ഛായാഗ്രാഹകന്‍ കെ.ജി.ജയനാണ് എന്റെ കേരളം ദൃശ്യപരമ്പരയ്ക്ക് ക്യാമറ ചലിപ്പിച്ചത്. ഒരു തൊഴില്‍ എന്ന നിലയ്ക്കു തുടങ്ങിയ ജയനും രവി പ്രഭാവത്തില്‍ അതിന്റെ ഭാഗമായി മാറുകയായിരുന്നു. ”ഇതൊരു ജോലി പോലെയൊന്നുമല്ല. ഇതൊരുതരം നിയോഗം പോലെ. തുടങ്ങാറായി വന്നോളണമെന്ന് എല്ലാവരോടൊപ്പം എന്നു വിളിക്കും. ഞങ്ങള്‍ ഒരു ടീം ഉണ്ടായിരുന്നു.. എനിക്ക് കിട്ടിയ പുതിയ അനുഭവമെന്നത് ആളുകളുടെ ഹൃദയങ്ങളില്‍ കൂടിയുള്ള ഒരു യാത്രയുണ്ട്. അതൊരു സൗഹൃദത്തിന് മാത്രമേ പറ്റൂ. അതായിരുന്നു ഏറ്റവും വലിയ ക്വാളിറ്റി അതിന്റെ. അത്രയും വലിയൊരു സൗഹൃദം എനിക്കു കിട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാനകാരണം ഈ യാത്രയും അതിന്റെ ഷൂട്ടിംഗുമാണ്. വിഷ്വല്‍ ഇങ്ങനെയാണ് ഡീല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. അതിന് പുള്ളിക്ക് വലിയ നിര്‍ബന്ധങ്ങളൊന്നുംഇല്ലാത്തതുപോലെയാണ് പുള്ളി പറഞ്ഞത്. നേരത്തെയുള്ള ഡോക്യുമെന്ററികളുടെയൊക്കെ ഒരു എക്‌സിപീരയന്‍സ് വച്ച് ഇന്നതൊക്കെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് പുള്ളിക്കറിയാമായിരിക്കും. നിര്‍ബന്ധമായിട്ടും പറയാറുള്ളത് എന്തെങ്കിലും സംഭവങ്ങളൊക്കെയുണ്ടെങ്കില്‍ അതിന്റെയൊരു ചരിത്രപരമായിട്ടുള്ള പശ്ചാത്തലമുള്ളതുകൊണ്ട് ആ സ്ഥലം ഷൂട്ട് ചെയ്യണം, അതിങ്ങനെയായിരിക്കണം എന്ന് ചിലപ്പോള്‍ പറയും. അല്ലാതെ പൊതുവേ ലാന്‍ഡ് സ്‌കേപ്പിനെ പറ്റിയൊന്നും പറയില്ല. എനിക്ക് തോന്നുന്നു പുള്ളിക്കെന്നെ വിശ്വാസമായിരുന്നിരിക്കാം അക്കാര്യത്തില്‍.”  

എഴുത്തുകാരനായ വി.ടി.നന്ദകുമാറിന്റെ പത്രാധിപത്യത്തിലുള്ള യാത്ര മാസികയില്‍ ജോലി ചെയ്യുന്നതിന് മുമ്പേ യാത്രികനായിരുന്നു രവീന്ദ്രന്‍. ചലന രാശിയില്‍പെട്ട ഒരപൂര്‍വ്വ വ്യക്തിത്വം. ഇന്ത്യയിലെ ഗ്രാമങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും രവീന്ദ്രന്‍ വിപുലമായി സന്ദര്‍ശിച്ചു. ആ യാത്രകളുടെ വിവരങ്ങള്‍ അകലങ്ങളിലെ മനുഷ്യരുമായി മലയാളികള്‍ക്ക് സാഹോദര്യം പകര്‍ന്നു. അകലങ്ങളിലെ മനുഷ്യര്‍, മെഡിറ്ററേനിയന്‍ വേനല്‍, സ്വിസ് സ്‌കെച്ചുകള്‍, ബുദ്ധപഥം, ശീതകാല യാത്രകള്‍, രവീന്ദ്രന്റെ യാത്രകള്‍ തുടങ്ങിയ യാത്രാവിവരണഗ്രന്ഥങ്ങള്‍ മലയാളത്തിന് കൈവന്ന യാത്രാസൗഭാഗ്യങ്ങളായിതീര്‍ന്നു. രവീന്ദ്രന്റെ യാത്രാ വിവരണങ്ങളെ സക്കറിയ ഇങ്ങനെ വിലയിരുത്തി,”രവിയുടേത് ഇംപ്രഷനിറ്റിസ്റ്റിക് ആയ എഴുത്താണ്.  അതായത് എസ്.കെ.ചെയ്തതുപോലെയോ അതല്ലെങ്കില്‍ ഞാന്‍ ചെയ്തപോലെയോ ചെറിയ വിശദാംശങ്ങളൊന്നും പിക്കപ്പ് ചെയ്യാതെ ഈ വോയ്‌സ് ഓവറുകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഒരു സ്വീപ്പ് ആണ്… വലിയ സ്‌ട്രോക്കുകള്‍ കൊണ്ട് ഒരു പരിപൂര്‍ണ്ണമായിട്ടുള്ള ഒരു അന്തരീക്ഷവും അതിന്റെ നിറവും ഗുണവുമൊക്കെ സൃഷ്ടിച്ചിട്ടുള്ള വളരെ സാഹിത്യപരമായിട്ടുള്ള ഒരു എഴുത്താണ് രവി എഴുതിയത്. പക്ഷേ വളരെ എന്‍ജോയിബിളുമായിരുന്നു. കാരണം പല വ്യക്തികളും രസമുള്ള പല വ്യക്തിത്വങ്ങളും കയറിവന്നു. അതുപോലെതന്നെ പ്രകൃതിദൃശ്യങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍… എല്ലാം വളരെ ഭംഗിയായിട്ടും… എന്നാല്‍ യാതൊരു തരത്തിലുമുള്ള ക്ലീഷേകളുമില്ലാതെ.. കാരണം… രവി പലപ്പോഴും സംസ്‌കൃത വാക്കുകളും മറ്റുമൊക്കെ ഉപയോഗിക്കാറുണ്ടായിരുന്നു. പക്ഷേ വേറൊരു തരത്തിലുള്ള പൊസിഷനിംഗാണ് രവി അതുവച്ച് ചെയ്തതെന്നാണ് എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നത്. അല്ലാതെ ഇന്ന് ചില ആളുകള്‍ ചെയ്യുന്നതുപോലെ സംസ്‌കൃതം കൊണ്ട് കുഴച്ചുമറിച്ചുള്ള സൂത്രം അല്ലിത്… അപ്പോള്‍ ആ തരത്തിലുള്ള ഒന്നാംതരം ഒരു ശൈലിയുടെ ഉടമയായതുകൊണ്ട് രവി ഇത് ഘനഗംഭീരമായി കൈകാര്യം ചെയ്തു. ഓരോ പുസ്തകവും ഒരു ക്ലാസിക്കായിട്ട്, യാത്രാവിവരണത്തിലെ ക്ലാസിക്കായിട്ട് നിലകൊള്ളും.”

കോഴിക്കോട്ടെ കണ്ണാടിക്കല്‍ ഗ്രാമത്തില്‍ 1946ലാണ് രവീന്ദ്രന്റെ ജനനം. ചെറുപ്പത്തില്‍ തന്നെ ഇടതുപക്ഷ ചിന്തയില്‍ ആകൃഷ്ടനായി. നവജീവന്‍ എന്ന ആനുകാലികത്തില്‍ പത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. അത് തുടരാതെ മുംബൈയില്‍ പത്രപ്രവര്‍ത്തനം പഠിക്കാന്‍ പോയി. തിരിച്ചു കോഴിക്കോട്ടെത്തിയപ്പോള്‍ ചെലവൂര്‍ വേണുവിനെ കണ്ടുമുട്ടുന്നു. രവീന്ദ്രന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു അത്. ചെലവൂര്‍ വേണുവിന്റെ പത്രാധിപത്യത്തിലുള്ള സൈക്കോ, ഹെര്‍ട്ടിലൈറ്റ് തുടങ്ങിയ മാസികകളില്‍ രവീന്ദ്രന്‍ നിരന്തരമായി എഴുതിത്തുടങ്ങി. പിന്നീട് വി.ടി.നന്ദകുമാറിന്റെ യാത്രാ വാരികയിലേക്ക്… യാത്രയില്‍ നിന്ന് ചിന്തയിലേക്ക്. ചിന്ത വാരികയിലെ ജോലിക്കാലത്ത് രവീന്ദ്രന് കൂട്ടുപേരായി ചിന്ത രവീന്ദ്രന്‍. അത് മായാതെ നിന്നു. മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിലുള്ള ആഴത്തിലുള്ള അന്വേഷണങ്ങളുടെ കാലഘട്ടമായിരുന്നു അത്. സിനിമയും സാഹിത്യവും ചിത്രകലയുമെല്ലാം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ രവീന്ദ്രന്‍ വായിച്ചു. ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവും ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനുമായ അന്തോണിയോ ഗ്രാംഷിയുടെ പരികല്‍പ്പനകള്‍ മലയാളത്തിലേക്ക് ആദ്യം ആവാഹിക്കുന്നത് രവീന്ദ്രനാണ്. അന്തോണിയോ ഗ്രാംഷി എന്ന പുസ്തകമെഴുതിയ രവീന്ദ്രന്‍ 80 കളുടെ തുടക്കത്തില്‍ ഗ്രാംഷിയുടെ വീടിനു മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ ആ ചിന്തകനുമായുള്ള ധൈഷണിക സാഹോദര്യത്തിന്റെ ഒരു അടയാളമായി നമ്മുടെ മുന്നിലുണ്ട്. 

ചലച്ചിത്രമായിരുന്നു ഈ സഞ്ചാരിയുടെ മറ്റൊരു വീട്. കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ വച്ച് കണ്ട ക്ലാസിക്ക് സിനിമകള്‍  രവീന്ദ്രന്റെ ചലച്ചിത്രസങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. പി.എ.ബക്കര്‍ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകപോലുമുണ്ടായി രവീന്ദ്രന്‍. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച നാളിലായിരുന്നു കബനിയുടെ ചിത്രീകരണം തുടങ്ങിയത്.  അന്നത്തെ ക്ഷുഭിത യൗവ്വനങ്ങളുടെ തീവ്രരാഷ്ട്രീയ നിലപാടായിരുന്നു പ്രമേയം. ടി.വി.ചന്ദ്രനായിരുന്നു ചിത്രത്തിലെ നായകന്‍.

രവീന്ദ്രന്‍ ആന്ധ്രാപ്രദേശിലൂടെ സഞ്ചരിക്കുന്ന കാലത്താണ് ഹരിജന്‍ എന്ന തെലുങ്കുചിത്രം സംവിധാനം ചെയ്യുന്നത്. രവീന്ദ്രന്റെ ആദ്യ ചിത്രം. പിന്നീട് കോഴിക്കോട് തിരിച്ചെത്തിയപ്പോള്‍ ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. അക്കാലത്തെ യുവാക്കള്‍ അനുഭവിച്ച രാഷ്ട്രീയ സംഘര്‍ഷമായിരുന്നു ചിത്രത്തിന്റെ പ്രമേയം. ശശികുമാറായിരുന്നു ചിത്രത്തിലെ നായകന്‍.  ”ഞാന്‍ മദ്രാസിലന്ന് ന്യൂസ് വായിക്കുന്ന ഒരു കാലഘട്ടമായിരുന്നു. അപ്പോള്‍ ന്യൂസില്‍ കണ്ടുള്ള പരിചയമായിരിക്കും. ഒരു ദിവസം ഒരാള്‍ വിളിക്കുന്നു.. ഞാനൊരു ഫിലിം മേക്കറാണ്.. ഐ വുഡ് ലൈക്ക് യു ടു ആക്ട്. ഞാന്‍ പറഞ്ഞു നമുക്കൊന്നു ഡിസ്‌കസ് ചെയ്യാം.. അങ്ങനെ വീട്ടിലേക്കു വന്നു. തീം പറയുന്നു. അങ്ങനെയാണ് ഞങ്ങള്‍ ശരിക്കും പരിചയപ്പെടുന്നത്. അതിന് മുമ്പ് എനിക്ക് നേരിട്ട് പരിചയമില്ല. അപ്പോഴേക്കും ഞാന്‍ പുള്ളിയുടെ ഹരിജന്‍ കണ്ടിട്ടുണ്ട്. ഹരിജന്റെ ഡയറക്ടര്‍ ആണെന്ന് പറഞ്ഞപ്പോഴാണ് എനിക്കതില്‍ കൂടുതല്‍ താല്‍പ്പര്യുണ്ടായത്. കാരണം. ഹരിജന്‍ ഒരു അസാധ്യപടമായിരുന്നു. അതിനു മുമ്പോ അതിനുശേഷമോ അങ്ങനെയൊരു പടം ഇന്ത്യയിലുണ്ടായിട്ടില്ല. അപ്പോള്‍ എനിക്കറിയായിരുന്നു ഇദ്ദേഹത്തിന്റെ ശൈലി വേറൊരു രീതിയിലായിരിക്കും. അപ്രോച്ച് ഈസ് വെരി ഡിഫിക്കല്‍റ്റ്. അപ്പോള്‍ അതിന്റെ ഒരു തീം പറഞ്ഞുതരുന്നു. അങ്ങനെയാണ് രവിയുമായി പരിചയപ്പെടുന്നത്. പിന്നെയാ ഒരു സൗഹൃദം പിന്നോട്ട് നോക്കിയിട്ടില്ല.”

രവീന്ദ്രന്റെ ചിന്താലോകം ലളിതമെന്നതുപോലെ കെട്ടുപിണഞ്ഞതുമായിരുന്നു. മാര്‍ക്‌സിസമാണ് മുന്നോട്ട് നയിച്ച തത്ത്വചിന്തയെങ്കിലും ബുദ്ധമതത്തിലും അതിന് തായ്‌വേരുകളുണ്ട്. ശശികുമാറിന്റെ വാക്കുകളില്‍, ”എല്ലാത്തിനെപ്പറ്റിയും വേറിട്ട ഒരു കാഴ്ച്ചപ്പാട്, വീക്ഷണം ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്. അധികം സംസാരിക്കില്ല. തമാശയൊക്കെ പറയുമെന്നല്ലാതെ. തിങ്കിംഗ് പ്രോസസ് വാസ് വെരി ഫ്രഷ് ആന്റ് ഡിഫറന്റ്, ആരോടും പുള്ളിക്ക് ശരിക്കും വെറുപ്പെന്നു പറയുന്നതില്ല.. എന്റെ ജീവിതത്തില്‍ അതിനുമുമ്പും അതിനുശേഷവും അങ്ങനെയൊരാളെ ഞാന്‍ കണ്ടിട്ടില്ല. ദേഷ്യമൊക്കെപെടും. എന്നാലും എത്ര വലിയ എതിരാളിയായാലും, ഐഡിയോളജിക്കലായാലും മറ്റു രീതിയിലായാലും ഒരാളെപ്പറ്റി രവി മോശമായിട്ട്, വഷളായിട്ട് ഒരു വാക്കുപോലും ഉപയോഗിക്കില്ല. തമാശയൊക്കെ പറയുമെന്നല്ലാതെ, അതു മനസ്സിലുമില്ല.”  

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകാംഗങ്ങളിലൊളായ കെ.ദാമോദരന്‍ ഹോച്ചിമിനെ ഒരിക്കല്‍ വിശേഷിപ്പിച്ചത് ഏറ്റവും സംസ്‌കാരസമ്പന്നനായ കമ്മ്യൂണിസ്റ്റ് എന്നായിരുന്നു. ഹോച്ചിമിനെ രൂപംകൊണ്ട് പലപ്പോഴും ഓര്‍മ്മിപ്പിച്ച രവീന്ദ്രനും ആ വിശേഷണമാണ് ചേരുക. 

സക്കറിയ പറയുന്നു: ”രവിയുടെ വായന, ലോകപരിചയം, ചിത്രകല പോലെയുള്ള കാര്യങ്ങളിലുള്ള പാണ്ഡിത്യം, അറിവ് ഇതെല്ലാം കൂടി വയ്ക്കുമ്പോള്‍ ഒരു ശരാശരി രാഷ്ട്രീയ പ്രവര്‍ത്തകനായ കമ്മ്യൂണിസ്റ്റുകാരനുമായി നോക്കുമ്പോള്‍ പ്രത്യേകിച്ച് രവി വളരെ ഉന്നതമായ നിലയില്‍ കമ്മ്യൂണിസത്തെപ്പറ്റി പഠിക്കുകയും മനസ്സിലാക്കുകയും അതിന്റെ ആദര്‍ശങ്ങളെപ്പറ്റി വളരെ വ്യക്തമായ ധാരണകള്‍ ഉണ്ടാക്കുകയും ചെയ്ത ഒരു തത്ത്വജ്ഞാനിയായ കമ്മ്യൂണിസ്റ്റുകാരനും കൂടിയായിരുന്നു. അതിന്റെയൊപ്പം നമ്മള്‍ ഈ മാനവികത, മാനവികമായ മൂല്യങ്ങള്‍ എന്നൊക്കെ പറയുന്ന അതിന്റെ വക്താവും കൂടിയായിരുന്നു. സ്‌നേഹം, സാഹോദര്യം, രാഷ്ട്രീയത്തില്‍ അതില്ലാന്ന് ഞാന്‍ പറയുന്നില്ല രാഷ്ട്രീയത്തില്‍ അത് പ്രദര്‍ശിപ്പിക്കുന്നവരുണ്ട്. പക്ഷേ അതിനപ്പുറത്തോട്ട് കടന്നിട്ടുള്ള ഈ പാര്‍ട്ടി വ്യത്യാസം ഒന്നുമില്ലാതെ ജനാധിപത്യം, മതേതരത്വം ഈ തരത്തിലുള്ള മൂല്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരു മനുഷ്യന്‍ കൂടിയായിരുന്നു. ആ രീതിയില്‍ രവിയുടെ ഈ സാംസ്‌കാരിക ചക്രവാളം, ആ കൂട്ടത്തില്‍ രവിയൊരു നിയമങ്ങള്‍ ലംഘിക്കുന്ന ബൊഹീമിയന്‍ കൂടിയായിരുന്നു.”   

സൗഹൃദത്തിലെ ഗാഢമുദ്രയും ലാളിത്യവും രവീന്ദ്രന്റെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. രവീന്ദ്രന്‍ കൂടെയില്ലെന്ന് വിശ്വസിക്കാനാണ് അവര്‍ക്ക് പ്രയാസം. 

സക്കറിയ: “അരവിന്ദന്റെ സുഹൃത്ത് എന്ന നിലയ്ക്കാണ് ഞാന്‍ രവിയെ ആദ്യം പരിചയപ്പെടുന്നത്. അരവിന്ദന്റെ ഏറ്റവും അടുത്ത സുഹൃത് വലയത്തിലെ ഒരാള്‍. ഒരേ തൂവല്‍പക്ഷികളുടെയൊക്കെ കാലത്ത് അരവിന്ദന്‍, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അരവിന്ദനാണ് അതിന്റെ മ്യൂസിക് ചെയ്തത്. ഞാനൊക്കെ അരവിന്ദന്റെ തണലില്‍ ആ കുടക്കീഴില്‍ വളര്‍ന്ന ആളുകളാണല്ലോ, അങ്ങനെയാണ് ഞാന്‍ രവിയെ ആദ്യം പരിചയപ്പെടുന്നത്. അതുകഴിഞ്ഞ് ഫിലിം ഫെസ്റ്റിവലിലൊക്കെ കണ്ടും കേട്ടും പൊയ്‌ക്കൊണ്ടിരുന്നു. അതുകഴിഞ്ഞ് ഏഷ്യാനെറ്റില്‍ പിന്നെ ഒരുമിച്ചു. ഏഷ്യാനെറ്റിന്റെ ആശയ നിര്‍മ്മാണം, രൂപീകരണം മറ്റു തരത്തിലുള്ള പ്ലാനിംഗ്, പരിപാടികളുടെ ആസൂത്രണം, അതിന്റെ താത്വികവും രാഷ്ട്രീയവുമായ കാര്യങ്ങളെപ്പറ്റിയുള്ള ചിന്തനങ്ങള്‍ ഇതിലെല്ലാം രവി പങ്കെടുക്കാന്‍ തുടങ്ങിയപ്പോഴും അതിന്റെ ശേഷം എന്റെ കേരളത്തിന്റെ  തുടക്കത്തോടെ ഞങ്ങളുടെ സുഹൃദ്ബന്ധം കുറച്ചുകൂടി  ഗാഢമായി.” 

കെ.എക്‌സ്.തോമസ് : “ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട്  1992ലാണ് ഞാന്‍ പരിചയപ്പെടുന്നത്. മൊറാഴയെക്കുറിച്ച് സിനിമ എടുക്കാനുള്ള ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍. കെ.പി.പി. നമ്പ്യാരായിരുന്നു അതിന്റെ പ്രൊഡ്യൂസര്‍. അങ്ങനെ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് കെ.മാധവേട്ടന്റെ മകന്‍ അജയകുമാര്‍ മുഖാന്തിരമാണ് ഞാന്‍ പരിചയപ്പെടുന്നത്. പരിചയപ്പെട്ട 92 കാലം തൊട്ട് മരിക്കുന്നതുവരെ ഏറ്റവും കൂടുതല്‍ രവിയേട്ടന്റെ സമയം അപഹരിച്ചത് ചിലപ്പോള്‍ ഞാനായിരിക്കാം.”  

രവീന്ദ്രന്റെ സഹോദരനും വിശ്രുത ചിത്രകാരനുമായ പ്രഭാകരന് രവീന്ദ്രന്‍ ജ്യേഷ്ഠന്‍ മാത്രമായിരുന്നില്ല.  ”രവിയേട്ടന്റെ ഇന്‍ഫ്‌ളുവന്‍സ് എനിക്കും കുടുംബത്തിനും തന്നെ വളരെ വലുതായിരുന്നു. മറ്റു രണ്ടു സഹോദരന്‍മാര്‍ മറ്റു ജോലികളുമായി കഴിയുകയായിരുന്നു. ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ചിന്തയും മറ്റും രൂപപ്പെടുത്തുന്ന കാര്യത്തിലും രവിയേട്ടന് നിര്‍ണ്ണായകമായ സ്വാധീനമുണ്ടായിരുന്നു. എല്ലാ കാര്യത്തിലും, വര്‍ക്കിന്റെ കാര്യത്തിലും സാമ്പത്തികമായും സഹായിച്ചിരുന്നത് രവിയേട്ടനായിരുന്നു. സഹോദരന്‍ എന്നതിലുപരി കണ്ടകാര്യങ്ങളും അതിന്റെ ആസ്‌പെക്ട്‌സും സംസാരിക്കുമായിരുന്നു. ഇഷ്ടംപോലം സുഹൃത്തുക്കളുണ്ടായിരുന്നതുകൊണ്ട് അത്തരം കൂട്ടുകെട്ടുകളിലൂടെ കുറേക്കാലം സഞ്ചരിക്കാന്‍ പറ്റി.” 

രവീന്ദ്രന്‍ ഓര്‍മ്മയായിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും പക്ഷേ ആ സഞ്ചാരി സുഹൃത്തുക്കളുടെയും വായനക്കാരുടെയും മനസ്സില്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. കേരളം പിന്നിട്ട വഴിയിലെ ദീപസ്തംഭമായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വഴിയില്‍ വെളിച്ചം പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

(ഏഷ്യനെറ്റ് ന്യൂസില്‍ ലേഖകന്‍ അവതിരിപ്പിക്കുന്ന ”യാത്ര” എന്ന പരിപാടിയിലെ രവീന്ദ്രനെ കുറിച്ചുള്ള എപ്പിസോഡില്‍ നിന്ന്)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍