UPDATES

സിനിമ

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എഡിറ്റിംഗ് ടേബിളില്‍ നിന്ന് രക്ഷപ്പെട്ട കഥ

Avatar

രാകേഷ് നായര്‍

അംബുജാക്ഷന്റെ ആ വലിയ സ്വപ്‌നം ഒടുവില്‍ പൂവണിഞ്ഞിരിക്കുന്നു…തയ്യല്‍ക്കാരന്റെയും വിറകുവെട്ടുകാരന്റെ മകള്‍ സുമതിയുടെയും പ്രണയകഥ സിനിമയായിരിക്കുന്നു. നിറഞ്ഞ സദസ്സില്‍ ഓടുകയും ചെയ്യുന്നുണ്ട്. ഒരിക്കല്‍ തന്റെ ദയകൊണ്ട് സംവിധായകനാകാന്‍ ഭാഗ്യം കിട്ടിയവനായ ശരതും, ആത്മസുഹൃത്തും കോടിശ്വരനുമായ ശങ്കര്‍ദാസും ചേര്‍ന്ന് നിഷ്‌കരുണം തള്ളിക്കളഞ്ഞതാണ് ഈ കഥ. അന്നവര്‍ അത് അംഗീകരിച്ചിരുന്നെങ്കില്‍ തായങ്കരിയിലെ ടെംപിള്‍ റോഡിലുള്ള അംബുജം ടെയിലേഴ്‌സ് അടച്ചുപൂട്ടി മലയാള സിനിമയുടെ വാതായനം അബുംജാക്ഷന്‍ തുറന്നേനെ. പക്ഷെ, സമയം അന്നായിരുന്നില്ല, ഇന്നാണ് അംബുജാക്ഷന്റെ മുന്നില്‍ തെളിഞ്ഞത്. ഇപ്പോള്‍ അംബുജാക്ഷന് തല ഉയര്‍ത്തി നടക്കാം. എം ടി മാറി നില്‍ക്കുന്ന, പത്മരാജനും ലോഹിയും ദാമോദരന്‍ മാഷും അരങ്ങൊഴിഞ്ഞ മലയാള തിരക്കഥ വേദിയിലേക്ക് അംബുജാക്ഷന്‍ കടന്നു വന്നിരിക്കുന്നു.

പക്ഷെ ഒന്നുണ്ട് അംബുജാക്ഷാ…ഇതിനെല്ലാം താങ്കള്‍ നന്ദി പറയേണ്ടത് സംവിധായകന്‍ കമലിനോടാണ്…

കാരണം, അഴകിയ രാവണനില്‍ ലാഗ് കൂടിപ്പോയി എന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് എഡിറ്റിംഗ് സമയത്ത് വെട്ടിമാറ്റിയേക്കാന്‍ പറഞ്ഞ സീനാണ് അംബുജാക്ഷന്‍ തന്റെ ചിറകൊടിഞ്ഞ കിനാവുകളുടെ  കഥ പറയുന്ന രംഗം.

എന്നാല്‍ കമലിന് അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. നിര്‍മാതാവിനെ ആ കോമഡി സീനിന്റെ പ്രധാന്യം പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കാന്‍ സംവിധായകന് സാധിച്ചു. അതുകൊണ്ട് മാത്രമാണ് പിന്നീട് മലയാള സിനിമയിലെ എവര്‍ ലാസ്റ്റിംഗ് കോമഡിയായി മാറിയ ആ കഥപറച്ചില്‍ രംഗം പ്രേക്ഷകന് സ്വന്തമായത്. നിര്‍മാതാവ് പറഞ്ഞതുകേട്ട് അംബുജാക്ഷന്റെ കഥ പറച്ചിലിനു മേല്‍ കത്രിക ഇടപെട്ടിരുന്നെങ്കിലോ? അന്ന് അംബുജാക്ഷന്‍ കഥ പറയത്തുമില്ലായിരുന്നു, ഇന്ന് ഇങ്ങനൊരു സിനിമ ഉണ്ടാകത്തുമില്ലായിരുന്നു…

ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ മമ്മൂട്ടിയുടെ ശങ്കര്‍ദാസിനോടും ബിജു മേനോന്‍ ചെയ്ത ശരത്തി (സംവിധായകന്‍)നോടും തന്റെ മാസ്റ്റര്‍ പീസായ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ അവതരിപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനും ചെറിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.

മമ്മൂട്ടിയായിരുന്നു പ്രധാന പ്രശ്‌നം…

വേറൊന്നുമല്ല, ശ്രീനിവാസന്‍ കഥ പറഞ്ഞു തുടങ്ങുമ്പോള്‍ മമ്മൂട്ടി ചിരിക്കാന്‍ തുടക്കാം. ഇതു കാണുമ്പോള്‍ ശ്രീനിക്ക് ദേഷ്യം വരും. താന്‍ ഇനി ചിരിച്ചാല്‍ ഞാനെഴുന്നേറ്റ് പോകുമെന്നായി ശ്രീനിവാസന്‍. ഒടുവില്‍ കമല്‍ ഒരു പോം വഴി കണ്ടെത്തി. ഈ സീന്‍ നമുക്ക് പാന്‍ ചെയ്‌തെടുക്കാം. മമ്മൂട്ടി, ശ്രീനിവാസന്‍, ബിജു മേനോന്‍ എന്നിവരെ ചുറ്റി കാമറ വരട്ടെ…ഇനി മമ്മൂട്ടിക്ക് ചിരിയടക്കാന്‍ കഴിയില്ലെങ്കില്‍ കാമറ മമ്മൂട്ടിയുടെ പിന്നില്‍ വരുമ്പോള്‍ ചിരിച്ചോ…ഒടുവില്‍ ആ തീരുമാനത്തില്‍ എല്ലാവരും എത്തിച്ചേര്‍ന്നു. അംബുജാക്ഷന്റെ ഭാവമാറ്റങ്ങള്‍ കണ്ട് ചിരിക്കാതിരിക്കാന്‍ കഴിയാതിരുന്ന മമ്മൂട്ടി ആ വിഷമം കാമറ തന്റെ പിറകില്‍ എത്തുമ്പോള്‍ തീര്‍ക്കുകയും ചെയ്തു. എന്തായാലും സംഗതി ഭംഗിയായി തന്നെ കമല്‍ ഷൂട്ട് ചെയ്തു.

ചിറകൊടിഞ്ഞ കിനാവുകളില്‍  അംബുജാക്ഷനെ കാണാനായി നമ്മുടെ മാപ്രാണം കരയോഗം പ്രസിഡന്റ് വരുന്നുണ്ട്. പണ്ടത്തെപ്പോലെയല്ല, ആക്ടിംഗ് പഠിച്ചിട്ടാണ് കക്ഷിയുടെ ഇത്തവണത്തെ വരവ്. ഇന്നസെന്റ് അവതരിപ്പിച്ച ഈ കഥാപാത്രത്തെ സ്‌ക്രീനില്‍ കാണുന്നമാത്രയില്‍ തിയേറ്ററില്‍ ചിരിപൊട്ടിച്ചിതറുന്നുണ്ട്. രാമന്‍ നായരുടെ വീട് പരിശോധിക്കാനെത്തി വെള്ളം കുടിച്ചുപോയ, തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരി പെറുക്കേണ്ടി വന്ന നമ്മുടെ മാപ്രാണം കരയോഗം പ്രസിഡന്റിനുമേലും എഡിറ്റിറ്റുടെ കത്രിക വീഴേണ്ടതായിരുന്നുവെന്ന് അറിഞ്ഞാലോ!

ആ കഥയിങ്ങനെ…

മലയാള സിനിമയിലെ നിത്യഹരിത കോമഡിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ രംഗം നമ്മള്‍ എത്ര കണ്ടാലും ചിരിക്കും. ഇന്നും മിക്ക ഷൂട്ടിംഗ് സെറ്റുകളിലും ഡയലോഗ് തെറ്റിക്കുമ്പോള്‍ അഭിനേതാക്കളോട് സംവിധായകന്‍ പറയുന്നത്; നിന്ന് അരിപെറുക്കാതെ’ എന്നാണ്. സിനിമയില്‍ മാത്രമല്ല, നമ്മുടെയെല്ലാം നിത്യജീവിതത്തില്‍ പോലും ഇതൊരു ചൊല്ലായി തീര്‍ന്നിട്ടുണ്ട്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അങ്ങനെയൊക്കെയുള്ളൊരു സീന്‍ എഡിറ്റിംഗ് ടേബിളില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കരയോഗം പ്രസിഡന്റിന് അഭിനയിക്കാന്‍ അവസരം കിട്ടുന്നു, സരസനും പൊങ്ങച്ചക്കാരനുമായ പ്രസിഡന്റിന്റെ ആദ്യത്തെ സിനിമ അഭിനയമാണ്. ഇതൊരു നല്ല കോമഡി സീനാക്കി തീര്‍ക്കണമെന്ന് കമലിന് തോന്നി. തിരക്കഥാകൃത്ത് കൂടിയായ ശ്രീനിവാസന്‍ ഷൂട്ടിംഗ് ദിവസം സെറ്റില്‍വെച്ച് അതിനനുസരിച്ച് ഒരു സീന്‍ എഴുതി ചേര്‍ത്തു. അതാണ് പൊലീസ് വേഷത്തിലെത്തുന്ന ഇന്നസെന്റും സൈനുദീനും തമ്മിലുള്ള രംഗം. ഇന്നസെന്റ് വന്ന് സ്‌ക്രിപ്റ്റ് വായിച്ചു. പിന്നീട് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ അദ്ദേഹം പെര്‍ഫോം ചെയ്തു. എന്നാല്‍ സീന്‍ എഴുതിയപ്പോള്‍ തോന്നിയ തമാശ വര്‍ക് ഔട്ടാകാത്തപോലെ തോന്നി എല്ലാവര്‍ക്കും. സീനിന് കുറച്ച് നീളം കൂടിയപോലെ. ഷൂട്ടിംഗ് ക്രൂവിനോ, ഷൂട്ടിംഗ് കാണാന്‍ വന്നവര്‍ക്കോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതോടെ കമലിനും ഒരു സംശയം; സംഗതി പാളിപ്പോയോ…!

ഷൂട്ടിംഗ് കഴിഞ്ഞു. ഫുള്‍ സിനിമ ഡബ്ബ് ചെയ്ത ശേഷം ഇന്നസെന്റ് കമലിനെ കണ്ടപ്പോള്‍ പറഞ്ഞത് ഈ സീനിനെ കുറിച്ചാണ്. അല്‍പ്പം ലാഗ് ആണോയെന്ന് സംശയം. കുറച്ച് നീളം കൂടുതലുള്ളതുപോലെ. ചിലപ്പോള്‍ ആളുകള്‍ക്ക് ബോറടിക്കും, കൂവിയാലും അത്ഭുതപ്പെടാനില്ല, ഇന്നസെന്റ് പറഞ്ഞതുകേട്ട് കമലിന് ഒന്നുകൂടി പേടി കൂടി. ഉടന്‍ തന്നെ ശ്രീനിവാസനെ വിളിച്ചു. ശ്രീനിവാസന്‍ അതുവരെ സിനിമ മുഴുവനായി കണ്ടിരുന്നില്ല. കമലിന്റെ സംശയം കേട്ടയുടനെ, നമുക്കിത് മുഴുവന്‍ കണാമെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. രണ്ടുപേരുമിരുന്ന് സിനിമ മുഴുവന്‍ കണ്ടു. ഒടുവില്‍ ശ്രീനിയും സമ്മതിച്ചു; ഇന്നസെന്റ് പറഞ്ഞത് ശരിയാണ്, അല്‍പ്പം ലാഗ് ഉണ്ട്, സീന്‍ എഡിറ്റ് ചെയ്യണം.

ശ്രീനിയുടെയും ഇന്നസെന്റിന്റെ വാക്കുകള്‍ മനസിലിട്ട് കമലും എഡിറ്റര്‍ രാജഗോപാലും എഡിറ്റിംഗ് ടേബിളിനു മുന്നില്‍ ഇരുന്നു. പക്ഷെ, ഒരു പ്രശ്‌നം; ആ സീന്‍ എഡിറ്റ് ചെയ്യുമ്പോള്‍ സിനിമയുടേതായ ഗ്രാമര്‍ തെറ്റുന്നു. എത്ര ശ്രമിച്ചിട്ടും ആ കോമഡി സീന്‍ പ്രോപ്പറായി എഡിറ്റ് ചെയ്ത് കറക്ട് ലിങ്ക് ആക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ രാജഗോപാല്‍ പറഞ്ഞു; ഈ സീന്‍ നമുക്ക് എഡിറ്റ് ചെയ്യേണ്ട, ഇതിങ്ങനെ തന്നെ പോട്ടെ. അതാണ് നല്ലത്. എഡിറ്ററുടെ അഭിപ്രായത്തോട് യോജിക്കാന്‍ കമലും തീരുമാനിച്ചു. അങ്ങനെ ആ വെട്ടിച്ചുരുക്കല്‍ ഒഴിവാക്കി ഷൂട്ട് ചെയ്തപോലെ തന്നെ കാണിക്കാന്‍ തീരുമാനിച്ചു.

പിന്നീട് കമല്‍ പേടിയോട ഓര്‍ക്കുമായിരുന്നു; 

അന്ന് ആ സീന്‍ വെട്ടിയിരുന്നെങ്കിലോ!!!

( ഇന്നും ശ്രീനിവാസന്‍ കരുതിയിരിക്കുന്നത് താന്‍ പറഞ്ഞപോലെ ആ സീന്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്നാണ്. കാരണം അന്ന് എഡിറ്റിംഗ് ടേബിളില്‍ ഉണ്ടായ തീരുമാനം രാജഗോപാലും കമലും ആരോടും പങ്കുവയ്ക്കാന്‍ പോയില്ല).

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് രാകേഷ് നായര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍