UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം ഇനിയെങ്കിലും ശരിതെറ്റുകള്‍ മനസിലാക്കുമോ? ചിത്രലേഖയ്ക്ക് പറയാനുള്ളത്

Avatar

ചിത്രലേഖ 

പികെഎസ് ഈ മാസം 21-നു കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമം പരിപാടിയില്‍ നിന്ന് ജിഗ്നേഷ് മേവാനി പിന്മാറിയെന്നും ചുവപ്പ് ഫാസിസത്തിന് എതിരെയുള്ള എന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്നറിയുന്നതിലും അതിയായ സന്തോഷമുണ്ട്. ഗുജറാത്ത്‌ ദളിത്‌ സമരനായകന്‍ സിപിഎമ്മിനൊപ്പം കേരളത്തില്‍ വേദി പങ്കിടുന്നില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്.

ജിഗ്നേഷ് പികെഎസ് പരിപാടിയില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞപ്പോള്‍ അതിനെ വിമര്‍ശിച്ചു കൊണ്ട് ഞാന്‍ ഫെയിസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. അത് ശ്രദ്ധയില്‍ പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ ജിഗ്നേഷിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിച്ചതു കൊണ്ടായിരിക്കണം അദ്ദേഹം സത്യാവസ്ഥ മനസ്സിലാക്കുകയും പരിപാടിയില്‍ നിന്ന്‍ പിന്മാറുകയും ചെയ്തത്.

ഇടതുസംഘടനകള്‍ സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ സമരങ്ങള്‍ സംഘടിപ്പിക്കുന്നത് ആദ്യമായല്ല. സിപിഐ ആദ്യം കനയ്യ കുമാറിനെ കണ്ണൂരില്‍ കൊണ്ടുവന്നു. കനയ്യയെ കാണാനും ആ പ്രസംഗം കേള്‍ക്കാനും സിപിഐക്കാര്‍ മാത്രമല്ല പോയത്. ഇന്നാട്ടിലെ ഭൂരിഭാഗം ആളുകളും പോയി. ദളിത്‌ വിഷയങ്ങളും സംഘപരിവാര്‍ ഫാസിസവും ഒക്കെ ശരിയായ രീതിയില്‍ കനയ്യ സംസാരിച്ചു. പക്ഷെ കനയ്യ കേരളത്തില്‍ സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ദളിത്‌ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി സംസാരിച്ചില്ല. അങ്ങനെ ഒരവസ്ഥ കേരളത്തില്‍ ഉണ്ട് എന്ന് ചിലപ്പോള്‍ സിപിഐ നേതാക്കള്‍ കനയ്യയെ അറിയിക്കാത്തത് കൊണ്ടാകണം. അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും ഞങ്ങളുടെ സമരത്തിന് ഒപ്പം നിന്നേനെ.

ഇപ്പോളിതാ ജിഗ്നേഷ് മേവാനിയെ സത്യം മറച്ചുവെച്ച് സംഘപരിവാര്‍ ഫാസിസത്തിന് എതിരെ കൊണ്ട് വരാന്‍ സിപിഎം ശ്രമിച്ചിരിക്കുന്നു. ഇടതുപക്ഷ സംഘടന തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് സ്വഭാവം കാണിക്കുമ്പോള്‍ സംഘപരിവാര്‍ കാണിക്കുന്നതിനെ വിമര്‍ശിച്ചിട്ട് എന്ത് ഫലം?

സിപിഎമ്മിന്റെ കപട ദളിത്‌ സ്നേഹം ഇനിയെങ്കിലും അവരെ വിശ്വസിച്ചു നില്‍ക്കുന്ന ദളിത്‌, ആദിവാസി വിഭാഗങ്ങള്‍ മനസ്സിലാക്കണം.

കണ്ണൂരിലെ പാര്‍ട്ടി എന്നോട് എന്താണ് ചെയ്തത്? ഒരു സ്ത്രീ ആയതിന്‍റെ പേരില്‍, ദളിത് ആയതിന്‍റെ പേരില്‍ ജോലി ചെയ്തു ജീവിക്കാനുള്ള എന്‍റെ മനുഷ്യാവകാശത്തെ ഹനിക്കുകയായിരുന്നു.

 

സത്യം മനസിലായപ്പോള്‍ ജിഗ്നേഷ്  പിന്മാറുകയും ചെയ്തിരിക്കുന്നു. അംബേദ്കര്‍ ഐഡിയോളജി ശരിയായി മനസ്സിലാക്കിയ ആളാണ്‌ മേവനി. അദ്ദേഹത്തിന് സിപിഎമ്മിന്റെ കപട ദളിത്‌ സ്നേഹം കൃത്യമായി മനസ്സിലാകും.

 

എന്നെപോലുള്ള ഒരുപാട് ഇരകള്‍ക്ക് ഇത് സന്തോഷം തരുന്ന ഒരു വാര്‍ത്തയാണ്. മേവാനി പിന്മാറിയത്തില്‍ നിന്നും ശരി തെറ്റുകള്‍ വേര്‍തിരിച്ചറിയുവാനുള്ള ബോധം ഇനിയെങ്കിലും സിപിഎമ്മിന് ഉണ്ടാകും എന്ന് കരുതുന്നു.

 

(ചിത്രലേഖയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയാറാക്കിയത്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍