UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി പി എമ്മിന്‍റെ വേട്ടയും ഉമ്മന്‍ ചാണ്ടിയുടെ ചതിയും; ചിത്രലേഖയ്ക്ക് പറയാനുള്ളത്

Avatar

വിഷ്ണു എസ് വിജയന്‍

‘ഓ… പൊലച്ചി എത്തിയോ ഓട്ടോ ഓടാന്‍…’ ആദ്യ ദിവസം പ്രതീക്ഷയോടെ വണ്ടിയെടുത്ത് ഇറങ്ങിയ എന്നെ ഓട്ടോ സ്റ്റാന്‍ഡില്‍ ഉള്ളവര്‍ വരവേറ്റത് ഇങ്ങനെയായിരുന്നു. അവിടം മുതലിങ്ങോട്ട് ജീവിക്കാന്‍ വേണ്ടി പലരോടും പൊരുതുകയായിരുന്നു. ഈ ദുരിതങ്ങള്‍ക്കൊരു പരിഹാരം ഉണ്ടാകണം. ഇപ്പോള്‍ ഈ സെക്രട്ടേറിയേറ്റിനു മുന്നില്‍ ഇരിക്കുന്നതും അതിനാണ്. എനിക്കും ജീവിക്കണം; ചിത്രലേഖ പറഞ്ഞു തുടങ്ങുകയാണ്, അതിജീവനം മുടക്കിയ തൊഴിലാളിപ്പാര്‍ട്ടിയുടെ ജാതീയതയെക്കുറിച്ച്, വാക്കു പറഞ്ഞു പറ്റിച്ച സര്‍ക്കാരിനെക്കുറിച്ച്, ദളിത് ജീവിതങ്ങളെ ഓരങ്ങളിലേക്ക് തള്ളി മാറ്റി നിര്‍ത്തുന്ന സമൂഹത്തെക്കുറിച്ച്…

കണ്ണൂര്‍ പയ്യന്നൂരുള്ള ആടാട്ട് ഗ്രാമത്തില്‍ നിന്നു തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ വന്നു സമരം ചെയ്യേണ്ട വന്നതിന് ചിത്രലേഖ പറയുന്നത് കാരണങ്ങളിവയാണ്. ഓട്ടോ ഓടിച്ചു ജീവിതം കഴിയാമെന്നു വിചാരിച്ച തന്റെ മുന്നില്‍ സിപിഐഎമ്മും അവരുടെ തൊഴിലാളി സംഘടനയായ സി ഐ ടി യും ഭീഷണിയായി എത്തുകയായിരുന്നു. ഞാനൊരു സ്ത്രീയായതും അതിലുപരി ഒരു ദളിത് ആയതുമാണ് ബഹുജന പാര്‍ട്ടി കണ്ടു പിടിച്ച തെറ്റുകള്‍. ആദ്യമവര്‍ എനിക്ക തടസ്സങ്ങള്‍ സൃഷ്ടിച്ചു. എതിര്‍ത്തു നില്‍ക്കുന്നമെന്നു കണ്ടതോടെ ഊരുവിലക്ക് കല്‍പ്പിച്ചു. തോല്‍ക്കാന്‍ മനസില്ലാതിരുന്നതുകൊണ്ടാണ് കണ്ണൂര്‍ കളക്‌ട്രേറ്റിനു മുന്നില്‍ കുടില്‍കെട്ടി സമരം നടത്തിയത്.

പക്ഷേ തിരുവനന്തപുരത്ത് സമരത്തിന് എത്തിയതിനു മറ്റൊരു കാരണം കൂടിയുണ്ട്. അത് വിശ്വാസ വഞ്ചനയുടെ കഥയാണ്. ഭരണകൂടത്തിന്റെ അവഗണനയുടെയും നടത്തുന്ന വാഗ്ദാനലംഘനങ്ങളുടെയും മറ്റൊരു കഥ.

ഒരു കുടുംബത്തിന്റെ മുഴവന്‍ ഭാരവും സ്വന്തം ചുമലിലേറ്റേണ്ടി വന്ന ചിത്രലേഖയ്ക്ക് ഓട്ടോറിക്ഷയോടിച്ചു തന്റെ കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാമെന്നായിരുന്നു വിശ്വാസം. അവിടെയാണ് സി ഐ ടി യു ക്കാരുടെ ജാതിവെകളി ഇളകിയത്. പുതിയതായി വന്നത് ഒരു പെണ്ണാണെന്നത് തന്നെ സ്റ്റാന്‍ഡിലെ പുരുഷപ്രജകള്‍ക്ക് ഹാലിളിക്കിയ സംഗതിയാണ്. പെണ്ണൊരു പൊലച്ചി ആണെന്നത് വിരോധം ഇരട്ടിപ്പിച്ചു. 2004 ല്‍ ഓട്ടോയുമായി സ്റ്റാന്‍ഡിലെത്തിയ ചിത്രലേഖയ്ക്ക് ആ വര്‍ഷം മുഴുവന്‍ ഏറ്റു വാങ്ങേണ്ടി വന്നത് മാനസിക പീഡനമായിരുന്നെങ്കില്‍ പിറ്റേവര്‍ഷം ആക്രമണം ഓട്ടോയുടെ പുറത്തേക്കായി. ഓട്ടോയുടെ റെസ്‌കിന്‍ കുത്തിക്കീറി കൊണ്ട് അവര്‍ ചിത്രലേഖയ്‌ക്കെതിരെ പ്രത്യക്ഷ സമരത്തിലേക്കിറങ്ങി. ജീവിതത്തെക്കാള്‍ വലിയ ഭീഷണി മറ്റൊന്നുമില്ലെന്നു മനസിലാക്കിയായിരുന്ന ചിത്രലേഖ അതിനു മുന്നില്‍ തോല്‍ക്കാതിരിക്കാനുള്ള മനക്കരുത്ത് നേടിയിരുന്നു. അതുകൊണ്ടവര്‍ തൊഴിലാളി സഖാക്കളുടെ പേടിപ്പിക്കലില്‍ വിരണ്ടില്ല. ആ ‘ ധിക്കാരത്തിന്’ ചിത്രലേഖയ്ക്ക് വിധിച്ച ശിക്ഷ പക്ഷേ മാരകമായിരുന്നു. അവരുടെ ജീവിതോപാധിയായിരുന്ന ഓട്ടോ കത്തിച്ചു. അവിടെ കൊണ്ടും പ്രതികാരം അവസാനിച്ചില്ല. ചിത്രലേഖയ്ക്കു നേരെ വധശ്രമം ഉണ്ടായി. ഓട്ടോ ഇടിപ്പിച്ചു കൊല്ലാനാണവര്‍ നോക്കിയതെന്നു ചിത്രലേഖ പറയുന്നു. എന്റെ ഭര്‍ത്താവ് ആണെന്നു തെറ്റിദ്ധരിച്ചു സഹോദരി ഭര്‍ത്താവിനെ ഒരു ദിവസം വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ഞങ്ങള്‍ക്കെതിരെ നിരന്തരം കള്ളക്കേസുകള്‍ നല്‍കി. ഒട്ടും സഹിക്കവയ്യാതെ വന്നപ്പോഴാണ് 2014 ഒക്ടോബര്‍ മാസത്തില്‍ കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്; ചിത്രലേഖ പറയുന്നു.

ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം
സഖാക്കളോടാണ്: ഓര്‍മയുണ്ടോ ചിത്രലേഖയെ? ഒരുനാള്‍ നിങ്ങള്‍ മറുപടി പറയേണ്ടി വരും

ഇതോടെ ചിത്രലേഖ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹം അറിയാന്‍ തുടങ്ങി. കാര്യങ്ങള്‍ വഷളാകുമെന്നു കണ്ടതോടെ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളും ഭീഷണികളും സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ തുടങ്ങി. ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ചവരെ എതിരാളികള്‍ പണം നല്‍കി വശത്താക്കി. സമരത്തിനു പിന്തുണയറിയിക്കാന്‍ വന്നവരെ എ പി അബ്ദുള്ളകുട്ടി എം എല്‍ എ വരെ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടി എനിക്ക് ഊരുവിലക്ക് കല്‍പ്പിച്ചു, ജനിച്ചു വളര്‍ന്ന നാടിന് എന്നെയവര്‍ അന്യയാക്കി; ചിത്രലേഖ പറഞ്ഞു.

ഇത്രയൊക്കെ നേരിടേണ്ടി വന്നിട്ടും ചിത്രലേഖ പൊരുതി നിന്നു എന്നതാണ് യഥാര്‍ത്ഥ്യം. തോല്‍പ്പിക്കാന്‍ ശ്രമിച്ചവരെ മനക്കരുത്ത് കൊണ്ടു തോല്‍പ്പിക്കാന്‍ ചിത്രലേഖയ്ക്കു കഴിഞ്ഞു. ജീവിക്കാന്‍ വേണ്ടി നിരന്തരം സമരം ചെയ്യേണ്ടി വരുന്ന ദളിത് ജനതയുടെ ഒരു കണ്ണിയാണല്ലോ അവരും.

സിപിഐഎം ചിത്രലേഖയ്ക്കു നേരെ നടത്തിയ ജാതീയ അതിക്രമവും സാമൂഹിക വിലക്കും മുതലെടുക്കാന്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി രംഗത്തുവന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ചിത്രലേഖയ്ക്ക് നല്‍കിയ ഉറപ്പുകള്‍ ഇവയായിരുന്നു; സൗജന്യമായി ഭൂമിയും വീട് നിര്‍മാണത്തിന് ധനസഹായവും നല്‍കും, ചിത്രലേഖയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന മൂന്നു കേസുകളും റദ്ദാക്കും.കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു ഈ വാഗ്ദാനങ്ങള്‍ നല്‍കിയത്.

ഉമ്മന്‍ ചാണ്ടിയുടെ വാക്കു വിശ്വസിച്ച് ചിത്രലേഖ സമരം അവസാനിപ്പിച്ചു. പക്ഷേ ഉമ്മന്‍ ചാണ്ടി ചിത്രലേഖയ്ക്കു വേണ്ടി ഒന്നും ചെയ്തില്ല. ഭരണകൂടത്താല്‍ വഞ്ചിക്കപ്പെട്ട ആദിവാസി-ദളിത് ജീവിതങ്ങളുടെ കൂട്ടത്തിലേക്ക് ഒരാളെ കൂടി മുഖ്യമന്ത്രി ചേര്‍ത്തുവെന്നു പറയാം.

എനിക്കെന്തുകൊണ്ട് നീതി കിട്ടിയില്ലെന്നത് വ്യക്തമാണ്. കാരണം ഞാനൊരു ദളിത് സ്ത്രീയാണ്. എല്ലാ ഭരണകൂടങ്ങളും എക്കാലത്തും ഞങ്ങള്‍ക്കെതിരാണ്. ഞങ്ങളാണ് ഈ മണ്ണിന്റെ അടിസ്ഥാന വര്‍ഗമെന്ന് അവര്‍ മറക്കുന്നു. ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ദുരിതപൂര്‍ണമായ അവസ്ഥ ഈ സമൂഹത്തില്‍ ഞങ്ങള്‍ക്കു മാത്രമാണ് ഉള്ളത്; അമര്‍ഷവും സങ്കടവുമെല്ലാം ചിത്രലേഖയുടെ വാക്കുകളില്‍ കലര്‍ന്നിരുന്നു.

സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനങ്ങളുടെ പാപക്കറ ഏറെയുണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ തലയില്‍. അട്ടപ്പാടിയിലെയും വയനാട്ടിലെയും അരിപ്പയിലെയും ചെങ്ങറയിലെയും… പാവങ്ങളുടെ കണ്ണീര്‍ ഏറെ വീണിട്ടുണ്ട് ഈ ഭരണ സിരാകേന്ദ്രത്തിന്റെ മുന്നില്‍. അവിടെയാണ് മറ്റൊരു ദളിത് ജീവിതം കൂടി നീതിക്കു വേണ്ടി സമരം ചെയ്യാന്‍ വന്നിരിക്കുന്നത്. ജീവിക്കാനുള്ള അവകാശമാണ് ഈ സ്ത്രീ ചോദിക്കുന്നത്. അതു തടയാന്‍ ഒരു സര്‍ക്കാരിനോ പാര്‍ട്ടിക്കോ തൊഴിലാളി സംഘടനയ്‌ക്കോ അവകാശമില്ല. പിറന്നതു പെണ്ണായിട്ടായതും പെട്ടത് കീഴ്ജാതിക്കാരിലായിപ്പോയതും എങ്ങനെയാണ് ഒരു മനുഷ്യന്റെ തെറ്റാകുന്നത്? പ്രതികള്‍ മറുടി പറഞ്ഞില്ലെങ്കില്‍ സമൂഹത്തിനുണ്ട് അതിന്റെ ബാധ്യത. ചിത്രലേഖയ്ക്ക് ഉത്തരം കൊടുത്തേ തീരൂ…

(അഴിമുഖത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍