UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശ്ശേരിയില്‍ ദളിത് രാഷ്ട്രീയം പറഞ്ഞ് തമ്മിലടിക്കുന്നവര്‍ പയ്യന്നൂരിലെ ചിത്രലേഖയെ മറക്കരുത്

Avatar

വിഷ്ണു എസ് വിജയന്‍

തലശേരി കുട്ടിമാക്കൂലില്‍ സിപിഐഎം ഓഫിസില്‍ കയറി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന് ആരോപിച്ച് രണ്ടു ദളിത് യുവതികളെ അറസ്റ്റ് ചെയ്യുകയും അതിലൊരാള്‍ ജയില്‍ മോചിതയായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ച. കൈക്കുഞ്ഞിനെയും കൂട്ടിയാണ് ഇവരിലൊള്‍ക്ക് ജയിലില്‍ കഴിയേണ്ടി വന്നതെന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടിയിരുന്നു. ദളിത് സംരക്ഷകരെന്നു മേനി നടിച്ചിരുന്ന സിപിഐഎമ്മിന്റെ മേല്‍ പടര്‍ന്നുപിടിച്ച കരിനിഴലായി ഈ സംഭവം മാറിയിരിക്കുന്നു. പ്രത്യേകിച്ച് അവര്‍ സംസ്ഥാന ഭരണത്തിലിരിക്കുന്ന സമയത്ത്. സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രഹരിക്കാന്‍ കിട്ടിയ വടിയായി ഈ ദളിത് വിഷയം കോണ്‍ഗ്രസും ബിജെപിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഉപയോഗിക്കുകയാണ്. എന്നാല്‍ ഇതൊരു ദളിത് പ്രശ്‌നമല്ലെന്നും തികച്ചും പ്രാദേശിക രാഷ്ട്രീയ പ്രശ്നമാണെന്നുമാണ് സിപിഐഎം വാദിക്കുന്നത്. ഇരകളെന്നു വിളിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ കോണ്‍ഗ്രസ് നേതാവിന്റെ മക്കളാണെന്നതും പാരസെറ്റാമോള്‍ ഗുളിക കഴിച്ചുള്ള നാടകമായിരുന്നു ആത്മഹത്യാശ്രമം എന്നൊക്കെയാണ് അവര്‍ ഉയര്‍ത്തുന്ന വാദം. അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ യുവതികളുടെ കൂടെ കുട്ടി ഉണ്ടായിരുന്നില്ലെന്നും ജയിലിലേക്കു പോകുമ്പോള്‍ കോടതിയുടെ അനുമതി വാങ്ങിയാണ് കുട്ടിയെ അമ്മ ഒപ്പം കൊണ്ടുപോയതെന്നും സിപിഐഎം എടുത്തു പറയുന്നു.

ഇതില്‍ വാസ്തവം ആരുടെ പക്ഷത്താണെന്നത് ഇനിയും വ്യക്തമക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ മറ്റൊരു കാര്യം സുവ്യക്തമാണ്. വലതിന്റെയും ഇടതിന്റെയും കേരളത്തിലെ ദളിത് സ്‌നേഹം മായം കലര്‍ന്നതാണ്. തലശേരി വിഷയം ചര്‍ച്ച ചെയ്യുന്നവരും സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരും ഇതേ കണ്ണൂരില്‍ മറ്റൊരു ദളിത് സ്ത്രീയോട് ചെയ്ത കാര്യങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ചിത്രലേഖ എന്ന ദളിത് സ്ത്രീ ഇന്നും തെരുവില്‍ നിന്നു പോരാടുന്നത് ഇതേ ഇടത്- വലത് രാഷ്ട്രീയക്കാരോടാണ്.

ഓട്ടോ ഓടിച്ച് ജീവിതം പുലര്‍ത്തുവാന്‍ ശ്രമിച്ച ചിത്രലേഖയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ജോലിയെടുക്കാന്‍ സമ്മതിക്കാതെയിരുന്നതിന്റെ ആക്ഷേപവും സിപിഐഎമ്മിന്റെ തന്നെ തൊഴിലാളി സംഘടനയായ സിഐടിയുവിനു മേലാണ്. പ്രതിരോധിച്ചു നിന്നപ്പോള്‍ സ്ത്രീയാണെന്ന പരിഗണനപോലും നല്‍കാതെ കള്ളക്കേസുകളില്‍ കുടുക്കി ഊരു വിലക്ക് കല്‍പ്പിച്ചതും ഇതേ തൊഴിലാളി സംഘടനയും പ്രദേശത്തെ പാര്‍ട്ടി നേതൃത്വവുമാണെന്നും ചിത്രലേഖ ആരോപിക്കുന്നു. ഉത്തരേന്ത്യയില്‍ ദളിത് കുട്ടികളെ പച്ചയ്ക്ക് തീ കൊളുത്തിയതിനെതിരേയും രോഹിത് വെമുലയുടെ ആത്മഹത്യക്കുമെല്ലാമെതിരെ അതിശക്തമായി പ്രതികരിച്ച ഒരു പാര്‍ട്ടിക്കു തന്നെയാണ് കേരളത്തില്‍ ഇത്തരമൊരു ആക്ഷേപം കേള്‍ക്കേണ്ടി വന്നതും. 

ചിത്രലേഖയുടെ കാര്യത്തില്‍ സിപിഐ എം മാത്രമല്ല പ്രതികള്‍. രണ്ടു ദളിത് പെണ്‍കുട്ടികളെ പിണറായി വിജയന്റെ പോലീസ് കൈക്കുഞ്ഞിനെയും ചേര്‍ത്ത് ജയിലിലടച്ചു എന്നുള്ളത് ഞെട്ടലുളവാക്കിയെന്നും, അപലപനീയം എന്നും കണ്ണും പൂട്ടി പറഞ്ഞു കളഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും കഴിഞ്ഞ ജനുവരിയില്‍ ചിത്രലേഖ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തിയത് എന്തിനാണെന്നു മറന്നു പോയോ? 

ചിത്രലേഖയോടു സിപിഐഎം കാട്ടിയ ജാതി അക്രമവും സാമൂഹിക വിലക്കും മുതലെടുത്ത് രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടി അവര്‍ക്ക് ഭൂമി നല്‍കാം എന്നും അവരുടെ മേലുള്ള കേസുകള്‍ പിന്‍വലിക്കാം എന്നും നല്‍കിയ വാക്ക് പാലിക്കപ്പെടാതെ പോയപ്പോഴാണ് ചിത്രലേഖ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരവുമായി എത്തിയത്.

ഉമ്മന്‍ ചാണ്ടി ചിത്രലേഖയ്ക്ക് നല്‍കിയ ഉറപ്പുകള്‍ ഇവയായിരുന്നു; സൗജന്യമായി ഭൂമിയും വീട് നിര്‍മാണത്തിന് ധനസഹായവും നല്‍കും, ചിത്രലേഖയ്‌ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്ന മൂന്നു കേസുകളും റദ്ദാക്കും. സമരത്തിനെത്തിയ ചിത്രലേഖയെ വീണ്ടും പട്ടയം നല്‍കാം, അതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നൊക്കെ പറഞ്ഞു സമരം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും അവരെ തിരികെ അയക്കുകയും ചെയ്തു. ഭരണത്തിലിരിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ ദളിത് സ്‌നേഹം ഏതുതരത്തിലായിരുന്നുവെന്നതിന് ചിത്രലേഖ നല്ലൊരു ഉദാഹരണമാണ്.

ഇപ്പോഴത്തെ വിഷയത്തില്‍ ചിത്രലേഖയ്ക്കു പറയാന്‍ ഉള്ളത് കൂടി കേള്‍ക്കാം; 

കണ്ണൂരില്‍ ആദ്യമായിട്ടല്ല ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ ആക്രമിക്കപ്പെടുന്നത്. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ പല കാലങ്ങളിലായി സിപിഐഎം പ്രവര്‍ത്തകരുടെ ജാതിവെറിയ്ക്ക് ഇരയായിട്ടുണ്ട്. എനിക്ക് അന്നും ഇന്നും സഹായം നല്‍കാനോ സംരക്ഷണം നല്‍കുവാനോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു വന്നിട്ടില്ല. ഇപ്പോള്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ രാഷ്ട്രീയ സംവിധാനം ഉണ്ട്. എന്നാല്‍ ഞാനുള്‍പ്പെടെ ആക്രമിക്കപ്പെട്ടവര്‍ക്കൊന്നും കൃത്യമായ നീതി ലഭിച്ചിട്ടില്ല. ലഭിക്കുമെന്ന് വിശ്വസിക്കുന്നുമില്ല.

ഞങ്ങള്‍ക്ക് പിടിപാടുകള്‍ ഇല്ല. പിടിപാടുകള്‍ ഇല്ലാത്ത ഒരു പട്ടികജാതിക്കാരനാണ് അക്രമം നേരിട്ടത് എങ്കില്‍ ഇത്രയും ബഹളം ഉണ്ടാകുമായിരുന്നില്ല. ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം ആരെങ്കിലും വല്ലതും പറഞ്ഞെന്നിരിക്കും, അതിനപ്പുറത്തേക്കു പോകില്ല. കൂടിപ്പോയാല്‍ പത്രങ്ങളില്‍ ഉള്‍പേജില്‍ എവിടെയെങ്കിലും ഒരു കോളം വാര്‍ത്തയും നല്‍കിയേക്കാം. അതിനപ്പുറം ഒന്നും സംഭവിക്കില്ല. രാഷ്ട്രീയപരമായ സ്വാധീനം ഇല്ലാത്തത് കൊണ്ടാണ് എന്റെ വിഷയത്തില്‍ ആരും ഇടപെടാതെ മാറി നിന്നത്. ഈ വിഷയത്തില്‍ സാമ്പത്തികമായ ഒരു പാശ്ചാത്തലം കൂടി ഉണ്ട്. തലശേരിയിലെ പെണ്‍കുട്ടികളുടെ കാര്യത്തില്‍, അവരല്‍പ്പം രാഷ്ട്രീയ സ്വാധീനവും സാമ്പത്തികവുമൊക്കെയുള്ള കുടുംബമാണ്. അതുകൊണ്ട് അവരെ സഹായിക്കാനും സിപിഐഎമ്മിനെതിരെ ഈ വിഷയം ആയുധമാക്കുവാനും ആളുകള്‍ ഉണ്ടായത്. ഞങ്ങള്‍ക്ക് ഇതൊന്നും ഉണ്ടായില്ല. അതുകൊണ്ട് ഇപ്പോഴും ദുരിതത്തില്‍ തന്നെ. പെണ്‍കുട്ടികളെ പിടിച്ച് ജയിലില്‍ അടച്ചത് തെറ്റ് തന്നെയാണ്. എന്നാല്‍ സമാന സ്വഭാവമുള്ള രണ്ടു വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാട് ചോദ്യം ചെയ്യേണ്ടതാണ്.

എന്റെ പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടപെടാമായിരുന്നു, കാര്യങ്ങള്‍ ചെയ്യാമായിരുന്നു. പക്ഷെ അവര്‍ ഒന്നും ചെയ്തില്ല. മൗനമായിരുന്നു. അതുകൊണ്ടാണ് എനിക്ക് ഒറ്റയ്ക്ക് സമരത്തിന് ഇറങ്ങേണ്ടി വന്നത്. 308 വകുപ്പ് പ്രകാരം എനിക്കും ജയിലില്‍ പോകേണ്ടി വന്നിട്ടുണ്ട്. വിളിച്ചു വരുത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പോഴും സഹായിക്കാന്‍ ആരുമില്ലായിരുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടുന്നവരെ കണ്ടില്ലെന്നു നടിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് പുറകെ പോകുകയാണ് പാര്‍ട്ടികള്‍.’

ചിത്രലേഖ ഒരു ഉദാഹരണം മാത്രമാണ്. കേരളത്തില്‍ ഇത്തരത്തില്‍ നിരവധി ചിത്രലേഖമാരുണ്ട്. ന്യായം പറയുന്നവരും അന്യായം ചോദ്യം ചെയ്യുന്നവരും അക്കാര്യം മറന്നുപോവുകയാണ്. സ്വന്തം നഗ്നത അറിയാതെ പോകുന്ന രാജാക്കന്മാരാണ് ഇവിടെയുള്ള ഓരോ രാഷ്ട്രീയ പ്രസ്ഥാനമെന്നും ചിത്രലേഖമാര്‍ വിളിച്ചു പറയുകയാണ്. ഇവിടെ ഒരും വിഭാഗക്കാര്‍ ദളിത് വിരോധികളും മറ്റുള്ളവര്‍ ദളിത് സ്‌നേഹികളുമാണെന്ന തരംതിരിച്ചുള്ള ചര്‍ച്ചകള്‍ക്കു മുമ്പ് ഇവരുടെയെല്ലാം മുന്‍കാല ചെയ്തികള്‍ കൂടി ഓഡിറ്റിംഗിന് വിധേയമാക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍