UPDATES

രൂപേഷ് കുമാര്‍

കാഴ്ചപ്പാട്

ബ്ളാക്ക് ലെറ്റേഴ്സ്

രൂപേഷ് കുമാര്‍

ന്യൂസ് അപ്ഡേറ്റ്സ്

സഖാക്കളോടാണ്: ഓര്‍മയുണ്ടോ ചിത്രലേഖയെ? ഒരുനാള്‍ നിങ്ങള്‍ മറുപടി പറയേണ്ടി വരും

കണ്ണൂരില്‍ നിന്നും പഴയങ്ങാടിയിലേക്ക് ഒരു ബസ് യാത്രക്കിടയിലാണ് ഈയിടെ ഒരു റോഡരികില്‍ കുറച്ചു ഫ്ലെക്സുകള്‍ കണ്ടത്. ഒരു സിനിമയുടെ എഴുപത്തി അഞ്ചാം ദിവസം ആഘോഷിക്കുന്നതിന്റെ ഫ്ലെക്സ്‌ ആയിരുന്നു അത്. ചെറുകുന്ന് എന്ന സ്ഥലത്തെ രവികൃഷ്ണ എന്ന സി ക്ലാസ് ടാക്കീസില്‍ “വസന്തത്തിന്റെ കനല്‍ വഴികള്‍” എന്ന സിനിമയുടെ എഴുപത്തി അഞ്ചാം ദിവസം. ആ സിനിമ എഴുപത്തി അഞ്ചു ദിവസം അവിടെ കളിച്ച്ചിട്ടുന്ടെങ്കില്‍ അതൊരു ചരിത്രമാണ്. അടുത്ത കാലത്തൊന്നും ഒരു സിനിമയും ഒരു സി ക്ലാസ് തീയേറ്ററില്‍ എഴുപത്തി അഞ്ചാം ദിവസം ഓടിയിട്ടുണ്ടാവില്ല. ഒരു നാട് ഒരു രാഷ്ട്രീയ സിനിമയെ വിജയിപ്പിച്ച്ചിരിക്കുന്നു. അല്ലെങ്കില്‍ ഒരു ദേശത്തിന്റെ രാഷ്ട്രീയം ഒരു സിനിമയെ അങ്ങ് സൂപ്പര്‍ ഹിറ്റ്‌ ആക്കി മാറ്റിയിരിക്കുന്നു. സിനിമയുടെ ആഘോഷത്തിന്റെ ഫ്ലെക്സില്‍ കല്ല്യാശ്ശേരി എം എല്‍ എ, സി പി എം നേതാവ് ടി.വി രാജേഷ് ഒക്കെ പങ്കെടുക്കുന്നുണ്ട്. തമിഴ് സൂപ്പര്‍ താരം (അങ്ങനെയാണ് ഫ്ലെക്സില്‍ കുറിച്ചിരിക്കുന്നത്) സമുദ്രക്കനി ഒക്കെ പങ്കെടുക്കുന്നു. അതിനു ശേഷം സി ജെ കുട്ടപ്പനും സംഘവും ഒക്കെ നയിക്കുന്ന നാടന്‍ പാട്ടുകളും ഉണ്ട്. ഒക്കെ നല്ലത്. കേരളത്തിലെ ഇടതു പക്ഷ വിപ്ലവത്തിന്റെ കഥ പറയുന്ന സിനിമ ആണെന്നാണ്‌ ഈ ചലച്ചിത്രത്തെക്കുറിച്ച് കേട്ടത്. നല്ലത്. 

 

പക്ഷെ ഇതേ ഇടതുപക്ഷ ആണ്‍കോയ്മ എഴുപത്തി അഞ്ചു ദിവസം അല്ല കഴിഞ്ഞ പത്ത് വര്‍ഷമായി പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു സമര കാഴ്ച കണ്ണൂരില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ചിത്രലേഖ എന്ന ഒരു ദളിത്‌ വനിതാ ഓട്ടോറിക്ഷ തൊഴിലാളിയുടെ സമരം. ഈ സമരത്തിന്റെ ഏറ്റവും അവസാനത്തെ എപ്പിസോഡ് ആണ് കണ്ണൂര്‍ കലക്ട്രെറ്റിനു മുന്നില്‍ നൂറു ദിവസം പിന്നിട്ട സമരം. ഒരു ആഘോഷവും ഒരു സൂപ്പര്‍ താരവും ഒരു യുവ എം. എല്‍. എ യും ഒരു മഹിളാ അസോസിയേഷന്‍ നേതാവും തിരിഞ്ഞു നോക്കാതെ നടത്തപ്പെടുന്നത്. സി.പി.എമ്മിന്റെ ആണ്‍കോയ്മയുടെ ജാതി അക്രമത്തിനെതിരെയും വയലൻസിനെതിരെയുമുള്ള ഒരു ദളിത്‌ യുവതിയുടെ സമരം. ഒരു ദളിത്‌ യുവതിയുടെ കദനകഥ ഒക്കെ എഴുതിയ എം. മുകുന്ദന്‍ എന്ന എഴുത്തുകാരന്റെ മാഹി എന്ന പ്രദേശത്തിന് അയല്പക്കത്ത് ചങ്കുറപ്പോടെ ഒരു വനിതയുടെ സമരം. എം. മുകുന്ദന്‍ ഇപ്പൊ ഡല്‍ഹിയിലാണോ ആവോ? കണ്ണൂരിലെ സാംസ്കാരിക നായകരോക്കെ ബസ് പിടിച്ച് മൂന്നാറില്‍ ടൂറിനു പോയിരിക്കുവായിരിക്കും. പക്ഷെ ചിത്രലേഖ ഇപ്പോഴും കണ്ണൂർ കലക്ട്രെട്ടിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്. കണ്ണൂരിന്റെ കപട ‘നിഷ്കളങ്കത’ക്കും, ‘ആത്മാർത്ഥത’യ്ക്കും, “സ്നേഹിച്ചാല്‍ നക്കിക്കൊല്ലും” എന്ന നാട്ടിലെ പാട്ടിനും മേലെ കാർക്കിച്ച്ചു തുപ്പിക്കൊണ്ട്. അതെ, പത്ത് വര്‍ഷമായി ഒരു ദളിത്‌ സ്ത്രീ നീതിക്ക് വേണ്ടി, ജീവിക്കാന്‍ വേണ്ടി സമരം ചെയ്യുകയാണ്.

 

 

ചിത്രലേഖയുടെ സമരത്തിന്റെ ചരിത്രം കേരളത്തിനകത്തും പുറത്തും പൊതുവേ അറിവുള്ളതാണ്. കേരളത്തിനകത്തും പുറത്തുമുള്ള ജാതിവിരുദ്ധ സമരസമൂഹങ്ങള്‍ ചിത്രലേഖയുടെ കൂടെ ഉണ്ടായിരുന്നു; ഇന്നും ഉണ്ട്. ഇന്ത്യയിലെ വിവിധ യുനിവേഴ്സിറ്റികളിലെ പല സംഘടനകളും സാമൂഹിക വിഭാഗങ്ങളും ഈ സമരത്തിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു. ഒരു പരിധിവരെ മാധ്യമങ്ങളും ചിത്രലേഖ നേരിട്ട വയലന്‍സ് പുറം ലോകത്തെ കാണിച്ചു. പത്ത് വർഷം മുമ്പാണ് പയ്യന്നൂരിലെ എടാട്ട് എന്ന സ്ഥലത്ത് ചിത്രലേഖയും ഭര്‍ത്താവ് ശ്രീഷ്കാന്തും ഒരു കുടുംബം മുന്നോട്ടു കൊണ്ട് പോകാനായി ലോണ്‍ എടുത്തു ഒരു ഓട്ടോ വാങ്ങുന്നത്. ശ്രീഷ്കാന്ത് പയ്യന്നൂരുകാരന്‍ അല്ലാത്തത് കൊണ്ടും അവിടുത്തെ സ്ഥലങ്ങള്‍ പരിചയമില്ലാത്തത് കൊണ്ടും ചിത്രലേഖയോട് ഓട്ടോ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോയും ആയി എടാട്ടെ സ്റ്റാന്റിലെത്തിയപ്പോള്‍ “ഓ… പൊലച്ചി എത്തിയാ… ഓട്ടോ ഓടിക്കാന്‍” എന്ന ഒരു കമന്റ് ആണ് അവരെ എതിരേറ്റത്. ശ്യാമസുന്ദര കേരള, നിഷ്കളങ്ക പയ്യന്നൂരിലെ ഒരു ഓട്ടോ സ്റ്റാന്റിലെ ആദ്യത്തെ പ്രതികരണം. ഒരു ദുർഗാപൂജ നാളിൽ ഇടതുപക്ഷ സി ഐ ടി യു യൂണിയന്‍ ഒരു നമ്പൂതിരിയെ ഒക്കെ വെച്ചു ഓട്ടോകള്‍ പൂജയും നടത്തി. (എന്തൊരു വിപ്ലവം!). 

 

ചിത്രലേഖ എന്ന ദളിത്‌ സ്ത്രീക്കെതിരെയുള്ള സി പി എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതീയ അക്രമം അവിടെ തുടങ്ങി. പിന്നീട് ഒരിക്കല്‍ ചിത്രലേഖയുടെ ഓട്ടോയുടെ റെക്സിൻ കീറിപ്പറിച്ച്ചു. എതിര്‍ക്കാന്‍ ചെന്ന ചിത്രലേഖയുടെമേല്‍ ഓട്ടോ ഓടിച്ചു കയറ്റി. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ പരിക്കുകളില്ലാതെ ചിത്രലേഖ രക്ഷപ്പെട്ടത്. പയ്യന്നൂരിലെ ജാതി ആണ്‍കോയ്മയെ അനുസരിക്കാത്ത, അതിനെതിരെ പ്രതികരിച്ച ചിത്രലേഖ നിരന്തരം ആക്രമിക്കപ്പെട്ടു. ഓട്ടോ കീറിയതിനെതിരെ ശബ്ദമുയര്‍ത്തിയ ചിത്രലേഖയോടു “നിന്നെയും കീറും” എന്നാണ് അവിടത്തെ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ പ്രതികരിച്ചത്. ചിത്രലേഖ പോലീസില്‍ ഈ പ്രശ്നങ്ങള്‍ പരാതിയാക്കിയപ്പോള്‍ അജിത്‌ കുമാര്‍ എന്ന സിപിഎം ഗുണ്ടയുടെ നേതൃത്വത്തില്‍ ചിത്രലേഖയുടെ വീട്ടില്‍ വെച്ചു തന്നെ അവരുടെ ഓട്ടോ കത്തിച്ചു ചാമ്പല്‍ ആക്കുന്ന സംഭവവും നടന്നു. ഒരു ദളിത്‌ സ്ത്രീയുടെ നെഞ്ചത്ത് കയറി പൊലിപ്പിച്ച്ചെടുക്കുന്ന വിപ്ലവങ്ങള്‍. പിന്നീട് പി. കെ . ശ്രീമതിയെപ്പോലുള്ള വിപ്ലവ നായികമാര്‍ ചിത്രലേഖ എന്റെ സ്വന്തം സഹോദരി ആണെന്ന് പയ്യന്നൂരില്‍ പ്രസംഗിച്ചു. പക്ഷെ ഇന്ന് വരെ പി.കെ. ശ്രീമതി ചിത്രലേഖയുടെ വീട് വരെ ഒന്ന് പോയിട്ടുപോലുമില്ല. പിന്നീട് ഭരണകൂടം ഇമ്മാതിരി ജാതിഗുണ്ടായിസത്തിനു ദാസ്യവേല ചെയ്തത് ഇങ്ങനെയാണ്. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്കാന്തിനെ ഗൂണ്ടാ ലിസ്റ്റില്‍ കയറ്റി മുപ്പത്തി രണ്ടു ദിവസം ജയിലില്‍ അടച്ചു. അവിടെയും തീര്‍ന്നില്ല അക്രമം, അജിത്തിന്റെ നേതൃത്വത്തില്‍ ശ്രീഷ്കാന്തിനെ കൊല്ലാന്‍ വടിവാളുമായി ചിത്രലേഖയുടെ വീട്ടിലെത്തി. പക്ഷെ ആളുമാറി വെട്ടുകൊണ്ടത്‌, ശ്രീഷ്കാന്തിന്റെ അനിയനും. വിപ്ലവം അങ്ങനെ പയ്യന്നൂരിലെ ദേശത്ത് പൊടിപൊടിച്ചു. പാർട്ടിയോടും പഞ്ചായത്ത് മെമ്പർമാരോടും യൂണിയന്‍ നേതാക്കളോടും പരാതിപ്പെട്ട്ടപ്പോള്‍ തങ്ങള്‍ക്ക് ഈ കാര്യത്തില്‍ ഇടപെടാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അപ്പോഴും പയ്യന്നൂരില്‍ പിന്നീടും ശബരിമല സീസണും തെയ്യവും തിരയും അമ്പലങ്ങളില്‍ ഉത്സവങ്ങളും പയ്യന്നൂര്‍ കോളേജില്‍ സാംസ്കാരിക സെമിനാറുകളും നടന്നു.

 

 

ചിത്രലേഖ തന്നെ സ്വന്തം അനുഭവപരിസരത്ത് നിന്നും ഈ ലേഖകനുമായുള്ള ഒരു സംസാരത്തില്‍ നിന്നും തന്റെ സമരത്തെ നിര്‍ണയിക്കുന്നതും വായിച്ചെടുക്കുന്നതും ഇങ്ങനെയാണ്. പണ്ട് കാലത്ത് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, പാടത്ത് പണിയെടുക്കുന്ന പുലയസ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്ന്‍. കല്ല്‌ മാലകള്‍ ധരിക്കണമായിരുന്നു. അടിമവേലക്കാരായി ഒന്നും മിണ്ടാതെ പണിയെടുത്തു ജന്മികളുടെ പത്തായം നിറയ്ക്കണമായിരുന്നു. വാണിയ സമുദായത്തില്‍ പെടുന്ന സ്വയം ജന്മിത്വത്തിന്റെ അവശേഷിപ്പ് പേറുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് എടാട്ടില്‍ ഭൂരിഭാഗവും. സ്വാതന്ത്ര്യം ലഭിച്ചിട്ടും ജനാധിപത്യം പൊടി പൊടിച്ചിട്ടും സമൂഹത്തിന്റെ വിവിധ ധാരകളില്‍ ഇടതുപക്ഷ പാര്‍ട്ടികളില്‍ ഒക്കെ ഈ ജന്മിത്വം പൂര്‍വാധികം ശക്തമായ രീതിയില്‍ തന്നെ നിലനില്കുന്നുണ്ട്. പയ്യന്നൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അല്ലെങ്കില്‍ ജാതിസമൂഹത്തിന്റെയും പ്രശ്നം, പാടത്ത് പണിയെടുക്കുന്ന, ഓച്ചാനിച്ചു നിക്കേണ്ട ഒരു വ്യവസ്ഥയില്‍ നിന്ന് ഒരു പൊതുഇടമായ റോഡിലേക്ക് ഒരു ദളിത്‌ സ്ത്രീ ഓട്ടോറിക്ഷയും ഓടിച്ചു വന്നു എന്നതാണ്. മുഖ്യധാരയിലെ ഒരു പൊതു വഴിയിലേക്ക് ഓട്ടോ ഓടിച്ചു കയറുമ്പോള്‍ അവിടത്തെ ജാതിആണിടങ്ങള്‍ ഞെട്ടി എന്നത് തന്നെ ആണ്. പിന്നെ അവര്‍ ആഗ്രഹിച്ചത്, അവിടെ പഴയ ഫ്യൂഡല്‍ രീതിയില്‍ ദളിത്‌ സ്ത്രീ അനുസരണയോടെ ഓച്ചാനിച്ച് നിക്കണം എന്ന കല്പന നടപ്പിലാക്കാപ്പെടണം എന്നത് കൂടിയാണ്. അതിന് എന്നെക്കിട്ടില്ല എന്നത് കൊണ്ടാണ് അവര്‍ ഇത്ര വിറളി പിടിക്കുന്നത്. അത് കൊണ്ടാണ് തന്നോട് മാത്രമല്ല, ശ്രീഷ്കാന്തിനോട്  “പൊലച്ചീന്റെ കൂടെ കെടക്കുന്നവന്‍” എന്നൊക്കെ വാക്കുകളിലെ വയലന്‍സിലൂടെയും അല്ലാതെയും ആക്രമിക്കപ്പെടുന്നത്. പിന്നെ അവരുടെ സ്ഥിരം അടവാണ്, ഒരു പഴകി തേഞ്ഞ അടവ്. തന്നെ മദ്യപാനി ആയി ചിത്രീകരിക്കുക, തന്റെ സ്വഭാവം നല്ലതല്ലെന്ന് പറഞ്ഞുപരത്തുക, സദാചാര പോലീസിംഗ് ചമയുക എന്നതൊക്കെ. ഇവിടെ മദ്യപാനത്തില്‍ ജാതി എങ്ങനെ ഉപയോഗിച്ചു എന്നത് ചരിത്രപരമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. പണ്ട് പാടത്ത് പണിയെടുക്കാന്‍ അവിടെ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടാതിരിക്കാന്‍ ഈ ഫ്യൂഡല്‍ ശക്തികള്‍ തന്നെയാണ് മദ്യത്തെ ഉപയോഗിച്ചതും. ഇവിടെ ഇപ്പൊ ലൈംഗിക തൊഴിലാളികള്‍ക്ക് സംഘടനകളും അവരുടെ അവകാശങ്ങലെക്കുറിച്ച് സംവാദങ്ങളും അവരുടെ പുനരധിവാസങ്ങളെക്കുറിച്ച് ചര്‍ച്ചകളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാകുമ്പോഴാണ് ഇവിടെ സദാചാരവും പൊക്കിപ്പിടിച്ച് ഈ ചുവന്ന കൊടിക്കാര്‍ വരുന്നത്. ചരിത്രം ഇവരെ നോക്കി ചിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

 

കണ്ണൂര്‍ ജില്ലയിലെ ദളിത്‌ ആക്ടിവിസ്റ്റും അധ്യാപകനും ചിന്തകനുമായ ആനന്ദന്‍ പൈതലെന്‍ ചിത്രലേഖ സംഭവത്തെ വിലയിരുത്തുന്നത് പയ്യന്നൂരിന്റെ ദേശചരിത്രവുമായി ബന്ധപ്പെടുത്തിയാണ്. പൊതുവേ വിപ്ലവത്തിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടെയും നാട് എന്നറിയപ്പെടുന്ന പയ്യന്നൂര്‍ ജാതി എന്ന സാമൂഹിക യാഥാര്‍ഥ്യത്തെ അഡ്രസ്‌ ചെയ്തിട്ടില്ല എന്ന് അദ്ദേഹം വായിക്കുന്നു. പയ്യന്നൂരില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നെഹ്‌റു വന്നുവെങ്കിലും ഗാന്ധി വന്നു ഉപ്പു കുറുക്കിയെങ്കിലും ഇവരൊക്കെ വളരെ ബ്രാഹ്മണിക്കലായി ഈ സമരങ്ങളെ നോക്കിക്കണ്ടവര്‍ തന്നെയാണ്. ജാതിക്കെതിരെയോ ജാതി വിവേചനങ്ങള്‍ക്കെതിരെയോ ഇവരൊന്നും മിണ്ടിയില്ല എന്ന് തന്നെയാണ് വാസ്തവം. ഈ നോസ്റ്റാള്‍ജിയ തന്നെയാണ് ഇന്നും ഗാന്ധി പാര്‍ക്കും ഉപ്പു സത്യാഗ്രഹങ്ങളുടെ വാര്‍ഷികങ്ങളും ആയി ഈ നാട് ആഘോഷിച്ചു മുമ്പോട്ട്‌ പോകുന്നത്. മറുവശത്ത് കയ്യൂര്‍, കരിവള്ളൂര്‍ ഇടതുപക്ഷ വിപ്ലവങ്ങളും വളരെ കൃത്യമായി ദളിതരില്‍ നിന്നും ഉണ്ടായ കാര്‍ഷിക വിപ്ലവങ്ങളെ കൃത്യമായി നിരാകരിച്ചു കൊണ്ട് അവയെ ഹൈജാക്കും ചെയ്തു. ഈ നാട്ടിലെ ദളിത്‌ വിഭാഗങ്ങളിലെ സാംസ്കാരിക, ആത്മീയ സ്വത്വങ്ങളെ രാഷ്ട്രീയമായി വികസിപ്പിച്ചെടുക്കാനുള്ള കഴിവ് ഈ പ്രസ്ഥാനങ്ങള്‍ക്കൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, അത്തരം സാംസ്കാരിക സ്വത്വങ്ങളെ കൃത്യമായി ഈ രാഷ്ട്രീയധാരകള്‍ അവഗണിക്കുകയാണ് ഉണ്ടായത്. ഒരു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വ, അധികാര ഇടങ്ങളില്‍ ദളിതരുടെ കടന്നു വരവിനെ അവര്‍ നിരാകരിച്ചു കൊണ്ട് അവരെ സംരക്ഷിക്കാനായി ശ്രമിച്ചു. പയ്യന്നൂരിന്റെയും എന്തിന്, ഉത്തര മലബാറിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാല്‍ പോലും ദളിതരെ അടിമകളാക്കി പാര്‍പ്പിച്ച ഇടങ്ങള്‍ തന്നെയാണ് പിന്നീട് കോളനികള്‍ ആയി മാറിയതും. ഇവിടുത്തെ ഗ്രാമങ്ങളിലെ മുഖ്യധാരയില്‍ നിന്നും ഏറെ അകലെയാണ് ഈ കോളനികള്‍.

 

 

പയ്യന്നൂരിന്റെ ചരിത്രത്തില്‍ തന്നെ ഉണ്ടായ മറ്റൊരു അപകടമാണ് ആനന്ദ തീര്‍ഥന്റെ കീഴില്‍ ഉണ്ടായ ‘ഹരിജനോദ്ധാരണ” പ്രവര്‍ത്തനങ്ങള്‍. അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ ഉണ്ടായ ദളിത്‌, കീഴാളവര്‍ഗ രാഷ്ട്രീയ മുന്നേറ്റങ്ങളെ തടയിടാന്‍ ഗാന്ധി രൂപപ്പെടുത്തിയ ജാതിവിവേചനം നിലനിര്‍ത്തിക്കൊണ്ടുള്ള ‘ഹരിജനോദ്ധാരണങ്ങളുടെ’ കേരള പതിപ്പ് മാത്രമാണ് ആനന്ദ തീര്‍ഥന്‍ മുന്നോട്ടുവെച്ച പയ്യന്നൂരിലെ ‘ഹരിജനോദ്ധാരണ” പ്രവര്‍ത്തനങ്ങള്‍ എന്ന് പറയേണ്ടി വരും. ഒന്ന് വ്യക്തമാണ്, ഉത്തര മലബാറിലെ ദേശീയ പ്രസ്ഥാനം ആയാലും ഇടതുപക്ഷം ആയാലും ആനന്ദ തീര്‍ഥന്റെ ഹരിജനോദ്ധാരണ പ്രവത്തനങ്ങള്‍ ആയാലും, ഇവര്‍ക്കൊക്കെ അവിടത്തെ ദളിത്‌ സാംസ്കാരിക, ആത്മീയ സ്വത്വങ്ങളെ രാഷ്ട്രീയമായി പരിവര്‍ത്തനപ്പെടുത്താനും അഡ്രസ്‌ ചെയ്യാനുമുള്ള വളര്‍ച്ച ഇന്നും ഉണ്ടായിട്ടില്ല എന്നതാണ്. ഘര്‍ വാപസി ഒക്കെ ഇന്നത്തെ ബി ജെ പി സംസാരിക്കുമ്പോള്‍ കെ.ടി രമേശ്‌ ഒക്കെ മനസ്സിലാക്കേണ്ട ഒരു ചരിത്രം അല്ലെങ്കില്‍ വായിച്ചു പഠിക്കേണ്ട ഒരു ചരിത്രം ആയിരത്തി തൊള്ളായിരത്തി നാല്‍പതുകളില്‍ ചിറക്കല്‍ ഭാഗത്ത് കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ കോളനികളില്‍ അവരെ പരിചരിക്കാന്‍ ഒരു കൈരോണി അച്ചന്‍ മാത്രമേ ഉണ്ടായിരുന്നു എന്നതായിരുന്നു. അന്നത്തെ ഹിന്ദു ജാതി അയിത്തവാദികള്‍ മുറുക്കാനും ചവച്ചിരുന്നപ്പോഴാണ് കൈരോണി അച്ചന്‍ തങ്ങടെ കൂടെ ഉണ്ടെന്നു മനസ്സിലാക്കിയ ദളിതര്‍ പിന്നീട് ദളിത്‌ ക്രൈസ്തവര്‍ ആയി മാറിയത്. തിരുവിതാംകൂറില്‍ ഉണ്ടായ അയ്യങ്കാളി, കല്ലറ സുകുമാരന്‍, പൊയ്കയില്‍ അപ്പച്ചന്‍ പോലുള്ള ദളിത്‌ സ്വത്വ രാഷ്ട്രീയ നേതാക്കളെ ഉത്പാദിപ്പിക്കുന്നതില്‍ മലബാര്‍ പരാജയപ്പെടുകയും ചെയ്തു. കണ്ണൂരിലെ കല്ലെന്‍ പോക്കുടനെപ്പോലുള്ളവര്‍ ഇപ്പോള്‍ നിരന്തരം സംവദിക്കുന്ന ദളിത്‌ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സാംസ്കാരികതയും ആത്മീയതയും ഈ ദേശം തിരിച്ച്ചരിയണമെങ്കില്‍ ഇനിയും ഒരു പാട് കാലം പിടിക്കും. അത്തരത്തില്‍ കൃത്യമായി സവര്‍ണ ജാതീയതയുടെ വിവേചനങ്ങളും അയിത്തവും പേറുന്ന ഒരു രാഷ്ട്രീയ ദേശത്തിലെ അധികാരം ഉത്പാദിപ്പിക്കുന്ന വയലന്‍സിനെതിരെയുള്ള സ്വാഭാവികവും ശക്തവുമായ ഒരു പ്രതികരണം ആണ് ചിത്രലേഖ. ചിത്രലേഖ ഒരു പൊട്ടിത്തെറിയാണ്. സ്വാഭാവികമായ ഒരു പൊട്ടിത്തെറി. അടിയില്‍ പുകയുന്ന കണ്ണൂരിലെ ജാതി വിവേചനത്തിനെതിരെ ഇനിയും ഉണ്ടാകാന്‍ പോകുന്ന ആയിരം പൊട്ടിത്തെറികളുടെ തുടക്കങ്ങളില്‍ ഒന്നാണ് ചിത്രലേഖ. അത് കൊണ്ട് തന്നെ ചിത്രലേഖയുടെ സമരം ജാതിക്കെതിരെ ഉള്ള അംബേദ്ക്കറിന്റെ അനേകം സമരങ്ങള്‍/പ്രതികരണങ്ങളില്‍ ഒന്ന് തന്നെയാണ്.

 

ചിത്രലേഖയുടെ സമരം ഇതെഴുതി പ്രസിദ്ധീകരിക്കുമ്പോഴേക്കും നൂറു ദിവസം കഴിഞ്ഞിരിക്കും. പയ്യന്നൂരിലെ അക്കാദമിക് സമൂഹവും സാഹിത്യ, സാംസ്കാരിക മുഖ്യധാരകളും മാടായിപ്പാറയില്‍ പരിസ്ഥിതി കവിത പാടുമ്പോഴും സെമിനാറുകള്‍ അവതരിപ്പിക്കുമ്പോഴും തെങ്ങുംമേല്‍ കയറുന്ന ശങ്കരന്‍ ചേട്ടന്റെ ഓര്‍മ്മകള്‍ എഴുതി വില്‍ക്കുമ്പോഴും ചിത്രലേഖ ഇവിടെ തന്നെ ഉണ്ടാകും. മറ്റൊരു തരത്തിലുള്ള ഒരു അംബേദ്ക്കര്‍ രാഷ്ട്രീയത്തിന്റെ മുഖവുമായി. ചെറുകുന്ന് രവികൃഷ്ണ ടാക്കീസില്‍ പടം മാറിയ പോസ്റ്റും ആ യാത്രയില്‍ കണ്ടിരുന്നു. അടുത്ത പടം “ഓര്‍മ്മയുണ്ടോ ഈ മുഖം” എന്നതുമായിരുന്നു. ശരിയാണ്, കണ്ണൂരിലെ കമ്മൂണിസ്റ്റ് ചരിത്രങ്ങളോട് ഭാവിയില്‍ ഒരു ചോദ്യം ഉയര്‍ന്നേക്കാം; “ഓര്‍മ്മയുണ്ടോ ചിത്രലേഖയുടെ മുഖം?” എന്ന ഒരു ചോദ്യം.

 

ചിത്രലേഖ പയ്യന്നൂര്‍ വിടാന്‍ തീരുമാനിച്ചുല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയാണ് പറഞ്ഞത്. “എനിക്ക് പയ്യന്നൂരില്‍ ജീവിക്കാന്‍ പേടി ആയിട്ടൊന്നുമല്ല. പക്ഷെ അവിടെ ജീവിച്ച് തൊഴില്‍ ചെയ്യാന്‍ എനിക്കും എന്റെ കുടുംബത്തിനും സാധിക്കില്ല. അത് കൊണ്ട് മറ്റൊരു സ്ഥലം കണ്ടുപിടിക്കണം”. അതിനുവേണ്ടി കൂടിയുള്ള ഒരു ശ്രമത്തിലാണ് ചിത്രലേഖയും ശ്രീഷ്കാന്തും ഇപ്പോള്‍. അങ്ങനെ, ചിത്രലേഖ പുനരധിവാസ സമിതി എന്ന ഒരു ഗ്രൂപ്പും കണ്ണൂരില്‍ രൂപപ്പെട്ടിടുണ്ട്. കണ്ണൂരിലെ മറ്റൊരു സ്ഥലത്ത് ജീവിക്കുന്നതിനായി സ്ഥലം വാങ്ങിച്ച് വീട് വെക്കുന്നതിനും മറ്റുമായി ഏകദേശം പത്ത് ലക്ഷം രൂപ ചെലവു വരും എന്നാണ് കരുതുന്നത്. ചിത്രലേഖയുടെ മക്കളുടെ വിദ്യാഭ്യാസവും ഇപ്പോള്‍ സുമനസ്സുകളുടെ ഐക്യദാര്‍ഡ്യം കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ചിത്രലേഖയെയും കുടുംബത്തെയും സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് താഴെ പറയുന്ന അക്കൌണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്.

 

ടി.പി. ആര്‍ നാഥ്
മുണ്ടേരി ബാലകൃഷ്ണന്‍ 
ചിത്രലേഖ 
ഫെഡറല്‍ ബാങ്ക് 
സിവില്‍ സ്റ്റേഷന്‍ റോഡ്‌ 
കണ്ണൂര്‍. 
Ac no: 146101000086255
IFSC: FDRL 0001461.

 

ചിത്രലേഖ പുനരധിവാസ സഹായ സമിതി 
ഫാദര്‍ ഡോ. സക്കറിയ കലൂര്‍ (രക്ഷാധികാരി)-9446914114
ടി. പി. ആര്‍. നാഥ്. (ചെയര്‍മാന്‍) – 9496835226
മുണ്ടേരി ബാലകൃഷ്ണന്‍ – 9497838656
ചിത്രലേഖ – 9961877456

 

രൂപേഷ് കുമാര്‍

രൂപേഷ് കുമാര്‍

പ്രശസ്ത ഡോക്യൂമെന്ററി ഫിലിം സംവിധായകന്‍. ഇന്ത്യയിലെ ജാതി അനുഭവങ്ങളെ മുന്‍ നിര്‍ത്തി ദളിത് പ്രശ്‌നങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നവയാണ് രൂപേഷിന്റെ ഡോക്യൂമെന്ററികള്‍. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങീലില്‍ ജനനം. Documentaries Don’t be our fathers Don’t be our fathers Music video Black Board Twinkle Twinkle Little Caste Crime and Punishment 3D Stereo Caste All Indians are… Sabitha: A Woman and a Day By the side of a River Love stories In Black letters Underworld Memories of Untouchables ബ്ളാക്ക് ലെറ്റേഴ്‌സ് 1980-കള്‍ക്കു ശേഷമുള്ള ദളിത് ജീവിതാനുഭവങ്ങളും ദളിത് ഓര്‍മകളും ദളിത് മനോഭാവങ്ങളുമാണ് ഈ എഴുത്തില്‍ വരിക. നിയതവും ചിട്ടപ്പെടുത്തിയതുമായ അവസ്ഥകളിലല്ല ജീവിതം സംഭവിക്കുന്നതെന്നതിനാല്‍ എഴുത്തും ഇതേ രീതി പിന്തുടരുന്നു. എന്നാല്‍ മുറിഞ്ഞുപോകുന്ന ജീവിതാവസ്ഥകളെ വീണ്ടെടുക്കാനുള്ള ശ്രമം കൂടിയാണ് ബ്ളാക്ക് ലെറ്റേഴ്‌സ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍