UPDATES

കേരളം

ചിത്രലേഖ: പാര്‍ട്ടിഗ്രാമത്തില്‍ നിന്ന് ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിതം

തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടതിനെതിരെ മാത്രമല്ല ഒരു ഗ്രാമത്തിലെ ബഹിഷ്‌കൃതയായ ദലിത് സ്ത്രീയുടെ ജീവിക്കാനുള്ള പോരാട്ടം കൂടിയാണ് പയ്യന്നൂര്‍ എടാട്ടെ എരമംഗലത്ത് ചിത്രലേഖ എന്ന സ്ത്രീ പത്ത് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന സമരം. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരും, പോലീസും ഒത്തുചര്‍ന്ന് കൈയ്യൂക്കിന്റെ ബലത്തില്‍ ഒരു ദലിത് വനിതയുടെ ജീവിതം തകര്‍ത്തെറിഞ്ഞ സന്തോഷത്തിലാണ് പയ്യന്നൂരിലെ വരേണ്യവര്‍ഗ്ഗം. 2004-ല്‍ ഓട്ടോ തൊഴിലാളിയായി നിരത്തിലിറങ്ങിയതു മുതല്‍ ഇക്കൂട്ടര്‍ അവരെ നിരന്തരം വേട്ടയാടുകയാണ്. ഒക്ടോബര്‍ 25 മുതല്‍ ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ സി.പി.എം.നടത്തുന്ന ജാതീയ അതിക്രമങ്ങള്‍ക്കും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ കുടില്‍ കെട്ടി അനിശ്ചിതകാല സമരം നടത്തിവരികയാണ്. പോലീസും, ഭരണകൂടവും ഏതാണ്ട് ഇവരെ കൈയ്യൊഴിഞ്ഞ അവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല.  അഴിമുഖം പ്രതിനിധി ജി വി രാകേശിനോട് ചിത്രലേഖ സംസാരിക്കുന്നു.

2000ല്‍ നേഴ്‌സിങ്ങ് പാസായി. 2002ല്‍ വിവാഹം കഴിഞ്ഞു. കുറച്ചു കാലം നേഴ്‌സായി ജോലി ചെയ്തു. വരുമാനം കുറവായിരുന്നു. ഭര്‍ത്താവിനും കാര്യമായ തൊഴിലില്ല. ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ശ്രീഷ്‌കാന്ത് എന്നെക്കാള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട തിയ്യ സമുദായക്കാരനാണ്. സി.പി.എം.കുടുംബാംഗമാണ്. ശ്രീയുടെ അച്ഛന്‍ വടകര അറക്കിലാട് സി പി ഐ എം ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. എന്നെ വിവാഹം ചെയ്തതുകൊണ്ട് അവരുടെ വീട്ടില്‍ വലിയ എതിര്‍പ്പായിരുന്നു. നല്ലൊരു ജീവിതം ആഗ്രഹിച്ചാണ് പി.എം.ആര്‍ വൈ സ്‌കീം പ്രകാരം ലോണെടുത്ത് ഓട്ടോ വാങ്ങിയത്. ജനകീയാസൂത്രണം വഴിയാണ് ഡ്രൈവിങ്ങ് പഠിച്ചത്.

2004 ഒക്ടോബറില്‍ ഓട്ടോ വാങ്ങി. അന്നു മുതല്‍ ഞങ്ങളുടെ പ്രശ്‌നങ്ങളും തുടങ്ങി. പണിയെല്ലാം പൂര്‍ത്തിയാക്കി ഭര്‍ത്താവ് ഓടിക്കാന്‍ തുടങ്ങി.  ഈ ഓട്ടോ ഞാനും മറ്റൊരു ഓട്ടോ വാടകയ്ക്കെടുത്ത് ഭര്‍ത്താവും ഓടിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ എടാട്ട് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി സി.ഐ.ടി.യൂണിയന്റെ മെംബര്‍ഷിപ്പിന് അപേക്ഷ കൊടുത്തു. മൂന്നു മാസം കഴിഞ്ഞിട്ടാണ് അവര്‍ മെംബര്‍ഷിപ്പ് തന്നത്. സി.ഐ.ടി.യു വിന്റെ മെംബര്‍ഷിപ്പ് എടുത്താലെ ഓട്ടോ ഓടിക്കാന്‍ പറ്റു എന്ന് പറഞ്ഞിട്ടാണ് നൂറ് രൂപ കൊടുത്ത് മെംബര്‍ഷിപ്പിന് അപേക്ഷിച്ചത്. അതിനിടെ എടാട്ട് പാര്‍ക്കിങ്ങും അനുവദിച്ചു. എടാട്ട് സ്റ്റാന്റില്‍ ഞാന്‍ ഓട്ടോയുമായി എത്തിയപ്പോള്‍ അവരെന്നെ സ്വീകരിച്ചത് : ഓ.. പൊലച്ചി നന്നായിപ്പോയല്ലോ.. ഓട്ടോറിക്ഷയും കൊണ്ട് വന്നല്ലോ, വണ്ടിയോടിക്കാന്‍ പഠിച്ചല്ലോ എന്നല്ലാം അസഭ്യം പറഞ്ഞാണ്.


ചിത്രലേഖയും ഭര്‍ത്താവ് ശ്രീഷ്‌കാന്തും

ഫോണ്‍ കോള്‍ വഴി കിട്ടുന്ന ഓട്ടമായിരുന്നു അധികവും. നല്ല പണിയും കിട്ടി. 2005 ഒക്ടോബര്‍ 11 ന് സി.ഐ.ടി.യു.വിന്റെ നേതൃത്വത്തില്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നവമി പൂജ നടത്തിയ രാത്രിയാണ് എനിക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ ആരംഭിക്കുന്നത്. നമ്പൂതിരിയുടെതാണ് പൂജ. പുലര്‍ച്ചെ മൂന്ന് മണിക്കേ പൂജ കഴിയൂ എന്ന് മറ്റ് ഡ്രൈവര്‍മാര്‍ പറഞ്ഞു. വണ്ടി അവിടെ വെച്ച് ഞാനും ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങി. എന്റെ വീടിന്റെ തൊട്ടപ്പറത്തുള്ള ഒരു കുട്ടിക്ക് സുഖമില്ലാതായിട്ട് വണ്ടീം കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാന്‍ പുലര്‍ച്ചെതന്നെ വണ്ടിയെടുക്കാന്‍ പോയി. പൂജ കഴിഞ്ഞ് എല്ലാവരും പോയിരുന്നു. ഞാന്‍ നോക്കുമ്പോള്‍ പുറകിലെ ഗ്ലാസിന്റെ രണ്ട് ഭാഗത്തും റെക്‌സിന്‍ ‘റ’ ആകൃതിയില്‍ വലുതായി കീറിവെച്ചിരിക്കുന്നു. അപ്പോള്‍ അവിടെ മറ്റൊരു ഓട്ടോയും അതിന്റെ ഡ്രൈവര്‍ സുജിത്ത് കുമാറുമുണ്ടായിരുന്നു. അയാളാണ് കീറിയതെന്ന് എനിക്ക് മനസ്സിലാക്കാനായി.  എന്തിനാണ് വണ്ടി കീറിയതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ വേണ്ടി വന്നാല്‍ നിന്നെ കത്തിക്കുമെന്നാണ് അവന്‍ പറഞ്ഞത്. അവന്‍ യൂണിയന്റെ ആള് മാത്രമല്ല സി.പി.എമ്മിനുവേണ്ടി തല്ലാനും കൊല്ലാനും പോകുന്ന ഗുണ്ടയാണ്. ഞാന്‍ യൂണിയന്‍കാരോട് സംഭവം പറഞ്ഞു. നമ്മക്ക് ഓനോട് ചോദിക്കാനൊന്നും പറ്റില്ല. നിനക്ക് എന്താവേണ്ടതെന്ന് വെച്ചാല്‍ അത് ചെയ്‌തോ എന്ന് തീര്‍ത്ത് പറഞ്ഞു. അങ്ങനെ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി. പിറ്റേന്ന്  അവരെ പോലീസ് വിളിപ്പിച്ചു. അവര് എനിക്കെതിരെ ഞാന്‍ മദ്യപിക്കുന്നു, വേശ്യാവൃത്തി ചെയ്യുന്നവളാണ് എന്നല്ലാം പറഞ്ഞ് ഓട്ടോ ഡ്രൈവര്‍മാരെയല്ലാം കൂട്ടി ഒപ്പു ശേഖരണം നടത്തി പരാതി കൊടുത്തു. പഞ്ചായത്തംഗമടക്കം സി.പി.എമ്മിന്റെ എല്ലാവരും ഓട്ടോ കീറിയവന്ന് പോലീസിനോട് വക്കാലത്ത് പറയാനെത്തി. അവന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ഓള് തന്നെ കീറീറ്റ് ഓന്റെ പേര് പറയാ യൂണിയന്‍ സെക്രട്ടറി പോലീസിനോട് പറഞ്ഞു. ഇനിയിതാവര്‍ത്തിക്കില്ല. പെറ്റിക്കേസെടുത്തിട്ടുണ്ട്. താക്കീതും ചെയ്തിട്ടുണ്ടെന്നൊക്കെ പോലീസ് നമ്മളോട് പറഞ്ഞു.

പിറ്റേന്ന് ഞാന്‍ ഓട്ടോ സ്റ്റാന്‍ഡിലെത്തി. യൂണിയന്റെ അസി.സെക്രട്ടറിയും മറ്റും ചേര്‍ന്ന് എന്നെ വണ്ടീന്ന് പുറത്തേക്ക് വലിച്ചിട്ടു. നീ വണ്ടിയോടിക്കേണ്ട എന്നു പറഞ്ഞ് വണ്ടി ലൈനില്‍ നിന്ന് തള്ളിമാറ്റി. ലോണെടുത്ത വണ്ടിയാ എനിക്ക് ഓടിച്ചേ പറ്റൂ. എനിക്ക് വണ്ടിയെടുക്കണമെന്നൊക്കെ പറഞ്ഞു. അവര് കേട്ടില്ല. എന്നെ ഓടാന്‍ അനുവദിക്കില്ലെങ്കില്‍ മറ്റുള്ളവരും ഓടെണ്ടെന്ന് പറഞ്ഞു. ഞാന്‍ നിന്നതിന്റെ പുറകില്‍ രമേശന്റെ വണ്ടിയായിരുന്നു. എന്നെ നേരത്തെ വലിച്ചു പുറത്തിട്ടയാളാണ് രമേശന്‍.

പുലച്ചീ, നായിന്റെ മോളെ നീ ബാക്കിയുണ്ടങ്കിലെല്ലേ നിനക്ക് വണ്ടിയോടിക്കാന്‍ പറ്റൂ. നിന്നെ കൊന്നാല്‍ ആരാ ചോദിക്കാന്‍ വര്വാ..?  ഒരു പട്ടീം ചോദിക്കാന്‍ വരില്ലന്ന് പറഞ്ഞ് എന്റെ നേരെ വണ്ടിയോടിച്ച് വന്ന് എന്റെ കാലിലുടെ കയറ്റിയിറക്കി. കൈക്കും പരിക്കേറ്റു. പെട്ടെന്ന് ഒഴിഞ്ഞു മാറിയതുകൊണ്ട് വലിയ അപകടമില്ലാതെ രക്ഷപ്പെട്ടു. ഞാന്‍ നേരെ ആസ്പത്രിയില്‍ പോയി അഡ്മിറ്റായി. പോലീസ് രമേശനെ പിടിച്ചുകൊണ്ട് പോയി. രമേശനെ പോലീസ് മര്‍ദ്ദിച്ചെന്നു പറഞ്ഞ് സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു. ആ കേസില്‍ രമേശനെ ഒരു മാസം കഠിന തടവിനും, 25000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

ഈ സംഭവത്തിനു ശേഷം രണ്ട് മാസം ഞാന്‍ വണ്ടിയെടുത്തില്ല. മാനസികമായി തളര്‍ന്ന് പോയി. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വലിയ പ്രയാസമായി. ആരെങ്കിലും വന്ന് വിളിച്ചാല്‍ മാത്രം പോവും. വീടിനടുത്ത വഴിയിലാണ് വണ്ടി വെയ്ക്കാറ്. വീട് വരെ വണ്ടി വരില്ല.ഡിസംബര്‍ 30ന് രാത്രി പന്ത്രണ്ടരയോടെ വണ്ടിക്ക് ആരോ തീവെച്ചു. പൊട്ടിത്തറിക്കുന്ന ശബ്ദം കേട്ടാണ് നമ്മളറിയുന്നത്. അപ്പോഴേക്കും വണ്ടി പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. വണ്ടി കത്തിച്ചെതുപോലെ നിന്നയും കത്തിക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തി.

അടുത്ത പ്രശ്‌നം 2010 ജനവരി 20നാണ് തുടങ്ങിയത്. രാവിലെ 10 മണിയോടെ മോന് തേനീച്ചയുടെ കുത്തേറ്റു. കണ്ണ് വീങ്ങി. ഞാനും, ഭര്‍ത്താവും മോനും കൂടി പയ്യന്നൂര്‍ പെരുമ്പയില്‍ മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വണ്ടി നിറുത്തി. ഞാനാണ് വണ്ടിയോടിച്ചത്. ഗുളിക മേടിക്കുന്നതിനിടെ ചില ഓട്ടോ ഡ്രൈവര്‍മാര്‍ വന്ന് എന്നോട് പറഞ്ഞു വണ്ടിയെടുത്ത് മാറ്റ് നായിന്റെ മോളെ.. നീ ആരോട് ചോദിച്ചിട്ടാ ഇവിടെ വണ്ടിവെച്ചത്? ഞങ്ങള് ട്രിപ്പ് വന്നതല്ല. മരുന്ന് വാങ്ങി ഇപ്പോള്‍പ്പോകും. പി.എം.നമ്പറുള്ളതു കൊണ്ട് പയ്യന്നൂരില്‍ എവിടെ വെച്ചും എനിക്ക് വണ്ടിയോടിക്കാം. എന്റെ അവകാശത്തെ അവര്‍ നിഷേധിക്കുകയാണ് ചെയ്തത്. പോലീസ് എത്തി. നമ്മള് മദ്യപിച്ചു ബഹളമുണ്ടാക്കി എന്ന് പറഞ്ഞാണ് പോലീസ് കേസെടുക്കാന്‍ നോക്കിയത്. പോലീസ് എന്നെ അടിച്ചു. പോലീസ് ജീപ്പ് വളഞ്ഞ യൂണിയന്‍കാരും ഞങ്ങളെയടിച്ചു. യൂണിയന്‍ സെക്രട്ടറി ചന്ദ്രന്‍ ഭര്‍ത്താവിനോട് പറഞ്ഞു പോട്രോളൊഴിച്ച് നിന്നെയും, നിന്റെ ഓളേയും ഇപ്പം ഇവിടുന്ന് കത്തിക്കും.കാണണോ? പോലീസും അവരോടൊപ്പം ചേര്‍ന്ന് ഞങ്ങളെ അടിച്ചു. പോലീസും, യൂണിയന്‍കാരും ഒത്തുകളിച്ചതാ.അത് കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് സുള്‍ഫത്ത് ടീച്ചര്‍ കണ്‍വീനറായി ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിയത്. കമ്മിറ്റി ഓട്ടോ വാടകയ്ക്ക് എടുത്തു തന്നു. കമ്മിറ്റി പൊതുയോഗം നടത്തുമ്പോള്‍ ഭീഷണിപ്പെടുത്തി. സുള്‍ഫത്ത് ടീച്ചറെയും എന്നെയും കൂട്ടിച്ചേര്‍ത്ത് അശ്ലീല പോസ്റ്ററുകള്‍ നാടു നീളെയൊട്ടിച്ചു വെച്ചു. പിന്നെ കെ.എം.വേണുഗോപാല്‍, അയ്യപ്പന്‍മാസ്റ്റര്‍,ധനലക്ഷ്മി ടീച്ചര്‍  എന്നിവര്‍ ചേര്‍ന്ന് പുതിയൊരു ഓട്ടോ വാങ്ങിത്തന്നു. അതിനിടെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ആള് വന്നു. വെട്ട് കൊണ്ടത് അനിയത്തിയുടെ ഭര്‍ത്താവിനും. വണ്ടി കത്തിച്ചപ്പോള്‍ പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 10,000 രൂപ ധനസഹായം കിട്ടിയിരുന്നു. ആ പണം ചികിത്സക്കായി അനുജത്തിയുടെ ഭര്‍ത്താവിന് നല്കി. അതിനിടെ ഞങ്ങളെ വെച്ച് ചിലര്‍ മുതലെടുപ്പും നടത്തി. പിന്നെ കുറച്ചു കാലം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നെ പയ്യന്നൂര്‍ ടൗണിലാണ് വണ്ടിയോടിച്ചത്.

തുടര്‍ന്നും നിരന്തര പീഢനം തന്നെ ജീവിക്കാനനുവദിക്കില്ല എന്നുതന്നെയാണ് ഇവരുടെ നിലപാട്. സാംസ്‌കാരിക മുന്നേറ്റം നടത്തി എന്നു പറയുന്നുണ്ടെങ്കിലും താഴ്ന്ന ജാതിക്കാരോട് കാണിക്കുന്ന അയിത്തം ഇന്നും ഞങ്ങള്‍ക്ക് നേരെയുണ്ട്. പയ്യന്നൂരിലും പരിസരത്തും ഇപ്പോഴും ജാതിവിവേചനം നിലനില്ക്കുന്നുണ്ട്. അതിന്റെ ഭാഗംതന്നെയാണിത്. ജീവനും സ്വത്തിനും സംരക്ഷണം തരണം എന്നാണ് ഞങ്ങളുടെ ആവശ്യം. അതിന് വേണ്ടിയാണ് ഒക്ടോബര്‍ 10 മുതല്‍ കലക്ട്രേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം നടത്തുന്നത്. ആറ് മാസം മുന്നെ കണ്ണൂര്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ജില്ലാ ഭരണകൂടം അംഗീകരിച്ച കാര്യങ്ങള്‍ക്കൊന്നും ഒരു നടപടിയും ആയിട്ടില്ല.

മനുഷ്യാവകാശ കമ്മീഷനംഗം അഡ്വ.കെ.ഇ.ഗംഗാധരന്‍ ഈ പന്തലില്‍ വന്നപ്പോള്‍ പറഞ്ഞത് : ‘സി.പി.എമ്മിന്റെ യോഗങ്ങളിലും, കണ്‍വെന്‍ഷനുകളിലും പങ്കെടുത്താല്‍ നിനക്ക് ജീവിക്കാം. നീ സമരപ്പന്തലും പൊളിച്ച പോട്. എന്നാല്‍ ഞാന്‍ നിന്നെ സഹായിക്കാം’ ആ ഒത്തുതീര്‍പ്പിനേക്കാളും നല്ലത് ഞാനും കുടുംബവും ആത്മഹത്യചെയ്യുന്നതല്ലേ?

കഴിഞ്ഞ 15 ദിവസമായി സന്നദ്ധ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിലെ നിരാഹാര സമരം നടത്തുന്നുണ്ട്. ഡിസംബര്‍ ഒമ്പതിന് നിരാഹാരം അനുഷ്ഠിച്ചത് പട്ടിക ജാതി മോര്‍ച്ച സെക്രട്ടറിയും ചിത്രലേഖ സമര സമിതി ജോ.സെക്രട്ടറിയുമായ കെ.രതീഷാണ്. മനുഷ്യാവകാശ ദിനമായ ഇന്ന് (ഡിസംബര്‍ 10 ന്) നിരാഹാരം അനുഷ്ഠിക്കുന്നത് ചിത്രലേഖ തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍