UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ചിത്തോര്‍ഗഡ് കോട്ട ആക്രമണവും ജനറല്‍ ഗാളിന്റെ മടങ്ങിവരവും

Avatar

1303 ആഗസ്ത് 26
ചിത്തോര്‍ഗഡ് കോട്ട ആക്രമണം

പ്രശസ്തമായ ചിത്തോര്‍ഗര്‍ കോട്ട ആക്രമണം നടന്നത് 1303 ആഗസ്ത് 26 നാണ്. ഖില്‍ജി രംജവംശത്തില്‍പ്പെട്ട  അലാവുദിന്‍ ഖില്‍ജിയാണ് ചിത്തോര്‍ഗര്‍ കോട്ട ആക്രമിച്ച് കീഴടിക്കിയത്. സുല്‍ത്താനേറ്റ് ഓഫ് ദല്‍ഹി എന്നാണ് ഖില്‍ജി ഭരണകാലം അറിയപ്പെട്ടിരുന്നത്. അമ്മാവനായ ജലാലുദീന്‍ ഖില്‍ജിയെ കൊലപ്പെടുത്തിയാണ് അലാവുദിന്‍ ഖില്‍ജി ഡല്‍ഹിയുടെ കിരീടാവകാശം സ്വന്തമാക്കിയത്. മംഗോളിയന്‍ ആക്രമണത്തില്‍ നിന്നും ഹിന്ദുരാജക്കന്മാരുടെ കലാപത്തില്‍ നിന്നും തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കുന്നത് അലാവുദിന്‍ ഖില്‍ജിയെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ കാര്യം തന്നെയായിരുന്നു.

സാമ്രാജ്യവിപുലീകരണത്തിന്റെ ഭാഗമായി 1299 ല്‍ ഗജാറാത്തും 1301 ല്‍ രന്താംബോറും അലാവുദിന്‍ ഖില്‍ജി കീഴടക്കി. അടുത്ത ലക്ഷ്യമായിരുന്നു മേവാറിലെ ചിത്തോര്‍ഗര്‍. രത്തന്‍ സിംഗായിരുന്നു അവിടുത്തെ ഭരണാധികാരി. അദ്ദേഹത്തിന്റെ ഭാര്യ പദ്മിനി അതിസുന്ദരിയായിരുന്നു. അലാവുദിന്‍ ഖില്‍ജിക്ക് പദ്മിനിയെ തന്റെ അന്തഃപുരത്തില്‍ എത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു.

രത്തന്‍ സിംഗിനെ പിടികൂടാനുള്ള ഖില്‍ജിയുടെ ആദ്യശ്രമം പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് ചിത്തോര്‍ഗര്‍ കോട്ട ആക്രമിക്കുന്നത്. എന്നാല്‍ രത്തന്‍ സിംഗിന്റെ സൈന്യത്തിന്റെ കടുത്തവെല്ലുവിളി അലാവുദിന്‍ ഖില്‍ജിക്ക് നേരിടേണ്ടി വന്നു. അവസാനം ഖില്‍ജിയുടെ സൈന്യം കോട്ട കീഴടക്കി. ഇതോടെ അലാവുദിന്‍ ഖില്‍ജിയുടെ കൈയില്‍ താന്‍ അകപ്പെടുമെന്ന് മനസ്സിലാക്കിയ റാണി പദ്മിനി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അവരും കൊട്ടാരത്തിലെ മറ്റു സ്ത്രീകളും അഗ്നിയില്‍ ചാടി ആത്മാഹൂതി നടത്തി. കോട്ടയില്‍ പ്രവേശിച്ച് അലാവുദിന്‍ ഖില്‍ജിക്ക് കാണാന്‍ കഴിഞ്ഞത് ചാരമായിത്തീര്‍ന്ന സ്ത്രീകളെയാണ്.

1944 ആഗസ്ത് 26 
ജനറല്‍ ചാള്‍സ് ഡി ഗാള്‍ പാരീസില്‍ മടങ്ങിയെത്തി

ജര്‍മ്മനിയില്‍ നിന്ന് ഫ്രാന്‍സ് സ്വതന്ത്രമായതോടെ 1944 ആഗസ്ത്26 ന് ഫ്രഞ്ച് ജനറല്‍ ചാള്‍സ് ഡി ഗാള്‍ പാരീസില്‍ മടങ്ങിയെത്തി. ജനറല്‍ പാലസ് ഡി ലെ ഹോട്ടേലില്‍ എത്തിയയുടനെ ഏതാനുംപേര്‍ ഒളിഞ്ഞിരുന്ന് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കാനും ശ്രമിച്ചു. ജര്‍മ്മന്‍ സേനയ്‌ക്കെതിരെ ശക്തമായി പോരാടിയതിന്റെ വലിയൊരു ചരിത്രമുണ്ട് ജനറല്‍ ഗാളിന്. ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരായുള്ള പോരാട്ടത്തില്‍ ഗുരുതരമായ പരുക്കേറ്റിരുന്നു അദ്ദേഹത്തിന്. ജര്‍മ്മന്‍ സേന അദ്ദേഹത്തെ ജയിലില്‍ അടച്ചു. അഞ്ചു തവണ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എല്ലാത്തവണയും പിടികൂടപ്പെട്ടു.


രണ്ടാം ലോകമഹായുദ്ധത്തില്‍ ജനറല്‍ ഗാള്‍ ഫ്രാന്‍സിന്റെ പീരങ്കി സൈന്യത്തെ നയിച്ചു. 1940 മേയില്‍ അദ്ദേഹം ബ്രിഗേഡിയര്‍ ജനറലായി നിയമിതനായി. ജര്‍മ്മന്‍ സേനയുടെ കളിപ്പാവ എന്നറിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍ ഫിലിപ്പ് പെറ്റയ്ന്‍ ചുമതലയേറ്റെടുത്തതോടെ ഗാള്‍ ഇംഗ്ലണ്ടിലേക്ക് പോയി. ഇംഗ്ലണ്ടില്‍ നിന്ന് അദ്ദേഹം പെറ്റെയ്‌ന്റെ വെടിനിര്‍ത്തല്‍ ആവശ്യം നിഷേധിക്കാന്‍ ഫ്രഞ്ചുകാരോട് ആവശ്യപ്പെട്ടു.

ജര്‍മ്മനിയില്‍ നിന്ന് ഫ്രാന്‍സിനെ സ്വതന്ത്രമാക്കിയശേഷം ബ്രിട്ടന്‍ സ്വതന്ത്ര ഫ്രഞ്ച് സൈന്യത്തിന്റെ നായകനായി പ്രഖ്യാപിച്ചത് ചാള്‍സ് ഡി ഗാളിനെയായിരുന്നു. രണ്ടു വട്ടം ഫ്രാന്‍സിന്റെ ഭരണത്തലവനായ ഡി ഗാള്‍ 1970 ല്‍ അന്തരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍