UPDATES

ചോ രാമസ്വാമി അന്തരിച്ചു

അഴിമുഖം പ്രതിനിധി

തമിഴ് സിനിമ-സാഹിത്യ-മാധ്യമ രംഗങ്ങളില്‍ തന്റേതായ വ്യക്തി മുദ്രകള്‍ പതിപ്പിച്ച ചോ രാമസ്വാമി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചോ രാമസ്വാമി 82 ആം വയസില്‍ വിടവാങ്ങുമ്പോള്‍ തമിഴര്‍ക്ക് രണ്ടു ദിവസത്തിനകം ഏല്‍ക്കേണ്ടി വരുന്ന രണ്ടാമത്തെ ആഘാതമാണ്. ജയലളിതയുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന രാമസ്വാമി അവര്‍ക്കൊപ്പം നാടകങ്ങിളിലും 19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ബന്ധമാണു ദീര്‍ഘകാലം ജയയുടെ രാഷ്ട്രീയ ഉപദേശകനായി നിലകൊള്ളാനും ചോയ്ക്ക് സാധിച്ചത്. ജയലളിതയിലെ രാഷ്ട്രീയക്കാരിയെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ ചോയ്ക്ക്് കാര്യമായ പങ്കുണ്ട്. പിന്നീട് ജയയില്‍ നിന്നും അകന്നു കഴിയേണ്ടിയും വന്നൂ രാമസ്വാമിക്ക്. അസുഖബാധിതയായി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചോയും അവിടെ അഡ്മിറ്റായിരുന്നു. നേരത്തെ ചോയെ ആശുപത്രിയിലെത്തി ജയ സന്ദര്‍ശിച്ചിരുന്നു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രികൂടിയായ പഴയ സഹപ്രവര്‍ത്തകന്‍ മുത്തുവേല്‍ കരുണാനിധി, പ്രധാനമന്ത്രി നരേന്ദ്ര മോദി ചോയെ സന്ദര്‍ശിച്ചിരുന്നു. ഒടുവില്‍ ജയ മരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചോയും തന്റെ വേഷം പൂര്‍ത്തിയാക്കി മടങ്ങി.

ഒരു ബഹുമുഖപ്രതിഭയെന്നു നിസ്സംശയം പറയാവുന്ന ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്ന ചോ രാമസ്വാമി തമിഴ് സിനിമകളില്‍ അഭിനേതാവ്, സംവിധായകന്‍, സംഭാഷണ രചയിതാവ് എന്നീ നിലകളില്‍ 42 വര്‍ഷക്കാലം കോളിവുഡില്‍ നിറഞ്ഞു നിന്നു. 190 ഓളം സിനിമകളില്‍ കോമഡി, ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്ത ചോ അഞ്ചു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അഞ്ചു ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. 15 ഓളം നാടകങ്ങളും ചോ എഴുതി. ചോ എഴുതി പ്രധാനവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന നാടകം തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായിരുന്നു. ഈ നാടകം ഇതേ പേരില്‍ പിന്നീടു സിനിമയുമായി. ചോ പിന്നീടു തുഗ്ലക് എന്ന പേരില്‍ ഒരു പ്രസിദ്ധീകരണവും ആരംഭിച്ചു. കരുത്തുറ്റ വിമര്‍ശനങ്ങളായിരുന്നു ആക്ഷേപഹാസ്യരൂപത്തിലൂടെ തുഗ്ലക്കിലൂടെ ചോ നടത്തിയിരുന്നത്. സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്തിനു പിന്നാലെ ചോ ഇതേ അപകടത്തില്‍ തന്നെ കൊല്ലപ്പെട്ട ഒരു സക്‌സേനയുടെ പേരില്‍ തപാല്‍ സ്റ്റാമ്പ് ഇറക്കിയിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ സ്റ്റാമ്പ് അബദ്ധത്തില്‍ അംഗീകരിക്കുകയും ചെയ്തത് ചരിത്രത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. സിനിമക്കാരന്‍, പത്രാധിപര്‍ എന്നീ വേഷങ്ങള്‍ക്കു പുറമെ സംഘാടകന്‍, പ്രാസംഗികന്‍, നിയമോപദേഷ്ടാവ് തുടങ്ങി ഒട്ടേറെ നിലകളിലും അറിയപ്പെട്ടു. 1934 ഒക്‌ടോബര്‍ 5ന് മദ്രാസിലെ മൈലാപൂരിലാണ് ചോ രാമസ്വാമി ജനിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍