UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ ഉപദേശകനായ ‘തുഗ്ലക്കി’യന്‍ ചോ

Avatar

പി കെ ശ്രീനിവാസന്‍

2011 ഡിസംബറില്‍ ജയലളിത ഉറ്റതോഴിയായ ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ചോ രാമസ്വാമി നടത്തിയ അഭിപ്രായ പ്രകടനം തമിഴകത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. അദ്ദേഹം പറഞ്ഞത് ഇതായിരുന്നു: ‘എന്തായാലും നമ്മുടെ തമിഴ്‌നാട് രക്ഷപ്പെട്ടു.’ ജയലളിതയുടെ സൗഹൃദത്തിന്റെ പേരില്‍ ശശികല വാരിക്കൂട്ടിയ സമ്പത്തിന്റേയും അതുവഴി സംസ്ഥാനത്തിനുണ്ടായ മാനഹാനിയുടേയും ദുരന്തമറിയാവുന്ന സാധാരണ പൗരന്റെ മനസ്സായിരുന്നു ചോ രാമസ്വാമി എന്ന ബഹുമുഖ പ്രതിഭ തുറന്നു കാട്ടിയത്.

തമിഴ് രാഷ്ട്രീയത്തിലെ വഴിവിട്ട സഞ്ചാരത്തെ എന്നും വിമര്‍ശിക്കുന്ന സ്വഭാവക്കാരനായിരുന്നു ചോ. അദ്ദേഹത്തിന്റെ തുഗ്ലക്ക് എന്ന മാസിക തമിഴിലെ ശക്തമായ രാഷ്ട്രീയാക്ഷേപഹാസ്യത്തിനു ഉദാഹരണമായിരുന്നു. രാഷ്ട്രീയത്തിലെ കൊള്ളരുതായ്മകളെ അദ്ദേഹം കുവ്വം നദിക്കരയിനിലേ (കുവ്വം നദിക്കരയില്‍) എന്ന സ്വന്തം കോളത്തില്‍ അതിശക്തമായി വിര്‍ശിച്ചു. പൊതുവില്‍ തമിഴകത്ത് കഴമ്പുള്ള പ്രസിദ്ധീകരണങ്ങള്‍ കുറവാണ്. എന്നാല്‍ ചോയുടെ തുഗ്ലക്ക് ആകട്ടെ ആ കുറവ് പരിഹരിക്കുന്നതായിരുന്നു.

നാടകത്തില്‍ തുടങ്ങി സിനിമയിലൂടെ പത്രപ്രവര്‍ത്തന്ന രംഗത്തെത്തിയ ചോ രാമസ്വാമി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ മികവു പ്രകടിപ്പിച്ചിരുന്നു. ഭരണരംഗത്ത് എന്ത് സംശയമുണ്ടെങ്കിലും ജയലളിത സമീപിച്ചിരുന്നത് ചോയെ ആയിരുന്നു. അതിനാല്‍ അദ്ദേഹത്തെ ജയലളിതയുടെ ഉപദേഷ്ടാവെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ താന്‍ ആരുടേയും ഉപദേഷ്ടാവല്ല എന്ന് അദ്ദേഹം പറയുമ്പോഴും മുഖ്യമന്ത്രി ജയലളിത അതിനെതിരെ ഒന്നും പറഞ്ഞിരുന്നില്ല. കാരണം നിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. 

വക്കീലന്മാരുടെ കുടുംബത്തില്‍ ജനിച്ച രാമസ്വാമി പല കമ്പനികള്‍ക്കും അഡ്വൈസറായി പ്രവര്‍ത്തിച്ചു. അതിനിടയ്ക്കാണ് നാടകത്തിന്റെ മേഖലയിലേക്ക് തിരിയുന്നത്. അറുപതുകളില്‍ ചോയുടെ സംഭവാമി യുഗേ യുഗേ എന്ന രാഷ്ട്രീയ നാടകത്തില്‍ കത്തിവയ്ക്കാന്‍ വന്ന മുഖ്യമന്ത്രി എം ഭക്തവത്സലത്തെ ചോ വെറുതേ വിട്ടില്ല. രാഷ്ട്രീയാക്ഷേപഹാസ്യമായ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന നാടകം ദേശീയ രാഷ്ട്രീയത്തില്‍ പോലും കോളിളക്കം സൃഷ്ടിച്ചു. നിഷ്‌ക്രിയനായ ഒരു രാജാവിന്റെ വിക്രിയകളായിരുന്നു ഇതിന്റെ ഇതിവൃത്തം. നിരവധി വേദികളില്‍ അരങ്ങേറിയ ആ നാടകത്തിനു പ്രേക്ഷകരുടെ വമ്പിച്ച പിന്‍തുണയാണ് ലഭിച്ചത്. എന്നാല്‍ ഈ നാടകത്തിനു തിരശ്ശീലയിടാന്‍ ഡിഎംകെ സര്‍ക്കാര്‍ ശക്തമായി ശ്രമിച്ചിരുന്നു. പക്ഷേ ചോയുടെ മുന്‍കരുതലുകള്‍ ആ ശ്രമത്തെ തടഞ്ഞു.

1970 ജനുവരി 14 നു അദ്ദേഹം ആരംഭിച്ച തുഗ്ലക്ക് വന്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. മികച്ച വായനക്കാരെ കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ഒരിക്കല്‍ അദ്ദേഹം തുഗ്ലക്കിന്റെ ജന്മത്തെക്കുറിച്ചു പറഞ്ഞു. ഒരു പന്തയമായിരുന്നു അതിന്റെ തുടക്കത്തിനു കാരണം. അണ്ണാമല സര്‍വകലാശാലയില്‍ നിന്നു ഒരു പ്രഭാഷണം കഴിഞ്ഞുവരുമ്പോള്‍ ചില സുഹൃത്തുക്കള്‍ പ്രകോപിപ്പിച്ചപ്പോള്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കണമെന്ന ആശയമുണ്ടായി. മദ്രാസിലെത്തിയ അദ്ദേഹം ഹിന്ദു പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ഞാന്‍ ഒരു പത്രം തുടങ്ങിയാല്‍ നിങ്ങള്‍ അത് വായിക്കുമോ? ഏഴായിരം കത്തുകളാണ് അതിനു അനുകൂലമായി ലഭിച്ചത്. അതാണ് തുഗ്ലക്കിന്റെ പ്രസിദ്ധീകരണത്തിന്റെ നിമിത്തം. കാര്‍ട്ടൂണുകളും ഹാസ്യ ലേഖനങ്ങളുമാണ് വിമര്‍ശനങ്ങളുമായിരുന്നു തുഗ്ലക്കിന്റെ മുതല്‍ക്കൂട്ടുകള്‍. വമ്പിച്ച വായനക്കാരെയാണ് ആ പ്രസിദ്ധീകരണം ആകര്‍ഷിച്ചത്. 

കെ കാമരാജ്, ജയപ്രകാശ് നാരായണ്‍ മൊറാര്‍ജി ദേശായി, തുടങ്ങിയവരുമായി നല്ല സൗഹൃദത്തിലായിരുന്നു ചോ. വാജ്‌പേയിയുടെ കാലത്ത് അദ്ദേഹം രാജ്യസഭാംഗവുമായി. കരുണാനിധിയുമായി കാര്യമായ സൗഹൃദം സൂക്ഷിക്കാന്‍ ചോക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ വിമര്‍ശിക്കാനും ശ്രദ്ധിച്ചിരുന്നു. പല സന്ദര്‍ഭങ്ങളിലും ബുദ്ധിമാനായ ഒരു വക്കീലിന്റെ ശൈലി സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

നിരവധി തിരക്കഥകളും നാടകങ്ങളും ചോ എഴുതിയിട്ടുണ്ട്. ഇരുനൂറിലധികം സിനിമകളില്‍ പല വിധത്തിലുള്ള വേഷങ്ങള്‍ കെട്ടി. എങ്കിലും ചോയുടെ പ്രതിഭ മുന്നിട്ടു നിന്ന രംഗം പത്രപ്രവര്‍ത്തനമായിരുന്നു. അതിന്റെ മുഖച്ചിത്രമായി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകള്‍ രാഷ്ട്രീയരംഗത്തു കോലാഹലങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ബഹളം നടക്കുന്ന നിയമസഭാ മന്ദിരത്തിനു മുന്നില്‍ നില്‍ക്കുന്ന രണ്ടു കഴുതകള്‍ പരസ്പരം സംസാരിക്കുന്നു: ‘ഇതില്‍ എത്രയോ ഭേദമാണ് നമ്മള്‍ അല്ലേ ചങ്ങാതീ..’  ഈ കാര്‍ട്ടൂണ്‍ ഭരണരംഗത്ത് നിരവധി പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിച്ചു. ചോയെ അഴിക്കുള്ളില്‍ പൂട്ടണം എന്നുവരെ ചില എംഎല്‍എമാര്‍ ആക്രോശിച്ചു.

എന്തായാലും തന്റേടിയായ ഒരു പത്രപ്രവര്‍ത്തകന്‍ ഇവിടെ വിടവാങ്ങിയിരിക്കുന്നു. പക്ഷേ അദ്ദേഹം സൃഷ്ടിച്ചുവച്ച ഈടുവയ്പ്പുകള്‍ പുതിയ തലമുറക്ക് ആവേശം പകരും എന്നുതന്നെ വിശ്വസിക്കാം.  

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   
 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍