UPDATES

യാത്ര

ചൊക്രമുടിയുടെ തുഞ്ചത്തു കയറി കോടമഞ്ഞിന്റെ താഴ്‌വര കാണുമ്പോള്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത്

കേരളത്തിലെ ഉയരം കൂടിയ കൊടുമുടികളിലൊന്നാണു ചൊക്രമുടി. മുന്നാറിന്റെ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചൊക്രമുടിക്ക് ഏകദേശം 7300 അടിയാണു സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം (നമുക്ക് പരിചയമുള്ള ശബരിമലയുടെ ഉയരം സമുദ്രനിരപ്പില്‍ നിന്ന് 1535 അടിയാണു എന്നതും കൂടെയോര്‍ക്കുക).

മധുച്ചേട്ടന്റെയും രാജേട്ടന്റെയും (Hiking Association of India) സംഘാടനത്തില്‍ മുപ്പതോളം വരുന്ന സംഘം പുലര്‍ച്ചെ തന്നെ എറണാകുളത്തു നിന്ന് യാത്രതിരിച്ചു. മഞ്ഞുവീണ പ്രഭാതം അപ്രത്യക്ഷമാകും മുന്നെ അടിമാലിയില്‍ നിന്നു പ്രഭാതഭക്ഷണവും കഴിച്ച് മൂന്നാറെത്തി. മൂന്നാറില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററോളം അകലെ ഗ്യാപ് റോഡിലാണു ചൊക്രമുടി ട്രെക്കിംഗ് ബേസ് ക്യാമ്പ്. പ്രധാനമായും മൂന്നു തരത്തിലുള്ള ഭൂപ്രകൃതിയാണു ചൊക്രമുടിക്കുള്ളത്. ഉയരം കുറഞ്ഞ പുല്ലുകള്‍ നിറഞ്ഞ ഭാഗങ്ങള്‍, കുത്തനെയുള്ള പാറകള്‍ നിറഞ്ഞ ഭൂവിഭാഗം, ഇടതിങ്ങിയ ചോലവനം എന്നിവയാണവ. വരയാടുകള്‍ ധാരാളമായി കണ്ടുവരുന്ന ഒരു പ്രദേശമാണിത്.

മഴപെയ്ത് തോര്‍ന്ന, ഒരു നനഞ്ഞ പ്രഭാതത്തിന്റെ ശീതളിമ പേറിക്കൊണ്ട് ഞങ്ങള്‍ ട്രെക്കിംഗ് ആരംഭിച്ചു. സഹയാത്രികനായ അനീഷ് ഗൈഡിന്റെ റോളേറ്റെടുത്തിരുന്നതുകൊണ്ട്, ഞങ്ങള്‍ക്കു മുന്നേ മല കയറാനാരംഭിച്ചു, പിന്നാലെ ഞങ്ങളും. കുത്തനെയുള്ള മലകയറ്റം തന്നെയായിരുന്നു ആദ്യഭാഗമെങ്കിലും പൊതുവെ അപകടസാധ്യതയൊന്നുമില്ലാത്ത ഭാഗമായി വിലയിരുത്താം. മുകളിലേക്ക് കയറിത്തുടങ്ങിയപ്പൊഴേ, തണുത്ത കാറ്റിനോടൊപ്പം കോടമഞ്ഞും ഞങ്ങളെ പൊതിഞ്ഞും തലോടിയും വരവേറ്റു തുടങ്ങി. ചൊക്രമുടിയിലെ ആദ്യഭാഗം ഒരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. അവിടെ സ്ഥാപിച്ചിരിക്കുന്ന കുരിശ് എത്തുന്നതോടെ ആദ്യഭാഗം കഴിഞ്ഞു എന്നു പറയാം.

താഴ്‌വാരത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തി, മലനിരകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന കോടമഞ്ഞു കണ്ട്, അവിടെ അല്പനേരം വിശ്രമിച്ചു. കണ്ണൂരുകാരന്‍ ഗിരീഷിന്റെ തമാശകളും സെല്‍ഫികളും ഇടവേളകളെ രസിപ്പിക്കാനുതകുന്നതായിരുന്നു. ദീപ്ജിയും രാജീവേട്ടനും മോശമാക്കിയില്ല. കൂട്ടായ്മകള്‍ പുതിയ തലത്തിലേക്കുയര്‍ത്തുതന്നത് ഇവരൊക്കെയാണ്, ഇവരൊക്കെത്തന്നെയാണു യാത്രകള്‍ക്ക് മധുരം പകരുന്നതും.

പാറകള്‍ നിറഞ്ഞ കുത്തനെയുള്ള കയറ്റങ്ങളില്‍ ചിലപ്പോഴൊക്കെ കയ്യില്‍ കരുതിയ കയര്‍ (വടം) ഉപയോഗിക്കേണ്ടി വന്നു. കോടമഞ്ഞിനോടോപ്പമെത്തിയിരുന്ന കാറ്റിന്റെ ശക്തി ഓരോയടിയിലും വര്‍ദ്ധിച്ചു വന്നു. തുറന്ന അന്തരീക്ഷത്തില്‍ നിന്ന് പെട്ടെന്ന് യാത്രയുടെ സ്വഭാവം മാറുകയായിരുന്നു. നിബിഡമായ ചോലവനത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ഒരാള്‍ക്ക് കഷ്ടിച്ച് കുനിഞ്ഞ് പോകാന്‍ മാത്രം സാധിക്കുന്ന ഇടുങ്ങിയ വഴി. സൂര്യപ്രകാശം ഭൂമിയില്‍ പതിക്കാത്ത തരം നിബിഡവനം. ചിത്രങ്ങളെടുത്ത് ഞങ്ങള്‍ വീണ്ടും കാടുകടന്ന് മലകയറ്റം തുടര്‍ന്നു. പിന്നീട് അവസാന ലാപ്പിലേക്ക്…

ഇടക്കിടെ എത്തിയിരുന്ന മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു. പിന്നീടെപ്പൊഴോ മഴ തോര്‍ന്ന സമയത്ത്, ഒരു പാറക്കൂട്ടത്തില്‍ ഇരുന്നു കയ്യില്‍ കരുതിയ ഉച്ചഭക്ഷണം എല്ലാവരും കഴിക്കാനാരംഭിച്ചു. അതിക്രമിച്ച് കയറിയതിനോടുള്ള പ്രകൃതിയുടെ പ്രതിഷേധം പോലെ, കനത്തമഴ വീണ്ടുമെത്തി. കോടമഞ്ഞില്‍, കനത്ത മഴയേറ്റ്, ശക്തമായ കാറ്റില്‍, തണുത്തുവിറച്ച് ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. വീശിയടിച്ച കാറ്റ് കൂട്ടത്തിലെ വിനോയ് ചേട്ടന്റെ കുടയെ എടുത്തുയര്‍ത്തി മലയിടുക്കിലേക്ക് കൊണ്ടുപോയി. അവസാന ലാപ്പിന്റെ ആവേശത്തില്‍ ഞങ്ങളും, പതിനാലു കൊല്ലത്തെ സന്തതസഹചാരിയായിരുന്ന കുട നഷ്ടമായ വിഷമത്തില്‍ വിനോയ് ചേട്ടനും യാത്ര തുടര്‍ന്നു.

ചൊക്രമുടിയുടെ നെറുകയില്‍ കനത്തമഴയില്‍, കനത്ത മൂടല്‍ മഞ്ഞില്‍ ഞങ്ങള്‍ക്കു താഴ്‌വാര ദൃശ്യം നഷ്ടമായെങ്കിലും, നിരാശ ഒട്ടും തോന്നാത്തവിധത്തിലുള്ള അനുഭവമാണു പ്രകൃതിയൊരുക്കിയിരുന്നത്. അവിടെ ഒരുമിച്ച് ചേര്‍ന്നു പരിചയപ്പെട്ടു, അജ്മലിന്റെ നാടന്‍ പാട്ടും, കരാട്ടെമാഷുമായുള്ള സംശയനിവാരണിയും തമാശകളുമായി കുറച്ച് നേരം അവിടെ… പിന്നെ കോടമഞ്ഞിനെ വകഞ്ഞുമാറ്റി താഴേക്ക് ..

(മലയാളം ബ്ലോഗര്‍‌.  കൊച്ചിയില്‍ ഐടി പ്രൊഫഷണല്‍‌, യാത്രികന്‍‌)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

പ്രവീണ്‍ വട്ടപ്പറമ്പത്ത്

പ്രവീണ്‍ വട്ടപ്പറമ്പത്ത്

യാത്രികന്‍‌, ബ്ലോഗര്‍‌. ഐടി പ്രൊഫഷണല്‍.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍