UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗെയിലിന് സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് തകര്‍പ്പന്‍ ജയം

അഴിമുഖം പ്രതിനിധി

ഇംഗ്ലണ്ടിനെ ചവിട്ടിമെതിച്ച് കൊടുങ്കാറ്റായി ക്രിസ് ഗെയില്‍ വാങ്കഡെയില്‍ വീശിയടിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. 47 പന്തില്‍ സെഞ്ച്വറി നേടിയ ഗെയിലിന്റെ ബാറ്റിംഗ് കരുത്തിലായിരുന്നു വീന്‍ഡീസിന്റെ വിജയം. സ്‌കോര്‍; ഇംഗ്ലണ്ട് 182/6 വെസ്റ്റിന്‍ഡീസ് 183/4.

ട്വന്റി-20യിലെ മൂന്നാമത്തെ വേഗമേറിയ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഗെയിലിനു മുന്നില്‍ ഇംഗ്ലണ്ട് നിലംപരിശാകുന്ന കാഴ്ച്ചയാണ് കണ്ടത്. കരുത്തും പ്രതിഭയും ചേര്‍ന്ന ബാറ്റിംഗ് വെടിക്കെട്ടായിരുന്നു ഗെയില്‍ നടത്തിയത്. 2007 ലെ ആദ്യ ട്വന്റി-20 ലോകകപ്പിലും ഗെയില്‍ സെഞ്ച്വറി നേടിയിരുന്നു. 183 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ചാള്‍സിനെ നഷ്ടമായി. എന്നാല്‍ പിന്നാലെയെത്തിയ സാമുവല്‍സ് ടോപ് ഗിയറില്‍ ബാറ്റ് വീശിയതോടെ വീന്‍ഡിസ് കളിയിലേക്ക് തിരിച്ചെത്തി. സാമുവല്‍സ് കടന്നാക്രമണം നടത്തിയപ്പോഴും ഗെയില്‍ മറുവശത്ത് സൗമന്യായി നില്‍ക്കുകയായിരുന്നു. സ്‌കോര്‍ 54 എത്തിയപ്പോള്‍ സാമുവല്‍സ് പുറത്തായി. ഇതിനുശേഷമാണ് ഗെയില്‍ തന്റെ രൗദ്രരൂപത്തിലേക്ക് മാറാന്‍ തുടങ്ങിയത്. ഇതിനിടയില്‍ രാംദിനും ബ്രാവോയും വന്നതും പോയതും ആരുമറിഞ്ഞില്ല. എല്ലാ കണ്ണുകളും ഗെയിലില്‍ ആയിരുന്നു. കളത്തിനകത്തെയും പുറത്തെയും വിവാദങ്ങള്‍ കൊണ്ടു മാത്രം കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഗെയില്‍ തന്റെ പ്രതിഭയെ ചോദ്യം ചെയ്യാന്‍ ആയിട്ടില്ലെന്നു വിമര്‍ശകരെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു ബാറ്റ് വീശിയത്. അതിന്റെ ഇരകളായത് ഇംഗ്ലീഷ് ബൗളര്‍മാര്‍ ആയിരുന്നുവെന്നു മാത്രം.

പതിനൊന്നു സിക്‌സുകളാണ് ഗെയില്‍ ഇന്നത്തെ കളിയില്‍ അടിച്ചു കൂട്ടിയത്. അഞ്ചുഫോറുകളും ആ സെഞ്ച്വറിക്ക് കൂട്ടുണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് റൂട്ടിന്റെയും ബട്‌ലറിന്റെയും ബാറ്റിംഗ് മികവിലാണ് 182 റണ്‍സിലെത്തിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും തന്നെ ഇംഗ്ലണ്ടിനായി മോശമില്ലാതെ ബാറ്റ് വീശി. റൂട്ട് 36 പന്തില്‍ 48 ഉം ബട്‌ലര്‍ 20 പന്തില്‍ 30 റണ്‍സും നേടി. വിന്‍ഡീസിനായി ബ്രാവോയും റസലും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍