UPDATES

കായികം

ഇരട്ട സെഞ്ച്വറിയുമായി ലോകകപ്പില്‍ ക്രിസ് ഗെയില്‍ ചരിത്രമെഴുതി

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ ചരിത്രമെഴുതി ക്രിസ് ഗെയ്‌ലിനു ഇരട്ട സെഞ്ച്വറി(215).ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ ഇരട്ട സെഞ്ച്വറി നേടുന്നത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഗെയ്‌ലിന്റെ പേരിലായി.1996ല്‍ റാവല്‍പിണ്ടിയില്‍ യു.എ.ഇ.ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഗാരി ക്രിസ്റ്റ്യന്‍ നേടിയ 188 റണ്‍സിന്റെ റെക്കോര്‍ഡാണ് ഗെയ്ല്‍ മറി കടന്നത്. 138 പന്തുകളില്‍ 16 സിക്‌സറുകളും 10 ഫോറുകളുമടക്കമാണ് ഗെയ്ല്‍ 215 റണ്‍സ് അടിച്ചുകൂട്ടിയത്. ഏകദിന ചരിത്രത്തിലെ അഞ്ചാം ഇരട്ട സെഞ്ച്വറി ആണിത് .ഇന്ത്യക്കാരന്‍ അല്ലാത്ത ബാറ്റ്‌സ്മാന്റെ് ആദ്യ ഇരട്ട സെഞ്ച്വറിയും. ഗെയ്‌ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും സാമുവല്‍സിന്റെ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് സിംബാവേയ്‌ക്കെതിരെ രണ്ട് വിക്കറ്റിന് 372 റണ്‍സ് നേടി.

ഏകദിനത്തിലെ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ടും വെസ്റ്റ് ഇന്‍ഡീസ് സ്വന്തം പേരില്‍ കുറിച്ചു. രണ്ടാം വിക്കറ്റില്‍ സാമുവല്‍സും ഗെയ്‌ലും ചേര്‍ന്ന് 372 റണ്‍സാണ് കൂട്ടിചേര്‍ത്തത്. സച്ചിനും ദ്രാവിഡും ന്യൂസിലാന്‍ഡിനെതിരെ 1999ല്‍ ഹൈദരാബാദില്‍ വച്ച് നേടിയ 331 റണ്‍സിന്റെ ഏകദിന റെക്കോര്‍ഡും. 1999 ലോകകപ്പില്‍ ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് ഇംഗ്ലണ്ടിലെ ടോണ്ടനില്‍ ശ്രീലങ്കക്കെതിരെ നേടിയ 318 റണ്‍സിന്റെ ലോകകപ്പ് റെക്കോര്‍ഡും ഇതോടെ പഴങ്കഥയായി. ഇതോടൊപ്പം ഒരു പിടി വ്യക്തിഗത റെക്കോര്‍ഡുകളും ഗെയ്‌ലിന്റെ പേരിലായി. ഒരു ഇന്നിംഗിസില്‍ ഏറ്റവും അധികം സിക്‌സുകള്‍ എന്ന നേട്ടം ഗെയ്ല്‍. ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്കും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡി വില്ലിയെഴ്‌സിനുമൊപ്പം പങ്കുവെച്ചു. 16 സിക്‌സ് ആണ് ഗെയ്‌ലിന്റെ ബാറ്റില്‍ നിന്നും പറന്നത്. കൂടാതെ ലോകകപ്പില്‍ ബൗണ്ടറികളിലൂടെ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡും ഗെയ്ല്‍ സ്വന്തം പേരില്‍ കുറിച്ചു. സൗരവ് ഗാംഗുലി ശ്രീലങ്കക്കെതിരെ 1999ല്‍ നേടിയ 110 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് ഗെയ്ല്‍ മറികടന്നത്.

22 സെഞ്ച്വറികളുമായി ഏകദിനത്തിലെ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലിക്കും സൗരവ് ഗാംഗുലിക്കുമൊപ്പം ഗെയ്ല്‍ നാലാം സ്ഥാനത്തെത്തി. ഗെയ്ല്‍ 9000 ക്ലബ്ബില്‍ അംഗമാവുകയും ചെയ്തു.

ഗെയ്‌ലിന് മികച്ച പിന്തുണയാണ് സാമുവല്‍സ് നല്‍കിയത്. സാമുവല്‍സ് 143 പന്തിലാണ് സെഞ്ച്വറി തികച്ചത് 11 ബൗണ്ടറികളും 3 സിക്‌സുകളും ഉള്‍പ്പെട്ടതായിരുന്നു സാമുവല്‍സിന്റെ ഇന്നിംഗ്‌സ്. ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് ഗെയ്ല്‍ ഔട്ട് ആയത്. സാമുവല്‍സ് 133 റണ്‍സുമായി പുറത്താവാതെ നിന്നു. ഗെയ്‌ല്‌നു പുറമേ ഡ്വയിന്‍ സ്മിത്തിന്റെറ(0) വിക്കറ്റ് മാത്രമാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്.

താന്‍ വിരമിക്കണമെന്ന് പറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്കുള്ള ചുട്ട മറുപടികൂടിയായിരുന്നു ഗെയ്‌ലിന്റെ ഈ ഹിമാലയന്‍ പ്രകടനം.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവെ 2.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എടുത്തിട്ടുണ്ട്. മഴ പെയ്തതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍