UPDATES

വിദേശം

ഇന്തോനേഷ്യയില്‍ വീണ്ടും ദൈവനിന്ദ കേസ്: ഇക്കുറി ശിക്ഷിക്കപ്പെട്ടത് ക്രിസ്ത്യാനിയായ ഗവര്‍ണര്‍

പ്രസംഗത്തിനിടെ ഖുറാനിലെ വാചകങ്ങള്‍ ഉദ്ധരിച്ചുവെന്നതാണ് അഹാകിനെതിരെയുള്ള കുറ്റം

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ അതത് രാജ്യങ്ങളിലെ ഭൂരിപക്ഷസമുദായങ്ങള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പ്രവണത കൂടുതല്‍ കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കെ ഇന്തോനേഷ്യയില്‍ നിന്നും വരുന്ന ഈ വാര്‍ത്ത മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനവിഭാഗങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ദൈവനിന്ദയുടെ പേരില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട ജക്കാര്‍ത്ത ഗവര്‍ണറെ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കാന്‍ ഒരു ഇന്തോനേഷ്യന്‍ കോടതി ഉത്തരവിട്ടു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ ഈ കോടതി വിധി മതസഹിഷ്ണുതയ്ക്കും ബഹുസ്വരതയ്ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് എന്ന ആരോപണം ശക്താമായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഖുറാനിലെ ഒരു വാചകം ഉദ്ധരിച്ചുവെന്നാണ് അഹാക് എന്നറിയപ്പെടുന്ന ബാസുകി ത്ജഹാജ പുര്‍നാമയ്‌ക്കെതിരെയുള്ള ആരോപണം. ഇത് വിശുദ്ധ പുസ്തകത്തെ അവേഹിക്കുന്ന നടപടിയാണെന്ന് തീവ്ര ഇസ്ലാമിക സംഘങ്ങള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആരോപണത്തിന് കാരണമായ സംഭവം നടന്നത്. പ്രതി ദൈവനിന്ദ എന്ന ക്രിമിനല്‍ കുറ്റം ചെയ്തതായി തെളിഞ്ഞെന്നും അതിനാല്‍ രണ്ടു വര്‍ഷം ശിക്ഷിക്കുന്നവെന്നുമാണ് വിധിന്യായത്തില്‍ അഞ്ചംഗ ബഞ്ച് പറഞ്ഞത്. ഒരു മതവിശ്വാസ രാജ്യത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. അഹോകിനെ ഉടനടി അറസ്റ്റ് ചെയ്യാനും ജഡ്ജിമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അഹോക് പറഞ്ഞു.

തനിക്കെതിരെ വോട്ട് ചെയ്യുന്നതിന് വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതിനായി ഖുറാന്‍ വചനങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു അഹോക് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത രൂപം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇത് രാജ്യമെമ്പാടും ഭൂരിപക്ഷ സമുദായത്തിന്റെ രോഷം ഇളക്കിവിടുന്നതിന് കാരണമായി. ചൈനീസ് വേരുകള്‍ ഉള്ള ക്രിസ്ത്യാനിയായ അഹോക് ഇരട്ട ന്യൂനപക്ഷമാണ്. തലസ്ഥാനത്ത് അദ്ദേഹത്തിന് എതിരെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ വിചാരണ നടന്നത്. വിധി പ്രഖ്യാപിക്കുമ്പോഴും കോടതിയുടെ പുറത്ത് തീവ്രവാദികളായ ഇസ്ലാമിക സംഘങ്ങള്‍ സംഘടിച്ചിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് മതിയായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് അഹോകിന്റെ സഖ്യകക്ഷി കൂടിയായ പ്രസിഡന്റ് ജോകോ വിദോദോയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ വിധിയുടെ പേരില്‍ അക്രമങ്ങള്‍ നടത്തരുതെന്നും നിയമപ്രക്രിയയെ എല്ലാവരും ബഹുമാനിക്കണമെന്നുമാണ് പ്രസിഡന്റ് പ്രതികരിച്ചത്. അഹോകിനെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും പ്രകടനങ്ങള്‍ നടത്താന്‍ അവസരമുണ്ടാകുമെന്നും എന്നാല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണമെന്നും ദേശീയ പോലീസ് വക്താവ് സെറ്റ്യോ വാസിസ്‌തോ പറഞ്ഞു.

വിധി നിരാശാജനകമാണെന്നും ഇന്തോനേഷ്യന്‍ ചരിത്രത്തിലെ ഇരുണ്ട ദിവസമാണ് ഇതെന്നുമായിരുന്നു ഹ്യൂമണ്‍റൈറ്റ്‌സ് വാച്ചിന്റെ ഇന്തോനേഷ്യന്‍ ഗവേഷകന്‍ ആന്‍ഡ്ര്യാസ് ഹര്‍സോണോ പറഞ്ഞു. ഇന്തോനേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദൈവനിന്ദ കേസാണ് അഹോകിന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരത്തിന്റെ ഗവര്‍ണറും രാജ്യം ഭരിക്കുന്ന പ്രസിഡന്റിന്റെ സഖ്യവുമാണ് അഹോക്. അദ്ദേഹത്തെ ജയിലില്‍ അടയ്ക്കപ്പെടുകയാണെങ്കില്‍ സാധാരണക്കാരായ ന്യൂനപക്ഷങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും ഹര്‍സോണോ ചോദിക്കുന്നു.

സമീപകാലത്ത് ഇന്തോനേഷ്യയില്‍ ദൈവനിന്ദ കുറ്റാരോപണങ്ങള്‍ വര്‍ദ്ധിച്ചുവരിയാണ്. നൂറകണക്കിന് ആളുകളാണ് ശിക്ഷിക്കപ്പെടുന്നത്. ഇത്തരം കുറ്റാരോപണങ്ങളില്‍ വളരെ അപൂര്‍വമായി മാത്രമാണ് ആരെങ്കിലും കുറ്റവിമുക്തരാകുന്നത്. മതം ഒരു സ്വകാര്യപ്രശ്‌നമാണെന്നും അതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുന്നത് കടുത്ത മനുഷ്യവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുല്യ ലൂബിസ് പറയുന്നു. ഇത്തരം നിയമങ്ങള്‍ എതിര്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താനും അവരെ അടിച്ചമര്‍ത്താനുമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭീതിയും ലുബിസ് പങ്കുവെക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍