UPDATES

മോന്‍സി മാത്യു

കാഴ്ചപ്പാട്

മോന്‍സി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്മസ് ഓണ്‍ ദി ബീച്ച്- ഓസ്ട്രേലിയന്‍ ക്രിസ്മസ് വിശേഷങ്ങള്‍

ബ്രൌസര്‍ വിന്‍ഡോ തുറക്കുമ്പോള്‍ അതാ ഗൂഗിളില്‍ ഓടുന്ന റെയിന്‍ഡിയര്‍. അത് കാണുമ്പോള്‍ തന്നെ ഒരു സന്തോഷം തോന്നുന്നു. എത്രയൊക്കെ വാണിജ്യവല്ക്കരിക്കപ്പെട്ടതാണെന്ന് പറഞ്ഞാലും ഉത്സവങ്ങളും ആഘോഷങ്ങളും പകര്‍ന്നു തരുന്ന  ആ ഒരു പോസിറ്റീവ് എനര്‍ജി വളരെ വലുതാണ്.  ഉള്ളില്‍ എവിടെയോ ഒരു കുട്ടി  സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് പോലെ. ക്രിസ്മസ് ലൈറ്റുകള്‍ കാണുമ്പോള്‍, കരോളുകള്‍ കേള്‍ക്കുമ്പോള്‍, ട്രീ അലങ്കരിക്കുമ്പോള്‍ പിന്നെ നല്ല ഭക്ഷണം കഴിക്കുമ്പോള്‍… ഒക്കെ മനസ്സില്‍ നിറയുന്ന സന്തോഷം.  ഉത്സവങ്ങളുടെ എല്ലാം അന്തസത്ത  അതാണല്ലോ. കുടുംബത്തോടും, ബന്ധുക്കളോടും, സുഹൃത്തുക്കളോടും ഒപ്പമുള്ള കുറെ നല്ല നിമിഷങ്ങള്‍.

ബാംഗ്ലൂര്‍ എന്ന ഉദ്യാന നഗരിയില്‍ ക്രിസ്മസിന്‍റെ വര്‍ണപകിട്ടുകള്‍ക്ക് ഒട്ടും തന്നെ കുറവുണ്ടായിരുന്നില്ല. ഷോപ്പിംഗ്‌ മാളുകളിലെ വമ്പന്‍ ക്രിസ്മസ് ട്രീയും, ലൈറ്റുകളും. പക്ഷെ  അന്ന് ക്രിസ്മസിന്റെ ഏറ്റവും വലിയ ആകര്‍ഷണം നാട്ടിലേക്കുള്ള യാത്രയായിരുന്നു. കമ്പം, തേനി വഴിയിലെ  സൂര്യകാന്തി പൂക്കളോടും, മുന്തിരിത്തോട്ടങ്ങളോടും കിന്നാരം പറഞ്ഞ്, എന്റെ ഗ്രാമത്തിലേക്കുള്ള ആ നീണ്ട ഡ്രൈവ്. കുമിളി അതിര്‍ത്തി കടക്കുമ്പോള്‍, കേരളത്തിന്‍റെ കാറ്റിനു പോലും വല്ലാത്ത സ്നേഹമുണ്ടെന്ന് തോന്നും (റോഡ്‌ അതോടെ കുളമാകുമെങ്കിലും). ലോകത്തേറ്റവും സുന്ദരം, എന്റെ കേരളം എന്ന് തോന്നിപ്പിക്കുന്ന കുട്ടിക്കാനം മലമടക്കുകളും, മഴ ചാറ്റലുകളും. പിന്നെ അവസാനം റബ്ബര്‍ തോട്ടങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മനസ്സില്‍ നിറയുന്ന  ഉന്മേഷവും. ഒടുവില്‍ വീട്ടില്‍ എത്തി, കുളിച്ചു ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ ഉള്ള സമാധാനം. പിന്നെ ബന്ധു വീടുകളും നക്ഷത്രവും ക്രിസ്മസ് ട്രീയും രാത്രി വരുന്ന കരോള്‍ സംഘങ്ങളും പാതിരാ കുര്‍ബാനയും ഒക്കെയായി വര്‍ഷത്തിലെ ഏറ്റവുമധികം സന്തോഷം തോന്നുന്ന ദിവസങ്ങള്‍.

 

 

ആദ്യമായി ക്രിസ്മസിന് ദൂരെ ആയിപ്പോയി എന്ന ദുഃഖം ഉണ്ടെങ്കിലും, ഇവിടുത്തെ ക്രിസ്മസ് നിരാശപ്പെടുത്തുന്നില്ല. ചുറ്റുമുള്ള  മനുഷ്യരെല്ലാവരും ആകെ ഒരു സന്തോഷത്തിലാവുമ്പോള്‍, ലോകം പ്രത്യാശാഭരിതമാവുന്നത് പോലെ. ഷോപ്പിംഗ്‌ മാളുകളില്‍ എല്ലാം തിരക്കോട് തിരക്ക്. ക്രിസ്മസ് ഷോപ്പിംഗ്‌ ഒരു ആചരണം തന്നെയാക്കിയ ഒരു ജനത. ക്രിസ്മസ് ഗിഫ്റ്റുകള്‍ വാങ്ങുന്നതിലും, പൊതിഞ്ഞു ക്രിസ്മസ് ട്രീയുടെ അടിയില്‍ വെക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന മുതിര്‍ന്നവരും, അത് സാന്ത വെച്ചതാണെന്നു വിശ്വസിക്കുന്ന കുട്ടികളും. ആകെ ഒരു ക്രിസ്മസ് വില്ലേജ്. സാന്ത റിയല്‍  അല്ലെന്നു പറഞ്ഞ എന്റെ മകളെ അവരുടെ കൂട്ടുകാരെല്ലാവരും കൂടെ കൊല്ലാതെ കൊന്നു. ആകെ അങ്കലാപ്പില്‍ വീട്ടില്‍ എത്തിയ അവളോട്‌ ഞാന്‍ പറഞ്ഞു സാന്ത ഇല്ല. പക്ഷെ ഇവിടുത്തെ കുട്ടികള്‍ക്ക് അതറിയില്ല, അവരുടെ വിചാരം സാന്ത റിയല്‍ ആണെന്നാണ്, മോള്‍ അവരോടു തര്‍ക്കിക്കണ്ട എന്ന്. അല്ല പിന്നെ, ഇത്ര നാളും ട്രീയുടെ അടിയില്‍ ഇല്ലാത്ത ഗിഫ്റ്റ് ഇപ്പൊ വെച്ചിട്ട് സാന്ത  ഇവിടെ മാത്രേ വരൂ എന്ന് പറയാന്‍ പറ്റുമോ. 

 

എവിടെയോ കണ്ട ഒരു തമാശ

ചില വീടുകളിലെ അലങ്കാരങ്ങള്‍ കണ്ടു ഞെട്ടി പോയി. പിന്നെ മനസിലായി, സിറ്റി കൌണ്‍സില്‍ മത്സരം നടത്തുന്നുണ്ട്. ഏറ്റവും നന്നായി അലങ്കരിച്ച വീടിനു സമ്മാനം ഉണ്ട്. എന്തായാലും അടുത്തുള്ള ഒരു അലങ്കരിച്ച വീട് പോയി കണ്ടു. ഒരു ചെറിയപെരുന്നാളിനുള്ള ആള്‍ അവിടെ ഉണ്ടായിരുന്നു.

 

ആരോ പറയുന്നത് കേട്ടു, ഇതിന് സമ്മാന തുകയിലും  കൂടുതല്‍ അലങ്കരിക്കാനുള്ള ചെലവും കറന്റ്‌ ബില്ലും  ആവുമല്ലോ എന്ന്.

ക്രിസ്മസ് ഭൂമിയിലെ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും തണുപ്പും മഞ്ഞും  ഒക്കെ ആയിരിക്കെ , ഞങ്ങള്‍ക്ക് മാത്രം ക്രിസ്മസ് വേനലില്‍  ആണല്ലോ എന്ന ഒരു വിഷമം ഇവിടുത്തുകാര്‍ക്കുണ്ടെന്നു തോന്നുന്നു.

ആ വിഷമത്തെ ചൂഷണം ചെയ്യാന്‍, വാര്‍ണര്‍ ബ്രദേഴ്സ്  മൂവി വേള്‍ഡ് “വൈറ്റ് ക്രിസ്മസ്” എന്ന പരിപാടി നടത്തുന്നുണ്ട്. ഞങ്ങളും പോയി നോക്കി. കുറച്ചു കൃത്രിമ  മഞ്ഞ്  ഒക്കെ പെയ്യിച്ച്,   സാന്തയും, സാന്തയുടെ കുട്ടിച്ചാത്തന്‍മാരും സ്നോമാനും, ഫെയറികളും ക്രിസ്മസ് പരേഡും ഒക്കെ ആയി ഒരു ബഹളം. ആളുകളെല്ലാം പക്ഷെ ഭയങ്കര ആവേശത്തിലായിരുന്നു.

 

അലങ്കാര വിളക്കുകള്‍ നഗരങ്ങളെ അണിയിച്ചൊരുക്കി സുന്ദരമാക്കുന്നത്  കാണാന്‍ ഒരു പ്രത്യേക ഭംഗിയാണ്. നഗര മധ്യത്തില്‍ സിറ്റി കൌണ്‍സില്‍ നടത്തുന്ന ലൈറ്റ് ആന്‍ഡ്‌ സൌണ്ട് ഷോ ഉണ്ട്. ടിക്കറ്റ്‌ ഒന്നുമില്ല, അവിടെ ചെന്ന് നിന്ന് ആര്‍ക്കും കാണാം. നല്ല ഒരു ആള്‍ക്കൂട്ടം എപ്പോഴും അവിടെ ഉണ്ടാവും. പിന്നെ എത്ര ആള്‍ക്കൂട്ടമായാലും, ആരും മര്യാദ വിടാത്തത്‌ കൊണ്ടുള്ള സമാധാനം ഒന്ന് വേറെ തന്നെ.

 

 

ഞാന്‍ ഏറെ ശ്രദ്ധിച്ച ഒരു കാര്യം നമുക്ക് ഓണം പോലെ ഇവിടെ ക്രിസ്മസിന് ഒരു ദേശീയ ഉത്സവ പരിവേഷം ആണ്. മതവിശ്വാസികള്‍ അല്ലാത്തവരും ട്രീ വെയ്ക്കുന്നു. വീടുകള്‍ ലൈറ്റ് കൊണ്ട് അലങ്കരിക്കുന്നു. ക്രിസ്മസ് സമ്മാനങ്ങള്‍ വാങ്ങുന്നു, കൈമാറുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ടു കുടുംബങ്ങളില്‍ ഞാന്‍ അത് കണ്ടു. ഒന്ന് ഇവിടുത്തുകാരി ഭാര്യയും ജൂതന്‍ ഭര്‍ത്താവും; മറ്റൊന്ന് ഓസീ ഭര്‍ത്താവും ചൈനക്കാരി ഭാര്യയും. അവരാരും മതവിശ്വാസങ്ങളൊന്നും പിന്തുടരുന്നവരല്ല. പള്ളി കണ്ടിട്ട് പോലുമില്ല. പക്ഷെ  അവര്‍ ക്രിസ്മസ് ആഘോഷിക്കുന്നു. വീട് അലങ്കരിക്കുന്നു. സമ്മാനങ്ങള്‍ കൈ മാറുന്നു. അത് കാണുമ്പോള്‍ ക്രിസ്മസിന് പുതിയ ഒരു  മാനം കൈ വരുന്നത് പോലെ. വടക്കേ ഇന്ത്യന്‍ സുഹൃത്തുക്കളോടൊക്കെ പണ്ട്  ഞാന്‍ അഭിമാനത്തോടെ പറഞ്ഞിരുന്നു – കേരളത്തില്‍ ഞങ്ങളെല്ലാവരും ഓണവും ക്രിസ്മസും ഒക്കെ ആഘോഷിക്കാറുണ്ട്. ജാതി, മത ഭേദമെന്യേ എന്ന്. ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്ന ആ ജാതി, മത ഐക്യം ഒക്കെ ഇപ്പോള്‍ നമ്മുടെ നാടിനു നഷ്ടപ്പെട്ട് തുടങ്ങുന്നു. നമുക്ക് അനാചാരങ്ങള്‍ നിലനിര്‍ത്താന്‍ ആണല്ലോ താത്പര്യം. ബസില്‍ നിന്ന് കൊച്ചു പിച്ചടക്കം സ്ത്രീകളെ ഇറക്കിവിട്ടൊക്കെ അല്ലേ നാം ഇപ്പോള്‍ മതസ്നേഹം വളര്‍ത്തുന്നത്.

ഇവിടുത്തുകാര്‍ക്ക് ഇന്ത്യന്‍ ഭക്ഷണം വളരെ ഇഷ്ടമാണ് – അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘കറീസ്’. കുറച്ചു സുഹൃത്തുക്കളെ  ഒക്കെ ഡിന്നറിനു  ക്ഷണിച്ചു. ഇതിനു ഉപ്പില്ല, അതിനു പുളി കുറഞ്ഞു എന്നൊക്കെ പറയുന്ന അതിഥികള്‍ക്ക് പകരം “hmmm… yum yum” എന്ന് പറഞ്ഞ് അപ്പം, ഇറച്ചി കറി ഒക്കെ കഴിക്കുന്ന അതിഥികളെ, സത്യം പറയട്ടെ എനിക്കങ്ങിഷ്ടപ്പെട്ടു (അവര്‍ക്കറിയില്ലല്ലോ ഇതിന്റെയൊക്കെ ശരിക്കുളള രുചി എന്താണെന്ന്; അങ്ങനെ ഞാനും ഒരു പാചക വിദഗ്ദ്ധയായി)

 

 

ഒടുവിലായി ക്രിസ്മസിന്റെ സന്തോഷം പൂര്‍ണമാക്കിയ ഒരു മലയാളി നന്മയെക്കുറിച്ച് പറയട്ടെ. രണ്ടു മൂന്നു വട്ടം മകളുടെ  നീന്തല്‍ ക്ലാസ്സില്‍ കണ്ടു സംസാരിച്ച പരിചയം മാത്രമേ ഉള്ളെങ്കിലും ക്രിസ്മസ് ദിനത്തില്‍ ഞങ്ങളെ ഭക്ഷണത്തിന് ക്ഷണിച്ച ഒരു മലയാളിയുടെ  സ്നേഹം. ബന്ധുക്കളൊന്നും  അടുത്തില്ലാതെ ഒറ്റയ്ക്കാവുമല്ലോ ക്രിസ്മസിന് എന്ന് ദു:ഖിച്ച ഞങ്ങള്‍ക്ക് അതൊരു അദ്ഭുതവും സന്തോഷവുമായി. ജീവിതത്തെ പ്രകാശപൂരിതമാക്കുന്ന കൊച്ചു കൊച്ചു നന്മകള്‍. അതേ, ഉത്സവങ്ങള്‍ ഏതായാലും അത് പറയുന്നത് സ്നേഹത്തിന്റെയും കരുതലിന്റെയും നന്മയുടെയും കഥകളാണ്. നമുക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്ത്, പങ്കു വെച്ച് നമ്മുടെ ഉത്സവങ്ങളെ അര്‍ത്ഥപൂര്‍ണമാക്കാന്‍ ശ്രമിക്കാം. എല്ലാവര്‍ക്കും ക്രിസ്മസ് മംഗളങ്ങള്‍.

 

മോന്‍സി മാത്യു

മോന്‍സി മാത്യു

ഫെമിനിസ്റ്റ്, ഓസ്‌ട്രേലിയയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍