UPDATES

ഓഫ് ബീറ്റ്

ക്രിസ്ത്യാനിയുടെ ക്രിസ്തുമസ് ഹിന്ദു ആഘോഷിക്കേണ്ടതില്ലെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ന്യൂജന്‍ തലമുറ

ആഘോഷങ്ങള്‍ക്കു മതമില്ലെന്നു വിശ്വസിക്കുന്ന ന്യൂജനറേഷനിലാണ് ഇനി പ്രതീക്ഷ

ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പുള്ള കഥ, അല്ല കാര്യമാണ്. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞാല്‍ ഞങ്ങളുടെ പ്രധാന പരിപാടി നക്ഷത്രം ഉണ്ടാക്കുക എന്നതായിരുന്നു. തെങ്ങിന്റെ മടല് കൊണ്ട് പച്ച ബാറ്റ് ഉണ്ടാക്കുമ്പോള്‍ പോളി എടുത്തു മാറ്റും, അല്ലെങ്കില്‍ മുളയുടെ പുറന്തോട് ചീവിയെടുത്താണ് നക്ഷത്രത്തിന്റെ അസ്ഥികൂടം നിര്‍മിക്കുന്നത്. വിളക്ക് അല്ലെങ്കില്‍ മെഴുകുതിരി വയ്ക്കാനുള്ള സ്റ്റാന്‍ഡും അതിനുള്ളിലുണ്ടാകും. അടുത്ത വീട്ടിലെ നക്ഷത്രത്തിനേക്കാള്‍ വലുതും ഉയരത്തിലും നക്ഷത്രങ്ങള്‍ തൂക്കുക എന്നതാണ് ലക്ഷ്യം. വര്‍ണ കടലാസുകള്‍ ഒട്ടിച്ചു മനോഹരമാക്കും. എല്ലാ നിറങ്ങളും ഒരുമിച്ചു ചേര്‍ത്ത് ഒരു നക്ഷത്രത്തെ പരമാവധി വൃത്തികേടാക്കാനും ചില വിരുതന്മാര്‍ക്ക് കഴിയും.

പ്രകാശം പരത്തുന്ന നക്ഷത്രം സന്ധ്യകഴിയുമ്പോള്‍ മുകളിലേക്ക് കയറു വലിച്ചു കയറ്റും. പരമാവധി ഉയരത്തില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ മെഴുകുതിരി നക്ഷത്രത്തിനുള്ളില്‍ മറിഞ്ഞു വീഴുകയോ മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പടര്‍ന്നു നക്ഷത്രം കത്തിചാമ്പലാകുകയോ ചെയ്യും. ഈ അപകട മേഖല തരണം ചെയ്യുന്ന നക്ഷത്രങ്ങള്‍ക്കും വലിയ ആയുസ് ഉണ്ടാകാറില്ല. മാര്‍ഗം തന്നെ ആണ് ലക്ഷ്യം എന്ന് പറയുന്നത് പോലെ നക്ഷത്രം നിര്‍മിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ അനുഭൂതിയായി അനുഭവപ്പെട്ടിരുന്നത്.

കുട്ടികളുടെ നക്ഷത്ര നിര്‍മാണവും കത്തിക്കലും കഴിയുമ്പോള്‍ കഴിഞ്ഞകൊല്ലം മടക്കി സൂക്ഷിച്ച കടലാസ് നക്ഷത്രങ്ങള്‍ മുതിര്‍ന്നവര്‍ പുറത്തെടുക്കും. പുതുവത്സരം വരെ ഈ നക്ഷത്രങ്ങള്‍ പ്രഭ ചൊരിഞ്ഞു കൊണ്ട് ഉമ്മറത്ത് തൂങ്ങിയാടും. വെളിച്ചം കെടുകയും തെളിയുകയും ചെയ്യുന്ന നക്ഷത്രങ്ങള്‍ ഉള്ള വീടുകള്‍ തന്നെയായിരുന്നു ശരിക്കും താരങ്ങള്‍. അത്തരം നക്ഷത്രങ്ങള്‍ കാണാന്‍ കൂട്ടം കൂടി പോയിരുന്നു. ജനുവരി രണ്ടിന് നക്ഷത്രങ്ങള്‍ അഴിച്ച് അടുത്ത വര്‍ഷത്തേക്ക് വേണ്ടി പെട്ടിയില്‍ സൂക്ഷിക്കും. തന്റെ പ്രായത്തിനേക്കാള്‍ മൂത്ത നക്ഷത്രം വീട്ടിലെ അലമാരയിലുണ്ടെന്നു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.

ജാതിമത വ്യത്യാസമില്ലാതെ എല്ലാ വീടുകളുടെ മുന്നിലും നക്ഷത്രങ്ങള്‍ തൂങ്ങിയാടിയിരുന്നു. അന്ന് ക്രിസ്തുമസ് ക്രിസ്ത്യാനികള്‍ക്ക് മാത്രമായി ഞങ്ങള്‍ വിട്ടു കൊടുത്തിരുന്നില്ല. ക്രിസ്ത്യന്‍ വീടുകളില്‍ പോയി പുല്‍ക്കൂട് ഒരുക്കി കൊടുക്കുക ആയിരുന്നു അടുത്ത പണി. ഡിസംബര്‍ ഇരുപതിന് രാവിലെ വെള്ളത്തില്‍ കുതിര്‍ത്ത് നനഞ്ഞ തുണിയില്‍ കെട്ടിവയ്ക്കുന്ന തിന, രാത്രി വിതയ്ക്കും. മുളപൊട്ടി വളര്‍ന്നു വരുന്ന തിനച്ചെടികളെ നോക്കി നില്‍ക്കും. ചിരട്ട വച്ച് കിണറും വഴിയുമൊക്കെ ഉണ്ടാക്കി കച്ചില്‍ കൊണ്ടോ കമുകിന്‍ ഓലകൊണ്ടോ പുല്‍ക്കൂടിലും ഉണ്ടാക്കും. മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിയെടുത്തു കുത്തിവയ്ക്കും. ഇത്രയും ചെയ്തു കൊടുത്താല്‍ പിന്നെ ഉണ്ണിയേശുവിനെ വയ്ക്കുന്നതുള്‍പ്പെടെയുള്ളവ വീട്ടുകാര്‍ ചെയ്യും.

xmas

ഇന്നലെ രാത്രി വഴിയിലൂടെ നടന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ക്രിസ്ത്യാനികളുടെ വീടുകള്‍ക്ക് മുന്നില്‍ നക്ഷത്രം ഉണ്ടെങ്കിലും മറ്റു വീടുകളുടെ മുന്നില്‍ കുറവാണ്. നക്ഷത്രങ്ങളെ ഹിന്ദു വീടുകളില്‍ നിന്നും ഒഴിപ്പിക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ സംഘപരിവാര്‍ പദ്ധതി പൊളിഞ്ഞെങ്കിലും അറിഞ്ഞോ അറിയാതെയോ ക്രൈസ്തവ ഇതര മതക്കാര്‍ നക്ഷത്രത്തെ കൈവിട്ടിരിക്കുന്നു എന്നാണ് വൈകുന്നേരം നടന്നപ്പോള്‍ വ്യക്തമായത്. ഒന്നരപതിറ്റാണ്ടു മുന്‍പാണ് നക്ഷത്രത്തില്‍ സംഘപരിവാര്‍ കൈകടത്തിയത്. അയ്യപ്പന്റെ ചിത്രമുള്ള മകരജ്യോതി നക്ഷത്രം തൂക്കാനായിരുന്നു നിര്‍ദേശം. മകരജ്യോതി ധനുമാസത്തില്‍ തൂക്കാനുള്ള നിര്‍ദേശം കടുത്ത പരിവാര്‍ അനുകൂലികള്‍ മാത്രം നടപ്പിലാക്കി. ബാക്കിയുള്ളവര്‍ സാധാരണ നക്ഷത്രം തെളിച്ചു. അന്ന് നടപ്പിലാകാതെപോയ ലക്ഷ്യം ഇന്ന് അറിയാതെ നടപ്പിലായി പോകുന്നു.

കൊടുങ്ങല്ലൂര്‍ കോതപ്പറമ്പ് സെന്റ് തോമസ് പള്ളിയിലെ ഇടവകയിലെ കുടുംബ യൂണിറ്റുകള്‍ തമ്മിലുള്ള ക്രിസ്തുമസ് മത്സരങ്ങളില്‍ പങ്കാളിത്തം കൂടുതലും അന്യമതസ്ഥരുടേതായിരുന്നു. ഒരിക്കല്‍ പുല്‍ക്കൂട് നിര്‍മാണ മത്സരത്തില്‍ ഒറിജിനാലിറ്റിയ്ക്കു വേണ്ടി വലിയ പുല്‍ക്കൂട് നിര്‍മിച്ചു. അതില്‍ പശുക്കുട്ടിയെയും കെട്ടി. ഇന്നിപ്പോള്‍ ഇങ്ങനെ ഒത്തുകൂടാന്‍ മത്സരവും ആഘോഷവും ഇല്ല. നേരത്തെ ആഘോഷങ്ങള്‍ എല്ലാവരുടെയും കൂടിയായിരുന്നു. ഒരുമിച്ച് ആഘോഷിക്കുമ്പോള്‍ വര്‍ധിക്കുന്നതായിരുന്നു സന്തോഷം. മാറിയ സാഹചര്യങ്ങളെക്കുറിച്ച് ആലോചിച്ചു നിരാശനായാണു വീട്ടിലെത്തിയത്. അതിനുശേഷമാണു കരോളുകളും സാന്താക്‌ളോസുകളും വരികയും സമ്മാനം നല്‍കി പോകുകയും ചെയ്തത്.  ഏറ്റവുമൊടുവില്‍ എത്തിയത് പൊക്കം കുറഞ്ഞ സാന്താ. അഞ്ചാമത്തെ ആളുകള്‍ ഉച്ചത്തില്‍ പാടുന്നത് മംഗളമീ മംഗളം… മംഗളമീ മംഗളം… എന്ന് മാത്രം. ഈ വരികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. നാല് തവണ പാടിക്കഴിഞ്ഞ് ഹാപ്പി ക്രിസ്തുമസ് എന്ന് പറയും… വീണ്ടും മംഗള ഗാനം. വേറെ പാട്ടൊന്നും ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ മറുപടിയാണ് ചിരിപ്പിച്ചത്… ഇതില്‍ പാട്ടറിയാവുന്ന ഒറ്റ ക്രിസ്ത്യാനിയും ഇല്ല. മൊത്തം ഹിന്ദുക്കളുടെ കരോളാ… നമ്മുടെ ഉണ്ണി ആണ് പാപ്പ എന്ന് പറഞ്ഞതും അവന്‍ മുഖംമൂടി പൊക്കി പല്ലില്ലാ മോണ കാട്ടി ഒരു ചിരി. ആ ചിരി മതി; ന്യൂജെന്‍ മതേതരത്വം തിരികെ പിടിക്കുമെന്ന്‍ ഉറപ്പു തരുന്ന ആ ചിരി..

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍