UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ന്യൂസ് അപ്ഡേറ്റ്സ്

വകതിരിവുള്ള ദൈവം – ഒരു ക്രിസ്മസ് രാത്രിയില്‍

2006 ലെ ഒരു ക്രിസ്മസ് രാത്രി. വടക്കന്‍ കേരളത്തിലെ ഒരു വലിയ ആസ്പത്രിയില്‍ മൈക്രോ സര്‍ജനായി ജോലി ചെയ്യുന്നു. ഞങ്ങള്‍ രണ്ടുമൂന്നു പുനര്‍നിര്‍മാണ മൈക്രോ സര്‍ജന്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ക്രിസ്മസ് രാത്രിയും പിറ്റേന്നും എന്റെ ഡ്യൂട്ടിയായിപ്പോയി.

 

നല്ല തണുപ്പുള്ള രാത്രി. എങ്ങും നക്ഷത്രവിളക്കുകള്‍ തൂങ്ങുന്നു. ഠപ്പോ ഠപ്പോയെന്ന് പടക്കങ്ങള്‍ പൊട്ടുന്നു.

എന്താഘോഷം വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്നു പറഞ്ഞതുപോലെ, അത്യാഹിതവിഭാഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കും വിശ്രമമില്ല.

വെള്ളമടിച്ചും അടിക്കാതെയും ആള്‍ക്കാര്‍ വണ്ടിയിലും കാല്‍നടയായും രാത്രിമുഴുവന്‍ തേരാപാരാ നടന്ന് അപകടങ്ങളില്‍പ്പെടും. ഇതിനേക്കാള്‍ ഭയങ്കരവും പൊതുജനങ്ങള്‍ക്കധികം അറിയാത്തതുമായ ഒന്നുണ്ട് – പടക്കങ്ങള്‍.

കൈയ്യില്‍ വച്ച് പടക്കം പൊട്ടി ഒരു ദീപാവലി നാള്‍ പതിനാലുപേരാണ് ഒറ്റയടിക്ക് അഡ്മിറ്റായത്. കൈകളില്‍ ആഴത്തില്‍ മുറിവുണ്ടാകും. ചിലപ്പോള്‍ എല്ലുകള്‍ തെറിച്ചുപോകും. ഉപയോഗശൂന്യമായ കൈകളുമായി പലരും ആഘോഷ സീസണ്‍ കഴിഞ്ഞിറങ്ങിയിട്ടുണ്ട്.

രാത്രി മൂന്നുമണിക്കാണ് അത്യാഹിതവിഭാഗത്തില്‍ നിന്ന് അടുത്ത വിളി വന്നത്. നാലാമത്തെ പടക്കകേസാണ്. പത്തിരുപത് വയസ്സായ ഒരു പയ്യന്‍. കയ്യിലെ കെട്ടഴിച്ചപ്പോള്‍ ഞാനടക്കം ഞെട്ടിപ്പോയി. വലതു കൈപ്പത്തി എന്നൊരു സംഭവം ഇല്ല. പകരം മുറിവായില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന കുറേ മാലകള്‍. പൊടിഞ്ഞ എല്ലുകഷണങ്ങള്‍ ന്യൂജനറേഷന്‍ ആഭരണങ്ങള്‍ കണക്കേ ദശയില്‍ കോര്‍ത്തു ഞാന്നുകിടക്കുന്നു. ചുവന്ന ദശകള്‍ക്കിടയില്‍ വെളുത്ത ഞരമ്പുകള്‍ പിടയ്ക്കുന്നു.

ഒന്നും ചെയ്യാനില്ല. കൈ മുഴുവന്‍ മുറിച്ചു കളയാനേ നിര്‍വാഹമുള്ളു. മുഖത്ത് ഒരു ക്രൗര ഭാവമാണ്. സാധാരണയായി രോഗികളുടെ പടുതി കണ്ട് എനിക്കും കരച്ചില്‍ വരും. ഈ പയ്യനോട് എന്തോ, മനസ്സില്‍ ഒരു നിസ്സംഗത മാത്രം തോന്നി. അതെന്തായിരിക്കും; ഞാന്‍ ആലോചിച്ചു.

അപ്പോഴാണ് പോലീസ് വന്നത്. സുഹൃത്തിനെ അപ്പോള്‍ തന്നെ അറസ്റ്റുചെയ്തു കൊണ്ടുപോയി. പിന്നെയാണ് സംഭവം അറിയുന്നത്. നമ്മുടെ കൈ പോയ ആളിന്റെ സഹോദരിയെ വേറൊരു മതത്തില്‍പ്പെട്ടയാള്‍ പ്രണയിക്കുന്നു. അവിടെയാണ് സംഭവങ്ങളുടെ തുടക്കം. നമ്മുടെ നായകനും മറ്റു ബന്ധുക്കളും ഭയങ്കരമായി എതിര്‍ക്കുന്നു. തീവ്രമതവിശ്വാസിയാണ് നമ്മുടെ പയ്യന്‍. എതിര്‍പ്പിനെ അവഗണിച്ച് അന്യമതസ്ഥന്‍ സഹോദരിയെ കൊണ്ടുപോയി സ്വഭവനത്തില്‍ പാര്‍പ്പിക്കുന്നു.

നായകന്‍ വടക്കന്‍ കേരളത്തില്‍ സുലഭമായ ഒരു ബോംബ് സംഘടിപ്പിക്കുന്നു. സമാനചിന്താഗതിയുള്ള സുഹൃത്തിനോടൊപ്പം അന്യമതസ്ഥന്റെ വീട്ടിലേക്ക് പാഞ്ഞുപതുങ്ങി ക്രിസ്മസ് രാത്രയില്‍ എത്തുന്നു. പുറത്ത് കുത്തിയിരുന്ന് പാളി നോക്കുന്നു.

സ്വസഹോദരിയും സഹോദരിയെ കട്ടവനും അവന്റെ അച്ഛനുമമ്മയും അടക്കം എല്ലാവരും വരാന്തയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇതുതന്നെ പറ്റിയ തക്കം. ബോംബിനു തീ കൊളുത്തുന്നു. മുറ്റത്തേക്ക് ചാടിച്ചെല്ലുന്നു. വരാന്തയിലേക്ക് ബോംബ് എറിയുന്നു. അത് അവിടിരിക്കുന്നവരുടെ നടുക്ക് വീഴുന്നു.

‘ഠോ!’ എന്ന ഒരു ശബ്ദം – എന്തത്ഭുതം! കേള്‍ക്കുന്നില്ല. അത് ഒരു ക്രിക്കറ്റ് ബോള്‍ പോലെ വെറുതേ കിടക്കുന്നു. വരാന്തയിലുള്ളവര്‍ – സഹോദരിയും ഭര്‍ത്താവും എല്ലാവരും – നിലവിളിച്ചുകൊണ്ട് വീട്ടിനകത്തേക്കോടി കതകടയ്ക്കുന്നു. സര്‍വ്വത്ര നിശബ്ദം.

നായകന്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ വരാന്തയില്‍ കയറി ബോംബെടുത്ത് പരിശോധിക്കുന്നു. കൈയിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നു.

അപ്പോള്‍ – നമ്മള്‍ മുമ്പേ പറഞ്ഞ സാധനം – ഠോ, ശബ്ദം കേള്‍ക്കുന്നു. എല്ലാം വ്യക്തമായി എന്ന് വിശ്വസിക്കുന്നു.

ഇത്രയും വകതിരിവോടെ ദൈവം എപ്പോഴും പെരുമാറിയിരുന്നെങ്കില്‍ ലോകം എന്നേ നന്നായേനെ എന്ന് ഹിംസാവാദികളായ പലരും പറഞ്ഞേക്കും. പക്ഷേ അഹിംസാവാദികളായ നമുക്ക് അത് പറയാനാകുമോ? മനുഷ്യന്റെ അടിപിടിക്കിടയില്‍ കിടന്ന് അവിടൊരുന്ത്, ഇവിടൊരിടി ഇതൊക്കെ ചെയ്യലാണോ അങ്ങേരുടെ പണി?

അല്ലെങ്കില്‍ തന്നെ ആളുകളുടെ കൊള്ളരുതായ്മള്‍ക്കുള്ള ശിക്ഷ ദൈവം എവിടെയാണെടുത്തു വച്ചിരിക്കുന്നത്? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ദുഷ്ടന്‍മാര്‍ കുട്ടികളെ വെടിവച്ചുകൊല്ലുന്നു?

‘God is a process’

ദൈവാത്മകതയിലേക്കുള്ള പ്രയാണം. നല്ല കാര്യങ്ങള്‍ ചെയ്തും സമാധാനത്തിനായി പ്രാര്‍ത്ഥിച്ചും നമുക്ക് മുന്നോട്ട് പോകാം.

ശിക്ഷകള്‍ പക്ഷേ നമ്മള്‍ തന്നെ കരുതിവയ്ക്കണം. ദൈവത്തിനായി കാത്തുവയ്ക്കരുത് – ഇതാണോ പാഠം?

 

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍