UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിസ്തുമസിന് രുചികൂട്ടാന്‍ എട്ട് വിഭവങ്ങള്‍

Avatar

ഷെറിന്‍ തോമസ്

ആഘോഷങ്ങള്‍ എല്ലാ ജനവിഭാഗത്തിന്റെയും ജീവിതവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ഈ ആഘോഷങ്ങളുടെ പൂര്‍ണതയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം അനിവാര്യ ഘടകമാണ്. ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ഈ സാമാന്യ തത്വം ഏറ്റക്കുറച്ചിലുകളോടെ നമ്മുടെ നാടും പിന്തുടര്‍ന്നു പോരുന്നു. ക്രിസ്തുമസ്, ഓണം, റംസാന്‍ തുടങ്ങിയ ആഘോഷങ്ങളില്‍ വിഭിന്നങ്ങളായ വിഭവങ്ങളുടെ സമൃദ്ധി നമ്മുക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. ക്രൈസ്തവരെ സംബന്ധിച്ചു ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ആഘോഷമാണ് ക്രിസ്തുമസ്. തൊട്ടുമുമ്പുള്ള ഇരുപത്തിയഞ്ച് ദിവസത്തെ നോമ്പാചരണത്തിന്റെ പരിസമാപ്തി കുറിച്ച് സമൃദ്ധമായ ഭക്ഷണം എല്ലാ ക്രൈസ്തവ ഭവനങ്ങളിലും തയാറാക്കിവരുന്നു. പരമ്പരാഗതവും നവീനവുമായ ഒട്ടേറെ വിഭവങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. അത്തരം ചില വിഭവങ്ങളെ നമുക്കിവിടെ പരിചയപ്പെടാം.

കോഴിപ്പിടി

വടക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും പ്രചാരത്തിലുള ഒരു പലഹാരമാണ് കോഴിപ്പിടി. കേരളത്തിലെ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ പാരമ്പര്യ ഭക്ഷണമായിരുന്ന ഈ വിഭവം ഇപ്പോള്‍ അത്ര സാധാരണമായി വീടുകളില്‍ ഉണ്ടാക്കാറില്ല. കോഴിപ്പിടിയെന്നാല്‍ കോഴി കറിയും പിടിയും ചേര്‍ന്നതാണ്. എല്ല് മാറ്റിയ കോഴിയുടെ കക്ഷണങ്ങള്‍ ഉപയോഗിച്ചാണ് ഇറച്ചിക്കറി പാകംചെയ്യുക. കൊഴുകട്ടയുടെ രീതിയിലാണ് പിടി ഉണ്ടാക്കുന്നത്. അരിപ്പൊടി ഉപ്പുചേര്‍ത്ത ചൂടുവെള്ളത്തില്‍ കുഴച്ച് വിളക്കിന്റെ തിരിയുടെ രൂപത്തില്‍ നീട്ടി ഉരുട്ടിയെടുക്കുന്നു. അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന പിടി വീണ്ടും ഇറച്ചിക്കറിയില്‍ ചേര്‍ത്തു തിളപ്പിച്ച് പാകപ്പെടുത്തുന്നു. കോഴിയും പിടിയും ചേര്‍ന്ന ഈ വിഭവം ഒരു ‘സൂപ്പ്’ പോലെ ആസ്വാദ്യകരമാണ്.

കള്ളപ്പം + ആട് സ്റ്റൂ

അപ്പം ഉണ്ടാക്കുന്ന മാവ് പുളിപ്പിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്നത് കള്ളാണ്. അങ്ങനെയാണ് കള്ളപ്പം എന്ന പേര് വന്നത്. ഇപ്പോള്‍ കള്ളിനു പകരം ‘ഈസ്റ്റ്’ ആണ് മാവ് പുളിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. കള്ളപ്പത്തെ പാലപ്പത്തില്‍ നിന്നും വ്യത്യസ്തമാക്കുന്നത് മൂന്ന് കാരണങ്ങളാണ്. കള്ളപ്പത്തില്‍ ചേര്‍ക്കുന്ന തേങ്ങയുടെ കൂടിയ അളവ്, ജീരക ചേരുവ, അധികം അരയാത്ത അപ്പക്കൂട്ട്. ദോശ പോലെ ചുട്ടെടുക്കുന്ന കള്ളപ്പത്തിന് പക്ഷേ ദോശയേക്കാള്‍ വലിപ്പം കുറവായിരിക്കും. എണ്ണയില്‍ വഴറ്റിയെടുത്ത സവാള, മുളക്, ഇഞ്ചി, വെളുത്തുളി, കറിവേപ്പില എന്നിവയിലേക്ക് മസാലകൂട്ടും, കുരുമുളകും, മല്ലിയും, അരിപ്പൊടിയും, കൊഴുപ്പ് കുറഞ്ഞ തേങ്ങാപ്പാലും ഒഴിച്ച് ഇറച്ചി വേവിച്ചു എടുക്കുന്നു. വെന്ത ഇറച്ചിയിലേക്ക് കൊഴുപ്പ് കൂടിയ തേങ്ങാപ്പാല്‍ ചേര്‍ത്ത് കറി കുറുക്കിയെടുക്കുന്നു. അലങ്കാരത്തിന്ന് കശുവണ്ടിയും കിസ്മിസ്സും ചേര്‍ക്കാം.

മണിപ്പുട്ട്

തേങ്ങയുടെയും അരിപ്പൊടിയുടെയും കൃത്യ അളവിലുള ചേര്‍ച്ച ഈ വിഭവത്തെ സ്വാദിഷ്ടമാകുന്നു. പൂട്ടിന്റെ രൂപത്തില്‍ ഉണ്ടാകുന്ന ഇടിയപ്പത്തെയാണ് മണിപ്പുട്ട് എന്നു വിളിക്കുന്നത്. രണ്ട് ചേരുവകളാണ് ഈ വിഭവത്തിന്നുള്ളത്. തേങ്ങയും പഞ്ചസാരയും നെയ്യും ചേര്‍ന്ന മിശ്രിതവും പിന്നെ ഇടിയപ്പത്തിന് കുഴച്ച പൊടിയും (ഇടിയപ്പത്തിന് കുഴച്ച പൊടി ഇടിയപ്പ അച്ച് ഉപയോഗിച്ചാണ് പുട്ടുകുറ്റിയിലേക്ക് പകരുന്നത്) . പുട്ട് ഉണ്ടാക്കുമ്പോലെ ഇവ ഇടകലര്‍ത്തി ആവിയില്‍ വെച്ച് പാകപ്പെടുത്തിയെടുക്കുന്നു. മുട്ട റോസ്റ്റ്, ബീഫ് ചാപ്‌സ് തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാം.

ബീഫ് ചാപ്‌സ്
പരാമ്പരാഗതമായ മാംസവിഭവമാണ് ബീഫ് ചാപ്‌സ്. ഈ കാലത്തും ഈ വിഭവത്തിന് വളരെ ജനപ്രിയമാണ്. എണ്ണയില്‍ വറുത്തെടുക്കുന്ന കനം കുറഞ്ഞ ബീഫ് കഷ്ണങ്ങളാണ് ഈ കറിയില്‍ ഉപയോഗിക്കുന്നത്. സാധാരണ ഇറച്ചി കറിയില്‍ എന്നതു പോലെ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, സവാള, കറിവേപ്പില്ല എന്നിവ എണ്ണയില്‍ വഴറ്റിയെടുത്തിട്ട് ഇതിലേക്ക് വറുത്ത ബീഫ് ചേര്‍ക്കുന്നു. തേങ്ങാപ്പാല്‍ പിഴിഞ്ഞ് ചേര്‍ക്കുന്ന ഈ കറി അപ്പം, ബ്രെഡ്, ചോറ് എന്നിവയോടൊപ്പം കഴിക്കുന്ന ഇഷ്ട വിഭവമാണ്.

ഞണ്ട് ഉലര്‍ത്തിയത്

ചെറിയ കക്ഷണങ്ങളായി അരിഞ്ഞ ഞണ്ടും, കൊടംപുളിയും, ഉപ്പും, മഞ്ഞളും, മുളകുപൊടിയും, മസാലപ്പൊടിയും, തേങ്ങയും, സവാളയും, ഇഞ്ചിയും വെള്ളം ചേര്‍ക്കാതെ ഉലര്‍ത്തിയെടുക്കുന്നതാണ് ഈ വിഭവം. എരിവും പുളിയും ആവശ്യത്തിന് ഉള്ളതുകൊണ്ടുതന്നെ ചോറിനോടൊപ്പം കഴിക്കാന്‍ ഉത്തമമാണ്.

മല്ലി ചേര്‍ത്ത വറുത്ത നാടന്‍ കോഴി

നേരത്തെ പ്രചാരത്തില്‍ ഇരുന്നതും എന്നാല്‍ ഇപ്പോള്‍ അധികമാരും ഉണ്ടാക്കാറില്ലാത്തതുമായ ഒരു വിഭവമാണിത്. ഒരു കിലോ കോഴിക്ക് 200 ഗ്രാം എന്ന അളവിലാണ് മല്ലി ചേര്‍ക്കുന്നത്. മല്ലിയും, കുരുമുളകും, മസാലക്കൂട്ടും ഉരലില്‍ ചതച്ചെടുത്ത് ഇറച്ചിയില്‍ പുരട്ടി വേവിച്ചെടുക്കും. വെള്ളം വറ്റി കഴിയുമ്പോള്‍ ഈ ഇറച്ചി പ്രത്യകമെടുത്ത് വറക്കുന്നു. വറുത്തെടുക്കുന്ന മല്ലിയും സവാളയും കൊണ്ട് അലങ്കരിക്കുന്ന ഈ വിഭവം ചോറിനോടൊപ്പം കഴിക്കുന്നത് രുചികരമാണ്.

കൊഞ്ച് ഈര്‍ക്കിലില്‍ കുത്തി വറുത്തത്

കൊഞ്ചിന്റെ പുറംതോട് പൊളിച്ച് തലയും വാലും നിലനിര്‍ത്തിയുണ്ടാകുന്നതാണ് ‘കൊഞ്ച് ഈര്‍ക്കിലില്‍ കുത്തി വറുത്തത്’. ചോറിനോടൊപ്പം കഴിക്കുമെങ്കിലും പലഹാരം പോലെ കഴിക്കുന്നതാണ് കൂടുതല്‍ രുചി. പുറംതോട് മാറ്റി കഴുകിയെടുക്കുന്ന കൊഞ്ചില്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ പുരട്ടിയതിന് ശേഷം കൂര്‍പ്പിച്ച ഒരു പച്ച ഈര്‍ക്കില്‍ കയറ്റി വറുത്തെടുക്കുന്നതാണ് ഈ പലഹാരം.

ചെമ്മീന്‍ വട

രുചികരമായ ഒരു പലഹാരമാണിത്. അരകല്ലില്‍ ചതച്ചെടുത്ത ചെറിയ ചെമ്മീന്‍ (തോട് പൊളിച്ചത്) , ഉപ്പ്, മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ത്തു കുഴച്ചു എടുക്കുന്നു. കൈവെള്ളയില്‍ വെച്ച് ചെറിയ പരിപ്പുവടയുടെ ആകൃതിയില്‍ വറത്തെടുകുന്ന ഈ വിഭവം ചോറിനോടോപ്പമോ പലഹാരമായോ കഴിക്കാന്‍ നല്ലതാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍