UPDATES

‘കര്‍ദിനാളിന്റെ ന്യായീകരണ സര്‍ക്കുലര്‍ ഭൂരിപക്ഷം പള്ളികളും അവഗണിച്ചു’; ബിഷപ്പ് ആലഞ്ചേരിയെ വെള്ള പൂശാന്‍ നോക്കേണ്ടെന്ന് വിമത വൈദികര്‍

ഏതാനും പള്ളികളില്‍ മാത്രമെ സര്‍ക്കുലര്‍ വായിക്കാതിരുന്നുള്ളുവെന്ന് സഭ

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം പള്ളികളും ബഹിഷ്‌കരിച്ചതായി വൈദികര്‍. ഇന്ന് അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കുര്‍ബാനയ്ക്കിടയില്‍ വായിക്കണം എന്ന നിര്‍ദേശത്തോടെയായിരുന്നു സര്‍ക്കുലര്‍ നല്‍കിയിരുന്നത്. എന്നാല്‍ അതിരൂപതയിലെ 345 പള്ളികളില്‍ ഏകദേശം 28 പള്ളികളില്‍ മാത്രമാണ് സര്‍ക്കുലര്‍ വായിച്ചതെന്നും അതില്‍ തന്നെ 15 ഓളം പള്ളികളില്‍ സര്‍ക്കുലറിലെ കാര്യങ്ങള്‍ ചുരുക്കി പറയുക മാത്രമാണ് ചെയ്തതെന്നും കര്‍ദ്ദിനാളിനെതിരായ വൈദികര്‍ പറയുന്നു. എന്നാല്‍ സര്‍ക്കുലര്‍ ബഹുഭൂരിപക്ഷം പള്ളികളിലും വായിച്ചുവെന്നാണ് സീറോ മലബാര്‍ സഭ അവകാശപ്പെടുന്നത്.

പള്ളികളില്‍ വായിക്കുന്നതിനു മുന്നേ തന്നെ കര്‍ദിനാളിന്റെ സര്‍ക്കുലര്‍ സീറോ മലബാര്‍ സഭ പരസ്യപ്പെടുത്തിയിരുന്നു. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് കര്‍ദിനാള്‍ നടത്തുന്ന വിശദീകരണമെന്ന നിലയിലായിരുന്നു സര്‍ക്കുലര്‍ തയ്യാറാക്കിയിരുന്നത്. ഈ സര്‍ക്കുലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇത് ബഹിഷ്‌കരിക്കുമെന്ന് ആലഞ്ചേരിയെ എതിര്‍ക്കുന്ന വൈദിക സംഘം നിലപാടെടുത്തിരുന്നു. തങ്ങള്‍ ഒരുതരത്തിലും കര്‍ദിനാളുമായി യോജിച്ച് പോകാന്‍ തയ്യാറല്ല എന്നു പ്രഖ്യാപിക്കുന്ന തരത്തില്‍ അവര്‍ സര്‍ക്കുലര്‍ ബഹിഷ്‌കരിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

അതിരൂപതയില്‍ വൈദികരുടെയും ചില വിശ്വാസി സംഘടനകളുടെയും നേതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അത്തരക്കാരോട് യോജിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കര്‍ദിനാളിന്റെ സര്‍ക്കുലര്‍. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവടത്തില്‍ തനിക്കെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അതിരൂപതയുടെ ഭരണാധികാരം തനിക്ക് തിരികെ കിട്ടിയതിലും സഹായമെത്രാന്മാരായിരുന്ന സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും പുറത്താക്കിയതിലും തനിക്ക് പങ്കില്ലെന്നും സര്‍ക്കൂലറിലൂടെ കര്‍ദിനാള്‍ വാദിച്ചു. ഇത്തരമൊരു സര്‍ക്കുലറിലൂടെ വിശ്വാസികളുടെ പിന്തുണ നേടിയെടുക്കാനായിരുന്നു കര്‍ദിനാള്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ കര്‍ദിനാള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് എതിര്‍വിഭാഗം അവകാശപ്പെടുന്നത്.

ഇങ്ങനെയൊരു സര്‍ക്കുലര്‍ കര്‍ദിനാള്‍ ഇറക്കിയതു തന്നെ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ വേണ്ടിയാണെന്നാണ് അഴിമുഖത്തോട് സംസാരിച്ച വൈദികര്‍ കുറ്റപ്പെടുത്തുന്നത്. പ്രശ്ന പരിഹാരമായിരുന്നു ലക്ഷ്യമെങ്കില്‍ വൈദികരെയും അല്‍മായരെയും വിശ്വാസത്തില്‍ എടുക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. ഇനിയിപ്പോള്‍ കര്‍ദിനാള്‍ ചെയ്യാന്‍ പോകുന്നത്, സഭയുടെ പരമാധ്യക്ഷനായ തന്റെ സര്‍ക്കുലര്‍ പോലും ബഹിഷ്‌കരിച്ച വൈദികരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്യുകയാവും. എന്നാല്‍ അതൊന്നും വിജയം കാണില്ലെന്നും വൈദികര്‍ പറയുന്നു. ‘അതിരൂപതയിലെ 16 ഫെറോനയുടെയും വികാരിമാര്‍ സംബന്ധിച്ച ഒരു യോഗം രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് നടന്നിരുന്നു. ആ യോഗത്തില്‍ എല്ലാ ഫെറോന വികാരിമാരും ഏകകണ്ഠമായി പറഞ്ഞ ആവശ്യം ഓഗസ്റ്റ് 15 ന് ആരംഭിക്കുന്ന സിനഡിനു ശേഷമെ അതിരൂപതയുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനം എടുക്കുകയോ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുകയോ ചെയ്യാവൂ എന്നതായിരുന്നു. കര്‍ദിനാള്‍ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കുകയാണ് കര്‍ദിനാള്‍ ചെയ്തത്.

അതിരൂപതയിലെ വൈദികരും ഒന്നടങ്കം പറഞ്ഞിരുന്നതാണ്, സിനഡ് കൂടി തീരുമാനങ്ങള്‍ എടുക്കുന്നതുവരെ വൈദികരുടെ സ്ഥലംമാറ്റമോ സ്ഥാനമാറ്റോ തുടങ്ങി ഒരു കാര്യങ്ങളിലും ആര്‍ച്ച് ബിഷപ്പ് സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കരുതെന്ന്. അതെല്ലാം ലംഘിച്ച് സര്‍ക്കുലര്‍ ഇറക്കിയപ്പോഴും തങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും വൈദികര്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. ആ പറഞ്ഞത് സ്വാഭാവികമായി നടപ്പാക്കുകയാണ് ഇന്ന് അതിരൂപതയിലെ തൊണ്ണൂറ്റിയഞ്ച് ശതമാനത്തിലേറെ പള്ളികളിലും കര്‍ദിനാളിന്റെ സര്‍ക്കുലര്‍ ബഹിഷ്‌കരിച്ചതിലൂടെ ചെയ്തിരിക്കുന്നത്. ഈ സര്‍ക്കുലര്‍ വായിക്കുന്നവര്‍ക്കെല്ലാം മനസിലാകും സ്വയം ന്യായീകരിക്കാന്‍ വേണ്ടി കര്‍ദിനാള്‍ ഉണ്ടാക്കിയിരിക്കുന്നൊരു വിശദീകരണ കുറിപ്പാണതെന്ന്. ക്രിമനല്‍ കുറ്റം നടത്തിയിട്ട് താനിക്കിതിലൊന്നും പങ്കില്ലെന്ന് ഒരാള്‍ സ്വയം പറഞ്ഞതുകൊണ്ട് കാര്യമില്ല. ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെ. സിനഡ് ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുള്ളതാണ്. എന്തിനാണ് അതിനെല്ലാം മുന്‍പേ കര്‍ദിനാള്‍ സ്വയം കുറ്റവിമുക്തനാകാന്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് കര്‍ദിനാളിനെ കുറ്റവിമുക്തനാക്കുകയും സിനഡ് അത് അംഗീകരിക്കുകയും ചെയ്തിട്ടാണ് ഇങ്ങനെയൊരു സര്‍ക്കുലര്‍ ഇറക്കുന്നതെങ്കില്‍ അതിനൊരു അടിസ്ഥാനമുണ്ട്. ആ റിപ്പോര്‍ട്ടില്‍ ഉപജാപങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പോലും അംഗീകരിക്കാന്‍ കുറച്ചുപേരെങ്കിലും തയ്യാറാകും. എന്നാല്‍ അത്രയൊന്നും കാത്തുനില്‍ക്കാതെ കര്‍ദിനാള്‍ ഇപ്പോള്‍ നടത്തുന്ന കളികള്‍ അംഗീകരിക്കാന്‍ ആര്‍ക്കും കഴിയില്ല. സ്വയം വെള്ളപൂശാന്‍ അദ്ദേഹത്തെ അനുവദിക്കില്ല’; വിമത വൈദികരിലൊരാള്‍ പറയുന്നു.

സീറോ മലബാര്‍ സഭയുടെ തലവന്‍ പുറത്തിറക്കിയ ഒരു സര്‍ക്കുലര്‍ ബഹുഭൂരിപക്ഷം പള്ളികളിലും വായിച്ചില്ല എന്നത് സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായാണ് വൈദികര്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കുലര്‍ വായിക്കാതിരുന്നതിനെ വിശ്വാസികള്‍ ചോദ്യം ചെയ്യാതിരുന്നതും കര്‍ദിനാളിനെ എറണാകുളം-അങ്കമാലി അതിരൂപത പൂര്‍ണമായി എതിര്‍ക്കുന്നുവെന്നതിന്റെ തെളിവാണെന്നും വൈദികര്‍ പറയുന്നു. സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധത്തില്‍ നിന്നും രക്ഷപ്പെടാന്‍ അധികാലം കഴിയില്ലെന്നും വിമത വൈദികരും അവരെ പിന്തുണയ്ക്കുന്ന വിശ്വാസ സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സന്ന്യസ്ത-പൗരോഹിത്യ വിഭാഗങ്ങളെയും വിശ്വാസികളെയും വഞ്ചിച്ചുകൊണ്ടാണ് കര്‍ദിനാള്‍ വീണ്ടും അതിരൂപതയുടെ അധികാരകേന്ദ്രത്തിലേക്ക് എത്തിയതെന്നും വത്തിക്കാന്റെ പേരില്‍ പോലും നുണ പറയുകയാണ് കര്‍ദിനാള്‍ ചെയ്യുന്നതെന്നും എതിര്‍വിഭാഗം പറയുന്നു. സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍വീട്ടിലിനെയും പ്രതികാരബുദ്ധിയോടെയാണ് അതിരൂപതയില്‍ നിന്നും കര്‍ദിനാള്‍ പുറത്താക്കിയതെന്നും എന്നിട്ട് വത്തിക്കാന്റെ തീരുമാനമായിരുന്നു അതെന്ന് സര്‍ക്കുലര്‍ അടിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് അന്യായ പ്രവര്‍ത്തിയാണെന്നും വൈദികര്‍ പറയുന്നു. കര്‍ദിനാളിന്റെ ഇത്തരം പ്രവര്‍ത്തികളോടുള്ള പ്രതിഷേധമാണ് സര്‍ക്കുലര്‍ ബഹിഷ്‌കരിച്ചുകൊണ്ട് തങ്ങള്‍ നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബഹുഭൂരിഭാഗം പള്ളികളിലും സര്‍ക്കുലര്‍ ബഹിഷ്‌കരിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നാണ് സീറോ മലബാര്‍ സഭ നേതൃത്വം പറയുന്നത്. ഏതാനും വിമത വൈദികര്‍ മാത്രമാണ് സര്‍ക്കുലര്‍
വായിക്കാതിരുന്നതെന്നാണ് നേതൃത്വത്തിന്റെ വാദം.

Read More: ‘എന്‍ഡോസള്‍ഫാന്‍ കൊലയാളിയാണെന്ന് മനസിലാക്കാന്‍ കൃഷിയില്‍ പിഎച്ച്ഡി പോര, മനുഷ്യത്വം വേണം; അത് കളക്ടര്‍ ആയാലും’

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍