UPDATES

സിനിമ

സിഐഎ ഒരു ആഗോള കമ്യൂണിസ്റ്റ് കോമ്രേഡ്ഷിപ്പിന്റെ കഥയാണ്

വളരെ കാലത്തിനു ശേഷം മലയാളത്തിലെത്തിയ മനോഹരമായ രാഷ്ട്രീയ (അല്പം ആക്ഷേപ ഹാസ്യവും) ചിത്രമാണ് സിഐഎ

നിക്കാരാഗ്വയിലേക്ക് പോകുന്ന സഖാവിന് പാലായിലെ ലോക്കല്‍ സെക്രട്ടറി ‘ദിസ് കോമ്രേഡ് ഈസ് ഔര്‍ കോമ്രേഡ്’ എന്നെഴുതിയ കത്തുകൊടുത്തു വിടുന്നു. വിമാനമിറങ്ങി എന്തു ചെയ്യണമെന്നറിയാതെ തേരാപാരാ നടക്കുന്ന സഖാവ് ഒരു കെട്ടിടത്തിന് മുകളില്‍ ചെങ്കൊടി കാണുന്നു. അങ്ങോട്ടേക്ക് നീങ്ങവെ പൊടുന്നനെ വെടി പൊട്ടുന്നു. വെടിവെപ്പില്‍ നിന്നു രക്ഷപ്പെടാന്‍ കെട്ടിടത്തിലേക്ക് ഓടിക്കയറിയ പാലാക്കാരന്‍ സഖാവ് മറ്റൊരു സഖാവിനെ കണ്ടുമുട്ടുന്നു. നിക്കാരഗ്വെന്‍ സഖാവിന് കത്ത് കൈമാറുന്നു. കാര്യം നടക്കുന്നു. അമല്‍ നീരദിന്റെ സി ഐ എയിലെ ഈ രംഗങ്ങള്‍ ഉണര്‍ത്തുന്ന ചിരിയിലുണ്ട് എല്ലാം. സിഐഎ ഒരു ആഗോള കമ്യൂണിസ്റ്റ് കോമ്രേഡ്ഷിപ്പിന്റെ കഥയാണ്.

ഈ അടുത്തകാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേയമായ രണ്ട് പ്രവണതകള്‍ കാണുകയുണ്ടായി. ആദ്യത്തേത് മലയാള സിനിമ ആഗോള വിഷയങ്ങളില്‍ കൈവെച്ചു തുടങ്ങി എന്നുള്ളതാണ്. വന്‍വിജയമായ മഹേഷ് നാരായണന്റെ ടേക്ക് ഓഫ് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് ജോലി തേടിയെത്തിയ നഴ്സുമാരുടെ കഥയാണ് പറഞ്ഞതെങ്കിലും ഇസ്ളാമിക സ്റ്റേറ്റ് തീവ്രവദം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അതില്‍ ശക്തമായി കൈകാര്യം ചെയ്യുകയുണ്ടായി. ഇപ്പോള്‍ സിഐഎയില്‍ ഒരു മലയാളി യുവാവിന്റെ പ്രണയ കഥയുടെ പശ്ചാത്തലമാകുന്നത് മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്കുള്ള ‘നിയമവിരുദ്ധ’ കുടിയേറ്റമാണ്. ലോകത്തിന്റെ രണ്ടറ്റത്തുള്ള കുടിയേറ്റത്തിന്റെ ചരിത്രമാണ് രണ്ടു സിനിമകളും പറയുന്നത്.

രണ്ടാമത്തെ കൌതുകകരമായ സംഗതി കമ്യൂണിസ്റ്റ് രാഷ്ട്രീയം പ്രമേയമായുള്ള സിനിമകള്‍ മലയാളത്തില്‍ തുടര്‍ച്ചയായി ഇറങ്ങുകയും അവയെല്ലാം ബോക്സോഫീസില്‍ മികച്ച വിജയം നേടുകയും ചെയ്യുന്നു എന്നുള്ളതാണ്. ഒരു മെക്സിക്കന്‍ അപാരത, സഖാവ് എന്നിവയ്ക്ക് ശേഷമാണ് സിഐഎ ഇറങ്ങുന്നത്. ഇവയൊന്നും തന്നെ ചരിത്ര സിനിമകള്‍ അല്ലെന്നുള്ളതും ശ്രദ്ധേയമാണ്. എന്തായാലും കമ്യൂണിസം കച്ചവട മൂല്യമേറിയ ചരക്കാണ് എന്നു ഈ സിനിമകള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. (ചിലപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ബ്രാന്‍ഡ് നെയിമുകളില്‍ ഒന്ന് ചെഗുവെര ആയിരിക്കും)

കോട്ടയം രാഷ്ട്രീയമാണ് സിഐഎയുടെ പശ്ചാത്തലം. പ്രത്യേകിച്ചും പാലായിലെ രാഷ്ട്രീയം. അഴിമതിയില്‍ കുരുങ്ങിയ കേരള കോണ്‍ഗ്രസ്സ് നേതാവ് കോരസാര്‍ രാജിവെച്ചൊഴിയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രക്ഷോഭത്തിലാണ് തുടക്കം. കോര സാറിന്റെ സന്തത സഹചാരിയായ മാത്യുവിന്റെ (സിദ്ദിഖ്) മകനായ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന അജിപ്പന്‍ എന്ന അജി മാത്യുവാണ് പ്രക്ഷോഭ നേതാക്കളില്‍ ഒരാള്‍.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കെഎം മാണിയുടെ ബാര്‍ കോഴയില്‍ തുടങ്ങിയ സിനിമ പതുക്കെ അജിയുടെ കാമ്പസ് പ്രണയത്തിലേക്കും അതിനെ തുടര്‍ന്ന് അവന്‍ ഏറ്റെടുക്കേണ്ടി വരുന്ന വലിയ യാത്രയിലേക്കും കടക്കുന്നു. ആ യാത്ര യുദ്ധവും ദാരിദ്ര്യവും ആഭ്യന്തര കലാപവും ഒന്നും അതിന്റെ ഭീഷണ രൂപത്തില്‍ അനുഭവിച്ചിട്ടില്ലാത്ത കേരളത്തിലെ പുതുതലമുറ സഖാക്കള്‍ക്ക് നല്‍കാത്ത അനുഭവം അജിക്ക് നല്‍കുന്നു. ഒരു ഉറച്ച കമ്യൂണിസ്റ്റായിട്ടാണ് മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയില്‍ നിന്ന് അയാള്‍ തിരിച്ചു വരുന്നത്.

ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റയുടനെ മെക്സിക്കന്‍ കുടിയേറ്റം തടയുന്നതിന് വേണ്ടി മതില്‍ പണി പൂര്‍ത്തിയാക്കും എന്ന പ്രഖ്യാപനം നടത്തിയതോടൊപ്പം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുസ്ലീം വിസ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഒരു ആഗോള രാഷ്ട്രീയത്തെ പ്രമേയത്തില്‍ കൊണ്ടുവരിക വഴി ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറുന്നുണ്ട് സിനിമ. പ്രണയിനിയെ തേടി അജിമാത്യുവിന്റെ സാഹയാത്രികരായി ഒപ്പം ചേരുന്നവരില്‍ അഭയാര്‍ത്ഥിയായ മുന്‍ എല്‍ടിടിഇ പോരാളിയും, മകളെ തേടി അമേരിക്കയിലേക്ക് പോകുന്ന പാക് മുസ്ലീമും, സ്വാതന്ത്ര്യത്തിന് വേണ്ടി അമേരിക്കയിലേക്ക് പോകുന്ന ചൈനക്കാരനും, ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അമേരിക്കയിലേക്ക് പോകുന്ന ലാറ്റിനമേരിക്കന്‍ കുടുംബവും, മുന്‍പ് അനധികൃതമായി കുടിയേറി അമേരിക്കയിലെത്തി തിരിച്ചു നാട്ടില്‍ പോരാന്‍ സാധിക്കാത്ത അപ്പനെ തേടി പോകുന്ന മലയാളിയായ പെണ്‍കുട്ടിയും ഒക്കെ പെടുന്നു. ഓരോരുത്തരുടെയും ലക്ഷ്യം പലതാണെങ്കിലും അതിനുള്ളിലൊക്കെ ചില രാഷ്ട്രീയ സൂചനകളും അടങ്ങിയിട്ടുണ്ട്.

നായകന്‍ കള്ളടിച്ച് ഫിറ്റായി ഇഎംഎസ് സ്മാരക ലൈബ്രറിയില്‍ ഇരുന്നു പാതിരാത്രി മാര്‍ക്സിനോടും ലെനിനോടും ചെഗുവേരയോടും കഥപറയുന്ന ഭ്രമാത്മക രീതി എന്തായാലും ഒരു ഗംഭീര കയ്യടി അര്‍ഹിക്കുന്നുണ്ട്. ലൈബ്രറിയുടെ ഗോവണി കയറി വരുമ്പോള്‍ ഉടക്കി പോകുന്ന സ്റ്റാലിനെ കാണിക്കുന്നതും ചിരിക്ക് വക നല്‍കുന്നത് തന്നെ. മേല്‍പ്പറഞ്ഞ ചരിത്ര പുരുഷന്മാര്‍ മലയാളികളെ സംബന്ധിച്ചിടത്തോളം സ്വന്തം നാട്ടുകാരെ പോലെയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം പോലുമില്ല ഇവരെ. മസില് പിടിച്ചിരിക്കുന്ന ഇവരുടെ മുഖഭാവത്തെ അജി കളിയാക്കുന്നുണ്ട്. അപ്പോള്‍ കാള്‍ മാര്‍ക്സ് അജിയെ നോക്കി ചിരിക്കുന്നത് സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങളില്‍ ഒന്നാണ്. ജെന്നിക്കയച്ച പ്രണയ കവിതകളെ പൈങ്കിളി എന്നു പറയുമ്പോള്‍ മാര്‍ക്സ് ചമ്മുന്നത് കാണാനും രസമുണ്ട്. കമ്യൂണിസവും പ്രണയവും തമ്മിലുള്ള താരതമ്യവും ഒരുവേള സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നല്ല കാമുകന്‍മാര്‍ കമ്യൂണിസ്റ്റുകാരാണ് എന്നാണ് ചെഗുവേര അജിയോട് പറയുന്നത്.

അമല്‍ നീരദ് ഏറ്റവും വലിയ കയ്യടി അര്‍ഹിക്കുന്നത് സിനിമയുടെ പേരിന്‍റെ പേരില്‍ തന്നെയാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം സിഐഎ എന്നത് അത്ര സന്തോഷം നല്‍കുന്ന അക്ഷരങ്ങള്‍ അല്ല. ലോകത്തിലെ തന്നെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ അമേരിക്കന്‍ ചാര സംഘടനയായ സി ഐ എ പങ്കുവഹിച്ചിരുന്നു എന്നു പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയെ കോമ്രേഡ് ഇന്‍ അമേരിക്കയാക്കിയ ചിന്ത ഗംഭീരം തന്നെ. അന്ന് അട്ടിമറിക്കപ്പെട്ട സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ചിത്രം ഇറങ്ങുന്നത് എന്നതും യാദൃശ്ചികമായ ഒരു കൌതുകമാണ്.

പ്രണയം സഫലമാകാതെയാണ് നായകന്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത്. എന്നാല്‍ അതൊരു ട്രാജഡിയാകുന്നില്ല എന്നതാണ് സിനിമയുടെ പ്രത്യേകത. മറിച്ച് തുടക്കം മുതല്‍ ഒരു പാളിച്ചയുമില്ലാതെ കൊണ്ട് വന്ന ഹ്യൂമര്‍ ട്രാക്ക് അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. മഹേഷിന്റെ പ്രതികാരമാണ് ഈ കാര്യത്തില്‍ അടുത്തകാലത്ത് വിജയിച്ച മലയാള സിനിമ. പ്രണയത്തില്‍ മാത്രമല്ല അമേരിക്കയിലെ ട്രംപിന്റെ വിജയവും കേരളത്തില്‍ കോര സാറിന്റെ വിജയവും അജി മാത്യുവിനെ പോലുള്ള കമ്യൂണിസ്റ്റുകാരുടെ പോരാട്ടങ്ങള്‍ക്ക് അവസാനമില്ല എന്ന സൂചന നല്‍കിയാണ് സിനിമ അവസാനിക്കുന്നത്.

സിനിമയില്‍ മികച്ച പ്രകടനമാണ് ദുല്‍ഖര്‍ സല്‍മാന്‍ കാഴ്ചവെച്ചത്. ഹാസ്യവും പ്രണയവും ആക്ഷനുമൊക്കെ തനിക്ക് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഈ നടന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഒപ്പം എടുത്തു പറയേണ്ടത് അജിയുടെ അപ്പനായി പ്രത്യക്ഷപ്പെടുന്ന കേരള കോണ്‍ഗ്രസ്സ് നേതാവിനെ അവതരിപ്പിച്ച സിദ്ദിഖിന്‍റെ പ്രകടനമാണ്. നായകനോളം പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കഥാപാത്രത്തിനായി. ദിലീഷ് പോത്തന്റെ ലോക്കല്‍ സെക്രട്ടറി, സൌബിന്‍ ഷാഹിറിന്റെ നായകന്റെ കൂട്ടുകാരന്‍, പാര്‍വ്വതിയുടെ നായകന്റെ അമ്മ വേഷങ്ങള്‍ എല്ലാം മികച്ചതായി.

വളരെ കാലത്തിനു ശേഷം മലയാളത്തിലെത്തിയ മനോഹരമായ രാഷ്ട്രീയ (അല്പം ആക്ഷേപ ഹാസ്യവും) ചിത്രമാണ് സിഐഎ. പഞ്ചവടിപ്പാലവും സന്ദേശവുമൊക്കെ നമ്മുടെ നാട്ടിലെ ജനാധിപത്യ പ്രക്രിയയെ കര്‍ക്കശ ഹാസ്യത്തിന് വിധേയമാക്കിയപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും അതിന്റെ ചില പൊള്ളത്തരങ്ങളെയും തുറന്നു കാണിക്കാന്‍ അമല്‍ നീരദ് ശ്രമിക്കുന്നുണ്ട്. ഒരു ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ അകത്തു നിന്നുള്ള വിമര്‍ശനമാണ് സംവിധായകന്‍റേത്. ഒപ്പം കുടിയേറ്റവും അഭയാര്‍ഥി പ്രശ്നവും അടക്കമുള്ള ആഗോള രാഷ്ട്രീയ പരിസരത്തെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലും കൂടിയായി സിനിമ മാറുന്നു.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍