UPDATES

സിനിമ

ജീവിതം എന്ന ടിക് ടോക് ‘മാർഗംകളി’; പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ശ്രീജിത്ത് വിജയൻ / അഭിമുഖം

ചിത്രം നാളെ തീയേറ്ററുകളില്‍

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും നിറച്ച ഒരു എന്റർടെയ്നറാണ്. ചിത്രം നാളെ പ്രദർശനത്തിനെത്തുകയാണ്. തന്റെ രണ്ടാമത്തെ ചിത്രമായ മാർഗംകളിയെ കുറിച്ച് സംവിധായകൻ ശ്രീജിത്ത് വിജയന്‍ അഴിമുഖത്തോട് സംസാരിക്കുന്നു.

ഒരു മാർഗവും ഇല്ലാതെ കളിക്കുന്ന കളി

സിനിമയുടെ ടാഗ് ലൈൻ സൂചിപ്പിക്കുന്ന പോലെ ഒരു മാർഗവും ഇല്ലാതെ കളിക്കുന്ന കളിയാണ് മാർഗംകളി. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിബിന്റെ കഥാപാത്രം അല്പം കള്ളത്തരങ്ങൾ ഉള്ള ഒരു യുവാവാണ്. ട്രെയിലറിൽ കാണിക്കുന്ന പോലെ ഒരുപാട് പേർക്ക് പ്രണയലേഖനം എഴുതി കൊടുക്കുകയൊക്കെ ചെയ്യുന്നു. പിന്നീട് കാലഘട്ടം മാറിയപ്പോൾ അത് ഫേസ്ബുക്കിലൂടെ കൂട്ടുകാർക്ക് വേണ്ടി ചാറ്റ് ചെയ്യുന്നതായി. ഇയാളുടെ ജീവിത്തിൽ ഉണ്ടാകുന്ന സംഭവങ്ങളും പ്രണയുമെല്ലാമാണ് സിനിമ പറയുന്നത്. സാധാരണ സിനിമകളിൽ കാണുന്ന പോലെ നായകന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ എല്ലാം സമപ്രായക്കാർ ആയിരിക്കും. എന്നാൽ ഈ സിനിമയിൽ മുഴുനീളം ബിബിന്റെ ആത്മാർത്ഥ സുഹൃത്തായി എത്തുന്നത് ബൈജു ചേട്ടനാണ്. ഒരു അറുപതുവയസുകാരന്റെ ഗെറ്റപ്പിലാണ് അദ്ദേഹം എത്തുന്നതും. 60 വയസുള്ള ഒരാളും  27 വയസുള്ള പയ്യനും തമ്മിലുള്ള ഒരു കെമിസ്ട്രിയാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുക. ഹാസ്യത്തിന് വളരെ വലിയ സ്പേസ് തന്നെ സിനിമയിൽ ഉണ്ട്. ഒരേ സമയം ഹ്യൂമറിനും ഇമോഷനുകൾക്കും പ്രാധാന്യം നൽകുന്ന സിനിമ കൂടിയാണിത്.

ഈ സിനിമ ഒരു പരീക്ഷണമാണ്. ഒരുപാട് ജീവിതങ്ങളുടെ കഥ ഒരേസമയം സിനിമ പറയുകയാണ്. സിനിമയിലെ എല്ലാവർക്കും ‘മാർഗംകളി’യുടെ കഥയുമായി ബന്ധമുണ്ട്. എന്നാൽ എല്ലാവർക്കും അവരുടേതായ കഥയുമുണ്ട്. അങ്ങനെ വളരെ വൈഡ് ആയിട്ടുള്ള സ്ക്രിപ്റ്റാണ്.

മൂന്ന് നായികമാർ

ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ കൂടിയാണിത്. അവർക്ക് വേണ്ടിയും സിനിമ സംസാരിക്കുന്നുണ്ട്. നമിത പ്രമോദ്, സൗമ്യ മേനോൻ, ഗൗരി കിഷൻ അങ്ങനെ മൂന്നു നായികമാരാണ് ചിത്രത്തിൽ ഉള്ളത്. എല്ലാവർക്കും തുല്യ പ്രാധാന്യമാണ് സിനിമയിൽ. ഊർമിള എന്നാണ് നമിതയുടെ കഥാപാത്രത്തിന്റെ പേര്. ടെക്സ്ടൈൽസ് ഷോപ്പിൽ ജോലി ചെയ്യുന്ന ഒരു സാധാരണകാരിയായ പെൺകുട്ടിയുടെ കഥാപത്രമാണ് നമിത അവതരിപ്പിക്കുന്നത്. അവരുടെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമെല്ലാം സിനിമയിൽ കടന്ന് വരുന്നുണ്ട്.

ഗൗരിയുടെ കഥാപാത്രം ഒരു സസ്പെൻസ് ആണ്. 96 എന്ന സിനിമയുടെ ഇമ്പാക്ട് കൊണ്ട് തന്നെയാണ് ഗൗരിയെ ഈ സിനിമയിലേക്ക് ക്ഷണിക്കുന്നത്. സിനിമ കണ്ടിറങ്ങിയാലും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രം തന്നെയാണ് താരത്തിന്റേത്.

പ്രണയം പറയുമ്പോൾ പരിചിതമായ മുഖങ്ങളാണ് നല്ലത്

പ്രണയത്തിന്റെ പല തലങ്ങൾ കൂടി പറയുന്ന സിനിമയാണിത്. ശാന്തി കൃഷ്ണയിലൂടെ കഥാപാത്രവും സിദ്ദിഖും തമ്മിലുള്ള പ്രണയവും, അതുപോലെ തന്നെ ബിബിൻ അവതരിപ്പിക്കുന്ന സച്ചിദാനന്ദന്റെ പ്രണയവും സിനിമയിൽ ഉണ്ട്. അപ്പോൾ പുതിയ തലമുറയുടെയും പഴയ തലമുറയുടെയും പ്രണയങ്ങൾ ഒരേപോലെ ഈ ചിത്രത്തിൽ കാണാനാകും. പ്രണയം പറയാന്‍ കുറെക്കൂടി പരിചിതമായ മുഖങ്ങൾ ആകുമ്പോൾ അത് ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് അത് കൂടുതൽ എളുപ്പമാക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് തന്നെ മിഴിനീർ എന്ന ആൽബത്തിലെ ‘വണ്ണാത്തി പുള്ളിനു ദൂരെ’ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സൗമ്യ. മലയാളികൾ കണ്ടു മറന്നു പോയൊരു മുഖമാണ് സൗമ്യയുടേത്. അതുകൊണ്ട് തന്നെയാണ് സൗമ്യയെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്.

എന്തുകൊണ്ട് ബിബിൻ ജോർജ്

ഒരു സീനിയർ താരത്തെ കൊണ്ട് ഇന്നത്തെ തലമുറയുടെ കഥ പറയുന്നത് ശരിയല്ല. നിലവിലുള്ള ‘സ്റ്റീരിയോടൈപ്പ്’ ചിന്താഗതി പൊളിക്കുക എന്നൊരു ഉദ്ദേശവും ഈ കാസ്റ്റിംഗിന് പിന്നിൽ ഉണ്ട്. ഇത്തരം ഒരു കഥ പറയുമ്പോൾ ബിബിൻ തന്നെയാണ് അനുയോജ്യൻ എന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

ബൈജു ചേട്ടന്റെ മൂന്നാം വരവ്

വളരെ ഓപ്പൺ ആയിട്ടുള്ള ഒരു നടനാണ് ബൈജു ചേട്ടൻ, നമ്മളോട് എന്തും തുറന്ന് പറയും. സിനിമയിൽ പൊതുവേ തുറന്ന് പറച്ചിലുകൾ കുറവാണ്. പക്ഷെ അദ്ദേഹം പറയാനുള്ള കാര്യങ്ങൾ അപ്പോൾ തന്നെ തുറന്ന് പറയുന്ന ഒരു വ്യക്തിയാണ്. നല്ലതാണെങ്കിലും ചീത്തയാണെകിലും അദ്ദേഹം തുറന്ന് പറയും. അദ്ദേഹം ഇതുവരെ ഒരു ചാൻസ് ചോദിച്ച് പോകാത്ത നടനാണ്. വരുന്ന കഥാപാത്രങ്ങൾ മികച്ചതാക്കുക എന്ന ചിന്ത മാത്രമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് സിനിമയ്ക്കായുള്ള അന്വേഷണങ്ങൾ ഒന്നും തന്നെ നടത്താറില്ല. അതുകൊണ്ടാണ് ഇടയ്ക്ക് ഇടവേള ഉണ്ടായിട്ടുള്ളതെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഓരോ താരങ്ങൾക്കും ഓരോ സമയമുണ്ട്. ബാലതാരമായി വന്ന സമയത്ത് അദ്ദേഹം ഒന്ന് തിളങ്ങി, പിന്നീട് ‘മാട്ടുപ്പെട്ടി മച്ചാൻ’ പോലുള്ള സിനിമയിലൂടെ വീണ്ടും തിളങ്ങിയ അദ്ദേഹം ഇപ്പോൾ ഒരിടവേളക്ക് ശേഷം വീണ്ടും വന്നിരിക്കുകയാണ്.

വളരെ അധികം ഉപയോഗിക്കേണ്ടിയിരുന്ന ഒരു നടനാണ് ബൈജു ചേട്ടൻ. ഏതു വേഷം കൊടുത്താലും അത് മികച്ചതാകുന്ന ഒരു നടനാണ്. ഇതുവരെ കാണാത്തൊരു ബൈജു ചേട്ടനെ നമുക്ക് ഈ സിനിമയിൽ കാണാൻ സാധിക്കും.

ടിക് ടോക് തിരിച്ചെത്താന്‍ ഞങ്ങള്‍ പ്രാര്‍ഥിച്ചു 

ഓൺലൈൻ മാധ്യമങ്ങൾ ഇപ്പോൾ സിനിമയുടെ വിജയത്തിന് വലിയ പങ്കു വഹിക്കുന്നുണ്ട്. ടിക് ടോക് പോലുള്ള മാധ്യമങ്ങൾ ഇന്ന് വളരെ വ്യാപകമാണ്. ഈ ചിത്രത്തിൽ ടിക് ടോക് ഒരു വലിയ ഭാഗമായി തന്നെ വരുന്നുണ്ട്. ഹരീഷ് കണാരന്റെ കഥാപാത്രം തന്നെ ടിക് ടോക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിക് ടോക്ക് ഉണ്ണി എന്നാണ് ആ കഥാപത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലറിനെ അടിസ്ഥാനമാക്കി ഒരുക്കിയ ടിക്ക് ടോക്കിനാണ് സിനിമയുടെ ട്രെയിലറിനേക്കാൾ കാഴ്ച്ചക്കാരെ ലഭിച്ചത്.

സിനിമ ഷൂട്ട് ചെയ്തപ്പോൾ നേരിട്ട വലിയൊരു പ്രതിസന്ധിയുണ്ട്. സിനിമയുടെ ഷൂട്ട് നടക്കുമ്പോഴാണ് ടിക് ടോക് നിരോധിക്കുന്നത്. അന്ന് ഞങ്ങൾ പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണ് ടിക് ടോക് വീണ്ടും തിരിച്ചെത്തിയത്. ഒരു പ്രൊഡ്യൂസർ നമുക്ക് വേണ്ടി പണം മുടക്കി ഷൂട്ട് അവസാന ഘട്ടമെത്തി നില്‍ക്കുമ്പോഴാണ് ഈ വാർത്ത വരുന്നത്. സിനിമയുടെ ആദ്യ പകുതിയിൽ വരുന്ന ഒരു പ്രധാന ഘടകം തന്നെയാണ് ടിക്ക് ടോക്ക്. സിനിമയുടെ കഥ തന്നെ ടിക് ടോകുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

പണ്ട് സ്റ്റേജിൽ നടന്നിരുന്നതെല്ലാം ഇന്ന് ഫോണിലായി

സിനിമ പോലുള്ളൊരു കലാരൂപം ഒരു എന്റെടെയ്നറാണ്. അതുപോലെ തന്നെ ടിക്ക് ടോക്കും, ട്രോളുകളും എല്ലാം ആളുകളെ ചിരിപ്പിക്കുന്നതാണ്. ഇത്തരം ആളുകളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നുണ്ട്. കൂടുതലും ഹ്യൂമർ ആണ് അവർ ഈ പ്ലാറ്റ്ഫോമിലൂടെ സൃഷ്ടിക്കുന്നത്. 70 ശതമാനവും അവർ നമ്മളെ എന്റെർറ്റൈൻ ചെയ്യിക്കുകയാണ്. ആരോഗ്യപരമായ കാര്യങ്ങളാണ് ട്രോളുകളിൽ പോലും കാണുന്നത്. ഇത്തരം ട്രോളുകൾക്ക് പിന്നിൽ മലയാളികളെ ചിരിപ്പിക്കാനായി ഒരു വിഭാഗം ആളുകൾ കഷ്ടപ്പെടുന്നുണ്ട്. അവർ അതിനു വേണ്ടി സമയം ചിലവഴിക്കുകയാണ്. പൊതുവേദിയിൽ തന്റെ കഴിവുകൾ പെർഫോം ചെയ്യാൻ മടിയുള്ളവർ പോലും ഇന്ന് ടിക്ക് ടോക്കിലൂടെ മുന്നോട്ട് വരുന്നുണ്ട്.

പണ്ടൊക്കെ നമ്മുടെ നാട്ടിൽ അവധിക്കാലങ്ങളിൽ സ്റ്റേജ് കെട്ടി പരിപാടി നടത്തുമ്പോഴാണ് ഓരോ കലാകാരന്മാരെയും തിരിച്ചറിയുന്നത്. ഇന്ന് എല്ലാവരും ഫോണിന്റെ മുന്നിലാണ്. പണ്ട് സ്റ്റേജിൽ നടന്നിരുന്നതെല്ലാം നമ്മുടെ ഫോണിലായി. അത്രമാത്രമേയുള്ളൂ. സിനിമ നടൻ എന്നൊക്കെ പറയുന്നപോലെ അത് വേറൊരു ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. അതിനെ പോസിറ്റീവായിത്തന്നെ എടുക്കുക. നെഗറ്റീവുകൾ ഇല്ലെന്ന് പറയാനാകില്ല, പക്ഷെ നല്ല വശം മാത്രം ഉള്ളിലേക്ക് എടുക്കാൻ ശ്രമിക്കുക.

ജീവിതം തന്നെ ഒരു ‘മാർഗംകളി’

റിയൽ ലൈഫിൽ ഒരു മാർഗവുമില്ലാതെ കളിച്ച കളി തന്നെയാണ് ഈ സിനിമ. എന്റെ രണ്ടാമത്തെ സിനിമ, ബിബിൻ നായകനാകുന്ന രണ്ടാമത്തെ സിനിമ. സിനിമ വലിയൊരു ഹിറ്റായില്ലെങ്കിൽ പോലും അത് ജനങ്ങൾ അറിയണം, ജനകീയമാകണം, ആളുകൾ അറിയണം, അതിനു വേണ്ടി ഒരു മാർഗവും ഇല്ലാതെ കളിച്ച കളിയാണ്. സിനിമയിലേക്ക് വന്നത് തന്നെ അത്തരത്തിൽ ഒരു ‘മാർഗം കളി’ തന്നെയായിരുന്നു. കുട്ടനാടൻ മാർപ്പാപ്പായുടെ കഥ ചാക്കോച്ചനോട് പറയുമ്പോൾ ഞാനൊരു ക്യാമറാമാൻ ആണ്. ആ ഒരു മുൻപരിചയം മാത്രമുള്ള സമയത്ത്. കുഞ്ചാക്കോ ബോബൻ എന്ന നടൻ തന്ന ധൈര്യത്തിൽ ഒരു മാർഗവും ഇല്ലാതെ കളിച്ച കളിയാണ് ആദ്യത്തെ സിനിമ. രണ്ടാമത്തെ സിനിമയിലേക്ക് എത്തിയപ്പോൾ അത് തന്നെ ചിത്രത്തിന്റെ പേരായി മാറി, ‘മാർഗംകളി’.

90 കാലഘട്ടിൽ ജനിച്ച ഒരാളാണ്. ആ ഒരു സമയത്ത് സിനിമ എന്ന് പറയുന്നത് ഏറെ വിദൂരമാണ്. ഇന്ന് കുറെക്കൂടി എളുപ്പമാണ്. അന്ന് സിനിമ സ്വപ്‌നവുമായി നടക്കുമ്പോൾ നാട്ടിലും വീട്ടിലുമെല്ലാം എതിർപ്പുകൾ ആയിരുന്നു. എങ്ങനെ എല്ലാവരെയും വെറുപ്പിച്ചുകൊണ്ടാണ് സിനിമ സ്വപ്‌നവുമായി മുന്നോട്ട് പോയത്. വിജയിച്ചില്ലെങ്കിൽ വീട്ടിൽ പോലും കയറാൻ പറ്റാത്ത അവസ്ഥയാണ്. അപ്പോൾ കളിക്കുന്ന കളികൾ എല്ലാം ഒരു മാർഗവും ഇല്ലാത്ത കളികൾ ആയിരുന്നു.

ഏറെ സന്തോഷം നൽകിയത് ഇഷ്‌ക്

ഒരു സംവിധായകൻ എന്ന നിലയിൽ 2019-ലെ മലയാള സിനിമയുടെ ആദ്യ പകുതിയിൽ ഏറെ സന്തോഷവാനാണ്. എന്റെ ആദ്യ ചിത്രത്തിൽ അസ്സോസിയേറ്റ് ആയിരുന്ന അനുരാജ് മനോഹർ എന്ന സംവിധായകന്റെ ഇഷ്ക് എന്ന ആദ്യ ചിത്രം റിലീസ് ആവുകയും അത് വലിയ ഹിറ്റാവുകയും ചെയ്‌തു. അത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇഷ്കിന്റെ ആദ്യ ഘട്ടം മുതൽ ഞാനും കൂടെ ഉണ്ടായിരുന്നു.

പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയർന്നു

സിനിമാ ആസ്വാദകരുടെ കാഴ്ചപ്പാടുകൾ തന്നെ മാറിയിരിക്കുന്ന ഒരു കാലഘട്ടമാണ് ഇന്ന്. പണ്ടുകാലത്ത് നമ്മൾ ഒരു സിനിമ കണ്ടാൽ അത് നല്ല സിനിമയാണ്, അല്ലെങ്കിൽ മോശം സിനിമയാണ് എന്ന അഭിപ്രായങ്ങൾ മാത്രമേ കേട്ടിരുന്നുള്ളൂ. എന്നാൽ കുറച്ച് കാലം കഴിഞ്ഞപ്പോൾ സിനിമയുടെ ഫസ്റ്റ് ഹാഫ് കൊള്ളാം അല്ലെങ്കിൽ സെക്കന്റ് ഹാഫ് മോശമായി പോയി എന്നുള്ള കമന്റുകൾ വന്നു തുടങ്ങി. കുറച്ചു കൂടി മുന്നിലേക്ക് വന്നപ്പോൾ അതിന്റെ ഹ്യൂമർ നന്നായിരുന്നു, പക്ഷെ ഇമോഷണൽ ട്രാക്ക് നന്നായില്ല, എന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. പിന്നീട് സിനിമയുടെ ക്യാമറ കൊള്ളാം,ബിജിഎം കൊള്ളാം എന്ന തരത്തിലേക്ക് പ്രേക്ഷകരുടെ നിലവാരം ഏറെ ഉയർന്നു. ഒരു സിനിമ കാണുമ്പോൾ പലരും പല കാര്യങ്ങളാണ് ആസ്വദിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ സിനിമയെ കൂടുതൽ ചർച്ച ചെയ്‌തു തുടങ്ങി. അങ്ങനെ  സ്വാഭാവികമായിട്ടും പ്രേക്ഷകരുടെ ആസ്വാദന നിലവാരം തന്നെ ഉയർന്നു തന്നെ പറയണം.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍