UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയില്‍ പുകവലി കുറയുന്നു, പുകവലിക്കാരികള്‍ കൂടുന്നു

Avatar

അഴിമുഖം പ്രതിനിധി

പുകവലിക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അതേസമയം ഇന്ത്യയില്‍ സിഗരറ്റിന്റെ ഉപഭോഗം കുറഞ്ഞു വരികയുമാണ്. പുകയില ഉപയോഗത്തില്‍ 2020 ഓടെ 20 ശതമാനം കുറവും 2025 ഓടെ 30 ശതമാനം കുറവും കൊണ്ടു വരണമെന്ന ലക്ഷ്യം 2014-ല്‍ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് തീരുമാനിച്ചിരുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഈലക്ഷ്യം അസാധ്യമല്ല. എന്നാല്‍ ഇന്ത്യയെ അലട്ടുന്ന മറ്റൊരു ആശങ്ക വളര്‍ന്നു വരുന്നുണ്ട്. ഇപ്പോള്‍ സ്ത്രീകള്‍ക്കിടയിലെ പുകവലിക്കാരുടെ കണക്കില്‍ അമേരിക്കയുടെ പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 

ഇന്ത്യയിലെ പുകവലി ഉപയോഗത്തെ സംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ വിവരം അനുസരിച്ച് 2014 – 15ല്‍ 93.2 ബില്യണ്‍ സിഗററ്റാണ് ഇന്ത്യക്കാര്‍ പുകച്ചുതള്ളിയത്. മുന്‍വര്‍ഷം ഇതേ കാലയളവിലെക്കാള്‍ 10 ബില്യണ്‍ കുറവ്. സിഗററ്റ് ഉത്പാദനത്തിലും കുറവുണ്ടായി. 2014-15ല്‍ 105.3 ബില്യണ്‍ സിഗററ്റുകളാണ് ഉത്പാദിപ്പിക്കപ്പെട്ടത്. 2013-14ല്‍ ഇത് 117 ബില്യണായിരുന്നു.

എന്നാല്‍ വനിതാ പുകവലിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണുണ്ടായതെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍ നടത്തിയ പഠനം കാണിക്കുന്നു. 1980ല്‍ ഇന്ത്യയില്‍ 5.3 മില്യണ്‍ വനിതകളാണ് പുകവലിച്ചിരുന്നതെങ്കില്‍ 2012ല്‍ അത് 12.7 മില്യണായി വര്‍ധിച്ചു. ഇപ്പോള്‍ യുഎസില്‍ മാത്രമാണ് ഇന്ത്യയിലെക്കാള്‍ കൂടുതല്‍ വനിതാപുകവലിക്കാരുള്ളത്. ‘പുകവലിയുടെ വ്യാപ്തിയും സിഗററ്റ് ഉപഭോഗവും 187 രാജ്യങ്ങളില്‍- 1980 മുതല്‍ 2012 വരെ’ എന്നതായിരുന്നു പഠനവിഷയം.

15 വയസിനുമുകളിലുള്ളവരിലെ പുകവലി വ്യാപനത്തില്‍ പുതിയ കണക്ക് നേരിയ വര്‍ധനയേ വരുത്തുന്നുള്ളൂവെങ്കിലും – മൂന്നു ശതമാനത്തില്‍നിന്ന് 3.2ശതമാനത്തിലേക്ക് – ഇത് ആശങ്കാജനകമാണ്. ആഗോളതലത്തില്‍ പുകവലിക്കാരായ വനിതകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ വേഗത്തില്‍ കുറഞ്ഞുവരുമ്പോഴാണ് ഇന്ത്യയിലെ വര്‍ധയെന്നത് ശ്രദ്ധ അര്‍ഹിക്കുന്നു.

മിക്കരാജ്യങ്ങളിലും പുകവലിക്കാരില്‍ 90 ശതമാനവും ഉപയോഗിക്കുന്നത് സിഗററ്റാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സ്ഥിതി. ഇന്ത്യയില്‍ പുകയില ഉത്പന്നങ്ങള്‍ ചവയ്ക്കുന്നവരാണ് കൂടുതല്‍. തൊട്ടുപിന്നില്‍ ബീഡി ഉപയോഗിക്കുന്നവര്‍. സിഗററ്റ് ഉപയോഗിക്കുന്നവര്‍ പുകവലിക്കാരില്‍ 11 ശതമാനം മാത്രമേ വരൂ എന്നതിനാല്‍ ഇതിലെ കുറവ് ഇന്ത്യയില്‍ പുകവലിജന്യ രോഗങ്ങളുടെ കാര്യത്തില്‍ കുറവൊന്നും വരുത്താനിടയില്ല.

2009-10ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ പഠനത്തില്‍ പുകയില ഉപയോക്താക്കളില്‍ 24% പുരുഷന്മാരും 17% സ്ത്രീകളും പുകയില്ലാത്ത പുകയില ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. യഥാര്‍ത്ഥ പുകലിക്കാര്‍ യഥാക്രമം 15, രണ്ട് ശതമാനം മാത്രമായിരുന്നു. ഒന്‍പതുശതമാനം പുരുഷന്മാരും ഒരു ശതമാനം സ്ത്രീകളും പുകയില ചവയ്ക്കുന്നതിനൊപ്പം പുകവലിക്കാരുമായിരുന്നു. 

ഗ്രാമപ്രദേശങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കൂടുതലാണെന്നും പഠനം കണ്ടെത്തി. ഗ്രാമങ്ങളില്‍ 52% പുരുഷന്മാരും 24% സ്ത്രീകളും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നഗരങ്ങളില്‍ ഇത് യാഥാക്രമം 38, 12 ശതമാനമാണ്.

യുഎസില്‍ 1980ല്‍ ജനസംഖ്യയുടെ മൂന്നിലൊന്നു ശതമാനവും പുകവലിക്കാരായിരുന്നു. പുകയില അനുബന്ധ രോഗങ്ങളെപ്പറ്റിയുള്ള തിരിച്ചറിവും സര്‍ക്കാര്‍, സര്‍ക്കാരിതര സംഘടനകളുടെ പ്രചാരണപ്രവര്‍ത്തനങ്ങളും ഇത് 17 ശതമാനമാക്കി കുറച്ചു.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍