UPDATES

സിനിമ

പക്കാ കിടുവായിരുന്നു മലയാള സിനിമയുടെ 2018; ശൈലന്റെ വിലയിരുത്തല്‍

ലോകത്തെവിടെച്ചെന്നും ഇന്ത്യൻ സിനിമയെന്നോ ഇന്റർനാഷണൽ സിനിമയെന്നോ പ്രദർശിപ്പിക്കപ്പെടാൻ ക്വാളിറ്റിയുള്ള ‘ഈ മ യൗ’ കേരളത്തിലെ തിയേറ്ററുകളിൽ വിജയമായിരുന്നു എന്നത് മലയാളിക്ക് പ്രേക്ഷകനെന്ന നിലയിൽ അഹങ്കരിക്കാനുള്ള വകയല്ലെങ്കില്‍ പിന്നെന്താണ്

ശൈലന്‍

ശൈലന്‍

ഡിസംബറിലെ അവസാനനാളുകളിൽ, പോയ വർഷത്തെ സിനിമകളുടെ കണക്കെടുക്കുമ്പോൾ അതിന്റെ മുന്നോടിയായി ബോക്സോഫീസിൽ നഷ്ടപ്പെട്ട കോടികളുടെ ഒരു വിലാപക്കണക്ക് അവതരിപ്പിക്കണം എന്നത് ഒരു ആചാരമോ, കീഴ്വഴക്കമോ ആണ്. പോയ വർഷത്തെ എല്ലാ നേട്ടങ്ങളും ആ കണക്കിന് മുന്നിൽ നിഷ്പ്രഭമാവുകയാണ് പതിവ്. ആ ചടങ്ങൊന്ന് വിട്ടുപിടിച്ച് നോക്കിയാൽ മലയാളസിനിമ 2018-ൽ പക്കാ കിടുവായിരുന്നുവെന്ന് കാണാം. അങ്ങനെയും ഒരു ആംഗിൾ കാഴ്ചയ്ക്കുണ്ട്.

156 സിനിമകൾ 2018-ൽ മലയാളത്തിൽ പ്രദർശനത്തിനെത്തി എന്നതാണ് വിക്കിപീഡിയ പ്രകാരമുള്ള കണക്ക്. ഒരുകൊല്ലത്തിൽ 52 ആഴ്ചകൾ ആണെങ്കിൽ ഓരോ ആഴ്ചയിലും മൂന്നുവീതം സിനിമകൾ റിലീസ് ചെയ്തു എന്നത് മലയാളം പോലൊരു കുഞ്ഞ് ഇൻഡസ്ട്രിക്ക് അഭിമാനമല്ലാതെ മറ്റെന്താണ്.

പ്രളയം കാരണം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ യഥാക്രമം 4, 8 സിനിമകൾ മാത്രമേ റിലീസ് ചെയ്തുള്ളൂ എന്നത് കൊണ്ട് മാത്രമാണ് എണ്ണം ഒരുപക്ഷെ 156ൽ ഒതുങ്ങിയത്. ജൂൺ മാസത്തിലും നവംബർ മാസത്തിലും 18 സിനിമകൾ വീതമാണ് ഇറങ്ങിയത് എന്നോർക്കണം. എണ്ണത്തിൽ ഇത്രയും ബൃഹത്തെന്ന തോതിൽ സിനിമകൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കുമ്പോൾ അവയിൽ എല്ലാം തന്നെ നിലവാരമുള്ളതാകണമെന്നും വിജയിക്കണമെന്നും വാശി പിടിക്കുന്നത് തീർത്തും ബാലിശമാണ്.  മറിച്ച് ഈ 156ൽ നാലിലൊന്നിലധികം, അതായത് നാല്പതിലധികം സിനിമകൾ അവയുടെ വിജയം കൊണ്ടോ നിലവാരം കൊണ്ടോ സാമൂഹികപ്രസ്ക്തികൊണ്ടോ ശ്രദ്ധേയമായവ ആയിരുന്നു എന്നതിലാണ് ആവേശമിരിക്കുന്നത്. കേവലം അറുപത് ചിത്രങ്ങൾ മാത്രം റിലീസ് ചെയ്യപ്പെട്ട അതീവദയനീയമായ വർഷങ്ങളും അധികം ദൂരത്തിലായല്ലാതെ മലയാളസിനിമയുടെ ചരിത്രത്തിൽ ഉണ്ടെന്നത് മറക്കരുത്.

ഇന്ത്യന്‍ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ രജതമയൂരവും കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ രജതചകോരവും സംസ്ഥാനസർക്കാറിന്റെ മികച്ച സംവിധായകനുള്ള പുരസ്കാരവും ഒരേ ആൾക്ക്, ഒരേ സിനിമയ്ക്ക് കിട്ടുകയെന്ന അസുലഭഭാഗ്യം ലിജോ ജോസ് പെല്ലിശ്ശേരിക്ക് ‘ഈ മ യൗ’വിലൂടെ ലഭ്യമായത് 2018ൽ ആയിരുന്നു.

Also Read: നമുക്ക് ഇടയ്ക്ക് സംഭവിക്കുന്ന ജോസഫും ഒരു ലിജോ ജോസ് പല്ലിശേരിയുമൊക്കെയുള്ളൂ; തമിഴില്‍ അങ്ങനയെല്ല

ലോകത്തിന്റെ ഏത് കോണിൽ ചെന്നും ഇന്ത്യന്‍ സിനിമയെന്ന പേരിലോ ഇന്റർനാഷണൽ സിനിമയെന്ന പേരിലോ അഭിമാനപൂർവം പ്രദർശിപ്പിക്കപ്പെടാൻ ക്വാളിറ്റിയുള്ള ‘ഈ മ യൗ’ കേരളത്തിലെ തിയേറ്ററുകളിൽ വിജയമായിരുന്നു എന്നത് മലയാളിക്ക് പ്രേക്ഷകനെന്ന നിലയിൽ അഹങ്കരിക്കാനുള്ള വകയല്ലെങ്കിൽ പിന്നെ മറ്റെന്താണ്!

എറണാകുളത്ത് ആദ്യദിനം ഞാൻ ഈ മ യൗ കാണുമ്പോൾ തിയേറ്റർ ഫുള്ളായിരുന്നുവെങ്കിൽ നാല്പതാം ദിനം റെഗുലർഷോയിൽ തന്നെ രണ്ടാം പ്രാവശ്യം കാണുമ്പോഴും നല്ല ആളുണ്ടായിരുന്നു. മലയാളസിനിമ മാറുകയാണ് എല്ലാ അർത്ഥത്തിലും..

ഈ മ യൗ ഒരു ഒറ്റപ്പെട്ട തെളിവല്ല. 65-മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിൽ മികച്ച സംവിധായകനുള്ള അവാർഡ് ‘ഭയാനക’ത്തിലൂടെ ജയരാജും മലയാളവും നേടി. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡ് വി സി അഭിലാഷിന്റെ ‘ആളൊരുക്ക’ത്തിനായിരുന്നു. രണ്ട് സിനിമകളും പരിമിതമായ എണ്ണത്തിലെങ്കിലും 2018ൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയും ചെയ്തു.

കേരളത്തിലെ തിയേറ്ററുകളിൽ വൻ വിജയം നേടിയ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കുകയും ഐ എഫ് എഫ് കെയിൽ ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിൽ ഉൾപ്പെടുകയും ചെയ്തു എന്നത് മലയാളികൾക്ക് വീണ്ടും ഇരട്ട അഭിമാനമേകി. തിയേറ്ററുകളിൽ വൻ വിജയങ്ങളായ ജോസഫ്, കൂടെ, ക്യാപ്റ്റൻ തുടങ്ങിയ ചിത്രങ്ങൾ നിലവാരത്തിൽ ഒട്ടും പിറകിൽ അല്ലായിരുന്നു.

വാണിജ്യവിജയങ്ങളുടെ കാര്യമെടുത്താൽ നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ ഒരു സിനിമ ഈ വർഷവും മലയാളത്തിനുണ്ടായി. 45 കോടി രൂപ ചെലവിട്ട് നിർമിക്കപ്പെട്ട റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണി ചരിത്രത്തോട് എത്ര കണ്ട് നീതിപുലർത്തി എന്നതിനെക്കുറിച്ചൊക്കെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും നാല്പതാം ദിവസത്തിൽ തന്നെ നൂറുകോടി എന്ന ലക്ഷ്യം കൈവരിച്ചതായി നിർമ്മാതാവ് ഔദ്യോഗികമായി അറിയിച്ചു. തിയേറ്ററിലെ ആദ്യ ദിവസങ്ങളിലെ ആളൊഴുക്ക് കണ്ടവർക്ക് ഇതൊരു തള്ളലായി തോന്നാൻ സാധ്യതയില്ല താനും.

മുൻപെ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ, ക്യാപ്റ്റൻ, ജോസഫ്, കൂടെ എന്നിവയ്ക്കൊപ്പം അബ്രഹാമിന്റെ സന്തതികൾ, ഞാൻ പ്രകാശൻ, തീവണ്ടി, ശിക്കാരി ശംഭു, ആദി, ക്വീൻ, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അരവിന്ദന്റെ അതിഥികൾ, ഞാൻ മേരിക്കുട്ടി, മറഡോണ, പടയോട്ടം, ഒടിയൻ, ഒരു കുപ്രസിദ്ധപയ്യൻ എന്നിവ വൻ വിജയങ്ങളാണ്. (ഇതിൽ അബ്രഹാമിന്റെ സന്തതികൾ, ആദി, ഒടിയൻ എന്നിവയെ ബ്ലോക്ക് ബസ്റ്ററുകളായി സെപ്പറേറ്റ് വിശേഷിപ്പിക്കപ്പെട്ടില്ലെങ്കിൽ കമന്റ് ബോക്സിൽ തെറി വരാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു).

കുട്ടനാടൻ മാർപ്പാപ്പ, മോഹൻലാൽ, പഞ്ചവർണത്തത്ത, കുട്ടൻപിള്ളയുടെ ശിവരാത്രി, ബിടെക്ക്, ഒരു പഴയ ബോംബ് കഥ, നീലി, ചാലക്കുടിക്കാരൻ ചങ്ങാതി, എന്റെ ഉമ്മാന്റെ പേര്, പ്രേതം-2 എന്നീ സിനിമകളും ബോക്സോഫീസിൽ പരിക്ക് കൂടാതെ രക്ഷപ്പെട്ടവയാണ്.

Also Read: കുറച്ച് കഞ്ഞി എടുക്കട്ടെ? 2018-ല്‍ മലയാള സിനിമ ആഘോഷിച്ച 17 ഡയലോഗുകള്‍

നായകനടന്മാരുടെ കാര്യമെടുത്താലും എല്ലാവരും തന്നെ സന്തുഷ്ടരായിരുന്ന വർഷമായിരുന്നു 2018. സൂപ്പർ സീനിയറായ മമ്മൂട്ടിക്ക് സ്ട്രീറ്റ് ലൈറ്റ്, പരോൾ, അങ്കിൾ, കുട്ടനാടൻ ബ്ലോഗ് എന്നിവയുടെയൊക്കെ ക്ഷീണം മാറ്റാൻ ‘അബ്രഹാമിന്റെ സന്തതികൾ’ സമ്മാനിച്ച ബമ്പർഗ്രോസ് ഉപകരിച്ചു.

മോഹൻലാലിനാവട്ടെ നീരാളിയും ഡ്രാമയും മറക്കാൻ ഒടിയൻ വന്നു. ആദ്യം സംവിധായകന്റെ തള്ളിലൂടെയും പിന്നീട് തിയേറ്ററിൽ ആളുകേറാൻ തുടങ്ങിയതോടെയും പടം വൻവിജയമാണ്. കായംകുളം കൊച്ചുണ്ണിയിലെ ഇരുപത് മിനിറ്റ് പക്കിപ്രകടനം കൂടി ആയതോടെ ലാലേട്ടൻ ഫാൻസ് ആനന്ദത്തിലാണ്. വിമർശനങ്ങൾക്കിടയിലും കൊച്ചുണ്ണിയെന്ന ടൈറ്റിൽ റോളിനെ നൂറുകോടി കടത്തിയ നിവിൻ പോളി മാസ് നിലനിർത്തി. ടൊവിനോ തോമസ് തൊട്ടതെല്ലാം പൊന്നായിരുന്നു. മറഡോണ, തീവണ്ടി, കുപ്രസിദ്ധപയ്യൻ, എന്റെ ഉമ്മാന്റെ പേര് എന്നിങ്ങനെയുള്ള നാല് ആധികാരിക സോളോ ഹിറ്റുകൾക്കൊപ്പം ആമിയിലെ ഗസ്റ്റ് റോളും മാരി2-വിലെ വില്ലൻ റോളും ടൊവിനോയെ വേറെ ലെവലാക്കി.

ജയസൂര്യയ്ക്ക് ക്യാപ്റ്റനും മേരിക്കുട്ടിയും വിജയവും ക്ലാസ് പെർഫോമൻസും സമ്മാനിച്ചു. പ്രേതത്തിന്റെ രണ്ടാം ഭാഗമാകട്ടെ അന്ത:സാരശൂന്യതയ്ക്കിടയിലും രക്ഷപെട്ടു.

ഫഹദിന്റെ കാർബൺ കരിയായത് വരത്തന്റെയും പ്രകാശന്റെയും വിജയങ്ങൾക്കിടയിൽ ഒരു വാർത്തയായില്ല. ദിലീപിന്റെ് കമ്മാരസംഭവം മാസിന് വേണ്ടത്ര സ്വീകാര്യമായിരുന്നില്ലെങ്കിലും സിനിമയും കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രവും മലയാളത്തിന് അപരിചിതമായ ക്ലാസിൽ ഉള്ളതായിരുന്നു. പൃഥ്വിരാജ് സുകുമാരൻ സംവിധാനത്തിലേക്കും ആടുജീവിതത്തിലേക്കും കടന്നതിനാൽ സിനിമ കുറഞ്ഞു. രണം ആവറേജ് ആയിരുന്നുവെങ്കിലും കൂടെ കേട് തീർത്തു.

ദുൽഖറിന്റേതായി ഒറ്റ മലയാളം സിനിമകളും ഒരു വർഷത്തിനിടയിൽ പുറത്തിറങ്ങിയില്ല, പക്ഷെ, മഹാനടിയിലെ ജമിനി ഗണേശനായി തന്റെ സാന്നിധ്യം ഓഥന്റിക്കായി തെന്നിന്ത്യയെങ്ങും രേഖപ്പെടുത്താൻ ഡി ഖ്യുവിന് പോയവർഷമായി. കാർവാനിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു.

കുഞ്ചാക്കോ ബോബന് ശിക്കാരി ശംഭുവും കുട്ടനാടൻ മാർപ്പാപ്പയും നേട്ടമായിി. നായകേതര നടന്മാരിൽ ഐ എഫ് എഫ് ഐയിലെ മികച്ച നടനായ ചെമ്പനും ജോസഫിലൂടെ നിരവധി അവാർഡുകളും അംഗീകാരങ്ങളും കാത്തുനിൽക്കുന്ന ജോജുവുമായിരുന്നു താരങ്ങൾ. ബിജുമേനോൻ പടയോട്ടത്തിലൂടെ തലപ്പൊക്കം കാണിച്ചു. സുഡാനി വിജയിപ്പിക്കാൻ സക്കറിയയുടെ കയ്യിലുണ്ടായിരുന്ന ഏക താരശരീരം സൗബിന്റേതായിരുന്നു. സൗബിനും മലയാളികളും തമ്മിലുള്ള ഇരിപ്പുവശം പടത്തിന്റെ സ്വീകാര്യതയെ നന്നായി സ്വാധീനിക്കുകയും ചെയ്തു.

Also Read: ഈ സൂപ്പർ സ്റ്റാറുകളാണ് 2018-ന്റെ മലയാള സിനിമാ താരങ്ങൾ

മലയാളനടിമാരിലെ സൂപ്പർസ്റ്റാർ എന്ന് വിളിപ്പേരുള്ള മഞ്ജു വാര്യർക്ക് ആമിയും മോഹൻലാലും ഒടിയനും തീർത്തും വേറിട്ട വേഷങ്ങൾ സമ്മാനിച്ചു. ആമി മാധവിക്കുട്ടിയുടെ ഇതുവരെ ആരും കാണാത്ത മുഖമായിരുന്നു. ഒരു നടിയ്ക്ക് എങ്ങനെയാണ് ഒരു സിനിമയെ നിണയിക്കാനാവുക എന്ന് മടങ്ങിവന്ന നസ്രിയ കൂടെയിലൂടെ കാണിച്ചുതന്നു. മറ്റേതൊരു നടിയാണെങ്കിലും തവിടുപൊടിയായിപ്പോവാൻ സാധ്യതയേറെയുള്ള സബ്ജക്റ്റായിരുന്നു കൂടെയുടെത്.

തീവണ്ടിയിലെ നായികയായി വന്ന സംയുക്താ മേനോൻ ലില്ലിയിൽ ഞെട്ടിക്കുന്ന പ്രകടനത്തോടെ തന്റെ ഉന്നതി വരച്ചിട്ടു. ക്യാപ്റ്റന്റെ ഭാര്യയായി വന്ന അനു സിത്താരയും സുഡാനിയിലെ ഉമ്മമാരായി വന്ന സരസ, സാവിത്രി കൂട്ടുകെട്ടുമായിരുന്നു 2018ലെ മറ്റ് ഗ്രെയ്സുകൾ. അരവിന്ദന്റെ അതിഥികളിൽ ഉജ്ജ്വലമായി തിരിച്ച് വന്ന ഉർവശി, ഉമ്മാന്റെ പേരിലെ ഉമ്മയായും തിളങ്ങി.

സംവിധായകരിലും പിന്നണിപ്രവർത്തകരിലും ലബ്ധപ്രതിഷ്ഠരും ഒരുപോലെ വിജയം കൊയ്ത വർഷം കൂടി ആയിരുന്നു 2018. സക്കറിയയ്ക്കും പ്രജേഷ് സെന്നുമൊപ്പം നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള സത്യൻ അന്തിക്കാടിനും ഇവിടെ ക്ലീൻ ഹിറ്റുകൾ സമ്മാനിക്കാനാവുന്നു. എല്ലാ തലമുറകൾക്കൊപ്പവും സഞ്ചരിച്ചെത്തുന്ന പദ്മകുമാറിന് ജോസഫിനെ വ്യത്യസ്തതയോടെ അടയാളപ്പെടുത്താനാവുന്നു. കൊമേഴ്സ്യൽ എലമെന്റുകളെ പാടെ ഒഴിവാക്കി മധുപാൽ തന്റെ മൂന്നാമത്തെ ചിത്രവുമൊരുക്കാൻ ധീരത കാണിക്കുമ്പോൾ അതിനെ തിയേറ്ററിൽ ഏറ്റെടുത്തുകൊണ്ട് പ്രേക്ഷകർ ഐക്യദാർഢ്യമേകുന്നു.

ജിത്തു ജോസഫിനെപ്പോലൊരു മാന്ത്രിക’ദൃശ്യ’സംവിധായകൻ പ്രത്യേകിച്ചൊരു പുതുമയും കൂടാതെ പ്രണവ് മോഹൻലാലിനെ നായകനായി അവതരിപ്പിക്കുമ്പോൾ അതിനെ അൻപത് കോടി ക്ലബ്ബിലെത്തിക്കാൻ ആന്റണി പെരുമ്പാവൂരിന്റെ കൊമേഴ്സ്യൽ തന്ത്രങ്ങൾക്കാവുന്നു. അത്ഭുതങ്ങൾക്കും ആഹ്ലാദങ്ങൾക്കും അറുതിയില്ലായിരുന്നു 2018ൽ. അടുത്ത വർഷത്തിലും ഇതൊക്കെ തന്നെ ആവർത്തിക്കുമെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കാം.

Also Read: ഒരു 96 മലയാളത്തില്‍ ഉണ്ടായേക്കാം, പരിയേറും പെരുമാളോ?

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍