UPDATES

സുജയ് രാധാകൃഷ്ണന്‍

കാഴ്ചപ്പാട്

Optical Illusions

സുജയ് രാധാകൃഷ്ണന്‍

സിനിമ

ഇന്ദിരയുടെ കാലത്തെ സഞ്ജയ് എന്ന ഇന്ത്യന്‍ യുവാവ്; അടിയന്തരാവസ്ഥ പ്രവചിച്ച അവതാര്‍ കൃഷ്ണ കൗളിന്റെ ’27 ഡൗണ്‍’

ഒറ്റ സിനിമ കൊണ്ട് അവിസ്മരണീയരായി മാറിയ ചില സംവിധായകരുണ്ട്. അതിലൊരാളാണ് അവതാര്‍ കൃഷ്ണ കൗള്‍

ഒറ്റ സിനിമ കൊണ്ട് അവിസ്മരണീയരായി മാറിയ ചില സംവിധായകരുണ്ട്. അതിലൊരാളാണ് അവതാര്‍ കൃഷ്ണ കൗള്‍. അവതാര്‍ കൃഷ്ണ കൗളിനെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ ’27 ഡൗണ്‍’ എന്ന ഒറ്റ സിനിമ മതി. രമേഷ് ബക്ഷിയുടെ ‘അഥാര സൂരജ് പൗഥേ’ എന്ന ഹിന്ദി നോവലിനെ ആധാരമാക്കിയാണ് അവതാര്‍ കൃഷ്ണ കൗള്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവതാര്‍ കൃഷ്ണ കൗള്‍ ഒരു അപകടത്തില്‍ മരിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് സംഭവിച്ച വലിയ നഷ്ടമാണ് അവതാര്‍ കൃഷ്ണ കൗളിന്റെ മരണമെന്ന് 27 ഡൗണ്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

27 ഡൗണ്‍ ഒരു ട്രെയിനാണ്. ബോംബെയില്‍ നിന്ന് വാരണാസിയിലേയ്ക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍. “27 ഡൗണ്‍ വാരണാസി എക്‌സ്പ്രസ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പുറപ്പെടുകയാണ്” എന്ന അനൗണ്‍സ്‌മെന്റോട് കൂടിയാണ് സിനിമ തുടങ്ങുന്നത്. തുടര്‍ന്ന്‌ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍ അപ്പര്‍ ബര്‍ത്തില്‍ പുതച്ചുറങ്ങുന്ന സഞ്ജയുടെ മുഖത്തെ ക്ലോസ് അപ് ദൃശ്യത്തിലേക്ക് പോകുന്നു. സഞ്ജയുടെ സ്വത്വ പ്രതിസന്ധിയാണ് ആദ്യത്തെ ആത്മഗതം മുതല്‍ ഈ സിനിമ. “വീണ്ടും ഒരു പാലം, ഒരുപക്ഷേ അതൊരു പാലമായിരിക്കാം”. “ഈ പാതയില്‍ എത്ര പാലങ്ങളുണ്ട്? ഞാന്‍ എണ്ണമറ്റ പാലങ്ങള്‍ ഇതുവരെ മുറിച്ചുകടന്ന പോലെ തോന്നുന്നു. സാധാരണയായി ആളുകള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് പോകുന്നു. എന്നാല്‍ ഞാന്‍ യാതൊരു ലക്ഷ്യവുമില്ലാതെ യാത്ര ചെയ്യുന്നു. ഒരു പകലോ ഒരു രാത്രിയോ യാത്ര ചെയ്ത് മനുഷ്യര്‍ ഒരു സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാല്‍ ഞാന്‍ എന്റെ ഒരു ചിന്തയില്‍ നിന്ന് മറ്റൊരു ചിന്തയിലേയ്ക്ക് മാത്രം എത്തുന്നു. എങ്ങോട്ടാണ് ഞാന്‍ പോകുന്നത്, എന്തിനാണ് പോകുന്നത്, ആര്‍ക്കെതിരെയാണ് പൊരുതുന്നത്? – അറിയില്ല. കലണ്ടറോ ക്ലോക്കോ കാണുമ്പോള്‍ മാത്രമാണ് ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നത്” – സഞ്ജയുടെ ആത്മഭാഷണം ഇങ്ങനെ പോകുന്നു. കുട്ടിക്കാലം അയാളെ സംബന്ധിച്ച് ഭൂതകാലമല്ല. കാരണം അതേ ട്രെയിനും അതേ പാലങ്ങളും അതേ യാത്രയും തുടരുകയാണ്. ഇപ്പോള്‍ ടിക്കറ്റ് എക്‌സാമിനറുടെ യൂണിഫോമും തൊപ്പിയുമുണ്ടെന്ന് മാത്രം. ബോംബെയില്‍ നിന്ന് വാരണാസിയിലേയ്ക്കുള്ള ട്രെയിന്‍ തന്നെ ഭൗതികയാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള അയാളുടെ ഒളിച്ചോട്ടമാണ്.

അണ്ണാ എന്ന് വിളിക്കുന്ന ജ്യേഷ്ഠ സഹോദരന്റെ നിയന്ത്രണത്തിലാണ് സഞജയുടെ ജീവിതം മുന്നോട്ട് പോകുന്നത്. കുട്ടിക്കാലത്തെ അയാളുടെ ഓര്‍മ്മകള്‍ തുടങ്ങുന്നത് തന്നെ അണ്ണായോടും അക്കാ എന്ന് വിളിക്കുന്ന സഹാദരപത്‌നിയോടും ഒപ്പമുള്ള ട്രെയിന്‍ യാത്രയാണ്. സഞ്ജയിന്റെ അഭിരുചികളും തിരഞ്ഞെടുപ്പുകളും പോലും അണ്ണായുടെ നിയന്ത്രണത്തിലാണ്. ട്രെയിനില്‍ കച്ചവടക്കാര്‍ കൊണ്ടുവരുന്ന കളിപ്പാട്ടങ്ങള്‍ സഞ്ജയിനെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അണ്ണായുടെ രൂക്ഷമായ ഒരു നോട്ടത്തില്‍ കുട്ടിയായ സഞ്ജയിന്റെ അഭിലാഷങ്ങള്‍ അവസാനിക്കുന്നു. സഞ്ജയിന്റെ ചോദ്യങ്ങളും സംശയങ്ങളും അണ്ണായുടെ അംഗവിക്ഷേപത്തില്‍ അവസാനിക്കുന്നു. സഞ്ജയിന്റെ ഭാവനകളും കൗതുകങ്ങളും ആഗ്രഹങ്ങളും പ്രണയവും നിരാശകളും അനിശ്ചിതത്വങ്ങളുമെല്ലാം ട്രെയിനുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉറക്കം വരുന്നില്ലെങ്കിലും കുട്ടിയായ സഞ്ജയിന് കണ്ണടച്ചേ മതിയാകൂ. “സോ ജാ” (ഉറങ്ങൂ) എന്ന ജ്യേഷ്ഠന്റെ ഒറ്റ തീട്ടൂരത്തില്‍ കണ്ണുകള്‍ അടയുന്നു. എന്നാല്‍ യുവാവായ സഞ്ജയിനെ പോലെ ട്രെയിനും റെയില്‍വേയും കുട്ടിക്കാലത്ത് അയാള്‍ക്ക് മടുപ്പുളവാക്കുന്ന അനുഭവമായിരുന്നില്ല. കൗതുകങ്ങളും സംശയങ്ങളും ഭാവനകളും റെയിലുമായി ബന്ധപ്പെട്ട് സഞ്ജയിനുണ്ട്. നെഹ്രുവിയന്‍ ഇന്ത്യയിലെ അയാളുടെ കുട്ടിക്കാലത്ത് റെയില്‍വേയും തീവണ്ടിയും അയാളുടെ മുന്നോട്ടുള്ള കുതിച്ചുപായലിന്റെ സ്വപ്‌നങ്ങളായിരുന്നെങ്കില്‍ ഇന്ദിര ഗാന്ധിയുടെ ഇന്ത്യയില്‍ യുവാവായ സഞ്ജയ് കടുത്ത സ്വത്വ പ്രതിസന്ധിയും ലക്ഷ്യബോധമില്ലായ്മയും അനുഭവിക്കുകയാണ്. “ചുക്, ചുക്, “ചുക്, ചുക്, ചല്‍തീ റെയില്‍” എന്ന പാട്ടില്‍ നിന്ന് സീന്‍ കട്ട് ചെയ്യുന്നത് അണ്ണായുമായി ആശുപത്രിയിലേയ്ക്ക് നീങ്ങുന്ന ആംബുലന്‍സിന്റെ ദൃശ്യത്തിലേയ്ക്കാണ്.

ബോംബെയില്‍ നിന്ന് വളരെ അകലെയാണ് ഭുസാവല്‍. ഭുസാവലുമായി സഞ്ജയെ അടുപ്പിക്കുന്ന ഏക കണ്ണി അയാളുടെ സഹോദരനാണ്. സ്‌നഹമുള്ളവരുടെ ഉപദേശങ്ങള്‍ എല്ലായ്‌പ്പോഴും പിന്തിരിപ്പനും പ്രതിവിപ്ലവകരവുമായിരിക്കും എന്ന സിവി ശ്രീരാമന്റെ നിരീക്ഷണം (വാസ്തുഹാര) സഞ്ജയിന്റെ ജീവിതത്തിലും ബാധകമാണ്. അതേസമയം വളരെ പ്രതിലോമകരമായാണ് അത് അയാളുടെ ജീവിതത്തെ ബാധിക്കുന്നത്. സ്‌നേഹത്തേക്കാള്‍ അതിന്റെ പേരിലുള്ള വൈകാരിക ചൂഷണമാണ് പ്രശ്‌നം എന്ന് മാത്രം. 70കളിലെ യുവാവായ സഞ്ജയിന്റെ പ്രത്യക്ഷ രാഷ്ട്രീയ താല്‍പര്യങ്ങളോ അത്തരത്തിലുള്ള സൗഹൃദങ്ങളോ സിനിമ വെളിവാക്കുന്നില്ല. മിക്കപ്പോളും അയാള്‍ ഒറ്റയ്ക്കാണ്. ചീട്ടുകളിയും സിഗററ്റ് വലിയും സ്വതന്ത്രമായി സാധ്യമായിരുന്ന മൂന്നാം ക്ലാസ് കംപാര്‍ട്ട്‌മെന്റിലാണ് അയാളുടെ പകലുകള്‍. കുട്ടിക്കാലവും ഇങ്ങനെ തന്നെയായിരുന്നു. നീണ്ട ട്രെയിന്‍ യാത്രയ്ക്കിടയിലെ നിര്‍ബന്ധിത പകലുറക്കങ്ങള്‍. പുറത്തെ കാഴ്കളും അകത്തെ കളിപ്പാട്ടങ്ങളും നിഷേധിക്കപ്പെടുന്ന രൂക്ഷമായ നോട്ടം. അടിയന്തരാവസ്ഥക്ക് മുമ്പുള്ള അസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലത്താണ് 27 ഡൗണ്‍ പുറത്തിറങ്ങുന്നത്. എന്നാല്‍ സഞജയ് ഗാന്ധിയുടെ നിര്‍ബന്ധിത വന്ധ്യംകരണ പരിപാടിക്കും നാവടക്കി പണിയെടുക്കാനുള്ള ഉത്തരവിന് മുമ്പും തന്നെ സഞ്ജയ് ഷിന്‍ഡെ അയാളുടെ സ്വയം പ്രകാശനത്തിന് അശക്തനായിരുന്നു.

ഒരു അപകടത്തില്‍ കാല്‍ നഷ്ടമായി ജോലിയില്‍ നിന്ന് വിരമിക്കാന്‍ നിര്‍ബന്ധിതനാകുന്ന സഹോദരന്‍ പക്ഷെ സഞ്ജയിന്റെ വിദ്യാഭ്യാസമടക്കമുള്ള എല്ലാ കാര്യങ്ങളിലും എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ നിയന്ത്രണവും മേധാവിത്തവും തുടരുകയാണ്. എന്ത് കഴിക്കണം എന്ന് പോലും നഗരത്തില്‍ പഠിക്കുന്ന സഞ്ജയിന് ഇടയ്ക്കിടെ എഴുതുന്ന കത്തുകളില്‍ അയാള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ സഞ്ജയ് അയാളുടെ സ്വാതന്ത്ര്യം അനുഭവിക്കുകയാണ് എന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഭേല്‍പുരി കഴിക്കരുത്, രാത്രിയില്‍ കറങ്ങിനടക്കരുത് തുടങ്ങിയ ഉപദേശങ്ങളൊന്നും അയാള്‍ കാര്യമാക്കുന്നില്ല. സഞ്ജയുടെ വളരുന്ന താടിയോടൊപ്പം അണ്ണായുടെ പിതൃഅധികാര ഉപദേശങ്ങള്‍ ചുരുങ്ങുന്നില്ല. അത് നിര്‍ബാധം തുടരുന്നു. ജനലുകള്‍ അടച്ചിടാനാണ് അണ്ണായുടെ ഉപദേശം. സൂര്യനമസ്‌കാരവും വ്യായാമവും ശരീര സംരക്ഷണവും പൂജകളും ചിട്ടയായ ജോലിയുമെല്ലാമായി മറ്റ് വിനോദങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്, തന്നെ മാതൃകയാക്കിക്കൊണ്ട്, തന്റെ പാത പിന്തുടര്‍ന്ന് തന്നെ സഞ്ജയും ജീവിക്കണമെന്ന് അയാള്‍ താല്‍പര്യപ്പെടുന്നു. സഞ്ജയിന് അതിനപ്പുറമുള്ള, എന്തെങ്കിലും ആഗ്രഹങ്ങളോ താല്‍പര്യങ്ങളോ ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് അണ്ണായുടെ പക്ഷം.

സഞ്ജയ് ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ത്ഥിയാണ്. അയാളൊരു ചിത്രകാരനാകാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ അണ്ണാ അയാളെ കാണുന്നത് വെളുത്ത ഷര്‍ട്ടും പാന്റും കറുത്ത കോട്ടും തൊപ്പിയും ധരിച്ച ഒരു ടിക്കറ്റ് എക്‌സാമിനറുടെ രൂപത്തിലാണ്. റെയില്‍വേ ജോലിക്ക് എന്താണ് കുഴപ്പം എന്നാണ് അണ്ണായുടെ ചോദ്യം. റെയില്‍വേ ജോലി നല്‍കുന്ന സുരക്ഷിതത്വും സൗകര്യങ്ങളും ആനുകൂല്യങ്ങളുമാണ് അയാള്‍ നിരത്തുന്നത്. റെയില്‍വേ ജോലി സംബന്ധിച്ച സഞ്ജയുടെ കാഴ്ചപ്പാട് അയാളുടെ പ്രശ്‌നമല്ല. പിന്നീട് വരുന്നത് സഞ്ജയുടെ ഭാവിയെക്കുറിച്ചും തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അണ്ണായുടെ ആശങ്കയും വികാരപ്രകടനത്തിലൂടെയുള്ള സമ്മര്‍ദ്ദം ചെലുത്തലുകളുമാണ്. ‘ലേക്കിന്‍’ എന്ന ഒരൊറ്റ വാക്കില്‍ അവസാനിക്കുന്നതാണ് സഞ്ജയുടെ ചോദ്യങ്ങളും വിയോജിപ്പും.

ഇന്‌റര്‍വ്യൂവിന് രേഖകള്‍ പരിശോധിക്കുന്നയാള്‍ ന്യായമായൊരു സംശയമാണ് സഞ്ജയിനോട് ചോദിക്കുന്നത് – നിങ്ങള്‍ രണ്ട് സ്ഥലങ്ങളാണല്ലോ നിങ്ങളുടെ ജന്മസ്ഥലമായി അടയാളപ്പെടുത്തിയിരിക്കുന്നത്, ഇതെങ്ങനെ ശരിയാകും? നിങ്ങള്‍ രണ്ട് തവണ ജനിച്ചോ? – സഞ്ജയുടെ മറുപടിയും ന്യായമാണ്. കാരണം അയാള്‍ക്ക് കൃത്യമായ ജന്മസ്ഥലമില്ല. ഏതെങ്കിലുമൊന്ന് പറയാമെങ്കില്‍ അത് ട്രെയിന്‍ എന്നാണ്. “എന്റെ മാതാപിതാക്കള്‍ ചാലിസ് ഗാവില്‍ നിന്ന് ബുസാവലിലേയ്ക്ക് പോവുകയായിരുന്നു. മന്‍മാദ്, ഷിര്‍സോലി സ്‌റ്റേഷനുകള്‍ക്കിടയിലായിരുന്നു എന്റെ ജനനം. മന്‍മാദ് സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ വിട്ടിരുന്നു. എന്നാല്‍ ഷിര്‍സോലിയില്‍ എത്തിയിരുന്നുമില്ല”. ഇത് റെയില്‍വേയാണ് തമാശയല്ല എന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി. റെയില്‍വേ ട്രാക്ക് പോലെ കടുപ്പമേറിയ, കാഠിന്യമേറിയ ജീവിതമാണ് ജീവിത വിജയത്തിന് വേണ്ടത് എന്ന് ഉദ്യോഗസ്ഥന്‍ ഉപദേശിക്കുന്നു.

സഞ്ജയുടെ തിരഞ്ഞെടുപ്പോ തീരുമാനമോ അല്ല ഈ കഷ്ടപ്പാടിന്റെ ജീവിതം. അത് അയാള്‍ എത്തിപ്പെടുന്ന, അനിവാര്യമായും അഭിമുഖീകരിക്കേണ്ട സാഹചര്യവുമല്ല. മറിച്ച് അയാളുടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷിയില്ലായ്മയും ജഡത്വവും അയാളെ അതിന് നിര്‍ബന്ധിതനാക്കുന്നതാണ്. പാലത്തില്‍ കയറുമ്പോളും പാലം പിന്നിടുമ്പോളുമുള്ള ട്രെയിനിന്റെ ഗതിതാളമാണ് തന്റെ ജീവിതത്തിനുമെന്ന് സഞ്ജയിന് തോന്നുന്നു. അങ്ങനെ ഒരു ദിവസമാണ് അയാള്‍ ശാലിനിയെ പരിചയപ്പെടുന്നത്. ഇവിടെ ട്രെയിന്‍ അയാള്‍ക്ക് വീണ്ടും ജീവിതത്തെക്കുറിച്ച് പ്രതീക്ഷ നല്‍കുകയാണ്. ശാലിനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ജീവനക്കാരിയാണ്. അവര്‍ തമ്മില്‍ ട്രെയിനില്‍ വച്ച് പല തവണ കണ്ടുമുട്ടുന്നു. പരിചയം പ്രണയമായി വളരുന്നു. എന്നാല്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും ശാലിനിക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നുണ്ട്.

ബീച്ചില്‍ സഞ്ജയിനെ കെട്ടിപ്പുണര്‍ന്നിരിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ എന്ത് വിചാരിക്കും എന്ന ഭയം സഞ്ജയിനെ പോലെ അവള്‍ക്കില്ല. എന്നാല്‍ തന്റെ നിഴല്‍ കാണുമ്പോള്‍ അത് ചിലപ്പോള്‍ തന്റേതായും ചിലപ്പോള്‍ അണ്ണായുടേതായുമാണ് തോന്നുന്നത് എന്നാണയാള്‍ ശാലിനിയോട് പറയുന്നത്. ഇരു കയ്യുകളും സ്വതന്ത്രമല്ലാത്ത വിധം ഉത്തരവാദിത്തങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന യുവതിയാണ് ശാലിനി. കൈകളില്ലാത്ത വെളുത്ത മാര്‍ബിള്‍ പ്രതിമ പോലെ എന്നാണ് ശാലിനിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ പറ്റി സഞ്ജയ് പറയുന്നത്. എന്നാല്‍ സഞ്ജയിനേക്കാള്‍ സ്വതന്ത്രയാണ് അവള്‍. ശാലിനിക്ക് സ്വന്തമായി താമസസ്ഥലമുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണവര്‍. സാധാരണ കുടുംബങ്ങളിലെ പോലെ വിവാഹം കഴിക്കാനല്ല, അവള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം മറിച്ച് വിവാഹിതയാകാതെ ജീവിക്കാനാണ് എന്ന വൈരുദ്ധ്യമുണ്ട്. ശാലിനിയുടെ വിവാഹം തന്റെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കുമെന്ന ഭയമാണ് അവളുടെ മുത്തച്ഛന്. ഇന്ത്യന്‍ കുടുംബങ്ങളുടെ പൊതുസ്വഭാവത്തിലും ഘടനയിലും വിചിത്രവും അന്യവുമായ തരത്തില്‍ ഒരു പുരുഷന്റെ കൂട്ട് തേടാമെന്നും വിവാഹിതനെങ്കില്‍ അത്രയും നല്ലത് എന്നും അയാള്‍ ശാലിനിയോട് പറയുന്നുണ്ട്. അതേ സമയം സഞ്ജയുടെ നടത്തത്തിലും സ്വതന്ത്ര വിഹാരങ്ങളിലും പശ്ചാത്തലമായി അണ്ണാ മുഴങ്ങുകയാണ്. A big brother is watching you എന്ന് പറയുന്നത് പോലെ ഒരു നിരീക്ഷണ വലയത്തെക്കുറിച്ചുള്ള ബോധം അയാളെ വേട്ടയാടുന്നുണ്ട്. സത്യത്തില്‍ അയാളിലെ ഭീരു എല്ലായ്‌പ്പോളും ജയിക്കുകയാണ്.

അണ്ണായുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു മറാത്തി ഗ്രാമീണ യുവതിയെ അയാള്‍ വിവാഹം കഴിക്കുന്നു. വിവാഹ ബന്ധം അസ്വാരസ്യങ്ങളുടേയും കലഹങ്ങളുടേതുമാണ്. യുവതിയുടെ കുടുംബ പശ്ചാത്തലവും പിതാവിന്റെ കാര്‍ഷികവൃത്തിയും നാഗരികത അന്യമായ ‘സാംസ്‌കാരികമൂല്യ’ങ്ങളുമാണ് അണ്ണായെ ആകര്‍ഷിക്കുന്നത്. എന്നാല്‍ തന്റെ ഭാര്യയായ യുവതിയ ഒരു വളര്‍ത്തുമൃഗമായും അവരുടെ വീട് കന്നുകാലി പരിപാലന കേന്ദ്രമായുമാണ് അയാള്‍ക്ക് അനുഭവപ്പെടുന്നത്. ഉല്‍പ്പാദനക്ഷമതയും നീക്കിയിരുപ്പും സമ്പാദ്യവും ലാഭവുമാണ് ഉദ്ദേശ്യലക്ഷ്യങ്ങള്‍. സഞ്ജയിന് തന്റെ നിരന്തരമായ ഓട്ടങ്ങള്‍ അവസാനിപ്പിക്കണമെന്നുണ്ട്. എന്നാല്‍ അയാള്‍ക്ക് അതിന് കഴിയുന്നില്ല. അയാള്‍ എങ്ങനെ ജീവിക്കണം എന്നാണോ കരുതിയത്, ഒരിക്കലും അങ്ങനെ ജീവിക്കാന്‍ കഴിയുന്നില്ല. മനസമാധാനവും ഏകാന്തതയും തേടി വാരണാസിയിലെത്തുന്ന അയാള്‍ക്ക് അത് കണ്ടെത്താനാകുന്നില്ല. മദ്യവും ചുവന്ന തെരുവുമാണ് പിന്നീട് അഭയം തേടുന്ന സ്ഥലങ്ങള്‍. ലൈംഗികതൊഴിലാളിയായ സ്ത്രീയോട് അയാള്‍ ആവശ്യപ്പെടുന്നത് മുറിയിലെ വെളിച്ചം അണയ്ക്കരുതെന്നാണ്. രാത്രി പ്രകാശപൂരിതമായി ഇരിക്കട്ടെ എന്ന് സഞ്ജയ് പറയുന്നു. വീട്ടില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും പിന്നീട് ശാലിനിയെ തേടി അയാള്‍ വീണ്ടും പോകുന്നു. സ്‌റ്റേഷനില്‍ വൈകീട്ട് അഞ്ച് മണിക്ക് വരാമെന്നാണ് ശാലിനി പറയുന്നത്. എന്നാല്‍ സഞ്ജയിന്റെ കാത്തിരിപ്പ് വിഫലമാണ്.

ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ വരുമ്പോള്‍ ചലിക്കുന്ന ട്രെയിന്‍ മാത്രമാണ് സത്യമെന്നും ബാക്കിയെല്ലാം നുണയാണ് എന്നും സഞ്ജയിന് തോന്നുന്നു. തെറ്റായ തുടക്കത്തിന് മോശം അവസാനമേയുള്ളൂ. പുതച്ചുറങ്ങുമ്പോള്‍ ലോകവും എനിക്കൊപ്പം ഉറങ്ങുകയാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഒരു സ്ഥലത്ത് ഇറങ്ങുമ്പോള്‍ ചിന്തകള്‍ എനിക്ക് മുന്നിലാണോ പിന്നിലാണോ? – ചിന്തകള്‍ ഇങ്ങനെ സഞ്ജയിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ചലിക്കുന്ന ട്രെയിന്‍ അയാള്‍ ജീവിക്കുന്ന ലോകവും സമൂഹവുമാണ്. എന്നാല്‍ തനിക്ക് എവിടെ എത്തണം എന്ന് അയാള്‍ക്ക് ഒരു ധാരണയുമില്ല. തനിക്ക് എവിടേയും എത്തിച്ചേരാനില്ലെന്നും നടക്കാന്‍ മാത്രമേയുള്ളൂ എന്നും അയാള്‍ തീര്‍ച്ചപ്പെടുത്തുന്നു. പാളത്തിന്റെ കാഠിന്യത്തിലൂടെ ട്രെയിന്‍ മുന്നോട്ടുപോകുന്നു. അത് പാലങ്ങള്‍ കടന്നുപോകുന്നു.

അവതാര്‍ കൃഷ്ണ കൗള്‍

എക്കാലത്തേയും മികച്ച ഹിന്ദി സിനിമകളിലൊന്നാണ് 27 ഡൗണ്‍. എംകെ റെയ്‌ന, രാഖി, ഓം ശിവ്പുരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. താരതമ്യേന ചെറിയ കഥാപാത്രമായ ഒരു ഏഷണിക്കാരനായി സാധു മെഹറും അഭിനയിച്ചിരിക്കുന്നു. കറുപ്പിലും വെളുപ്പിലും ദൃശ്യവിസ്മയമൊരുക്കിയിരിക്കുന്ന സിനിമാട്ടോഗ്രഫി അപൂര്‍ബ കിഷോര്‍ ബിറിന്റേതാണ്. ഭൂബന്‍ ഹരിയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് (ട്രെയിന്‍ പാട്ടിന് സംഗീതം നല്‍കിയത് രവി കിച്ച്‌ലു). രവീന്ദ്ര പട്‌നായിക് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു.

എ കെ ബിറിന് ഛായാഗ്രഹണത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 27 ഡൗണ്‍ മികച്ച ഹിന്ദി ചിത്രമായി ദേശീയ പുരസ്കാര ജൂറി തിരഞ്ഞെടുത്തു. ബോംബെയിലെ വിക്ടോറിയ ടെര്‍മിനസ് സ്‌റ്റേഷനും (നിലവില്‍ സി എസ് ടി – ഛത്രപതി ശിവജി ടെര്‍മിനസ്) സബര്‍ബന്‍ സ്‌റ്റേഷനുകളുമെല്ലാം പ്രധാന ഇടങ്ങളായി വരുന്നു. വിടിയില്‍ ലോക്കല്‍ ട്രെയിന്‍ എത്തുമ്പോള്‍ അത് പ്ലാറ്റ്‌ഫോമില്‍ നിറയ്ക്കുന്ന ജനസമുദ്രം മികച്ച സീനുകളിലൊന്നാണ്. വിടി സ്‌റ്റേഷന്‍ പല ഭാഷാ സിനിമകളും പല തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ മഹാനഗരത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനിലെ ആള്‍ത്തിരക്ക്, ചെറു അരുവിയായി ഊര്‍ന്നിറങ്ങി പുഴയായി മാറുന്ന പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. യഥാതഥ ചിത്രീകരണം ദുഷ്‌കരമായതിനാല്‍ രാത്രിയിലും എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ചുമാണ് വിടിയിലെ ആളിറക്കവും ഇറങ്ങിയോട്ടവുമെല്ലാം പകര്‍ത്തിയത്. സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ കാമറാമാനായ അപൂര്‍ബയ്ക്ക് 22 വയസ് മാത്രമായിരുന്നു പ്രായം. ഇറ്റാലിയന്‍ സംവിധായകന്‍ ജില്ലോ പോണ്ടികോര്‍വോ ഒരുക്കിയ ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സ് എന്ന സിനിമയെ പ്രചോദനമാക്കി ചിത്രത്തിന്റെ 70 ശതമാനവും അപൂര്‍ബ ഷൂട്ട് ചെയ്തത് ഹാന്‍ഡ് കാമറ ഉപയോഗിച്ചാണ്. വൈഡ് ലെന്‍സുകളാണ് കൂടുതലും ഉപയോഗിച്ചത്.

27 ഡൗണ്‍ – എന്‍ എഫ് ഡി സി പ്രൊമോ വീഡിയോ:

സ്വപ്നങ്ങളുടെ കുതിര സവാരി: ജാതി, വര്‍ഗ ബന്ധങ്ങളുടെ സൂക്ഷ്മ വിശകലനം; ഒരു ഗിരീഷ് കാസറവള്ളി സിനിമ

‘ജനശത്രു’ക്കള്‍ ഉണ്ടാകുന്നത് എങ്ങനെ? നുണകള്‍ നിര്‍മ്മിക്കപ്പെടുന്നതെങ്ങനെ? ഒരു സത്യജിത് റേ അന്വേഷണം

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍