UPDATES

സിനിമ

കപില്‍ ദേവിന്റെ ജീവിതം മുതല്‍ പിടി ഉഷ വരെ; അണിയറയില്‍ ഒരുങ്ങുന്ന സ്പോർട്സ്‌ ബയോപിക്കുകൾ ഇവയാണ്

ഇപ്പോഴിതാ ഒട്ടേറെ സ്പോർട്സ്‌ ബയോപിക്കുകളാണ് അണിയറയിൽ ഒരുങ്ങുന്നത്

മേരി കോം, മിൽഖാ സിംഗ്, എംഎസ് ധോണി -ഈ ഇന്ത്യൻ കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകൾ ബോളിവുഡിൽ ഏറെ ശ്രദ്ധേയമായ സ്പോർട്സ്‌ ബയോപിക്കുകളാണ്. കായിക താരങ്ങൾ എന്നും ചലച്ചിത്ര പ്രവർത്തകർക്ക് പ്രചോദനത്തിന്റെ ഒരു വലിയ സ്രോതസ്സായി മാറിയിരിക്കുകയാണ്. അമീര്‍ഖാന്റെ ദംഗല്‍ ഗീത ഫോഗട്ട്, ബബിത കുമാരി എന്നീ ഗുസ്തി താരങ്ങളുടെ കഥ പറഞ്ഞ് ബോക്സോഫീല്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. മലയാളി ഫുട്ബോള്‍ താരം സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റന്‍ മികച്ച അഭിപ്രായം നേടിയ മലയാള സിനിമയാണ്. ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. തന്താങ്ങളുടെ മേഖലയിൽ ചാമ്പ്യന്മാരായി മാറിയവരുടെ നിശ്ചയദാര്‍ഢ്യവും, കഠിനാധ്വാനത്തിന്റെയും കഥകളുമാണ് ഇത്തരം സിനിമകൾ പ്രേക്ഷകർക്ക് നൽകുന്നത്. ഒട്ടേറെ ബയോപിക്കുകൾ ഈ അടുത്ത കാലത്ത് നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിരവധി സ്പോർട്സ്‌ ബയോപിക്കുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

83

ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് 83. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതവും പ്രമേയമാകുമ്പോൾ ബോളിവുഡ് താരം രൺവീർ സിംഗ് ആണ് കപിൽ ദേവിനെ അവതരിപ്പിക്കുന്നത്. കപിൽ ദേവയുള്ള രൺവീറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ചിത്രത്തിൽ കപിലിന്റെ ഭാര്യ റോമി ഭാട്ടിയ ആയി വേഷമിടുന്നത് രൺവീറിന്റെ പ്രിയതമ കൂടിയായ ദിപീക പദുക്കോണാണ്. ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്തായി വേഷമിടുന്നത് തമിഴ് താരം ജീവയാണ്. ബൽവീന്ദർ സിംഗ് സന്ദുവായി പഞ്ചാബി താരം ആമി വിർകും അഭിനയിക്കും.

സൈന നെഹ്‌വാൾ

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ കഥപറയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. അമോല്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷത്തോടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂര്‍ത്തിയാക്കി, 2020 ആദ്യത്തില്‍ സൈന എന്നു പേരിട്ടിരിക്കുന്ന ചിത്രം റിലീസ് ചെയ്യും. പരിണീതി ചോപ്രയാണ് സിനിമയിൽ സൈനയാകുന്നത്. സൈനയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.

അഭിനവ് ബിന്ദ്ര

ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. 2017 ൽ പ്രഖ്യാപിച്ച ചിത്രം എന്ന് റിലീസ് ആകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചിത്രം ഉപേക്ഷിച്ചു എന്ന വാർത്തകളോട് ചിത്രത്തിലെ അഭിനേതാവ് അനിൽ കപൂർ പ്രതികരിച്ചിരുന്നു. സിനിമ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ അദ്ദേഹത്തിന്റെ മകനും നടനുമായ ഹര്‍ഷവര്‍ദധന്‍ കപൂറും ചിത്രത്തിലുണ്ട്.

മിതാലി രാജ്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ തപ്‌സി പന്നുവാണ് മിതാലി രാജായി വേഷമിടുക. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

2017-ല്‍ അനൗണ്‍സ് ചെയ്ത പ്രോജക്ട് ആണിത്. എന്നാല്‍ ചിത്രത്തിന് സംവിധായകനെ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആദ്യമായല്ല താപ്‌സി സ്‌പോര്‍ട്‌സ് സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്‌സി വേഷമിട്ടിരുന്നു.

പിവി സിന്ധു

പ്രമുഖ നടനും നിർമ്മാതാവുമായ സോനുസൂദ് ആണ് സിന്ധുവിൻ്റെ ജീവിതം സിനിമയാക്കുന്നത്. ഒളിംപിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമാണ് പി.വി സിന്ധു. രണ്ട് വര്‍ഷം മുൻപ് പ്രഖ്യാപിച്ച ചിത്രം. പല കാരണങ്ങൾ കൊണ്ട് നീണ്ടു പോവുകയായിരുന്നു. എന്നാൽ ചിത്രം ഈ വര്‍ഷം അവസാനം തന്നെ ചിത്രികരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ ഒടുവിൽ നൽകുന്ന വിവരം. എന്നാൽ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ദീപിക പദുകോൺ ആണ് പി.വി സിന്ധുവിന്റെ വേഷത്തിൽ എത്തുകയെന്നും റിപോർട്ടുകൾ ഉണ്ട്.

പി.ടി ഉഷ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പോർട്സ് താരങ്ങളിൽ ഒരാളായ പി.ടി ഉഷയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ ചിത്രത്തില്‍ കത്രിന കൈഫ് പി.ടി ഉഷയെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പരസ്യ ചിത്ര സംവിധായിക രേവതി എസ്.വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബോക്‌സിങ് താരം മേരി കോമിന്റെ ജീവചരിത്ര സിനിമയില്‍ മേരി കോമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രിയങ്ക ചോപ്രയെ ആയിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം പി.ടി ഉഷയാകാന്‍ സമീപിച്ചത്. എന്നാല്‍ മറ്റു ചില തിരക്കുകള്‍ ഉള്ളതിനാല്‍ പ്രിയങ്ക തനിക്ക് ഈ വേഷം ചെയ്യാനാവില്ലെന്ന് അറിയിക്കുകയും തുടര്‍ന്ന് കത്രിനയെ സമീപിക്കുകയായിരുന്നുവെന്നും റിപോർട്ടുകൾ ഉണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍ റഹ്മാനായിരിക്കും. എന്നാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍