UPDATES

ട്രെന്‍ഡിങ്ങ്

തുറന്നെഴുതിയ ആമിയെ പൊതിഞ്ഞു പറഞ്ഞതെന്തിനാണ്…

എന്തിനായിരുന്നു പലതും ബോധപൂര്‍വം മറയ്ക്കാന്‍ കമല്‍ ശ്രമിച്ചത്

അനു ചന്ദ്ര

അനു ചന്ദ്ര

മാധവിക്കുട്ടിയായും കമലാദാസായും കമല സുരയ്യയായും പല ജീവിതങ്ങള്‍ ജീവിച്ച പ്രിയ എഴുത്തുകാരിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ആമി. കേരളത്തിലെ ആദ്യ ‘ലൗ ജിഹാദാ’ണ് മാധവിക്കുട്ടിയുടെ മതം മാറ്റമെന്നും സിനിമ ‘ലൗ ജിഹാദി’നെ ന്യായീകരിക്കുന്നതാണെന്നും, മഞ്ജു വാര്യറിന് പകരമായി വിദ്യാബാലന്‍ കേന്ദ്ര കഥാപാത്രമായി വന്നിരുന്നുവെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമായിരുന്നു എന്ന സംവിധായകന്റെ പ്രസ്താവന തുടങ്ങി നിരവധി ആരോപണങ്ങള്‍ക്ക് വിധേയമായ ഈ ചിത്രം റീലീസിഗിനും മുന്‍പേ ഒട്ടനവധി വിവാദങ്ങളില്‍ പെട്ടിരുന്നു. ഓരോ വായനക്കാരന്റെയും മനസില്‍ അവര്‍ കണ്ട മാധവിക്കുട്ടിയില്‍ നിന്നും വ്യത്യസ്തമായി തന്റെ ചിത്രത്തിലെ മാധവിക്കുട്ടി താന്‍ കണ്ട, ഉള്‍ക്കൊണ്ട, വായനയിലൂടെ അറിഞ്ഞ കഥാകാരിയാണെന്ന് തുടക്കത്തിലേ സംവിധായകന്‍ അടിവരയിട്ടു പറഞ്ഞത് കൊണ്ട് തന്നെ ഏറെ ആകാംഷയോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ വരവേറ്റത്. 1991 ല്‍ മാധവിക്കുട്ടി രചിക്കപ്പെട്ട ‘എന്റെ കഥ’യുടെ തുടക്കം തന്നെയാണ് ഇവിടെയും ചിത്രത്തിന്റെ ആരംഭത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു കുരുവിയുടെ ദുരന്ത കഥയോടു കൂടി. ആ കുരുവിയുടെ രക്തം സ്വന്തം രക്തമായി കണ്ട് ആ രക്തം കൊണ്ടാണ് ആമിയായെത്തിയ മഞ്ജു വാര്യര്‍ കഥ പറഞ്ഞു തുടങ്ങുന്നത്. അവിടന്നങ്ങോട്ട് 1939 ലെ നാലപ്പാട്ടെ അവരുടെ കുട്ടിക്കാലവും വര്‍ത്തമാന ജീവിതവും എഴുത്തു ജീവിതവും ഇടകലര്‍ത്തി ‘എന്റെ കഥയുടെ’ ദൃശ്യാവിഷ്‌കാരം സമയപരിമിതിക്കുള്ളില്‍ നിന്നു കൊണ്ട് പറയാന്‍ ശ്രമിക്കുന്നതിന്റെ ബദ്ധപാടുകള്‍ സംവിധായകനില്‍ കാണാതിരുന്നില്ല. മാതാപിതാക്കളുടെ ഗാന്ധീയ ചിന്താഗതിയും അച്ചടക്കവും എന്നും അവര്‍ക്ക് ചങ്ങലകളായിരുന്നു എന്ന് മാധവിക്കുട്ടി തന്റെ എഴുത്തുകളിലൂടെ തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടും സംവിധായകന്‍ അതിനെ ബോധപൂര്‍വം പറയാന്‍ വിട്ടു കളഞ്ഞതാണോ എന്ന് സിനിമ കണ്ട ഏതൊരാള്‍ക്കും സംശയിക്കാവുന്നതാണ്.

1971 ല്‍ തുടങ്ങുന്ന കഥ ഫ്‌ളാഷ് ബാക്കും, വര്‍ത്തമാന ജീവിതവും കടന്ന് 2009ല്‍ അവരുടെ മരണശയ്യയില്‍ വെച്ചാണ് അവസാനിക്കുന്നത്. അവരുടെ എഴുത്തുകളിലെ പോലെ തന്നെ അവിശ്വസനീയതയും അതിഭാവുകത്വവും നിറഞ്ഞ കലര്‍പ്പോടെ തന്നെയാണ് തന്റെ പ്രേമഭാജനമായ ശ്രീകൃഷ്ണന്‍ സിനിമയിലെത്തുന്നതും. 15 വയസ്സില്‍ അവരുടെ ജീവിത പങ്കാളിയായിവന്ന, തന്നെക്കാള്‍ 20 വയസ് കൂടിയ ഭര്‍ത്താവായ മാധവദാസില്‍ നിന്നുണ്ടായ അനുഭവങ്ങളെ സത്യസന്ധമായി പകര്‍ത്തിയെഴുതിയ അവരോട് നീതി പുലര്‍ത്തി കൊണ്ട് തന്നെ സംവിധായകന്‍ മാധവദാസ് എന്ന കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. മുരളി ഗോപിയില്‍ ദാസേട്ടന്‍ എന്ന കഥാപാത്രം 100% സുരക്ഷിതമായിരുന്നു.

രൂപം കൊണ്ട് മാധവിക്കുട്ടിയിലിലേക്കുള്ള പരാകായപ്രവേശനം നടത്താനുള്ള ശ്രമം മഞ്ജു വാര്യര്‍ നടത്തിയിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍ അവരില്‍ നിറഞ്ഞു നിന്നിരുന്ന അതിനാടകീയമായ അവതരണശൈലിയില്‍ നിന്നും വേറിട്ട് ഒടുക്കമാകുമ്പോഴെക്കും അവര്‍ കഥാപാത്രത്തിലേക്ക് തന്റെ ആത്മാവിനെ സന്നിവേശിപ്പികക്കുന്നതായി കാണാം.

പ്രണയത്തെ ആത്മാവിന്റെ ഭക്ഷണമായി കണ്ട കമല

മാധവിക്കുട്ടിയുടെ കല്‍ക്കട്ട ജീവിതത്തെയും, നാലപ്പാട്ടെ ജീവിതത്തെയും സമ്മിശ്രമായി ഇടകലര്‍ത്തി കഥ അവരുടെ പ്രണയജീവിതം പറഞ്ഞു പോകാന്‍ സംവിധായകന്‍ ശ്രമിക്കുമ്പോള്‍ തന്നെ വാക്കുകളില്‍ പ്രണയത്തിന്റെ നോവുകളെ പകര്‍ത്തിവച്ച ആ കഥാകാരിയുടെ സ്ഥിരവും ഭദ്രവുമായ സ്‌നേഹത്തിനു വേണ്ടിയുള്ള അവരുടെ ദാഹത്തിന്റെ തീവ്രതയെ പ്രേക്ഷകനു മുന്‍പില്‍ ബോധ്യപ്പെടുത്താനാകാതെ സംവിധായകന്‍ പരാജയപ്പെട്ടു പോകുന്നു. പൊതുബോധത്തിന്റെ തലത്തില്‍ നിന്നും വ്യത്യസ്തമായി സ്‌നേഹത്തെ നിര്‍വചിക്കാന്‍ ധൈര്യം കാണിച്ച മാധവിക്കുട്ടിയുടെ സ്‌നേഹത്തെ അടയാളപ്പെടുത്താനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ പലപ്പോഴും അതൃപ്തി നേടി തന്നു. 1999 ലെ അവരുടെ മതമാറ്റത്തെ കുറിച്ചും, അതിനു പുറകിലെ പ്രണയമെന്ന കാരണത്തെ കുറിച്ചും സിനിമയില്‍ വ്യക്തമായി പറയുമ്പോള്‍ തന്നെ സമദാനി വിവാഹം കഴിക്കാമെന്ന് വാക്കു നല്‍കിയതുകൊണ്ടാണ് മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതെന്നും സമദാനിയുടെ ഇഷ്ടപ്രകാരമാണ് സുരയ്യ എന്ന പേര് സ്വീകരിച്ചതെന്നും ലീല മേനോന്‍ ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ എടുത്തു പറഞ്ഞതിനെ പറ്റി ഓര്‍ക്കുന്നു. വിവാദങ്ങളില്‍ പെട്ടു പോയ മുസ്ലീം ലീഗ് നേതാവും പ്രഭാഷകനും എം. പി യുമായ അബ്ദു സമദ് സമദാനിയില്‍ നിന്നും കഥാപാത്രത്തെ അക്ബര്‍ അലി(ഉറുദു ഗായകന്‍)എന്ന പേരിലേക്ക് മാറ്റി എടുക്കുമ്പോള്‍ സംവിധായകന്‍ അത് വരെ കാണിച്ച സത്യസന്ധത ഇടക്ക് വെച് തെറ്റിച്ചോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിഷ്വലി നല്ല അനുഭവം തരുന്ന ചിത്രത്തില്‍ ഛായാഗ്രഹന്‍ മധു നീലകണ്ടന്റ കഴിവിനെ എടുത്തു പറയാതിരിക്കുക വയ്യ. നാലപ്പാട്ടെ ചരിത്രം, ബാലാമണിയമ്മയുടെ ജീവിതം, മാധവിക്കുട്ടി ഇസ്ലാമില്‍ ചേര്‍ന്നശേഷം ഉണ്ടായ പ്രണയ നിരകരണം, മുസ്ലിം ജീവിത അനുഭവങ്ങളില്‍ നിന്നുണ്ടായ നിരാശ, വര്‍ഗീയതകള്‍ തുടങ്ങി അവരുടെ ജീവിതത്തിന്റെ എല്ലാ അരികുകളിലൂടെയും, വശങ്ങളിലൂടെയും സംവിധായകന്‍ കടന്നു പോയിട്ടുണ്ട്. ജാനുവമ്മ പറഞ്ഞ കഥയെന്ന അവരുടെ ഓര്‍മകുറിപ്പിലെ നായികയായ ജാനുവമ്മയായി കെ പി എസ് സി ലളിതയും അതിഥി വേഷത്തില്‍ എത്തുന്നു.

തിരക്കഥയില്‍ കടന്നു വരുന്ന നാടകീയ സംഭാഷണങ്ങള്‍ ചിലപ്പോഴെങ്കിലും ആരോചകമുണര്‍ത്തി. മികച്ച കലാ സംവിധാനം, സംഗീത സംവിധാനം എന്നിവ തൃപ്തിപ്പെടുത്തി. ഒരു സ്ത്രീക്ക് മാത്രമെ ഇത്രമേല്‍ വൈവിധ്യപൂര്‍ണമായി ജീവിതത്തെ കാണാന്‍ സാധിക്കൂയെന്ന് മലയാളികളെ ആദ്യം ബോധ്യപ്പെടുത്തിയ കലാകാരിയുടെ ജീവിതം മികച്ച ദൃശ്യാനുഭവമായി പ്രേക്ഷകര്‍ക്ക് നല്‍കിയെങ്കിലും ഒരു ഡോക്യുമെന്ററിയുടെ അവതരണ ശൈലി ഉപയോഗപ്പെടുത്തി എന്നത് പലപ്പോഴും കടുത്ത നിരാശ നല്‍കുന്നു.

ഏറെക്കുറെ സത്യസന്ധമായ ആമി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍