UPDATES

സിനിമ

ഏറെക്കുറെ സത്യസന്ധമായ ആമി

ഇടതു മതേതര കാഴ്ച്ചപ്പാടില്‍ നിന്നാണ് കമല്‍ കമല സുരയ്യയുടെ കഥ പറഞ്ഞിരിക്കുന്നത്‌

അപര്‍ണ്ണ

അപര്‍ണ്ണ

കമല സുരയ്യ എന്നും കമല ദാസ് എന്നും മാധവി കുട്ടിയെന്നും പല കാരണങ്ങളാല്‍ വിളിക്കാന്‍ പറ്റാത്തവര്‍ അവരെ വിളിച്ച പേരായിരുന്നു ആമി. കമല സുരയ്യയുടെ( അവര്‍ അവസാന സ്വേച്ഛയാല്‍ സ്വീകരിച്ച പേര് അതായത് കൊണ്ട്). ബയോപിക്ക് എടുക്കുമ്പോള്‍ കമല്‍ അത് കൊണ്ട് തന്നെ ആമി എന്ന പേര് എടുത്തു. വളരെ സംഭവ ബഹുലവും പൊതുജന ശ്രദ്ധ പതിഞ്ഞതുമായ സാഹിത്യ വ്യക്തി ജീവിതങ്ങള്‍ ആയിരുന്നു സുരയ്യയുടേത്. ഒരുപാട് വായനക്കാരും സൗന്ദര്യാരാധകരും എഴുതി തുടങ്ങിയത് മുതല്‍ അവരെ പൊതിഞ്ഞു നിന്നിരുന്നു. അവരുടെ ജീവിതം പോലെ തന്നെ വിവാദങ്ങളിലൂടെ ആയിരുന്നു അനൗണ്‍സ് ചെയ്തത് മുതല്‍ ആമി സിനിമയുടെയും യാത്ര. പ്രേക്ഷകരുടെ മനസില്‍ ആരാവും ആമി എന്ന ചിന്ത ഉണ്ടായി. സിനിമയുടെ ആദ്യ ഘട്ടം മുതല്‍ അതിനെ കുറിച്ചായിരുന്നു ചര്‍ച്ച. കുറെ ഊഹാപോഹങ്ങളിലൂടെ കടന്നു പോയി വിദ്യ ബാലനില്‍ ആ ചര്‍ച്ച എത്തി നിന്നു. നിരവധി ഇന്റര്‍വ്യൂകളില്‍ കമലും വിദ്യ ബാലനും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. പിന്നീട് അവര്‍ പിന്മാറി. രാഷ്ട്രീയ ഭീരുത്വം വരെ ആയി ആ പിന്മാറ്റം വ്യഖ്യാനിക്കപ്പെട്ടു. തിരക്കഥയിലെ വിയോജിപ്പാണ് കാരണം എന്നവരും പറഞ്ഞു. പിന്നെയും പല പേരുകള്‍ പറഞ്ഞു കേട്ട് അവസാനം മഞ്ജു വാര്യരില്‍ ആ പേര് എത്തി നിന്നു. എന്തായാലും രൂപ സാദൃശ്യമില്ലായ്മ ആദ്യ ചര്‍ച്ചയായി. ട്രെയിലറിനെ കുറിച്ചും രണ്ടഭിപ്രായമുണ്ടായി. ഇടക്ക് കമലിന്റെ പ്രസ്താവനകളില്‍ ചിലതും വിവാദങ്ങളായി. അവസാനം റിലീസ് തടയാന്‍ ആരൊക്കെയോ കോടതിയെ സമീപിച്ചു. എന്തായാലും ചര്‍ച്ചാ ബാഹുല്യങ്ങള്‍ക്കിടയിലേക്കാണ് ആമി റിലീസ് ആവുന്നത്.

‘എന്റെ കഥ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല സിനിമ എടുത്തിട്ടുള്ളത് എന്ന മുന്‍കൂര്‍ ജാമ്യത്തില്‍ ആണ് ആമി തുടങ്ങുന്നത്. ഒരാളുടെ, മരിക്കുന്നതിനു വളരെ മുന്നേ എഴുതിയ ആത്മകഥ പോലും ആശ്രയിക്കാതെ ഒരു ബയോ പിക്ക് എടുക്കാനുവുമോ എന്ന സംശയം ആര്‍ക്കും മനസ്സില്‍ വരാം. പക്ഷെ അങ്ങനെ എടുക്കുന്നതിന്റെ സുരക്ഷിതത്വത്തെ തന്നെയാണ് കമല്‍ ആശ്രയിച്ചിട്ടുള്ളത്. കഥാഗതിയില്‍ അപ്രവചനീയമായി ഒന്നുമില്ല. നാലാപ്പാട്ട് തറവാട്, അമ്മമ്മ, നീര്‍മാതളം, കല്‍ക്കട്ട, കൃഷ്ണ പ്രണയം, വിവാഹം, നിരാശ, അസ്ഥിരത, എഴുത്ത്, വിവാദങ്ങള്‍, പ്രണയങ്ങള്‍, പ്രണയഭംഗങ്ങള്‍, മതംമാറ്റം, മരണം വരെ കേട്ടറിഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ല. ആ സംഭവങ്ങളുടെ സത്യസന്ധമായ ഡോക്യുമെന്റെഷന്‍ എന്ന് പറയാം ആമി. അവരെ കുറിച്ചുള്ള നമ്മുടെ കേട്ടറിവുകള്‍ എത്ര സത്യമാണ് എന്നത് ആര്‍ക്കും ആത്യന്തികമായി പറയാന്‍ ആവില്ല. ആ ശരികള്‍ ഓരോരുത്തരുടെയും രാഷ്ട്രീയ ശരി ബോധ്യത്തിനനുസരിച്ചു വ്യത്യസ്തവുമായിരിക്കും. കമലാ സുരയ്യയുടെ ജീവിതം പറയുമ്പോള്‍ ഏത് രാഷ്ട്രീയ ബോധ്യത്തില്‍ ഊന്നി പറയണം എന്നത് തികച്ചും പ്രധാനമാണ്. കമല്‍ ഇടതു മതേതര കാഴ്ചപ്പാടില്‍ നിന്നാണ് അത് പറഞ്ഞത്. അത് കൊണ്ട് തന്നെ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവര്‍ക്ക് സിനിമയെ ഉള്‍കൊള്ളാന്‍ ആവും എന്ന് തോന്നുന്നില്ല. ഇസ്ലാമോഫോബിയ വേണമെങ്കില്‍ ആരോപിക്കാനും സാധ്യതകള്‍ ഉണ്ട്. പക്ഷെ ഇതിനിടയില്‍ കമല്‍ കാണിച്ച ബാലന്‍സ് സത്യസന്ധമായിരുന്നു. ”മതം ഒരു നുണയാണ്. ദൈവത്തോട് മതത്തെ പറ്റി ചോദിച്ചാല്‍ അതെന്താണെന്നു ദൈവം തിരിച്ചു ചോദിക്കും” എന്ന് പറഞ്ഞ കമല സുരയ്യയെ പറ്റി പറയുമ്പോള്‍ ആ ബാലന്‍സ് തന്നെയാണ് സത്യസന്ധത. പിന്നെ കമല സുരയ്യയെ പറ്റി പറയുമ്പോള്‍ സ്ത്രീപക്ഷം എന്നോര്‍മ വരും. ഒരു സ്ത്രീയുടെ കുടുംബത്തിനകത്തു മുതല്‍ അനുഭവിക്കേണ്ടി വരുന്ന ഇരട്ടത്താപ്പിനെ കുറിച്ചാണ് അറിഞ്ഞോ അറിയാതെയോ അവര്‍ പറഞ്ഞത്. ആ വിഷയം തന്നെയാണ് സിനിമയുടെ ഊന്നല്‍. പക്ഷെ അവിടെ അവര്‍ക്കു ചുറ്റുമുള്ള എല്ലാരും പാവങ്ങള്‍ ആണ് എന്ന മട്ടില്‍ അരാഷ്ട്രീയമായാണ് സിനിമ ആ വിഷയത്തെ പറ്റി പറയുന്നത്. ‘അക്ബര്‍ അലി’ എന്ന കഥാപാത്രത്തിന്റെ നിര്‍മിതിയില്‍ ഒക്കെ അത് പ്രകടമാണ്. അക്ബര്‍ അലി എന്ന കഥാപാത്രം നിലനില്‍ക്കുന്നത് കുറെ അവ്യക്തതകളിലും ഊഹാപോഹങ്ങളിലും ആണ്. മാധവ ദാസിനെ പറ്റി ഉള്ള പോലെ കൃത്യമായ ഒരു വിശദീകരണം അവര്‍ പറഞ്ഞിട്ടില്ല. അവര്‍ക്ക് ചുറ്റുമുള്ളവര്‍ക്കും കൃത്യതയോടെ ആ ബന്ധത്തെ അറിയാന്‍ സാധിക്കില്ല. ലവ് ക്വീന്‍ ഓഫ് മലബാര്‍ എന്ന പേരില്‍ മെറിലി വെയ്‌സ്‌ബോഡ് എഴുതിയ അവരുടെ ജീവ ചരിത്രത്തിലും എഴുത്തുകാരി ഇന്ദു മേനോന്റെ ചില പരാമര്‍ശങ്ങളിലും ആണ് പറഞ്ഞിരുന്നത്. ഈ റെഫെറന്‍സ് തന്നെയാണ് കമല്‍ ഏറെക്കുറെ സ്വീകരിക്കുന്നത്. എന്തായാലും മാധവ ദാസും അക്ബര്‍ അലിയും വളരെ സുരക്ഷിതമായി നിര്‍മ്മിച്ചെടുത്ത കഥാപാത്രങ്ങളാണ്. എവിടെയൊക്കെയോ സാഹചര്യങ്ങളുടെ ആനുകൂല്യം നല്‍കി തന്നെയാണ് കമല്‍ അവരെ പ്ലേസ് ചെയ്തിരിക്കുന്നത്. കമലാ സുരയ്യയുടെ ജീവിതം പറയുമ്പോള്‍ ഇതെത്ര മാത്രം സത്യസന്ധമാണ് എന്നറിയില്ല.

എന്നും അവരുടെ സങ്കല്പങ്ങളിലെ പുരുഷന്‍ കൃഷ്ണന്‍ ആണ്. ”ഓ കൃഷ്ണാ, ഞാന്‍ ഉരുകുന്ന, ഉരുകുന്ന..നീയല്ലാതെ മറ്റൊന്നും എന്നില്‍ ശേഷിക്കുന്നില്ല” എന്നവര്‍ എഴുതി. നഷ്ടപ്പെട്ട നീലാംബരിയില്‍, കവിതകളില്‍ ഒക്കെ കൃഷ്ണന്റെ സാന്നിധ്യമുണ്ട്. പ്രണയരാഹിത്യത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ ആണ് അവര്‍ക്ക് കൃഷ്ണന്‍ എന്ന് തോന്നിയിട്ടുണ്ട്. കടുത്ത പ്രണയ ഭംഗങ്ങളില്‍ ഉന്മാദങ്ങളില്‍ ഒക്കെ അവരെ വിമോചിപ്പിക്കാന്‍ എത്തുന്ന സുഹൃത്തും പ്രണയിയും ഒക്കെ ആയി തന്നെയാണ് സിനിമയിലും കൃഷ്ണനെ അവതരിപ്പിച്ചിട്ടുള്ളത്. കൃഷ്ണനെയും കൂടെ കൂട്ടി ആണ് മതം മാറുന്നത് എന്ന് ഓര്‍മിപ്പിക്കുന്ന അവരെയും സിനിമയില്‍ കാണാം. ഒരു ദൈവ സങ്കല്പമായി കൃഷ്ണന്‍ ഒരിക്കലും കമല സുരയ്യയുടെ സാഹിത്യ ലോകത്ത് പ്രത്യക്ഷപ്പെട്ടതായി അറിവില്ല. സിനിമയിലും അങ്ങനെ തന്നെയാണ്. കടുത്ത സന്തോഷങ്ങളില്‍ സങ്കടങ്ങളില്‍ എഴുത്തു നിലച്ചു പോകുന്ന അവസ്ഥകളില്‍ ഒക്കെ അവര്‍ ആശ്രയിക്കുന്ന സങ്കല്പ രൂപമായി സിനിമയില്‍ ഉടനീളം കൃഷ്ണന്‍ ഉണ്ട്. സ്വയം വെളിപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ ഒക്കെ അവര്‍ക്കു മുന്നില്‍ പ്രണയത്തോടെ പുഞ്ചിരിച്ചു അയാളെത്തും. ഇതിനെ വളരെ സ്‌െ്രെതണമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് കമല്‍.

"</p

ഇന്ത്യന്‍ സിനിമയില്‍ തന്നെ ബയോപിക്കുകള്‍ വളരെയധികം വരുന്നു. മേരി കോം, ധോണി, അസ്ഹര്‍ തുടങ്ങി മലയാളത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന ക്യാപ്റ്റന്‍ വരെ നിരവധി ജീവചരിത്ര ആവിഷ്‌കാരങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു.പാഡ്മാന്‍ ആമിക്കൊപ്പം പുറത്തിറങ്ങി. സെല്ലുലോയ്ഡിനു ശേഷം കമലിന്റെ രണ്ടാമത്തെ ബയോപിക്കാണിത്. ഉട്ടോപ്യയിലെ രാജാവ് പോലെ ദിശയറിയാതെ ഉഴറുന്ന സിനിമകളേക്കാള്‍ ആശ്വാസം തരുന്നുണ്ട് ഉത്തരം അടയാളപ്പെടുത്തലുകള്‍. കമല്‍ കണ്ട ആമി മാത്രമാണ് ഇത് എന്ന വളരെ പ്രകടമായ ന്യായം സിനിമയില്‍ പ്രവര്‍ത്തിച്ച പലരും പറഞ്ഞു കേട്ടു. ആമിയുടെ പല വ്യഖ്യാന സാധ്യതകളില്‍ ഒന്ന് എന്ന മട്ടില്‍ മാത്രമാണ് ഇതിനെ കാണേണ്ടത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ ന്യായം. ഒരു ബയോപിക്ക് എന്ന നിലയില്‍ കൃത്യമായി പഠിച്ചു, സുരക്ഷിതമാകേണ്ടിടത്തു സുരക്ഷിതമായി തന്നെ നടത്തിയ ഡോക്യുമെന്റെഷന്‍ തന്നെയാണ് ആമി. കേട്ടറിവുകളോടെങ്കിലും സിനിമ സത്യസന്ധത പുലര്‍ത്തുന്നുണ്ട്. അതിനപ്പുറം കമലാ സുരയ്യയുടെ ജീവിതത്തോട് സത്യസന്ധത പുലര്‍ത്താന്‍ അവര്‍ക്കു മാത്രമേ സാധിക്കൂ. ആ സത്യം തിരിച്ചറിയുകയും ഒരു ഡോക്യുമെന്റെഷനപ്പുറം ഉന്മാദങ്ങളുടെ ഒക്കെ വൈകാരികത, സങ്കല്‍പ്പവും സത്യവും തമ്മിലുള്ള ദൂരം അളക്കാതിരിക്കുക ഒക്കെ ബുദ്ധിപരമായി കമല്‍ ചെയ്തിട്ടുണ്ട്. അവരുടെ വ്യക്തിജീവിതത്തിലെ പ്രണയങ്ങളെ കുറിച്ചുള്ള കുറെ പേരുടെ ഒട്ടും ആരോഗ്യപരമല്ലാത്ത ആസക്തിയെ വളരെ കൃത്യമായി അവഗണിച്ചിട്ടും ഉണ്ട്. ജീവിതത്തിലെ പുരുഷന്മാരുടെ എണ്ണമെടുക്കാന്‍ പോയിട്ടില്ല എന്നത് കമല സുരയ്യയുടെ ബിയോപിക്കിനെ സംബന്ധിച്ച് വളരെ സത്യസന്ധമായ കാര്യമാണ്. സംഭവങ്ങളെ കൃത്യമായി അടയാളപ്പെടുത്തുക എന്നതാണ് ബയോപിക്കുകളുടെ പ്രാഥമിക ദൗത്യം എങ്കില്‍ ആമി അത് വൃത്തിയായി ചെയ്തിട്ടുണ്ട്.

സിനിമയിലെ താരങ്ങളുടെ തിരഞ്ഞെടുപ്പാണ് ആമിയെ ചുറ്റി പറ്റി ഉണ്ടായിരുന്ന വലിയ ചര്‍ച്ച. മഞ്ജു വാര്യരുടെ രൂപവും കമല സുറയ്യയുടെ രൂപവും തമ്മില്‍ ഉള്ള സാമ്യക്കുറവ് വലിയ ചര്‍ച്ചയായി. ട്രെയിലറിലെ ചില രംഗങ്ങള്‍ എല്ലാ പ്രേക്ഷകരും അത്ര കണ്ടു സ്വീകരിച്ചില്ല. ”സിനിമ തുടങ്ങി പത്തു മിനിറ്റിനകം നിങ്ങള്‍ മഞ്ജു വാര്യരെ മറക്കും” എന്ന് അവര്‍ ചില അഭിമുഖങ്ങളില്‍ പറഞ്ഞു. എന്തായാലും രൂപത്തെ അത്ര കണ്ടു ഓര്‍മിപ്പിക്കാതെ മഞ്ജു വാര്യര്‍ ആമി ആയി. നന്നായി തന്നെ അവര്‍ ഈ തിരക്കഥയെ ഉള്‍ക്കൊണ്ടു. വിദ്യാ ബാലന്‍ നഷ്ടബോധത്തെ ഒരിക്കലും കൂടെ കൂട്ടാന്‍ സമ്മതിക്കാതെ അവര്‍ തന്റെ ഇടം വൃത്തിയായി ഉപയോഗിച്ചു. കമല സുരയ്യയുടെ സംസാര ശൈലി വളരെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. അത് പക്ഷെ മഞ്ജുവിന് മുഴുവനായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിനിമയിലെ പല താരങ്ങള്‍ക്കും ഈ പരിമിതി അനുഭവപ്പെട്ടു. വള്ളുവനാടന്‍ ഭാഷ പറയുന്നതും അനുകരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആമിയുടെ അമ്മമ്മയായി അഭിനയിച്ച ശ്രീദേവി ഉണ്ണി സംസാരിക്കുന്നതും മഞ്ജു സംസാരിക്കുന്നതും തമ്മില്‍ ഉള്ള വ്യത്യാസം അതാണ്. ബാലാമണി അമ്മയായ രചന പവിത്രനും ഈ പ്രശ്‌നം ഉണ്ടായിരുന്നു. സ്വാഭാവികത ഇങ്ങനെ ചില രംഗങ്ങളില്‍ കുറഞ്ഞു പോകുന്നതിനു അത് കാരണമായി എന്ന് തോന്നുന്നു. മാധവ ദാസ് ആയ മുരളി ഗോപിയും അക്ബര്‍ അലിയായ അനൂപ് മേനോനും ടോവിനോയും ഒക്കെ മഞ്ജുവിനെ വളരെ ഭംഗിയായി തന്നെ പിന്തുണച്ചു. സിനിമയെ കൃത്യമായ ബാലന്‍സ് ചെയ്തു കൊണ്ടുപോകാന്‍ ഇതും വലിയ കാരണമാണ്. ബിജിബാലിന്റെ പശ്ചാത്തല സംഗീതവും മധു നീലകണ്ഠന്റെ ക്യാമറയും ഓര്‍ക്കാതെ ആമി പൂര്‍ണമാവില്ല.

രാഷ്ട്രീയ ശരി വിശകലനം നോക്കിയാല്‍ ട്രാന്‍സ്‌ഫോബിയ അടക്കം പലതും കാണാന്‍ കഴിയും ആമിയില്‍. പക്ഷെ ഒരാളുടെ ജീവിതം അടയാളപ്പെടുത്തുമ്പോള്‍ വേണ്ട സത്യസന്ധത ഇത്തരം ശരി ഇല്ലായ്മകളില്‍ കൂടി കൂടിയാണല്ലോ. വളരെ ആഴത്തില്‍ ഉള്ള വിശകലന സൈദ്ധാന്തിക ആഖ്യാനം ഒന്നുമല്ല ആമി. വളരെ ബാലന്‍സ്ഡ് ആയി ഇവിടെ സജീവമായി ജീവിച്ച ഒരാളുടെ ജീവിതം അതായി തന്നെ അടയാളപ്പെടുത്താന്‍ ഉള്ള ശ്രമം ആണ് സിനിമ . ആ നിലക്ക് ഏറെക്കുറെ വിജയിച്ച, നിരാശപ്പെടുത്താത്ത ശ്രമം തന്നെയാണ് ആമി. അതിനപ്പുറം കമല സുരയ്യയെ പോലെ ഒരാളുടെ ജീവിതവും രാഷ്ട്രീയവും തേടി പോകുക അസാധ്യമായ കാര്യമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍