UPDATES

സിനിമ

വിമര്‍ശനങ്ങളോട് ആഷിക് അബു പ്രതികരിക്കുന്നു; ‘വൈറസ് സിനിമയുടെ നെടുംതൂണ്‍ ശൈലജ ടീച്ചറാണ്, പക്ഷേ ആരെയും ഗ്ലോറിഫൈ ചെയ്യുകയായിരുന്നില്ല ഉദ്ദേശം’

ഇവിടെ ലെഫ്റ്റ് ഐഡിയോളജി വളര്‍ത്താന്‍ ഞാനൊരു സിനിമ ചെയ്യേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല-ആഷിക് അബു

2018-ല്‍ നിപയെ കേരളം അതിജീവിച്ചതിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കിയ വൈറസ് പ്രേക്ഷക ശ്രദ്ധ നേടി പ്രദര്‍ശനം തുടരുകയാണ്. ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിക്കുകയും അതിനെ നിയന്ത്രണവിധേയമാക്കുകയും ചെയ്ത സമയത്ത് തന്നെയായിരുന്നു സിനിമയും പ്രദർശനത്തിനെത്തിയത്. അതേസമയം തികച്ചും അപ്രതീക്ഷിതമായി ഇടത് സൈബറിടങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ നേരിടുകയാണ് സിനിമ. ഇടതു സർക്കാറിന്‍റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും പ്രവർത്തനങ്ങൾ വിലകുറച്ച് കാണിച്ചെന്ന വിമർശനങ്ങളാണ് വ്യാപകമായി ഉയര്‍ന്നത്.

എന്നാൽ ഇത്തരം വിമർശനങ്ങൾ താൻ പ്രതീക്ഷിച്ചിരുന്നതാണെന്നാണ് ആഷിഖ് അബു അഴിമുഖത്തോട് പറഞ്ഞത്.

“വിമർശനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സിനിമയുമായി മുന്നോട്ട് പോയത്. പല രീതിയിൽ കാണാവുന്ന സിനിമയാണ് ഇത്. പല രീതിയിലുള്ള കാഴ്ച്ചപ്പാടുകളും വരാം. ഒരു ഫിലിംമേക്കർ എന്ന നിലയ്ക്ക് ഞാൻ കാണാൻ ആഗ്രഹിച്ചത്, ഞങ്ങൾ പറയാൻ ആഗ്രഹിച്ചത്, മാനവികതയുടെ രാഷ്ട്രീയ ഇടപെടലുകളെ പറ്റിയിട്ടാണ്. അത് തീർച്ചയായും ഇടത് രാഷ്ട്രീയം തന്നെയാണ്. ആ ഐഡിയോളജിയുടെ ഇടപെടലാണ് ഞങ്ങൾ ആരോഗ്യമന്ത്രിയുടെ കഥാപാത്രത്തിലൂടെ കാണിച്ചിട്ടുള്ളത്. അതൊരു വ്യക്തിയല്ല, അതിനൊരു രൂപസാദൃശ്യം ഉണ്ടാകാമെങ്കിലും.

ടീച്ചർ എന്നോട് ഈ സിനിമയെ കുറിച്ച് സംസാരിച്ചിട്ടുള്ളതെല്ലാം മറ്റുള്ളവരുടെ ഇടപെടലുകളെ പറ്റിയാണ്. ടീച്ചർ ഒരിക്കലും വൺ മാൻ ഷോ ആയിട്ടല്ല കാര്യങ്ങളെ അവതരിപ്പിക്കുന്നത്.  അതിനെ എതിര്‍ക്കുന്ന ആളാണ് ടീച്ചർ. ‘അയാള്‍ ചെയ്ത അക്കാര്യം ഉൾപ്പെടുത്താൻ പറ്റിയില്ലല്ലോ’ എന്ന തരത്തിൽ എപ്പോഴും ടീച്ചർ സംസാരിച്ചിരുന്നു. ആരോഗ്യ മന്ത്രിയുടെ കൂടെ ഹെൽത്ത് ഡിപ്പാര്‍ട്ട്മെന്റ് ഇത്രയും കാര്യക്ഷമമായി നിൽക്കാനുള്ള കാരണം ടീച്ചർ തങ്ങളുടെ കൂടെ വർക്ക് ചെയ്യുന്നവരെ അത്രത്തോളം ബഹുമാനിക്കുന്നു എന്നുള്ളതുകൊണ്ടാണ്.

ഞാനൊക്കെ പഠിച്ചിട്ടുള്ളത് വ്യക്തിയല്ല പ്രസ്ഥാനത്തിൽ വലുത്, പ്രത്യയശാസ്ത്രം ആണെന്നുള്ളതാണ്. ടീച്ചറെ ഗ്ലോറിഫൈ ചെയ്യുക എന്നുള്ളതായിരുന്നില്ല ഉദ്ദേശം. ടീച്ചർ ചെയ്‌തു എന്ന് പറയുന്ന പല കാര്യങ്ങളും ചെയ്തത് മറ്റു പല കഥാപാത്രങ്ങളുമാണ്. പക്ഷെ ടീച്ചറുടെ നിയന്ത്രണത്തിലാണ് അതെല്ലാം നടക്കുന്നത്. നെടുംതൂണായിട്ട് ടീച്ചർ അവിടെ തന്നെ ഉണ്ട്. ടീച്ചറാണ് സിനിമ കൺക്ലൂഡ് ചെയ്യുന്നത്. ഇത്രയും താരങ്ങളും ഒരക്ഷരം പോലും മിണ്ടാത്ത സാഹചര്യത്തിൽ എല്ലാം പറഞ്ഞവസാനിപ്പിക്കുന്നത് നാട്ടിലെ മന്ത്രിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വിശ്വസിക്കുന്ന പ്രത്യയശാസ്‌ത്രമാണ് അവിടെ സംസാരിക്കുന്നത്. അങ്ങനെ ഒരു സിനിമ ചെയ്യാനാണ് ഞാൻ ആഗ്രഹിച്ചത്, ഞങ്ങൾ എല്ലാവരും ആഗ്രഹിച്ചത്. അത് ആളുകൾക്ക് മനസിലായിട്ടുണ്ടെന്നാണ് തോന്നുന്നത്. മുദ്രാവാക്യം വിളിക്കാൻ എന്തായാലും ഉദ്ദേശിച്ചിരുന്നില്ല.”

മന്ത്രി ടി.പി രാമകൃഷ്ണന്റെ ഇടപെടലുകളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നുള്ള വിമർശനങ്ങള്‍

അങ്ങനെ വ്യാഖ്യാനിക്കുന്നവർക്ക് അങ്ങനെ ആകാം. കാരണം അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഒരു മൂവായിരം സിനിമ ചെയ്യാനുള്ള വിഷയമാണ് നമ്മൾ സംസാരിക്കുന്നത്. ഓരോ ആളുകളിലും ഒന്നോ രണ്ടോ സിനിമ വീതമുണ്ട്. രാമകൃഷ്ണേട്ടന്റെ ഭാഗത്ത് നിന്ന് നോക്കിയാൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ വളരെ വലുതാണ്. നമ്മൾ ഷൂട്ട് ചെയ്തിട്ട് വേണ്ടെന്ന് വെച്ച സീനുകൾ ഉണ്ട്. ഒരു സിനിമയെന്ന നിലയ്ക്ക് ഇതിനെ എവിടെയെങ്കിലും പിടിച്ച് നിർത്തണമല്ലോ. ഒരു ചെറിയ വിഭാഗം ആളുകളാണ് ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നത്. അതായത്‌ വ്യക്തിയോട് ആരാധന തോന്നുന്നവർ, അത്തരത്തിൽ ഉള്ളവർ ഫാൻസിനെ പോലെ തന്നെയാണ്. പക്ഷെ ഈ വ്യക്തികൾ എല്ലാം തന്നെ പ്രവർത്തിക്കുന്നത് ഒരു പ്രത്യയശാസ്‌ത്രത്തിന്റെ പിൻബലത്തിലാണെന്നുള്ളത് മറന്നു പോകുന്നു. ടീച്ചർ സംസാരിക്കുന്നത് മനുഷ്യത്വത്തിന്റെ ഭാഷയാണ്. ആ അർത്ഥത്തിൽ തന്നെ ആകുലതകൾ ഉള്ള ആളാണ്, എല്ലാവരെയും ഭരിക്കുന്ന ആളല്ല. ജനങ്ങളുടെ ജീവിതത്തെ പറ്റി ആകുലപ്പെടുന്ന ആർദ്രതയുള്ള ഒരു കഥാപാത്രമായിട്ടാണ് ഞങ്ങൾ സങ്കൽപിച്ചിട്ടുള്ളത്. ആ ആർദ്രത രാഷ്ട്രീയത്തിന് നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും അത് ആജ്ഞാപനത്തിന്റെ ഒരു പ്രത്യയശാസ്‌ത്രമാണെന്ന് തോന്നുന്നത്. ആ ആർദ്രതയെ കുറിച്ചാണ് കാള്‍ മാർക്സ് പറഞ്ഞിട്ടുള്ളത്. ഒരു വ്യക്തിയെന്ന നിലയ്ക്ക് ശൈലജ ടീച്ചറും, ടിപി രാമകൃഷ്ണനും വഹിച്ച പങ്കിൽ എനിക്ക് യാതൊരു സംശയവുമില്ല. പങ്കെടുത്ത ഓരോരുത്തരം വളരെ വലിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്.

ശൈലജ ടീച്ചർ സംസാരിച്ചിട്ടുള്ളതെല്ലാം മറ്റുള്ളവരെ കുറിച്ച് മാത്രമാണ് 

രാജീവ് സദാനന്ദൻ എന്നൊരു ഐഎഎസുകാരനുണ്ടായിരുന്നു. അദ്ദേഹം നിപ അതിജീവനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ടീച്ചർ പലതവണ കാണുമ്പോഴും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുമായിരുന്നു. അദ്ദേഹത്തിന് ഒരു ട്രിബ്യൂട്ട് പോലെ എന്തെങ്കിലും ചെയ്യണമെന്നും ടീച്ചർ ആവശ്യപ്പെട്ടിരുന്നു. ശൈലജ ടീച്ചർ എന്നോട് സംസാരിച്ചിട്ടുള്ളതെല്ലാം മറ്റുള്ളവരെ കുറിച്ചാണ്. അല്ലാതെ ഞാൻ അത് ചെയ്‌തു, അവിടെ അങ്ങനെ ചെയ്‌തു എന്നുള്ളതല്ല. എല്ലാവരും ഒരുമിച്ച് ചേർന്ന് പോയാൽ മാത്രമേ വിജയമുണ്ടാകൂ എന്ന് കൃത്യമായി അറിയാവുന്ന ആളാണ്‌ ടീച്ചർ.

സിനിമയിൽ നിപ രോഗബാധിതനായ ഒരാളെ നാട്ടുകാർ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ആശുപത്രിയിലേക്ക് എത്തിക്കുന്നതായി കാണിക്കുന്നു. അത് ഒരു മോശം സന്ദേശമല്ലേ സമൂഹത്തിനു നൽകുന്നത്? 

അതൊരു ഡോക്യുമെന്ററി ലെവലിൽ ഉള്ള ചോദ്യമാണ്. ഞങ്ങൾക്കുള്ള സിനിമാറ്റിക് സ്വാതന്ത്ര്യം ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണ് ഈ കഥാപാത്രം. അതിൽ നിന്നും ഒരു മോശം സന്ദേശം സമൂഹത്തിനു ലഭിക്കുമെന്ന് കരുതുന്നില്ല. നമ്മൾ ഉദ്ദേശശുദ്ധിയോടെ ചെയ്ത കാര്യമാണത്. ഡോക്യുമെന്ററി പോലെ പറയേണ്ട കാര്യത്തെ ഫീച്ചര്‍ സിനിമയെന്ന മാധ്യമം ഉപയോഗിച്ച്, പ്രേക്ഷകരുടെ ആസ്വാദനത്തെ ഗൗരവമായിട്ടെടുത്ത് വേണം അവരോട് പറയാനെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ളതാണ്. അല്ലാതെ കുറേ വസ്തുതകൾ നിരത്തിയാൽ സിനിമയാകില്ലല്ലോ. സിനിമയ്ക്ക് ഡോക്യൂമെന്ററി സ്വഭാവം വരുന്ന സമയത്ത് ആളുകൾക്ക് മടുക്കും. അതുപോലെതന്നെ സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ ശാസ്ത്രീയമായിരിക്കണം എന്നുള്ളത് നിര്‍ബന്ധമായിരുന്നു. അല്ലാതെ തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കരുത്. അവരുടെ ദുരന്തങ്ങൾ മാത്രം പറഞ്ഞുകൊണ്ട് ഒരു കരച്ചിൽ സിനിമ ആവരുത്. ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാകണം ഈ സിനിമയെന്ന ശൈലജ ടീച്ചറുടെ കാഴ്ചപ്പാടില്‍ ഞങ്ങള്‍ ഉറച്ചുനിന്നു.

അവർ ഒരു പൊളിറ്റിക്കൽ ഐഡിയോളജിയെ റെപ്രസെന്റ് ചെയ്യുന്ന സ്റ്റേറ്റിന്റെ രണ്ട് പ്രതിനിധികളാണ്

സിനിമയിൽ ടീച്ചറുടെ സ്വഭാവമോ മാനറിസങ്ങളോ ഒന്നും തന്നെ എടുത്തിട്ടില്ല. ടീച്ചറുടെ രൂപസാദൃശ്യം പോലും യാദൃശ്ചികമായി വന്നതാണ്. ചില കാര്യങ്ങൾ നമ്മൾ എടുത്തിട്ടുണ്ട്, എന്നാൽ മുഴുവനായി നോക്കുമ്പോൾ അങ്ങനെ അല്ല. ടീച്ചർ എന്ന കഥാപാത്രത്തെ അല്ല സിനിമയിൽ കാണിക്കുന്നത്. സിനിമയിലെ മന്ത്രിമാര്‍ ഒരു പൊളിറ്റിക്കൽ ഐഡിയോളജിയെ റെപ്രെസെന്റ് ചെയ്യുന്ന സ്റ്റേറ്റിന്റെ രണ്ട് പ്രതിനിധികള്‍ മാത്രമായാണ് ഇവിടെ കാണിക്കുന്നത്. ജനങ്ങളുടെ ആകുലതകളെ അഭിസംബോധന ചെയ്യാനാണ് അവര്‍ മുൻതൂക്കം കൊടുത്തത്. ജനങ്ങൾ പരിഭ്രാന്തർ ആകാതിരിക്കാനും വേറെ രീതിയിലോട്ട് ഈ ചർച്ച പോകാതിരിക്കാനും ശാസ്ത്രീയമായി നിലനിർത്താനും അവർ നിലകൊണ്ടു. ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന രണ്ട് കഥാപാത്രങ്ങളായിട്ടാണ് അവരെ നമ്മൾ സിനിമയിൽ കാണിച്ചിട്ടുള്ളത്.

Also Read: സംഭവമല്ല, കഥയാണ് വൈറസ്; അതിമാനുഷരുടേതല്ല, അതിജീവനത്തിന്റേത്

ഇതൊരു പ്രചരണ സിനിമയല്ല

യു.വി ജോസ് എന്ന ജില്ലാ കളക്ടറെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. ആകാരം കൊണ്ടോ സ്വഭാവം കൊണ്ടോ യാതൊരു ബന്ധവും ഇവർ തമ്മിലില്ല. അന്നത്തെ ജില്ലാ കളക്ടർ യു.വി ജോസ് ചെയ്‌തിരുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടൊവിനോയുടെ കഥാപാത്രത്തെ രൂപപ്പെടുത്തിട്ടുള്ളത്. ബാക്കി എല്ലാം ടൊവിനോ എന്ന നടന്റെ സംഭാവനകളാണ്. ഇത്തരത്തിൽ എല്ലാ നടന്മാരുടെയും ഭാഗത്ത് നിന്നു വലിയ രീതിയിലുള്ള സംഭാവനകൾ ഉണ്ടായിട്ടുണ്ട്. രേവതി ചേച്ചിയാണെങ്കിൽ, അവർ ഇമോഷണൽ ആയിട്ടാണ് വിഷയത്തെ കണ്ടത്. തന്റെ ഉള്ളിലെ സ്ത്രീയാണ് ഈ വിഷയത്തിൽ ആകുലപ്പെടുന്നത് എന്ന തരത്തിലാണ് അവർ ഈ കഥാപാത്രത്തെ കണ്ടിട്ടുള്ളത്. പക്ഷെ ഇതൊരു പ്രചരണ സിനിമയാണെങ്കില്‍ ഞങ്ങൾ ഉദ്ദേശിക്കുന്ന ശൈലജ ടീച്ചർ വളരെ ബോൾഡ് ആണെന്ന് എനിക്ക് രേവതി ചേച്ചിയോട് പറയാമായിരുന്നു. എല്ലാവരും വിചാരിച്ചിരുന്ന പോലെ ഒരു ‘പ്രചരണ’ സിനിമയാകരുത് എന്ന നിർബന്ധം ഉണ്ടായിരുന്നു.

ഒരു ഇന്റർനാഷണൽ കാണികളെ പ്രതീക്ഷിച്ച് ചെയ്ത സിനിമയല്ല വൈറസ്

ആളുകളെ പേടിപ്പിക്കേണ്ടതില്ല എന്നുള്ളത് മനഃപൂർവം എടുത്ത തീരുമാനമാണ്. ഇത്രയും ഗംഭീര ടെക്നിക്കൽ വിഭാഗം കൂടെയുള്ളപ്പോൾ ആളുകളെ ഭയപ്പെടുത്തുക എന്നുള്ളത് വളരെ എളുപ്പമാണ്. ആളുകൾ തിയേറ്ററിൽ ഇരുന്ന് ഞെട്ടിത്തരിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യാനാകും. പക്ഷെ ഈ സിനിമയ്ക്ക് പ്രതീക്ഷയുടെ ഒരു വെളിച്ചം ഉണ്ടാകണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് നമ്മൾ ഷൂട്ട് ചെയ്ത് പല രംഗങ്ങളും വേണ്ടന്ന് വെച്ചത്. ആളുകൾ അറിയേണ്ട കാര്യം എന്താണെന്നാണ് പറയുന്നത്. ഈ വൈറസിനെ പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ച് കാഴ്ചക്കാര്‍ക്ക് കൊടുക്കുകയാണ് നമ്മൾ ചെയ്തിട്ടുള്ളത്. അതിജീവിച്ച ഒരു ജനതയിലേക്ക് വീണ്ടും ഭയം പകരുക എന്ന് പറയുന്നത് അവരെ വീണ്ടും ഉപദ്രവിക്കുന്നതിന് തുല്യമാണ്.

ഒരിക്കലും ഒരു ഇന്റർനാഷണൽ കാണികളെ പ്രതീക്ഷിച്ച് ചെയ്ത സിനിമയല്ല വൈറസ്. ഞങ്ങൾ ഇവിടത്തെ മനുഷ്യരോടാണ് ഈ സിനിമയിലൂടെ സംസാരിക്കാൻ ശ്രമിച്ചത്. നമ്മുടെ നാട്ടിൽ നടന്നൊരു കാര്യത്തിൽ, നമ്മൾ ഇത്രയധികം ആളുകൾ പുറകിൽ പ്രവർത്തിക്കുകയും ഭരണകൂടം കൂടെ നിൽക്കുകയും ചെയ്തിട്ട് പല വ്യാഖ്യാനങ്ങളുടെയും പുറത്ത് അത് മങ്ങിപ്പോകരുത് എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഒരു അധികാരഘടനയിൽ നിന്ന് മാറി നിന്നുകൊണ്ട് മന്ത്രിമാരൊക്കെ ഒരു സാധാരണ മനുഷ്യന്റെ ചിന്താഗതിയിലേക്ക് എത്തിയാൽ മാത്രമേ ഇത്തരമൊരു പ്രശ്നം കൈകാര്യം ചെയ്യാൻ സാധിക്കൂ. അതാണ് കണ്ടത്. നിപ കാലത്തെ കുറിച്ച് മൂവായിരം സിനിമകൾ ചെയ്യാം. ഈ വിഷയത്തില്‍ ഇനിയും സിനിമകൾ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം.

ഒരു പൊളിറ്റിക്കൽ സ്റ്റാൻഡ് എടുക്കുമ്പോൾ വിമർശനങ്ങൾ നേരിടാനും തയ്യാറായിരിക്കണം

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ വിമർശനങ്ങൾ നേരിടുക എന്നുള്ളത് പണ്ടു മുതലേ എല്ലാവരും നേരിടേണ്ടി വരുന്ന കാര്യമാണ്. ഒരു പൊളിറ്റിക്കൽ സ്റ്റാൻഡ് എടുക്കുമ്പോൾ അത്തരം വിമർശനങ്ങൾ നേരിടാനും തയ്യാറായിരിക്കണം. ഇത്തരമൊരു സിനിമ ചെയ്യുമ്പോൾ പല വിമർശനങ്ങളും പ്രതീക്ഷിച്ചതാണ്. ഇതിൽ കൃത്യമായിട്ടൊരു കാഴ്ച്ചപ്പാട് ഞങ്ങൾക്ക് എല്ലാവർക്കുമുണ്ട്. ഇത്‌ എന്റെ മാത്രം നിലപാടല്ല. ഇതൊരു കളക്ടീവിന്റെ നിലപാടാണ്. എഴുത്തുകാർ മുതൽ അഭിനേതാക്കൾ വരെ എല്ലാവരുടെയും നിലപാടിനെയും കാഴ്ച്ചപ്പാടിനെയും ബഹുമാനിച്ച് കൊണ്ടുള്ള സിനിമയാണിത്. പിന്നെ, ഇവിടെ ലെഫ്റ്റ് ഐഡിയോളജി വളര്‍ത്താന്‍ ഞാനൊരു സിനിമ ചെയ്യേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല- ആഷിക് അബു പറഞ്ഞു നിര്‍ത്തുന്നു.

Azhimukham Special: മത്തി കേരളതീരം വിടുന്നു, ദാരിദ്ര്യത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ് മത്സ്യത്തൊഴിലാളികള്‍; ‘കേരള സൈന്യ’ത്തെ ആര് കൈപിടിച്ചുയര്‍ത്തും?

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍